ക്രിസ്തുരാജന്റെ തിരുനാള്‍ മഹോത്സവം: ഹൃദയങ്ങളുടെ രാജാവ്

by admin | November 20, 2021 4:45 am

റവ. ഫാ. മിഥിൻ കാളിപ്പറമ്പിൽ

ഹൃദയങ്ങളുടെ രാജാവ്

ആണ്ടുവട്ടത്തിലെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ക്രിസ്തുനാഥന്റെ തിരുനാളായി തിരുസഭ ആചരിക്കുകയാണ്. 1925ന്റെ അവസാനത്തോടെ 11ാം പീയൂസ് പാപ്പായാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതും എല്ലാ വര്‍ഷവും ക്രിസ്തുരാജന്റെ തിരുനാള്‍ തിരുസഭയാകെ ആഘോഷിക്കണമെന്ന് നിശ്ചയിക്കുന്നതും. ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതിന് വിശുദ്ധ ഗ്രന്ഥവാക്യങ്ങള്‍ മാത്രമായിരുന്നില്ല അടിസ്ഥാനം. അന്നത്തെ ലോകത്തിന്റെ സാമൂഹികാവസ്ഥയും ഒരു പരിധിവരെ അതിനു കാരണമായിരുന്നുവെന്ന് വേണം കരുതുവാന്‍.

പഴയ നിയമത്തില്‍ ന്യായാധിപന്മാരുടെ അവസാനം വരെ ദൈവം മാത്രമായിരുന്നു ഇസ്രായേല്‍ക്കാരുടെ രാജാവ്. മറ്റു ജനതകള്‍ക്കുള്ളതുപോലെ തങ്ങളെ നയിക്കുവാന്‍ ഒരു മനുഷ്യരാജാവ് വേണമെന്ന് ഇസ്രായേല്‍ ജനത വാശിപിടിക്കുമ്പോള്‍ ദൈവം ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. തന്റെ പ്രിയപ്പെട്ട ജനതയുടെ പിടിവാശിക്കു വഴങ്ങിയ ദൈവമായ കര്‍ത്താവ് സാവൂളിനെയാണ് അവര്‍ക്ക് ആദ്യമായി രാജാവായി നല്‍കുന്നത്. സാവൂള്‍ അനുസരണക്കേട് കാണിക്കുമ്പോള്‍ ദാവീദിനെ നല്‍കുന്നു. ദാവീദിന്റെയും മകന്‍ സോളമന്റെയും രാജവാഴ്ചയുടെ കാലഘട്ടമാണ് ഇസ്രായേല്‍ ജനതയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെട്ടിരുന്നത്. പിന്നീട് രാജ്യം തന്നെ രണ്ടാപ്പോകുന്നത് നാം വചനത്തില്‍ വായിക്കുന്നുണ്ട്.

ഇത്തരം രാജാക്കന്മാരെക്കുറിച്ചുള്ള ഗദകാലസ്മരണകള്‍ അവരുടെ മനസിലുണ്ടായിരുന്നതുകൊണ്ടു തന്നെ വരാന്‍ പോകുന്ന രക്ഷകന്‍ ഒരു രാജാവായിരിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അത്തരത്തില്‍ പ്രവചനങ്ങളുണ്ടായിരുന്നു (ഏശ 9:6) അവര്‍ പ്രതീക്ഷിച്ചത് തങ്ങളെ രാഷ്ട്രീയമായി റോമാക്കാരില്‍ നിന്നു മോചിപ്പിക്കുന്ന ഒരു രാജാവിനെയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റെന്നായിരുന്നു. ഇന്നത്തെ സുവിശേഷത്തില്‍ പീലാത്തോസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഈശോയില്‍ നിന്നു നമുക്ക് മനസിലാകും ഈശോ താനൊരു രാജാവാണെന്ന് പറയാതെ പറയുകയാണെന്ന്. ഈശോയുടെ രാജ്യത്തിന് ഒത്തിരിയേറെ പ്രത്യേകതകള്‍ ഉണ്ട്.

ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ഒന്നാം വായനയില്‍ നിന്ന് ഈശോയുടെ രാജ്യത്തിന്റെ പ്രത്യേകതകള്‍ നമുക്ക് വായിച്ചെടുക്കാം. ഒന്നാമതായി ആ രാജ്യത്തില്‍ എല്ലാ ജനതകളിലും രാജ്യങ്ങളിലും ഭാഷകളില്‍ നിന്നുള്ളവര്‍ ഉണ്ട് എന്നുള്ളതാണ് (ദാനി7:14). ഈ ഭൂമിയില്‍ ഏതു രാജ്യത്തിലാണ് എല്ലാ ദേശങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍ ഉണ്ടാവുക. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം സ്ഥാപിച്ച ബ്രിട്ടിഷുകാര്‍ക്കോ പുരാതന റോമ സാമ്രാജ്യത്തിനോ ഈ ഭൂമിയിലെ സകല ദേശങ്ങളിലേക്കും ഭാഷക്കാര്‍ക്കിടയിലേക്കോ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കാനായില്ല. അവര്‍ക്ക് പരിധിയുണ്ടായിരുന്നു.

അടുത്തതായി ദാനിയേല്‍ പ്രവാചകന്‍ പറഞ്ഞുവയ്ക്കുന്നത് അവന്റെ ആധിപത്യം ശാശ്വതമാണെന്നും അതൊരിക്കലും ഇല്ലാതാവുകയില്ലായെന്നുമാണ്. രാജാക്കന്മാരുടെ കാര്യം പോട്ടെയെന്നുവയ്ക്കാം, ചരിത്രം പരിശോധിച്ചാല്‍ ഒരു രാജ്യവും ഈ ഭൂമിയില്‍ ശാശ്വതമായി നിലനിന്നിട്ടില്ല. രാജ്യങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ വ്യത്യാസങ്ങള്‍ വരികയോ നാമാവശേഷമായിത്തീരുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ ഈശോയെന്ന രാജാവും രാജ്യവും രാജ്യത്വവും ശാശ്വതം. തന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല (ലൂക്ക 1:33) എന്നാണ് പരിശുദ്ധ മറിയത്തോട് ഗബ്രിയേല്‍ മാലാഖ പറയുന്നത്.

ഈശോ പീലാത്തോസിനോട് പറയുന്നുണ്ട് എന്റെ രാജ്യം ഐഹീകമല്ല. ഈ ഭൂമിയിലെ അതിര്‍ത്തി വച്ചുള്ള രാജ്യമല്ല അവിടുത്തേത്. അത് അതുക്കും മേലാണ്. ഈ ഭൂമിയില്‍ രാജാവാകുവാനുള്ള ലോക്കല്‍ കളികളോട് അവിടുത്തേക്ക് ഒരു താല്പര്യവുമില്ല. താല്പര്യമുണ്ടായിരുന്നെങ്കില്‍ വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് അപ്പം വര്‍ദ്ധിപ്പിച്ച ശേഷം തീര്‍ത്തും അനുകൂലമായ സാഹചര്യങ്ങളുടെ നടുവില്‍ വളരെ എളുപ്പത്തില്‍ ഈശോയ്ക്ക് അതു സാധിക്കുമായിരുന്നു. ബലമായി പിടിച്ച് രാജാവാക്കുന്നതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുന്നത് നാം അവിടെ വായിക്കുന്നുണ്ട്. അതിനും ഏറെ മുന്‍പ് ഒരു ഭൂമിയിലെ പരീക്ഷയുടെ സമയത്തും ഭൂമിയിലെ രാജ്യങ്ങളുടെ അധിപതിയാകുവാനുള്ള ‘മെഗാ ഓഫര്‍’ കര്‍ത്താവ് തള്ളിക്കളയുന്നുണ്ട് (മത്താ 4:811) അതിനു കാരണം ഈശോയുടേത് ഒരു ആത്മീയ രാജ്യമാണ് എന്നതാണ്. അവന്‍ മനുഷ്യഹൃത്തിന്റെ രാജാവാണ്. അങ്ങനെയാണവന്‍ എല്ലാ രാജ്യക്കാരിലേക്കും ദേശക്കാരിലേക്കും ഭാഷക്കാരിലേക്കും പറന്നൊഴുകുന്നത്.

എന്റെ ഹൃദയത്തില്‍ ഒരു മഹത്തായ രാജാവിനെയാണോ ഞാന്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ജോഷ്വായുടെ പുസ്തകത്തില്‍ ജോഷ്വാ ഇസ്രായേല്‍ ജനതയോട് പറയുന്നുണ്ടല്ലോ ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കുമെന്ന് (ജോഷ്വ 24:15) നെഞ്ചത്ത് കൈവച്ച് നമുക്ക് പറയാനാകണം ഞാനും എന്റെ കുടുംബവും ഹൃദയത്തില്‍ രാജാവായി ആരാധിക്കുന്നത് ഈശോയെ ആണെന്ന്. ഈ ലോകവും അതിന്റെ നശിച്ചു പോകുന്ന വശ്യതകളുമാണ് ഹൃദയത്തിലെങ്കില്‍ നിത്യമായ രാജ്യത്തില്‍ നിന്നും നാം പുറത്താക്കപ്പെടും. അവിടെ പ്രവേശിക്കണമെന്നു തീരുമാനമെടുക്കേണ്ടത് നമ്മളാണ്.

 

ഒന്നാം വായന
ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് (7 : 13 -14)

(അവന്റെ ആധിപത്യം നിത്യമായിരിക്കും)

നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘ ങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷ ക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാ വുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(93 : 1ab, 1c2, 5)

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു;

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞി രിക്കുന്നു; അവിടുന്നു ശക്തികൊണ്ട് അരമുറുക്കി യിരിക്കുന്നു.
കര്‍ത്താവു വാഴുന്നു ……
ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇള ക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടു മുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദി മുതലേ ഉള്ളവനാണ്.
കര്‍ത്താവു വാഴുന്നു ……
അങ്ങയുടെ കല്‍പന വിശ്വാസ്യവും അലംഘനീയ വുമാണ്; കര്‍ത്താവേ, പരിശുദ്ധി അങ്ങയുടെ ആല യത്തിന് എന്നേക്കും യോജിച്ചതാണ്.
കര്‍ത്താവു വാഴുന്നു ……

രണ്ടാം വായന
വെളിപാടു പുസ്തകത്തില്‍നിന്ന് (1 : 5-8)
(ഭൗമികരാജാക്കന്‍മാരുടെ അധിപതി – നമ്മെ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കി)

വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാത നും ഭൂമിയിലെ രാജാക്കന്‍മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും. നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കു കയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹ ത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടി യോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടു ത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയി ലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍. ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കു ന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.

കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Mk. 11 : 9, 10) കര്‍ത്താവിന്റെ നാമത്തില്‍ വരുന്നുവന്‍ അനുഗൃഹീതന്‍! നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! – അല്ലേലൂയാ!

സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (18 : 33b-37)

(ഞാന്‍ രാജാവാണെന്നു നീ തന്നെ പറയുന്നു)

അക്കാലത്ത്, പീലാത്തോസ് ഈശോയോടു ചോദി ച്ചു: നീ യഹൂദരുടെ രാജാവാണോ? യേശു പ്രതി വചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? പീലാ ത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖന്‍മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു ചെയ്തത്? യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയി രുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാ തിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല. പീലാ ത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനി ച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തി ലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്‍ കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ ക്കുന്നു.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group[1]

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]

Endnotes:
  1. Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/JjoCZSKui1QGtOT5yuMbcJ
  2. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/JjoCZSKui1QGtOT5yuMbcJ

Source URL: https://jeevanaadam.in/christ-the-king-homily-readings-sunday/