ജനുവരി 3: പ്രത്യക്ഷീകരണ തിരുനാൾ

ജനുവരി 3: പ്രത്യക്ഷീകരണ തിരുനാൾ

R1: Is 60:1-6

 ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും. കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും. ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിതമാകും.6 ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ള വരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും.

R2: Eph 3:2-3,5-6

 പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്. ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്‌തോലന്‍മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.

Gos: Mt 2:1-12

ഹേറോദേസ് രാജാവിന്റെ കാലത്ത്‌യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.

 

രക്ഷയിലേക്കുള്ള വഴി

 

പ്രത്യക്ഷീകരണ തിരുനാൾ മംഗളങ്ങൾ. ലൂക്കാ സുവിശേഷകൻ ക്രിസ്തുവിന്റെ ജനനം വിവരിക്കുമ്പോൾ ആട്ടിടയൻന്മാരോട് കർത്താവിന്റെ ദൂതൻ പറയുന്ന സന്ദേശം ഇപ്രകാരമാണ്: “ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ദാവീദിന്റെ നഗരത്തിൽജനിച്ചിരിക്കുന്നു.”(ലൂക്കാ 2:10-11). ഉണ്ണിയായ ദൈവപുത്രനെ മോശയുടെ നിയമം അനുസരിച്ച് പരിച്ഛേദനത്തിനായി ദേവാലയത്തിലേക്ക് കൊണ്ടു ചെല്ലുമ്പോൾ ശിമയോൻ ഉണ്ണിയെ കൈകളിലെടുത്ത് പറയുന്നത്: “സകല ജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു.”(ലൂക്കാ 2:31)എന്നാണ്. ഉദയം ചെയ്യപ്പെട്ട രക്ഷകനെ തേടിയുള്ള യാത്രയിൽ അവനെ കണ്ടുമുട്ടുകയും തിരിച്ചറിഞ്ഞു പ്രഘോഷിക്കുകയും ചെയ്ത 3 ജ്ഞാനികളെ കുറച്ചു പറഞ്ഞു കൊണ്ടാണ് മത്തായി സുവിശേഷകൻ രക്ഷകനായ യേശുവിനെ സർവ്വ ലോകർക്ക് മുന്നിലായി അവതരിപ്പിക്കുക. പൗരസ്ത്യദേശത്തെ ജ്ഞാനികൾ സർവ്വ ജനതയ്ക്കും വേണ്ടിയുള്ള പ്രതീക്ഷയുടെ പ്രതീകത്തെ ദർശിക്കുമ്പോൾ നാം അത് പ്രത്യക്ഷീകരണ തിരുനാളായി ആഘോഷിക്കുന്നു.

രാജാവിനെ തേടിയാണ് അവർ നടന്നത്. തീർച്ചയായും ലക്ഷ്യസ്ഥാനം രാജകൊട്ടാരമാവും എന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. അതു കൊണ്ടാണ് കിഴക്ക് നക്ഷത്രം കണ്ടപ്പോൾ രാജപാത നോക്കി അവർ നടന്നത്. എത്തിപ്പെട്ട കൊട്ടാരത്തിൽ അന്വേഷിച്ചു ചെന്ന രാജാവില്ലായിരുന്നു. അതുകൊണ്ടാണ് അവർ ചോദിച്ചത് എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? വിജാതിയരായ ഇവരെന്തിന് യഹൂദരുടെ രാജാവിനെ അന്വേഷിച്ചിറങ്ങി എന്ന ചോദ്യം മനസ്സിൽ ബാക്കിനിൽക്കെ അവർ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം പരതി ബൈബിളിലെ താളുകൾ മറിച്ചപ്പോൾ ചെന്നു നിന്നത് യോഹന്നാന്റെ സുവിശേഷത്തിലെ പത്തൊമ്പതാം അധ്യായത്തിലാണ്. അവിടെ കുരിശിൽ തറക്കപ്പെട്ട ക്രിസ്തുവിന്റെ മരക്കുരിശിനു മുകളിൽ സകലർക്കും കാണാനും വായിക്കാനും തക്കവിധം പീലാത്തോസ് മൂന്നു ഭാഷകളിൽ ആയി എഴുതി വയ്ക്കുന്നുണ്ട്. നസ്രായനായ യേശു. യഹൂദരുടെ രാജാവ്(യോഹന്നാൻ 19:19). രക്ഷകനും രക്ഷയും കുരിശിൽ ആയിരുന്നു. കുരിശിലൂടെ ആയിരുന്നു.

രാജകൊട്ടാരത്തിന്റെ സുരക്ഷിതത്വത്തിലും പട്ടു വസ്ത്രത്തിന്റെ മൃദുലതയിലും പൊതിഞ്ഞു സൂക്ഷിക്കുന്ന രക്ഷയും രക്ഷകനും അല്ല മറിച്ച് കാലിത്തൊഴുത്തിന്റെ അരക്ഷിതത്വത്തിലും വൈക്കോൽ കൂനയുടെ കാഠിന്യത്തിലും വെളിവാക്കപ്പെട്ട രക്ഷയാണ് രക്ഷകൻ എന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ തങ്ങൾക്ക് തെറ്റിപ്പോയി എന്ന് മനസ്സിലാക്കുന്ന അവസരത്തിൽ ജ്ഞാനികൾ കൊട്ടാരം വിട്ട് ഇറങ്ങുകയാണ്. രാജാവ് കൊട്ടാരത്തിൽ ഇരിക്കുമെന്ന് മനസ്സും ബുദ്ധിയും കണക്കുകൂട്ടി. ഒടുവിൽ വഴിതെറ്റിയപ്പോൾ പിന്നീട് ദൈവത്തിന്റെ പ്രകാശം മാത്രം നോക്കി വഴി നടന്നു. ഒടുവിൽ യഥാർത്ഥ രക്ഷകനെ കണ്ട് രക്ഷയുടെ ആദ്യ ദർശനം അനുഭവിച്ച് ഒടുവിൽ വന്ന വഴിയെ പോകാതെ വഴിമാറി നടക്കുന്ന ജ്ഞാനികൾ നമുക്ക് ഒരു പാഠപുസ്തകമാണ്.

കർത്താവായ യേശുക്രിസ്തുവിലാണ് രക്ഷയെന്നും അവൻ മാത്രമാണ് ഏക രക്ഷകനെന്നും അറിഞ്ഞുകൊണ്ട് അവനിലേക്കുള്ള നമ്മുടെ യാത്രയിൽ നാം എത്തിപ്പെടുന്ന സ്ഥലങ്ങളിൽ രക്ഷയുടെ രക്ഷകനും ഉണ്ടോ എന്ന് ചിന്തിക്കണം. സന്തോഷത്തിനും സമാധാനത്തിനും സുഖത്തിനും വേണ്ടി എത്തപ്പെട്ട സ്ഥലങ്ങളിൽ രക്ഷകനെക്കുറിച്ച് ആലോചിക്കാതെ എന്റെ ശരീരത്തിന്റെ സുഖത്തിന് രക്ഷകൻ വിലങ്ങുതടി ആണെന്നറിഞ്ഞ് യാത്ര നിർത്തിവെച്ച് അവിടെത്തന്നെ നിന്നു പോകാൻ സാധ്യത കൂടുതൽ ഉള്ള ഒരു കാലഘട്ടത്തിൽ തിരിച്ചറിവും തിരഞ്ഞെടുക്കലും വിവേകപൂർണമാകണം. സ്നേഹം കാട്ടി കബളിപ്പിച്ച് രക്ഷയുടെ വഴിയിൽ നിന്ന് മാറ്റി നടത്താനും കർത്താവായ യേശു ക്രിസ്തുവിനെയും അവന്റെ സത്യ സഭയെയും പഠനത്തെയുംകാൾ മികച്ച രക്ഷ നൽകാമെന്ന വ്യാജരക്ഷകന്മാരുടെയും പിടിയിൽ പെടാതെ രക്ഷകനെ തേടി നടന്ന് കണ്ടുമുട്ടി പ്രഘോഷിക്കാൻ നമുക്കാവണം. അവനെ കണ്ടുമുട്ടിയവരെല്ലാം വന്ന വഴിയേ നടക്കരുത് എന്ന് അവന് നിർബന്ധമുണ്ട് പിന്നിട്ട വഴികളിൽ ഇടറിപ്പോയെന്നിരിക്കാം,തെറ്റിപ്പോയി എന്നിരിക്കാം. സാരമില്ല രക്ഷകനെ കണ്ടുമുട്ടിയാൽ പുതുവഴി തെളിയും, അവനെയും പ്രഘോഷിച്ചു നടക്കുക എന്നതാണ് പ്രധാനം. ഈ പ്രത്യക്ഷീകരണ തിരുനാളിൽ അതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

തീരത്തിന്റെ ഇടയന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ രൂപതയ്ക്കും സഭയ്ക്കും നാടിനും സമര്‍പ്പിച്ചത് കരുണയുടെയും സ്‌നേഹത്തിന്റെയും സമാനതകളില്ലാത്ത മുഖമുദ്രകള്‍. രണ്ടു ദശാബ്ദം നീണ്ട

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്,

“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.   കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*