Breaking News

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

 

കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്‌സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍ ഈ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം വളരെ കൂടുതലായിരുന്നു. ആ ദിവസങ്ങളില്‍ അനുദിനദിവ്യബലിയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കുചേരാന്‍ കൊവിഡ് മാനദണ്ഡപ്രകാരം വളരെ കുറച്ചുപേര്‍ക്കു മാത്രമേ സാധിച്ചിരുന്നുള്ളൂ. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആവുകയും അതേത്തുടര്‍ന്ന് പള്ളി അടച്ചിടേണ്ടിവരികയും ചെയ്തു. പിന്നീട് അനുദിനം ജനരഹിതബലിയാണ് ഞാന്‍ അര്‍പ്പിച്ചത്. ആ നാളുകളില്‍, മുന്‍പ് എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കുചേര്‍ന്നിരുന്ന പലരും എന്നെ വിളിക്കുകയും ഞായറാഴ്ചപോലും ദിവ്യബലിയില്‍ സംബന്ധിക്കാനാവാത്തതിന്റെ സങ്കടം അറിയിക്കുകയും ചെയ്യുമായിരുന്നു.

ചുറ്റും വേഗത്തില്‍ പടരുന്ന കൊവിഡും, മരണവും, അതേതുടര്‍ന്നുള്ള സഞ്ചാരനിയന്ത്രണങ്ങളും രോഗത്തെക്കുറിച്ചുള്ള ഭയവും, അസ്വസ്ഥതകളും ഒപ്പം സാമ്പത്തിക ഞെരുക്കവും എല്ലാവരുടെയും ജീവിതത്തെ പ്രശ്‌നസങ്കീര്‍ണ്ണമാക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഈ പള്ളിക്കുകീഴിലുള്ള എല്ലാ കുടുംബങ്ങളിലേക്കും പ്രത്യാശ പടര്‍ത്തുന്ന ആശ്വാസത്തിന്റെ ഒരു സുവിശേഷസന്ദേശം എങ്ങനെ എത്തിക്കാനാകും എന്ന ചിന്ത എന്നില്‍ അങ്കുരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിശ്വാസികള്‍ക്ക് എല്ലാ ദിവസവും ലൈവായി വിവിധ വചനപ്രഘോഷണങ്ങളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാമെങ്കിലും സ്വന്തം പള്ളിയിലെ വൈദികന്‍ വ്യക്തിപരമായി സ്വന്തം ദൈവജനത്തിന് നല്‍കുന്ന സുവിശേഷസന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സ്വന്തം വീട്ടിലെ ഭക്ഷണത്തിന്റെ രുചി മറ്റെങ്ങും കിട്ടുകയില്ലല്ലോ.

അതേതുടര്‍ന്ന് പള്ളിയിലെ കപ്യാരുടെയും, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയും യൂണിറ്റ് ഭാരവാഹികളുടെയും സഹായത്തോടെ എല്ലാ കുടുംബങ്ങളിലെയും മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ‘സെന്റ് മേരീസ് ചര്‍ച്ച്, മരിയൂര്‍’ എന്ന പേരില്‍ ആരംഭിച്ചു. ഇത് പള്ളിവക അറിയിപ്പുകള്‍ പങ്കുവയ്ക്കാനും, പ്രധാനപ്പെട്ട മറ്റ് സാമൂഹ്യസ
ന്ദേശങ്ങള്‍ കൈമാറ്റം ചെയ്യാനും, പരസ്പരമുള്ള സ്‌നേഹവിനിമയത്തിനും സഹായകരമായി. അതേതുടര്‍ന്ന് മേയ്മാസം പകുതിയോടെ ‘ആശ്വാസ വചനം’ എന്ന പേരില്‍ ഓരോ ദിവസവും ഓരോ ‘സെക്കുലര്‍’ വിഷയം വിചിന്തനത്തിനായ് തിരഞ്ഞെടുത്തു. അതിന്റെ സാമൂഹ്യവും ആത്മീയവുമായ മാനങ്ങളെ ദൈവവചനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ആരംഭിച്ചു. അത് ഒരു ‘വോയ്‌സ് മെസേജ്’ ആയി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാനും പരസ്പരമുള്ള സ്‌നേഹവി നിമയത്തിനും സഹായകരമായി.

അതോടൊപ്പം എന്റെ പേഴ്‌സണല്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്കും ‘ആശ്വാസ വചനം’ ഞാനയക്കുമായിരുന്നു. ആളുകള്‍ താല്പര്യപൂര്‍വ്വം അതു കേള്‍ക്കാനും, അതേക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ എന്നെ അറിയിക്കാനും തുടങ്ങിയതോടെ കുറച്ചുകൂടി സമയമെടുത്ത് ഓരോ ദിവസത്തേയും ‘സന്ദേശങ്ങള്‍’ തയ്യാറാക്കാന്‍ തുടങ്ങി. അതോടെ ആദ്യനാളുകളില്‍ നാലും അഞ്ചും മിനിറ്റുകള്‍ മാത്രമുണ്ടായിരുന്ന ‘ആശ്വാസ വചനം’ ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും എട്ടും പത്തും മിനിറ്റായി ഉയര്‍ന്നിരുന്നു. ഓരോ ദിവസത്തെയും വിഷയത്തെ സംബന്ധിച്ച് ചില ചിന്തകള്‍ പങ്കുവയ്ക്കുക എന്നതിലുപരി ആ വിഷയത്തെക്കുറിച്ച് സമഗ്രമായ ഒരാശയം പകരുക എന്നതായിരുന്നു ആദ്യം മുതലേ എന്റെ താല്പര്യം.

ഇതിനിടയില്‍ പള്ളി വീണ്ടും തുറക്കുകയും കുര്‍ബാനയും മറ്റ് തിരുക്കര്‍മ്മങ്ങളും പുനരാരംഭിക്കുകയും ചെയ്തു. ആ ദിവസങ്ങളില്‍ ഏറെ വിശ്വാസികള്‍ അനുദിന തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വളരെ കുറച്ചുപേരെ മാത്രമേ അതിന് അനുവദിച്ചിരുന്നുള്ളൂ. ആ നാളുകളിലും ദിനം പ്രതിയുള്ള ‘ആശ്വാസവചനം’ മുടക്കം കൂടാതെ തയ്യാറാക്കി എല്ലാവര്‍ക്കുമായി പോസ്റ്റ് ചെയ്തിരുന്നു.

ഓരോ ദിവസവും വ്യത്യസ്തവും ജീവിതഗന്ധിയുമായ വിഷയങ്ങള്‍ എടുത്ത് ദൈവവചനത്തിന്റെ സഹായത്തോടെ ജീവിതത്തിന് ആശ്വാസവും പ്രത്യാശയും പകരുന്ന രീതിയില്‍ വിശദീകരിക്കാനാണ് ഞാന്‍ ആദ്യം മുതലേ പരിശ്രമിച്ചിരുന്നത്. ഓരോ ദിവസവും ഓരോ വിഷയം തിരഞ്ഞെടുക്കുന്നതും ഒരുങ്ങുന്നതും അത് റെക്കോര്‍ഡ് ചെയ്യുന്നതും കൂടുതല്‍ സമയവും പരിശ്രമവും വായനയും ആവശ്യമുള്ളതാക്കി. കര്‍ത്താവ് തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ പ്രാഥമികമായ ദൗത്യം ”നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വ്വസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്നതാണെന്ന എന്റെ അടിസ്ഥാന ബോധ്യം ‘ആശ്വാസവചനം’ കൂടുതല്‍ സ്‌നേഹത്തോടെ ഒരുക്കാന്‍ എന്നെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ‘ആശ്വാസവചനം’ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനും, അത് അനേകര്‍ക്ക് ആശ്വാസദായകവും ഗുണകരവുമാണെന്ന് മനസിലാക്കാനും സാധിച്ചു. ‘ആശ്വാസവചനം’ 50 എപ്പിസോഡ് പൂര്‍ത്തിയാക്കിയപ്പോഴേക്കും അതിന്റെ സമയദൗര്‍ഘ്യം പന്ത്രണ്ടും, പതിനാലും മിനിറ്റുവരെയായിരുന്നു. അപ്പോള്‍ ഓരോ വിഷയത്തിനായുള്ള ‘നോട്ട്‌സ് പ്രിപ്പറേഷനും’ മൊബൈല്‍ ഫോണില്‍ തെറ്റു കൂടാതെയുള്ള റെക്കോര്‍ഡിങ്ങിനും കൂടുതല്‍ സമയം ആവശ്യമായി വന്നു. ഇടവക കാര്യങ്ങള്‍ക്കൊപ്പം മറ്റു പല കാര്യങ്ങളും ഔദ്യോഗികമായി നിര്‍വ്വഹിക്കാനുള്ളതിനാല്‍ (രണ്ട് സിബിഎസ്ഇ സ്‌കൂളുകളുടെ മാനേജരായും സേവനം ചെയ്യുന്നുണ്ട്) സമയം, ശ്രദ്ധ, വായന, എഴുത്ത് ഒക്കെ ഒരു പ്രശ്‌നമായിരുന്നെങ്കിലും ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി നടന്നിരുന്നു.

അങ്ങനെ 2021 ഓഗസ്റ്റ് 29ന് ദൈവകൃപയാല്‍ ‘ആശ്വാസവചനം’ 100 എപ്പിസോഡ് പൂര്‍ത്തിയാക്കി. ആരംഭിച്ചതു മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ 100 ദിവസങ്ങള്‍കൊണ്ട് 100 വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി. തുടര്‍ന്ന് 101 മുതല്‍ ഒരു പുതിയ പരമ്പര ആരംഭിച്ചു. ‘യേശു പറഞ്ഞ കഥകള്‍’ എന്നാണ് അതിന്റെ പേര്. ഓരോ ദിവസവും യേശു പറഞ്ഞ ഓരോ ഉപമയും ഒരു കഥയെന്നവണ്ണം എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്ന പരമ്പരയാണിത.് ഇപ്പോള്‍ ‘ആശ്വാസ വചനം’ 138ല്‍ എത്തിനില്‍ക്കുന്നു. ദൈവത്തിനു സ്തുതി. എന്റെ എല്ലാ പ്രിയപ്പെട്ട ശ്രോതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി.

സെമിനാരി പരിശീലന കാലം മുതലേ ഞാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളും എഴുതുമായിരുന്നു. കാര്‍മല്‍ഗിരി സെമിനാരിയിലെ തത്ത്വശാസ്ത്ര പഠനകാലവും, ഓസ്ട്രിയയിലെ ഇന്‍സ്ബ്രുക്ക് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പഠനകാലയളവും കൂടുതല്‍ വായനയിലേക്കും എഴുത്തിലേക്കും വളരാന്‍ സഹായകരമായി. ലോകമെങ്ങും പരമ്പരാഗത ആത്മീയ-അനുഷ്ഠാന സങ്കല്പങ്ങള്‍ക്ക് കാതലായ മാറ്റം വരുത്തിയ ‘ഈ കൊവിഡ് കാലം’ ദൈവാരാധനയ്ക്കും ദൈവവചന പ്രഘോഷണത്തിനും നവമാധ്യമങ്ങളുടെ ഡിജിറ്റല്‍ ലോകകവാടങ്ങളാണ് അനന്തസാധ്യതകളോടെ അജപാലര്‍ക്കു മുന്നില്‍ തുറക്കപ്പെട്ടിട്ടുള്ളത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിര്‍ദ്ദേശിച്ചതുപോലെ വിശ്വാസസംബന്ധിയായ ആശയവിനിമയം വളര്‍ത്തുന്നതിനും ദൈവസാന്നിദ്ധ്യവും ദൈവസ്‌നേഹവും ഏവര്‍ക്കും അനുഭവവേദ്യമാക്കുന്നതിനും നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിന് സുവിശേഷ വെളിച്ചം പകരാന്‍ സഭാസമൂഹം യേശുക്രിസ്തുവിന്റെ നാമത്തില്‍ ചെയ്യുന്ന പരിശ്രമങ്ങളില്‍ ഞാനും ഹൃദയപൂര്‍വ്വം പങ്കുചേരുന്നു.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
dr grimbald lenthaparambil

Related Articles

ജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം

ഷാജി ജോര്‍ജ് (കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അധികാരവികേന്ദ്രീകരണത്തില്‍ അത്ര വലിയ വലുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അധികാരം താഴേത്തട്ടിലേക്കു നല്കുന്നതിന് വേണ്ടത്ര ശ്രദ്ധയും താത്പര്യവും

ജോമ ചരിത്ര സെമിനാർ നാളെ (ഡിസംബർ 12,13,14) ആശീർഭവനിൽ

കൊച്ചി : ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററിയുടെയും കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിദിന പഠനശിബരം സംഘടിപ്പിക്കും. ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും:

പോര്‍തരു ചവിട്ടി മാര്‍ യൗസേപ്പ്

            വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്‌കോ പള്ളിയിലെ നിറഞ്ഞ വേദിയില്‍ യൗസേപ്പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടി ശ്രദ്ധേയരായിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍. ആഗോള കത്തോലിക്കാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*