സഭയിലെ വല്യേട്ടന്‍ഭാവം ഉപേക്ഷിക്കണം- ബിഷപ് ഡോ. ജോസഫ് കരിയില്‍

സഭയിലെ വല്യേട്ടന്‍ഭാവം ഉപേക്ഷിക്കണം- ബിഷപ് ഡോ. ജോസഫ് കരിയില്‍

ലത്തീന്‍ കത്തോലിക്കാ ചരിത്രത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠ റൂബി ജൂബിലി സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി അധ്യക്ഷന്‍

കോട്ടയം: കേരളസഭയില്‍ ഇന്നും ബ്രാഹ്മണ്യത്തിന്റെ വരേണ്യചിന്തയും മേല്‍ക്കോയ്മയും നിലനില്ക്കുന്നുണ്ടെന്നും അധീശശക്തികളുടെ വ്യാജനിര്‍മിതികള്‍ക്കെതിരേ കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കേണ്ടതുണ്ടെന്നും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരി റൂബി ജൂബിലി സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ചരിത്രത്തിനുനേരെയുള്ള ഏതു കടന്നാക്രമണങ്ങളെയും അതിശക്തമായി ചെറുക്കാനുള്ള ധീരമായ നിലപാട് കേരളത്തിലെ ലത്തീന്‍സഭ എടുത്തിട്ടുണ്ടെന്ന് ബിഷപ് കരിയില്‍ വ്യക്തമാക്കി. തെറ്റിദ്ധരിക്കപ്പെടാനും ഒറ്റപ്പെടാനുമുള്ള സാധ്യതയുണ്ടെങ്കിലും വ്യത്യസ്തമായ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ തന്നെ പരിശീലിപ്പിച്ച ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലിനെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തില്‍, ഇപ്പോള്‍ സ്വന്തം നിലയില്‍ ഡോക്ടറല്‍ ബിരുദം നല്കുകയും പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്കും മറ്റും സൗകര്യവുമുള്ള വലിയ ഗവേഷണകേന്ദ്രമായി വളര്‍ന്നിട്ടുള്ള പൗരസ്ത്യ വിദ്യാപീഠത്തിലെ ആദ്യകാല പഠനങ്ങളും ആഖ്യാനങ്ങളും ഏറെയും ഏകധ്രുവ വീക്ഷണത്തിലുള്ളതും അക്രൈസ്തവം തന്നെയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സീറോ മലബാര്‍ സഭയുടെ പ്രാമാണ്യം സ്ഥാപിക്കാനുള്ള ഒരു ആസൂത്രിത അജന്‍ഡ അവയ്ക്കെല്ലാം പിന്നില്‍ കാണാനാകും.

പൗരസ്ത്യ വിദ്യാപീഠത്തിന്റെ അഭിമാനാര്‍ഹമായ വളര്‍ച്ചയുടെ ചരിത്രത്തില്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊക്യുറേറ്ററായിരുന്ന കര്‍മലീത്താ മിഷണറി മോണ്‍. വിക്ടര്‍ സാന്‍ മിഗ്വേലിനെ ഓര്‍ക്കേണ്ടതുണ്ട്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയുടെ ഈ സ്ഥലം അദ്ദേഹം സ്വന്തം പണം കൊടുത്തുവാങ്ങിയതാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കര്‍മലീത്തരോട് കേരളസഭയ്ക്ക് വലിയ കടപ്പാടാണുള്ളത്. അവര്‍ നമ്മുടെ അഗാധമായ കൃതജ്ഞത അര്‍ഹിക്കുന്നു.

ഈശോസഭക്കാരുടെ അത്യുത്സാഹം മൂലം മലബാറിലെ ക്രൈസ്തവ സമൂഹത്തിലുണ്ടായ അനാരോഗ്യകരമായ അവസ്ഥയ്ക്കു പരിഹാരം കാണാനാണ് റോമില്‍ നിന്ന് കര്‍മലീത്തരെ അയക്കുന്നത്. ഇവിടെ നിലനിന്നിരുന്ന ചില അക്രൈസ്തവ ആചാരങ്ങളില്‍ നിന്നും വിശ്വാസഭ്രംശങ്ങളില്‍ നിന്നും മലബാര്‍ സഭയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തില്‍ ഈശോസഭക്കാര്‍ ലത്തിനീകരണം നടപ്പാക്കി. മലബാര്‍ സഭയെ റോമിലെ പാപ്പായുടെ കീഴില്‍ കൊണ്ടുവരാന്‍ അവര്‍ കണ്ട ഏക മാര്‍ഗം അതായിരുന്നു. അവര്‍ അങ്ങനെ ചെയ്യരുതായിരുന്നു; അത് തെറ്റായിരുന്നു. ഏകവും സാര്‍വത്രികവും അപ്പസ്തോലികവുമായ സഭ എന്ന ഈശോസഭാ മിഷണറിമാരുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ വേണം ഉദയംപേരൂര്‍ സൂനഹദോസിനെ കാണേണ്ടത്. ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് ഞാനിവിടെ സംസാരിക്കുന്നത് നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടെന്നുവരില്ല. എങ്കിലും ഞാനതു കാര്യമാക്കുന്നില്ല. കേരള സമൂഹത്തിന്റെ നവോത്ഥാനത്തിനു പൊതുവേയും കേരളസഭയ്ക്കും ഉദയംപേരൂര്‍ സൂനഹദോസ് നല്കിയ സംഭാവനകളെ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമെന്നു പറഞ്ഞ് കരിതേച്ചുകാണിക്കരുത്.

വിഭവസ്രോതസ്സുകളുടെ കാര്യത്തില്‍ സീറോ മലബാര്‍ സഭ കേരളത്തിലെ മറ്റു സഭാവിഭാഗങ്ങളെക്കാള്‍ സമ്പന്നമാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു; വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെയും എന്നു പറയാറുണ്ട്. അത് ഈ മേല്‍ക്കോയ്മയുടെ സൂചകമാണ്. മറ്റുള്ളവര്‍ തുടങ്ങിവച്ചവയെ ഏറെ മികവോടെ അത്യുല്‍കൃഷ്ടമായ രീതിയില്‍ തുടര്‍ച്ചകളും വളര്‍ച്ചകളുമാക്കി പിന്നീട് അത് തങ്ങള്‍ തുടങ്ങിവച്ച ചരിത്രമാക്കി അവതരിപ്പിക്കുന്ന പല പ്രവണതകളും കാണാറുണ്ട്. ഇത് വ്യാജചരിത്രനിര്‍മിതിയാണ്, കപടചരിത്രമാണ്.

ജീവിതത്തിന്റെ പല മേഖലകളിലും മറ്റുള്ളവര്‍ കൈവരിച്ച നേട്ടങ്ങള്‍ അതിവിദഗ്ധമായി തട്ടിയെടുത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന കാഴ്ച കാണാം. ഒളിഞ്ഞും തെളിഞ്ഞും ഇത് അരങ്ങേറുന്നുണ്ട്. ഇതിന്റെയെല്ലാം ഫലം ഒന്നുതന്നെയാണ്. ലോകമെങ്ങും അധികാരം കൈയാളുന്നവര്‍ തങ്ങളുടെ മഹിമയും ആധിപത്യവും പ്രഘോഷിക്കാനായി ചരിത്രം മാറ്റിയെഴുതുന്നു. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. സമൂഹത്തില്‍ മനുഷ്യന്റെ അനുഭവങ്ങളുടെ സംജ്ഞയും നിര്‍വചനങ്ങളും നിര്‍ണയിക്കപ്പെടുന്നത് മുകളില്‍ നിന്ന് താഴേക്കാണ്. സാമൂഹികമായി ദുര്‍ബലരായവര്‍ക്ക് ഇതിനു വഴങ്ങാനേ നിര്‍വാഹമുള്ളൂ. ഇതാണ് ബ്രാഹ്മണ്യം. ബ്രാഹ്മണ്യത്തിന്റെ ഈ വരേണ്യവ്യവസ്ഥ കേരളസഭയില്‍ ഇന്നും നിലനില്‍ക്കുന്നു. എല്ലാവരും സമന്മാരാണ്, എന്നാല്‍ ചിലര്‍ കുറേക്കൂടെ സമന്മാരത്രേ.

ഒരു പുതിയ മാര്‍ഗമായി അവതരിപ്പിക്കപ്പെട്ട ക്രിസ്തുമതത്തില്‍ ഇത്തരം വരേണ്യഭാവം വിശ്വാസപ്രമാണങ്ങളും അരൂ
പിക്കു വിരുദ്ധമാണ്. നിങ്ങളുടെ ഇടയില്‍ ഇങ്ങനെയാകരുത് എന്നാണ് കര്‍ത്താവ് കല്പിച്ചത്. നമ്മള്‍ അതു മറന്നു. നിങ്ങളില്‍ മുമ്പനാകാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം സേവകനും അടിമയുമാകണമെന്നാണ് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത്. പ്രാഥമികമായി ചരിത്രം നേരായി കാണേണ്ടതുണ്ട്. എന്നിട്ടുവേണം നേരിന്റെ ചരിത്രമെഴുതാന്‍. കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കുകയാണ്. പള്ളത്തു രാമന്‍ രാമായണത്തിനു ബദലായി രാവണായനം എഴുതി. ശ്രീനാരായണ ഗുരു കണ്ണാടിപ്രതിഷ്ഠ നടത്തി. പൊയ്കയില്‍ അപ്പച്ചന്‍ വിശുദ്ധഗ്രന്ഥം കത്തിച്ചു. ചരിത്രപരമായ വിഡ്ഢിത്തങ്ങളായിരുന്നു അവ എന്നു പറയാനാകുമോ? അതോ തങ്ങളുടെ സ്വത്വവും സാംസ്‌കാരികതനിമയും ചരിത്രവും വീണ്ടെടുക്കാനുള്ള കീഴാളരുടെ മുന്നേറ്റത്തിന്റെ അടയാളമോ? വ്യവസ്ഥാപിത രീതിയില്‍ യുക്തിയുടെയും ഭാഷയുടെയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് അര്‍ഥശൂന്യമായ ദുര്‍വ്യാഖ്യാനങ്ങളുടെയും കാല്പനികതയുടെയും മായികപ്രതീകങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജനിര്‍മിതികളില്‍ അഭിരമിക്കുന്നവര്‍ കീഴാളരുടെ അനുഭവങ്ങളും വികാരവും കണ്ടെത്താനായി ഈ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രം തുറവിയോടെയും സാഹോദര്യ മനോഭാവത്തോടെയും പഠിക്കുന്നത് നല്ലതാണ്.

തങ്ങളുടെ ചരിത്രവും സ്വത്വബോധവും വീണ്ടെടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടത്തില്‍ ക്രിക്കറ്റ് കളിയിലെ മങ്കടിങ് അടവ് പ്രയോജനപ്പെടും. ക്രിക്കറ്റിന്റെ ഭാഷ മനസ്സിലാക്കുന്ന യുവതലമുറയ്ക്ക് ഈ തന്ത്രമെന്താണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാനാകും. ചരിത്രനിര്‍മിതിയെ ഫൊട്ടോഗ്രഫിയുടെ സാങ്കേതിക വികസനപരിണാമവുമായി ബന്ധിപ്പിച്ചുകൊണ്ട് വിശദീകരിക്കാന്‍ ഒരു ദേശീയ ചരിത്ര സെമിനാറില്‍ ഞാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ക്ഷണിക ചഞ്ചലമായ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയെടുത്ത് അനശ്വരമാക്കുന്ന സ്രഷ്ടാവാണ് ഫോട്ടോഗ്രഫര്‍. അയാള്‍ ആ ചിത്രത്തില്‍ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. പ്രതിഫലം കൈപ്പറ്റി അയാള്‍ വിസ്മൃതിയിലേക്കു മറയുന്നു. എന്നാല്‍ സെല്‍ഫിയുടെ ഈ ഡിജിറ്റല്‍യുഗത്തില്‍ ഏതു ഫ്രെയിമിലും കേന്ദ്രകഥാപാത്രം ആ ഫോട്ടോഗ്രഫറാണ്. ഫോട്ടോഗ്രഫിയുടെ സാങ്കേതികപരിണാമത്തിന്റെ ഈ സാധര്‍മ്മ്യം ചരിത്രനിര്‍മിതിയിലും കാണാനാകും.

ചരിത്രത്തിലെ തങ്ങളുടെ ഇടം വീണ്ടെടുക്കാനുള്ള ലത്തീന്‍ സമൂഹത്തിന്റെ പോരാട്ടത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍, നമുക്ക് വല്യേട്ടന്മാരെ വേണ്ട എന്ന് ഉറക്കെ പറയേണ്ടിവരും. സിനഡാത്മകതയാണ്. ഞങ്ങളുടെ മുമ്പിലും പുറകിലും ആരം വേണമെന്നില്ല. നമുക്ക് ഒരുമിച്ചു നടക്കാം.

പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലിയുടെ കാഹളം മുഴങ്ങുമ്പോള്‍ അത് അനുതാപപ്രകരണത്തിനുള്ള വിളിയായി ധ്യാനിക്കേണ്ടതുണ്ട്. തുറവിയുടെയും സാഹോദര്യത്തിന്റെയും പ്രാര്‍ഥനയില്‍ നമുക്ക് ഒരുമിക്കാം. വലിയൊരു വിജ്ഞാനകേന്ദ്രമായി വളര്‍ന്ന ഈ അപ്പസ്തോലിക സെമിനാരിയുടെ ചരിത്രനേട്ടങ്ങള്‍ അനുസ്മരിക്കുന്നതോടൊപ്പം ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും കേന്ദ്രമായി ഇതിനെ വികസിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് എന്റെ വിനീതമായ അപേക്ഷ. വിജ്ഞാനം ക്ഷയിച്ചെന്നുവരും, എന്നാല്‍ ജ്ഞാനം പ്രോജ്വലിക്കതന്നെചെയ്യും.

വടവാതൂര്‍ സെമിനാരിയുടെ വികസനവുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്കു നേരിട്ടു ബന്ധമുള്ള ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുടെ വളര്‍ച്ച ഒച്ചിഴയുന്ന വേഗത്തിലാണെന്ന് ബിഷപ് കരിയില്‍ അനുസ്മരിച്ചു. കേരളത്തിലെ മൂന്നു വ്യക്തിസഭകളുടെയും മേല്‍നോട്ടത്തിലാണ് ആ ഇന്‍സ്റ്റിറ്റിയൂട്ട്. അനുമതികള്‍ ലഭിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും പല കടമ്പകളും കടക്കേണ്ടതുണ്ട്. എങ്കിലും സുവര്‍ണ ജൂബിലിയിലെത്തിനില്ക്കുന്ന ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വികസനത്തിന്റെ പാതയിലാണ്.

പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു എന്ന സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് ബിഷപ് കരിയില്‍ പറഞ്ഞു: എല്ലാവരും ഇപ്പോള്‍ വെള്ളമുള്ളിടത്തേക്കാണ് പോകുന്നത്. തീരത്തേക്ക്, ജലാശയത്തിനരികിലേക്ക്. വാട്ടര്‍ഫ്രണ്ട് വില്ല എന്ന സങ്കല്പം. മനുഷ്യന്‍ തന്നെത്തന്നെ ആദ്യമായി നോക്കികണ്ടത് ആറന്മുള കണ്ണാടിയിലൊന്നുമല്ല, ജലാശയത്തിലെ പ്രതിരൂപത്തിലാണല്ലോ. മാനവസംസ്‌കാരത്തിന്റെ ആരംഭം തീരങ്ങളിലായിരുന്നു. ഇപ്പോള്‍ എല്ലാവരും തീരത്തേക്കു വരുമ്പോള്‍ അത് പുതിയ സംസ്‌കാരത്തിന്റെ ഉദയമാണോ എല്ലാറ്റിന്റെയും അവസാനമാണോ? എന്തായാലും നമുക്ക് പ്രത്യാശയോടെ ഒന്നിച്ചുനീങ്ങാം. എന്നാല്‍ ആരും വല്യേട്ടന്‍ ചമയേണ്ടതില്ല.

നീ അത്രയ്ക്ക് കിഴക്കോട്ടു പോകരുതെന്ന് കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിന്റെ പൊരുളെന്തെന്ന് മനസ്സിലായത് പില്ക്കാലത്താണ്. പടിഞ്ഞാറിനെ പേടിച്ചിട്ടാണ് പലരും കിഴക്കോട്ടു പോകുന്നത്. എന്നാല്‍ കിഴക്കോട്ടു പോയവര്‍ കൂടുതല്‍ ക്ഷീണിതരായി പടിഞ്ഞാറോട്ടു തിരിച്ചുവരികതന്നെ ചെയ്യും – ബിഷപ് കരിയില്‍ പറഞ്ഞു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഐഎസ് ഭീകരർ തകർത്ത പരിശുദ്ധ കന്യാമറിയ രൂപം ഫ്രാൻസിസ് പാപ്പ പുനപ്രതിഷ്ഠിക്കും

ഇറാഖ്: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് കീറിമുറിച്ച ഇറാക്കിലേക്ക് പാപ്പയുടെ സന്ദർശനം ലോകം ആകാംഷയോടു കൂടിയാണ് നോക്കുന്നത്. മൊസൂളിനടുത്തുള്ള കരാമൽ ഗ്രാമത്തിലാണ് ഐഎസ് ഭീകരരുടെ ആക്രമണത്തിൽ ദേവാലയം തകർക്കപ്പെട്ടത്.

തോറ്റവരെയും അന്വേഷിക്കണം

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയാകുന്ന പരീക്ഷണ കാലഘട്ടം തല്ക്കാലം കഴിഞ്ഞു. ഫലപ്രഖ്യാപനങ്ങള്‍ വന്നു കഴിഞ്ഞു. കേരളാ സിലബസ് ഐസിഎസ്ഇ, സിബിഎസ്ഇ, എസ്എസ്‌സി, പ്ലസ് ടു ഫലങ്ങള്‍ വന്നുകഴിഞ്ഞു. ഉത്തന്നതവിജയം കൈവരിച്ച

വെന്റിലേറ്ററിലായ സാമ്പത്തിക രംഗവും നഷ്ടപ്പെടുന്ന തൊഴിലിടങ്ങളും

പൊതുതെരഞ്ഞെടുപ്പ് ആഘോഷമായി തുടരുകയാണല്ലോ. ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ ഭരണകൂടം നിലവില്‍ വരും. പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ കാര്യങ്ങളെല്ലാം ശരിയാകുമെന്ന ശുഭചിന്തയിലാണ് നാമെല്ലാം. പക്ഷേ അതത്ര എളുപ്പമുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*