ദേവസഹായം വിശുദ്ധഗണത്തിലേക്ക്: നാമകരണവഴി

ദേവസഹായം വിശുദ്ധഗണത്തിലേക്ക്: നാമകരണവഴി

 

2012 ജൂണ്‍ 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ധന്യനായ ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവിലില്‍ ദേവസഹായത്തിന്റെ പൂജ്യഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള കോട്ടാര്‍ രൂപതയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഭദ്രാസനദേവാലയത്തിനു സമീപം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ആഘോഷവേദിയില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രതിനിധിയായി നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കല്പന വായിക്കുകയും സ്തോത്രബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയും ഡിലനോയിയും

പോര്‍ട്ടുഗീസ് പദ്രുവാദോ സഭാഭരണ സംവിധാനത്തില്‍ കൊച്ചി രൂപതയുടെ കീഴിലായിരുന്ന വേണാട് രാജ്യത്ത് തെക്കന്‍ തിരുവിതാംകൂറിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23ന് തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെയും പ്രമുഖ വെള്ളാള നായര്‍ തറവാട്ടിലെ ദേവകി അമ്മയുടെയും മകനായി ജനിച്ച നീലകണ്ഠപിള്ള ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പത്മനാഭപുരം കൊട്ടാരത്തിലെ പടയാളിയും കാര്യവിചാരക്കാരനുമായിരുന്നു. 1741-ല്‍ കൊളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയോടു തോറ്റു കീഴടങ്ങിയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവികസേനാ മേധാവി ബെല്‍ജിയംകാരനായ കത്തോലിക്കാ വിശ്വാസി എവുസ്താക്കിയുസ് ഡിലനോയി തിരുവിതാംകൂര്‍ സൈന്യത്തെ ആധുനികവത്കരിക്കാന്‍ നിയുക്തനായ വലിയ കപ്പിത്താനായി ഉദയഗിരി കോട്ടയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തോട് അടുത്ത നീലകണ്ഠപിള്ള ക്രൈസ്തവവിശ്വാസത്തിലേക്ക് ആകൃഷ്ടനാവുകയായിരുന്നു.

കാറ്റാടിമലയിലെ രക്തസാക്ഷിത്വം

തിരുനല്‍വേലിക്കടുത്ത് ജസ്യുറ്റ് മിഷണറിമാരുടെ നേമം മിഷന്റെ പ്രധാനകേന്ദ്രമായിരുന്ന വടക്കന്‍കുളത്തു വച്ച് ഇറ്റാലിയന്‍ ജസ്യുറ്റ് വൈദികന്‍ ജൊവാന്നി ബപ്തിസ്ത ബുത്താരിയില്‍ നിന്ന് ലാസറസ് (ഹെബ്രായ ഭാഷയില്‍ ‘ദൈവം സഹായിച്ചു’ എന്ന് അര്‍ത്ഥമുള്ള ഏലിയാസര്‍, തമിഴില്‍ ദേവസഹായം) എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഉന്നത ശ്രേണിയിലെ സേവകരില്‍ നിന്നൊരാള്‍ 33-ാം വയസില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത് ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള പ്രമാണിമാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി രാജ്യദ്രോഹം ആരോപിച്ച് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിലാക്കിയ ദേവസഹായത്തെ മൂന്നുവര്‍ഷം നീണ്ട കൊടുംപീഡനങ്ങള്‍ക്കൊടുവില്‍, 40-ാം വയസ്സില്‍, 1752 ജനുവരി 14നും 15നും ഇടയ്ക്കുള്ള അര്‍ധരാത്രിയില്‍ അരള്‍വായ്മൊഴിയിലെ കാറ്റാടിമലയില്‍ വെടിവച്ചുകൊല്ലുകയായിരുന്നു. വന്യമൃഗങ്ങള്‍ക്കു പിച്ചിചീന്താനായി വനത്തില്‍ ഉപേക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ അസ്ഥികള്‍ അഞ്ചാം ദിവസം കണ്ടെടുത്ത് വിശ്വാസികള്‍ കോട്ടാറില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പണിതുയര്‍ത്തിയ ദേവാലയത്തിനുള്ളില്‍ അടക്കം ചെയ്യുകയാണുണ്ടായത്.

‘തെദേവൂം’ സ്തോത്രഗീതം

കൈകള്‍ പിന്നിലേക്കു ബന്ധിച്ച്, കഴുത്തില്‍ എരുക്കുപുഷ്പം കൊണ്ടുള്ള മാലയണിയിച്ച് പോത്തിന്റെ പുറത്തിരുത്തി രാജ്യത്തെ പ്രധാന പട്ടണങ്ങളിലൂടെ ഭടന്മാര്‍ അതിക്രൂരമായി മര്‍ദിച്ച് വലിച്ചിഴച്ചുകൊണ്ടുപോയ നാളുകള്‍ മുതല്‍ ദേവസഹായത്തിന്റെ വിശ്വാസതീക്ഷ്ണതയുടെ ധീരസാക്ഷ്യത്തെക്കുറിച്ച് അറിഞ്ഞ്, അക്കാലത്ത് അഞ്ചുതെങ്ങില്‍ വസിച്ചുവന്ന കൊച്ചി രൂപതയുടെ ജസ്യുറ്റ് പോര്‍ട്ടുഗീസ് മെത്രാന്‍ ക്ലെമെന്‍സ് ജോസഫ് കൊളാസോ ലെയ്ത്വാ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് കേട്ടപ്പോള്‍ ദേവാലയമണി മുഴക്കി ദിവ്യപൂജ അര്‍പ്പിച്ച് ‘തെദേവൂം’ സ്തോത്രഗീതം ആലപിക്കുകയും, 1756 നവംബര്‍ 15ന് റോമില്‍ ആദ്ലീമിന സന്ദര്‍ശനവേളയില്‍ ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും സംബന്ധിച്ച് ലത്തീന്‍ ഭാഷയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ വിശദമായ റിപ്പോര്‍ട്ട് ബെനഡിക്ട് പതിനാലാമന്‍ പാപ്പായ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തിന് 269 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നാമകരണനടപടികള്‍ക്ക് പ്രധാന ആധാരമായ ചരിത്രരേഖ വത്തിക്കാന്‍ രഹസ്യ പുരാരേഖാലയത്തില്‍ സൂക്ഷിച്ചിരുന്ന ആ റിപ്പോര്‍ട്ടാണ്. 1780-ല്‍ കരിയാറ്റില്‍ ഔസേപ്പ് മല്പാനും പാറേമാക്കല്‍ തോമാ കത്തനാരും ദേവസഹായത്തിന്റെ രക്തസാക്ഷിത്വവും വിശുദ്ധിയുടെ ഖ്യാതിയും റോമില്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

നാടോടിപാട്ടുകള്‍, വില്‍പാട്ട്, നാടകങ്ങള്‍ തുടങ്ങിയ നാടന്‍കലാരൂപങ്ങളിലൂടെ തലമുറകളായി തമിഴ്നാട്ടിലും കേരളത്തിലും, ശ്രീലങ്ക, മലേഷ്യ, സിംഗപ്പുര്‍ എന്നിവിടങ്ങളിലും ദേവസഹായത്തിന്റെ വിശ്വാസതീക്ഷ്ണതയുടെ ധീരചരിതം പരക്കെ പ്രചരിച്ചിരുന്നു. കൊല്ലം ബിഷപ്പായിരുന്ന ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗറും കോട്ടാറിലെ പ്രഥമ മെത്രാന്‍ ലോറന്‍സ് പെരേരയും ദേവസഹായത്തിന്റെ നാമകരണത്തിനായുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് രേഖകള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു. 2004-ല്‍ ആണ് കോട്ടാര്‍ രൂപത തമിഴ്നാട് മെത്രാന്‍ സമിതിയുടെയും രാജ്യത്തെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെയും അംഗീകാരത്തോടെ റോമില്‍ നാമകരണ നടപടികള്‍ക്കു കാനോനികമായി അപേക്ഷ സമര്‍പ്പിച്ചത്. നടപടിക്രമങ്ങളുടെ അന്തിമഘട്ടത്തില്‍, വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അദ്ഭുതം അംഗീകരിച്ചുകൊണ്ട് 2020 ഫെബ്രുവരി 21ന് ഫ്രാന്‍സിസ് പാപ്പാ കല്പന പുറപ്പെടുവിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
deivasahayam

Related Articles

ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍

വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്‍. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര്‍ വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന

പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യന്‍ ജീവിക്കുമ്പോഴും ചിന്തിക്കുമ്പോഴും ജീവന്റെ സമൃദ്ധി അവിടെ രൂപപ്പെടുകയാണണെന്നും ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിധി: ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ നടപടി ഖേദകരമെന്ന് കെആര്‍എല്‍സിസി

  ജനാധിപത്യ ഭരണകൂടങ്ങള്‍ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ശക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള ലത്തീന്‍ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*