‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്

‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തദവസരത്തില്‍ കാര്‍ലോ മരിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിച്ചതുമായ ദിവസം, ഒക്ടോബര്‍ 12, തിരുനാള്‍ ദിനമായി ആഘോഷിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച് കത്തോലിക്കാ തിരുസഭ ഈ വര്‍ഷം ആദ്യമായി കാര്‍ലോയുടെ തിരുനാള്‍ ആഘോഷിച്ചു. കൊവിഡ് വ്യാപനം ആഘോഷങ്ങളുടെ പുറംമോടി കുറച്ചെങ്കിലും പ്രാര്‍ത്ഥനയില്‍ എല്ലാവരും ഈ കൗമാരക്കാരനെ സമുചിതമായി സ്മരിച്ചു.

കൊച്ചിയിലെ കുമ്പളങ്ങിയിലുള്ള തിരുഹൃദയ പള്ളിയില്‍ 51 കൗമാരപ്രായക്കാര്‍ ചേര്‍ന്നാണ് ഈ വര്‍ഷം തിരുനാള്‍ ആഘോഷിച്ചത്. 51 കുട്ടികളാണ് പ്രസുദേന്തിമാരായത്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് കാര്‍ലോ അണിഞ്ഞ അതേ വസ്ത്ര മാതൃകയാണ് പ്രസുദേന്തിമാരുടെ തിരുനാള്‍ വസ്ത്രമായി തിരഞ്ഞെടുത്തത്. അരയില്‍ ചരടും തലയില്‍ കിരീടവുമണിഞ്ഞ കുട്ടി പ്രസുദേന്തിമാര്‍ കാര്‍ലോയുടെ രൂപം ജനഹൃദയങ്ങളില്‍ ആലേഖനം ചെയ്യാന്‍ സഹായിച്ചു. കാര്‍ലോയുടെ രൂപം ചിത്രണം ചെയ്ത ഒരു ഭീമന്‍ കേക്കു മുറിച്ചു പങ്കുവെച്ചുകൊണ്ടാണ് കുട്ടികള്‍ തിരുനാളിന് സമാപ്തി കുറിച്ചത്.

ദിവ്യകാരുണ്യത്തെ പ്രണയിച്ചവന്‍, സൈബര്‍ അപ്പസ്‌തോലന്‍, ആധുനിക യുവത്വത്തിന്റെ മധ്യസ്ഥന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ജീവിതം ഇന്നത്തെ യുവാക്കള്‍ക്ക് ഏറെ പ്രചോദനാത്മകമാണ്. ജീന്‍സും ടീഷര്‍ട്ടും ധരിക്കുകയും, കംപ്യൂട്ടറും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുകയും, സിനിമ കാണുകയും പാട്ടുപാ
ടുകയും കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുകയും നൃത്തമാടുകയും ചെയ്യുന്ന ആധുനിക കൗമാര പ്രായക്കാര്‍ക്ക് വാഴ്ത്തപ്പെട്ട കാര്‍ലോ ഒരു റോള്‍മോഡലാണ്. പതിനഞ്ചു വര്‍ഷം മാത്രമാണ് കാര്‍ലോ ഈ ലോകത്ത് ജീവിച്ചത്. മാരകമായ കാന്‍സര്‍ രോഗം ബാധിച്ചാണ് മൃതിയടഞ്ഞത്. എന്നാല്‍, ഈ ഹ്രസ്വജീവിതത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ അവന്‍ ചെയ്തുതീര്‍ത്തു. ലോകത്തെമ്പാടും നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റില്‍ ലോഡ് ചെയ്യുന്ന ശ്രമകരമായ ജോലിയാണ് കാര്‍ലോ പൂര്‍ത്തിയാക്കിയത്.

1991 മെയ് മൂന്നിന് അന്ത്രേയ അകുതിസിന്റെയും അന്തോണിയോ സല്‍സാനോയുടെയും മകനായി ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനില്‍ കാര്‍ലോ ജനിച്ചു. കാര്‍ലോ മരിയ അന്റോണിയ എന്നായിരുന്നു ജ്ഞാനസ്‌നാന പേര്. കാര്‍ലോയ്ക്ക് മൂന്നുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ സ്വദേശമായ ഇറ്റലിയിലെ മിലാനിലേക്കു താമസം മാറ്റി. കാര്‍ലോ അവിടെയാണു വളര്‍ന്നത്. അവിടെയുള്ള സാധാരണ സ്‌കൂളിലും ഈശോസഭാ വൈദികര്‍ നടത്തിയിരുന്ന ഹൈസ്‌കൂളിലുമാണ് അവന്‍ പഠിച്ചത്.

കാര്‍ലോയുടെ മാതാപിതാക്കള്‍ നാമമാത്ര ക്രിസ്ത്യാനികളായിരുന്നു. അവന്റെ അമ്മൂമ്മ മിറല്ലെ നല്ല ഒരു ഭക്തസ്ത്രീയായിരുന്നു. അവര്‍ എല്ലാ ദിവസവും ദിവ്യബലിയര്‍പ്പണത്തിലും ദിവ്യകാരുണ്യസ്വീകരണത്തിലും പങ്കുകൊണ്ടിരുന്നു. കാര്‍ലോയ്ക്ക് നാലു വയസുള്ളപ്പോള്‍ മുതല്‍ അമ്മൂമ്മയോടൊപ്പം അവന്‍ ദിവ്യബലിയില്‍ പങ്കെടുക്കുമായിരുന്നു. സക്രാരിയിലെ ദിവ്യകാരുണ്യ ഈശോയെ നോക്കിയിരിക്കുക അവനൊരു ഹരമായിരുന്നു. ഏഴാം വയസില്‍ കാര്‍ലോ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. അവന്‍ അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ കുമ്പസാരിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പള്ളിയില്‍ പോകാനും പ്രാര്‍ത്ഥിക്കാനും വിശ്വാസത്തെക്കുറിച്ച് പഠിക്കുവാനും അവയെക്കുറിച്ച് മാതാപിതാക്കളോടു സംശയങ്ങള്‍ ചോദിക്കുവാനും താല്‍പര്യം കാണിച്ചിരുന്ന കാര്‍ലോ അതുവഴി തന്റെ മാതാപിതാക്കളെ സഭയോട് അടുപ്പിക്കുകയായിരുന്നു.

സാധാരണ ഒരു ജീവിതമാണ് കാര്‍ലോ നയിച്ചിരുന്നത്. സ്‌കൂളില്‍ പോകുക, കായികവിനോദങ്ങളില്‍ പങ്കെടുക്കുക, വീഡിയോ ഗെയിം കളിക്കുക, കൂട്ടുകാരൊത്ത് ചുറ്റിക്കറങ്ങി ഉല്ലസിക്കുക തുടങ്ങിയ സാധാരണ കാര്യങ്ങളാണ് അവന്‍ ചെയ്തിരുന്നത്. എന്നാല്‍, എല്ലാറ്റിനും അവന് ഒരു നിഷ്ഠയും കൃത്യതയും ഉണ്ടായിരുന്നു.

അസാധാരണ അനുകമ്പയുള്ള ഒരു കുട്ടിയായിരുന്നു കാര്‍ലോ. തനിക്കു കിട്ടിയിരുന്ന പോക്കറ്റ് മണി പലപ്പോഴും സാധുക്കള്‍ക്കു ദാനം ചെയ്തിരുന്നു. സ്‌കൂള്‍ അവധിദിവസങ്ങളില്‍ ചെരുപ്പുകടയില്‍ ജോലിക്കു പോകുകയും കിട്ടുന്ന പ്രതിഫലം പാവപ്പെട്ടവര്‍ക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്തിരുന്നു. വീട്ടിലുള്ള ജോലിക്കാരോടു മാന്യമായി പെരുമാറുകയും അവര്‍ ചെയ്തുകൊടുക്കുന്ന ചെറുകാര്യങ്ങള്‍ക്കു പോലും നന്ദി പറയുകയും ചെയ്തിരുന്നു.

സമ്പന്നതയുടെ മടിത്തട്ടിലാണ് കാര്‍ലോ ജനിച്ചതെങ്കിലും പുല്‍ക്കൂട്ടിലെ ദാരിദ്ര്യം സ്വജീവിതത്തില്‍ അവന്‍ പാലിച്ചു. വലിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നെങ്കിലും സൈക്കിളില്‍ യാത്ര ചെയ്യാനാണ് കാര്‍ലോ ഇഷ്ടപ്പെട്ടത്. ചുണ്ടില്‍ വിടര്‍ന്ന പുഞ്ചിരിയോടെ, കാണുന്നവരോടെല്ലാം കുശലാന്വേഷണം നടത്തി സാവധാനം സൈക്കിളില്‍ യാത്ര ചെയ്യുന്ന കാര്‍ലോ യേശുവിന്റെ സ്‌നേഹവും പരിഗണനയും മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുന്ന മിഷണറി പ്രവര്‍ത്തനമാണ് ചെയ്തിരുന്നത്.

കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്നതില്‍ വിദഗ്ധനായിരുന്നു കാര്‍ലോ. ഇറ്റലിയിലെ ലാഞ്ചിയാനോയില്‍ ക്രിസ്തുവര്‍ഷം 750-ല്‍ ഒരു വൈദികന്‍ ബലിയര്‍പ്പണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബലിയപ്പം യേശുവിന്റെ ശരീരമായും വീഞ്ഞ് യേശുവിന്റെ രക്തമായും രൂപാന്തരപ്പെട്ടു. 1270 വര്‍ഷം പിന്നിട്ടെങ്കിലും രൂപാന്തരപ്പെട്ട യേശുവിന്റെ ശരീരവും രക്തവും കേടുകൂടാതെ അന്നും സൂക്ഷിക്കപ്പെട്ടിരുന്നു. ഈ സ്ഥലം സന്ദര്‍ശിച്ച കാര്‍ലോയ്ക്ക് ഒരു ഉള്‍വിളിയുണ്ടായി. 11-ാം വയസ് മുതല്‍ അവന്‍ ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ ശേഖരിച്ചു കംപ്യൂട്ടറിലാക്കി. പിന്നീട് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. കേവലം മൂന്നുവര്‍ഷംകൊണ്ടാണ് ഇവയെല്ലാം ചെയ്യാന്‍ കാര്‍ലോയ്ക്കു കഴിഞ്ഞത്. അഞ്ചു ഭൂഖണ്ഡങ്ങളിലും ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ എക്‌സിബിഷന്‍ നടത്താനും ബാലനായ കാര്‍ലോയ്ക്കു സാധിച്ചു.

2006 ഒക്ടോബര്‍ 12ന് കാര്‍ലോ മരിക്കുകയും ഇറ്റലിയിലെ അസീസിയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു. 2013-ല്‍ നാമകരണ പ്രക്രിയയുടെ തുടക്കം കുറിച്ചു. 2018-ല്‍ ധന്യനെന്നു വിളിക്കപ്പെട്ടു. 2020 ഒക്ടോബര്‍ 10ന് വാഴ്ത്തപ്പെട്ടവന്‍ എന്നു പേരു വിളിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 12ന് തിരുനാള്‍ ആഘോഷിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ കല്‍പന നല്‍കി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ

സമുദായദിന സമ്മേളനം വന്‍ വിജയമാക്കണം – സിഎസ്എസ്

കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റെയ്‌ഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സിഎസ്എസ് ചെയര്‍മാന്‍ പി. എ ജോസഫ് സ്റ്റാന്‍ലി

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*