കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

by admin | October 22, 2021 8:07 am

കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍ ചിലത് നമുക്കിവിടെ വ്യക്തമായി കാണാവുന്നതാണ്.

കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

കൊച്ചിയിലുള്ള കുമ്പളങ്ങി തിരുഹൃദയ പള്ളിയിലെ എല്ലാ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇടവകാംഗങ്ങള്‍ക്കും വൈദികര്‍ക്കും മതബോധകര്‍ക്കും അഭിവാദനങ്ങളും കാര്‍ലോയുടെ തിരുനാളിന്റെ ഹൃദ്യമായ ആശംസകളും. കാര്‍ലോയ്ക്ക് വേണ്ടി നിങ്ങള്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന് നന്ദി പറയുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും എന്ന് ഞാന്‍ ഉറപ്പുതരുകയും ചെയ്യുന്നു.

യേശുവുമായുള്ള അനുദിന കൂടിക്കാഴ്ച കാര്‍ലോയ്ക്ക് അതിപ്രധാനമായിരുന്നു. യേശുവുമായി അവന് ഉറ്റബന്ധമുണ്ടായിരുന്നു. എന്തെന്നാല്‍ ഏഴു വയസ്സു മുതല്‍ അവന്‍ ദിവസവും ദിവ്യബലിയില്‍ പങ്കുചേരുകയും ദിവ്യബലിക്കു മുന്‍പോ പിന്‍പോ ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്തിരുന്നു. പരിശുദ്ധ ജപമാലയിലൂടെ പരിശുദ്ധ അമ്മയുമായുള്ള സംഗമവും കാര്‍ലോയ്ക്ക് മുഖ്യമായിരുന്നു. എന്തെന്നാല്‍, യേശുവിന്റെ ആദ്യ സക്രാരിയായിരുന്നല്ലോ മറിയം. അവളാണ് നമ്മെ യേശുവിലേക്കു നയിക്കുക. ഇവ രണ്ടും അവന്റെ അനുദിന പ്രാര്‍ത്ഥനാജീവിതത്തിലെ പ്രധാന രണ്ട് കൂടികാഴ്ചകളായിരുന്നു.

കാര്‍ലോയുടെ ശ്രദ്ധേയമായ വാക്യമാണ് ”ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്” എന്നത്. എന്തെന്നാല്‍ ദിവ്യബലി വഴി നാം നമ്മെത്തന്നെ അതിവേഗത്തില്‍ വിശുദ്ധീകരിക്കുന്നു. ദിവ്യകാരുണ്യം വഴി യേശു നമ്മില്‍ പ്രവേശിക്കുന്നു, നമ്മുടെ സത്തയില്‍ പ്രവേശിക്കുന്നു. ആത്മീയമായി മാത്രമല്ല ഭൗതികമായി പോലും യേശു നമ്മെ മാറ്റുന്നു. അവിടുത്തെ ജ്ഞാനവും അവിടുത്തെ പരിശുദ്ധിയും നമുക്കു പ്രദാനം ചെയ്യുന്നു.

കാര്‍ലോ ഇപ്രകാരം പറയുമായിരുന്നു: നമ്മള്‍ ചെറിയൊരു കൈക്കുമ്പിളുമായി ജലസ്രോതസിലേക്കു ചെന്നാല്‍ അല്പം ജലം മാത്രമേ നമുക്കു ശേഖരിക്കാനാവൂ. എന്നാല്‍, വലിയൊരു കൈക്കുമ്പിളുമായി ചെന്നാല്‍ കൂടുതല്‍ വെള്ളം നമുക്കു ശേഖരിക്കാം. അതുപോലെതന്നെ കൂടുതല്‍ ഹൃദയത്തുറവി കാണിച്ചാല്‍ യേശു ധാരാളം കൃപകള്‍ നമുക്കു നല്‍കും. അവ നമ്മുടെ ജീവിതത്തിന് അതിപ്രധാനമാണ്. എന്തെന്നാല്‍, നാംമരിക്കുമ്പോള്‍ എല്ലാം തിരോഭവിക്കും. നമ്മോടൊപ്പമായിരിക്കുന്നത് ഈ കൃപയും ആ സ്നേഹവും മാത്രമാണ്. സ്നേഹത്തിന്റെ ഉറവയില്‍ നിന്ന് നാം നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നു. ആ ഉറവയാകട്ടെ യേശുക്രിസ്തുവാണ്.

അപ്പോസ്തോലന്‍ യോഹന്നാന്‍ പറയുന്നു: യേശു സ്നേഹമാണ്. ഈ സ്നേഹത്തിന്റെ ഉറവയാല്‍ നാം പോഷിപ്പിക്കപ്പെടണം. തീര്‍ച്ചയായും ദൈവത്തെയും സഹോദരനെയും കൂടുതല്‍ക്കുടുതല്‍ സ്നേഹിക്കാന്‍ യേശു നമ്മെ സഹായിക്കും. ഇതാണ് കാര്‍ലോ ചെയ്തത്. കാര്‍ലോയ്ക്ക് യേശുവില്‍ വളരെ അധികം വിശ്വാസം ഉണ്ടായിരുന്നു. യേശുവിനുവേണ്ടിയും യേശുവിലും യേശുവഴിയുമാണ് അവന്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. കാര്‍ലോ മുഖ്യസ്ഥാനം നല്‍കിയിരുന്നത് യേശുവിനു മാത്രമാണ്. മറ്റുള്ളവയ്ക്കെല്ലാം രണ്ടാം സ്ഥാനമായിരുന്നു.

അതിനാല്‍ ഇന്നത്തെ പ്രത്യേക ദിനത്തില്‍ കഴിഞ്ഞവര്‍ഷം വാഴ്ത്തപ്പെട്ടവനെന്നു വിളിക്കപ്പെട്ട എന്റെ മകന്റെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിങ്ങളോട് എനിക്കു പറയാനുള്ളത് യേശുവിനെ കൂടുതല്‍ സ്നേഹിക്കുവാനും അവിടുത്തെ ജീവിതത്തിന്റെ കേന്ദ്രമായി മാറ്റുവാനുമുള്ള ശക്തിക്കായി കാര്‍ലോയോടു പ്രാര്‍ത്ഥിക്കുക എന്നതാണ്. എന്തുകൊണ്ടെന്നാല്‍ സന്തോഷത്തിന്റെ രഹസ്യം ഇതാണ്. കാര്‍ലോ പറയുമായിരുന്നു: ദുഃഖം നമ്മുടെ മുഖഭാവമാണ്; സന്തോഷമാകട്ടെ ദൈവത്തിന്റേതും.

കാര്‍ലോ നിങ്ങളെ സഹായിക്കട്ടെ, യേശുവിനെയും പരിശുദ്ധ കന്യകാമാതാവിനെയും നമ്മുടെ പ്രിയപ്പെട്ടവരെയും സ്നേഹിക്കാനുള്ള കഴിവ് നിങ്ങള്‍ക്കു സിദ്ധിക്കുന്ന കൃപ നേടുവാന്‍ അവന്‍ നിങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കട്ടെ എന്നും അങ്ങനെ നിങ്ങള്‍ കൂടുതല്‍ വിശുദ്ധരായി തീരട്ടെ എന്നും ഞാന്‍ ആശംസിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. കാര്‍ലോയുടെ നാമകരണത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളെ നേരില്‍ കാണുവാനുള്ള ആഗ്രഹം എനിക്കുണ്ട്. ഇന്ത്യയിലേക്ക് ഒരു യാത്ര നടത്താന്‍ ദൈവം സഹായിക്കാതിരിക്കുമോ! ഇന്ത്യയിലേക്ക് ഇനിയും വരാന്‍ കഴിയുന്നത് സന്തോഷകരമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ നമുക്കു കഴിയാം.

അന്തോണിയ സല്‍സാനോ
11/10/2020, അസീസി, ഇറ്റലി

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/carlo-acutis-eucharistic-miracles-malayalam-mother/