ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ ബന്ധമായിരുന്നു. മ്യൂണിക്കിലും ഓസ്ട്രിയയിലും പഠനത്തോടും ജോലിയോടുമൊപ്പം എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതും അനുഭവസമ്പമാക്കിയതും റാറ്റ്‌സിങ്ങര്‍ കുടുംബാംഗങ്ങളായ മരിയയും ജോര്‍ജച്ചനും (ജര്‍മന്‍ ഭാഷയില്‍ ഗെയോര്‍ഗ്) ജോസഫച്ചനും തന്നെ. അവര്‍ എളിയവനായ ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ അവരുടെ കുടുംബത്തോടു ചേര്‍ത്തുവച്ചു.

എഴുപതുകളുടെ ആദ്യമാണ് ഞാന്‍ വൈദ്യം പഠിക്കാന്‍ ജര്‍മനിയിലെ മ്യൂണിക്കിലെത്തുന്നത്. ദക്ഷിണ ജര്‍മനിയില്‍ ബവേറിയ പ്രവിശ്യയുടെ തലസ്ഥാനനഗരമായ മ്യൂണിക്ക് പ്രകൃതിരമണീയതകൊണ്ട് ഒരു പക്ഷേ ജര്‍മനിയിലെ ഏറ്റവും മനോഹരമായ ഒരു നഗരമാണ്. ജര്‍മനിയിലെ ഏറ്റവും മികച്ച രണ്ടു സര്‍വകലാശാലകളും സ്ഥിതി ചെയ്യുത് ഈ നഗരത്തില്‍ തന്നെ. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും ലുഡ്‌വിഗ്-മാക്‌സിമില്യന്‍ യൂണിവേഴ്‌സിറ്റിയും. ലോകത്ത് ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാന ജേതാക്കളെ സമ്മാനിച്ച സര്‍വകലാശാലകളില്‍ പതിനേഴാം സ്ഥാനമലങ്കരിക്കുന്നു ലുഡ്‌വിഗ്-മാകിസിമില്യന്‍ യൂണിവേഴ്‌സിറ്റി ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, വില്യം റോട്ഗന്‍, മാക്‌സ് പ്ലാന്‍ക്, തോമസ് മന്‍ തുടങ്ങിയവരടക്കം 35 നൊബേല്‍ പുരസ്‌കാര ജേതാക്കളെയാണ് മ്യൂണിക് യൂണിവേഴ്‌സിറ്റി ലോകത്തിന് സമ്മാനിച്ചത്. 1472 ല്‍ സ്ഥാപിതമായ, ജര്‍മനിയിലെ ഏറ്റവും മികച്ച രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അഡ്മിഷന്‍ ലഭിച്ചത് ദൈവം ഈയുള്ളവനോട് കാണിച്ച കൃപാകടാക്ഷം. എന്റെ പരിമിതമായ കഴിവുകളെക്കാളുപരി നിരന്തരമായ പ്രര്‍ഥനയും ദൈവകൃപയും എന്നെ അവിടെ എത്തിച്ചു.

എഴുപതുകളുടെ ആരംഭത്തില്‍ മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ മുതല്‍ ലോകപ്രശസ്ത ദൈവശാസ്ത്രകാരനും അധ്യാപകനും ഗ്രന്ഥരചയിതാവുമായ ജോസഫ് റാറ്റ്‌സിങ്ങര്‍ അച്ചനുമായി നേരില്‍ കണ്ട് പരിചയപ്പെടാന്‍ ഉത്ക്കടമായ ആഗ്രഹമുണ്ടായി. 1950 കളില്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ തന്നെ പഠനം പൂര്‍ത്തിയാക്കിയ റാറ്റ്‌സിങ്ങറച്ചന്‍ ബേ, മ്യൂന്‍സ്റ്റര്‍, ത്വീബിങ്ങന്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ തിയോളജി അധ്യാപനത്തിനുശേഷം റേഗന്‍സ്ബുര്‍ഗ് സര്‍വകലാശാലയിലെത്തി. അവിടെ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിന്റെ മേധാവിയും യൂണിവേഴ്‌സിറ്റിയുടെ വൈസ്പ്രസിഡന്റുമായി. ഈ അധ്യാപനകാലയളവിലാണ് അദ്ദേഹം നിരവധി ആധികാരിക ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചത്. ഏതാണ്ട് 14 ഗ്രന്ഥങ്ങളോളം. അദ്ദേഹത്തിന്റെ ക്രിസ്തുമതത്തിന് ഒരാമുഖം എന്ന ഗ്രന്ഥം ലോകപ്രസിദ്ധമാണ്. എന്റെ 22-ാമത്തെ വയസില്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ എന്ന വൈദികനെ കാണുമ്പോള്‍ അക്കാലത്തു തന്നെ അദ്ദേഹം കത്തോലിക്കാ വിശ്വാസം മുറുകെ പിടിക്കുന്ന തികഞ്ഞ യാഥാസ്ഥിതികനും ഉറച്ച തീരുമാനങ്ങളെടുക്കുന്ന വ്യക്തിയുമായിരുന്നു.

മ്യൂണിക് യൂണിവേഴ്‌സിറ്റി ജെര്‍മനി

റാറ്റ്‌സിങ്ങറുടെ ദൈവശാസ്ത്ര തത്വചിന്തകളുടെ രചനാകാലഘട്ടം അജപാലകനെ നിലയില്‍ കത്തോലിക്കാ സഭ ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള താത്വികവും പ്രായോഗികവുമായിട്ടുള്ള മറുപടികളായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തികഞ്ഞ ഗവേഷകനും ദൈവശാസ്ത്ര അധ്യാപകനുമായി ചെലവഴിച്ചകാലം (1992-1977) ആര്‍ച്ച്ബിഷപ്പും കര്‍ദിനാളുമായി മ്യൂണിക്കിലും ഫ്രൈസിങ്ങിലും ചെലവഴിച്ച കാലഘട്ടം. അതിനുശേഷം വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷനായി വത്തിക്കാനില്‍ പ്രവര്‍ത്തനനിരതമായ കാലയളവ് (1977-2005). പിന്നീട് പാപ്പാ ആയതിനുശേഷം കത്തോലിക്കസഭയെ വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ നയിച്ച കാലഘട്ടം (2002-2012). 35 വയസുള്ളപ്പോഴാണ് റാറ്റ്‌സിങ്ങര്‍ കൊളോണിയിലെ കര്‍ദിനാള്‍ ഫ്രിങ്ങ്‌സിന്റെ ദൈവശാസ്ത്ര ഉപദേശകനായി വത്തിക്കാന്‍ സുനഹദോസില്‍ പങ്കുചേരുന്നത്. ലോകത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് അതിലേയ്ക്ക് വാതിലുകള്‍ തുറന്നിടുവാനും യഥാര്‍ത്ഥ ക്രിസ്തീയ ദര്‍ശനത്തിന്റെ വേരുകള്‍ കണ്ടെത്താനുമുള്ള കര്‍ദിനാള്‍ ഫ്രങ്ങ്‌സിന്റെ ആഹ്വാനം റാറ്റ്‌സിങ്ങറുടെ സംഭാവനയായിരുന്നു. ജോസഫ് റാറ്റ്‌സിംങ്ങറുടെ ക്രിസ്തുമതത്തിന് ഒരാമുഖം എന്ന ഗ്രന്ഥം കത്തോലിക്കാസഭയിലുണ്ടായ ഒരു ഇതിഹാസ കൃതിയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. വിശ്വാസപ്രമാണത്തിലെ 12 ഭാഗങ്ങളുടെ സുദൃഢമായ ആഴത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ഗ്രന്ഥത്തിലൂടെ പ്രകാശിതമാകുന്നത്. വിശ്വാസമെന്നത് നമുക്ക് സ്വന്തമായി വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല. പ്രസ്തുത ദൈവത്തില്‍ നിന്ന,് കൃത്യമായി പറഞ്ഞാല്‍ ദൈവകൃപയില്‍ നിന്ന് ദാനമായി നമുക്ക് ലഭിക്കുന്നതാണ്. അങ്ങനെ ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ച് വ്യക്തമായ പ്രബോധനങ്ങളിലൂടെ സഭയെ ലോകത്തിന്റെ പ്രകാശഗോപുരമായി അദ്ദേഹം ഉയര്‍ത്തി നിര്‍ത്തി.

 

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ മനസുതോന്നിയെന്നത് ദൈവം ഈയുള്ളവന് തന്ന കൃപ. മെഡിക്കല്‍ വിഷയങ്ങള്‍, കടിച്ചാല്‍പ്പൊട്ടാത്ത ജര്‍മന്‍ ഭാഷയില്‍ കഷ്ടപ്പെട്ടു പഠിച്ചുകൊണ്ടിരുന്ന കാലം. ലുഡ്‌വിഗ് – മാക്‌സിമില്യന്‍ യൂണിവേഴ്‌സിറ്റിയില്‍ അന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയ്ക്കടുത്തായാണ് തിയോളജി ക്ലാസുകളും നടത്തിയിരുന്നത്. തിയോളജി ക്ലാസുകള്‍ നയിച്ചിരുന്നത് ലോകപ്രശസ്ത ദൈവശാസ്ത്രകാരനായ ജോസഫ് റാറ്റ്‌സിങ്ങറച്ചനാണെന്ന് കേട്ട് പതുങ്ങിപ്പതുങ്ങി അദ്ദേഹത്തിന്റെ ക്ലാസ്മുറിയുടെ മൂലയില്‍ പറ്റിക്കൂടി. എല്ലാവരും നല്ല വെളുത്ത നിറമുള്ള ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍. അതുകൊണ്ട് തന്നെ ക്ലാസിനിടയില്‍ മൂലയില്‍ പറ്റിക്കൂടി തലകുനിച്ചിരിക്കുന്ന പരദേശിയെ റാറ്റ്‌സിങ്ങറച്ചന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ക്ലാസ് കഴിഞ്ഞ് എന്നെ ശ്രദ്ധിച്ച അദ്ദേഹം അരികിലേക്ക് വിളിച്ചിട്ട് ചോദിച്ചു:  സിന്റ് സി ഓസ് ഇന്‍ഡിയന്‍? (താങ്കള്‍ ഇന്ത്യയില്‍ നിന്നാണോ) അതേയെന്നു പറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നല്ലേയെന്നു ചോദിച്ചു. കേരളത്തിലെ കത്തോലിക്കാ സമൂഹത്തെക്കുറിച്ചും എല്ലാ വീടുകളിലും മുടങ്ങാതെ നടക്കുന്ന ജപമാലകളെക്കുറിച്ചും റാറ്റ്‌സിങ്ങര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. മെഡിക്കല്‍ പഠനത്തിനെത്തിയ ഇന്ത്യക്കാരന്‍, അച്ചന്റെ തിയോളജി ക്ലാസുകളില്‍ കയറിയിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി. ആ തുടക്കവും സ്‌നേഹപ്രകടനവും റാറ്റ്‌സിങ്ങറച്ചന്റെ കുടുംബത്തിലേക്കു എന്നെ കൂട്ടിക്കൊണ്ടുപോയി.

1969ല്‍ റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ തിയോളജിയുടെ പ്രൊഫസറായി അധ്യാപനം തുടങ്ങിയ വര്‍ഷം മുതല്‍ 1977 മാര്‍ച്ച് മാസം 25-ാം തീയതി മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായി വാഴിക്കുതുവരെ റാറ്റ്‌സിങ്ങറച്ചന്‍ റേഗന്‍സ്ബുര്‍ഗിനടുത്തുള്ള പെന്റ്‌ലിങ്ങ് എന്ന ഗ്രാമത്തിലെ സ്വവസതിയിലാണ് താമസിച്ചത്. 1967ലാണ് അദ്ദേഹം ആ വീട് വാങ്ങിയത്. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ കാത്തുനിന്നു. കണ്ടപ്പോള്‍ സൗഹൃദസംഭാഷണങ്ങള്‍ക്കുശേഷം പെന്റ്‌ലിങ്ങിലെ വീട്ടിലേക്ക് ഭക്ഷണം കഴിക്കുവാന്‍ വരണമെന്നു പറഞ്ഞു. മ്യൂണിക്കില്‍ നിന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്ത് റേഗന്‍സ്ബുര്‍ഗ് റയില്‍വേസ്റ്റേഷനില്‍ എന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ റാറ്റ്‌സിങ്ങറച്ചന്‍ കാറുമായി കാത്തു നില്‍ക്കുുണ്ടായിരുന്നു. പെന്റ്‌ലിങ്ങിലെ വസതിയില്‍ അവിവാഹിതയായ മൂത്തസഹോദരി മരിയയോടൊപ്പം ജ്യേഷ്ഠന്‍ ജോര്‍ജ് റാറ്റ്‌സിങ്ങറച്ചനും താമസിച്ചിരുന്നു. മരിയയാണ് സഹോദരങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നതും വീട്ടുകാര്യങ്ങള്‍ നടത്തുന്നതും. ഫാ. ജോര്‍ജ് റാറ്റ്‌സിങ്ങര്‍ അന്ന് റേഗന്‍സ്ബുര്‍ഗ് കത്തീഡ്രലിലെ (ഡോം) കപ്പേല്‍ മൈസ്റ്റര്‍ (ഗായകസംഘമേധാവി). ആ മൂന്നു റാറ്റ്‌സിങ്ങര്‍ സഹോദരങ്ങള്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന അവസാനവേളയായിരുന്നു പെന്റ്‌ലിങ്ങിലെ കാലമെന്നു പിന്നീട് പാപ്പ പറഞ്ഞിട്ടുണ്ട്. പല ഞായറാഴ്ചകളിലും ഞാന്‍ പെന്റ്‌ലിങ്ങില്‍ പോയി റാറ്റ്‌സിങ്ങര്‍ സഹോദരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ അവരവര്‍ തന്നെ കഴുകുന്ന ശൈലിയായിരുന്നു സഹോദരങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. എന്നിരുന്നാലും ആതിഥ്യമര്യാദയും ആദരവും കൈമുതലായുണ്ടായിരുന്ന ജോസഫ് റാറ്റ്‌സിങ്ങര്‍ പല ദിവസങ്ങളിലും ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ എനിക്കു കഴുകി തന്നിരുന്നു. ലളിതമായ ജീവിതം. ദീപ്തമായ മുഖഭാവം നിര്‍വചിക്കാനാവാത്ത വിധം മറ്റുള്ളവരോട് പുലര്‍ത്തുന്ന ആദരവ്-അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ തിര്‍ത്തും നിസാരനില്‍ നിസാരനാണെു ഓര്‍മിക്കാറുണ്ട്.
 (തുടരും)


Tags assigned to this article:
benedict XVIGeorge thayilPope emiritus

Related Articles

എറണാകുളവും കൊവിഡ് മുക്തമാകുന്നു

കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സമുദായ ദിന സമ്മേളനം നടത്തി.

കൊച്ചി:കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സി)യുടെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്ക രൂപതകളുടെ സമുദായ ദിനം ആചരിച്ചു. സമാപന സമ്മേളന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡാ

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച് ഷെയറിംഗ് ലൈബ്രറി

കോട്ടപ്പുറം: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വീടുകളില്‍ കുടുങ്ങിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ പുത്തന്‍വേലിക്കര റസിഡന്‍സ് സമിതിക്ക് അഭിനന്ദനപ്രവാഹം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*