ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ ദാനമായ സംഗീതത്തെക്കുറിച്ച് ഫാ. ഷാജ്കുമാറുമായി ഹൃദയഭാഷണത്തില്‍.

‘എവുജിന്‍, പ്ലീസ്, കരുണാമയനേ പാടൂ!” യുവജനവേദികളില്‍, പ്രത്യേകിച്ച് ജീസസ് യൂത്ത് മുന്നേറ്റത്തില്‍ അവന്റെ പേരും സ്വരവും സാക്ഷ്യവും സംഗീതവും പ്രിയപ്പെട്ടതാവുകയാണോ? പുതുതലമുറ മാത്രമല്ല, മറ്റുള്ളവരൊക്കെയും തങ്ങളുടെ സ്വന്തമായി കരുതി സ്‌നേഹിക്കുകയാണ് ഈ യുവാവിനെ. സംഗീതവഴിയില്‍ തന്റെ ദൗത്യം നിറവേറ്റുവാന്‍ ദൈവം നിയോഗിച്ചയച്ച ഒരു ‘ഗോസ്പല്‍ സിംഗര്‍’ ആണ് വളര്‍ന്നുവരുന്ന ഈ കലാകാരന്‍. ദൈവത്തിന്റെ കരളൊപ്പ് പതിഞ്ഞിട്ടുള്ള ആ ജീവിതം നമുക്ക് പരിചയപ്പെടാം.

യുവതയെക്കുറിച്ച് പറഞ്ഞുതുടങ്ങാം…

ഞാനുള്‍പ്പെടെയുള്ള യുവജനം ദൈവത്തിന്റെ ഒരു പ്രത്യേക നിയോഗം പേറുന്നവരാണ്. ഓരോരുത്തര്‍ക്കും ദൈവം വ്യത്യസ്തമായ താലന്തുകള്‍ നല്കിയിരിക്കുന്നു, ഈ ലോകത്തെ കൂടുതല്‍ മെച്ചമായിത്തീര്‍ക്കാന്‍. അങ്ങനെ ഒരു ദൈവികനിയോഗമില്ലാത്തവരായി ഒരു യുവാവും യുവതിയുമില്ല. അതുകൊണ്ട് ആരെയും ഒഴിവാക്കരുത്, ആരെയും അകറ്റിനിര്‍ത്തരുത്. അവര്‍ക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ കഴിയുന്ന ആ ഗിഫ്റ്റ് എന്താണെന്ന് കണ്ടെത്തണം.

താങ്കളുടെ ആ ഗിഫ്റ്റിനെക്കുറിച്ച്…

നിങ്ങള്‍ക്കു നല്കാന്‍ കുറച്ച് സംഗീതം ദൈവം എന്നെ ഏല്പിച്ചിട്ടുണ്ട്. അതു പുറത്തുകൊണ്ടുവരാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞാന്‍. കുഞ്ഞുനാള്‍ മുതല്‍തന്നെ പാടുകയും കീബോര്‍ഡ് വായിക്കുകയും പാട്ടുകള്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബൈബിള്‍ കലോത്സവങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്റെ പാട്ടും സംഗീതവും അനേകര്‍ക്ക് ഇഷ്ടമാണ്. ഞാനൊരു വലിയ കലാകാരനാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. എന്നാല്‍ എന്റെ സംഗീതം പൂര്‍ണമായും ദൈവത്തിന്റെ ദാനമാണെന്ന് നന്ദിയോടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആ അനുഭവത്തെക്കുറിച്ച്…

വേദനാജനകമായ ഒരനുഭവമായിരുന്നു അത്. സംഗീത കോളജില്‍ ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന സമയം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. റെക്‌സ് ബാന്‍ഡില്‍ പാടുകയെന്ന എന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായിക്കഴിഞ്ഞു. വേള്‍ഡ് യൂത്ത് ഡേയ്ക്ക് ഞങ്ങളുടെ ബാന്‍ഡായ വോക്‌സ് ക്രിസ്റ്റി പ്രോഗ്രാം വിജയകരമായി നടന്നു. ദേശീയതലത്തില്‍ വെസ്റ്റേണ്‍ മ്യൂസിക് സോളോയ്ക്ക് ഞാന്‍ സമ്മാനം നേടിയിരുന്നു. അപ്പോഴാണ് കോളജില്‍ ഒരു പരീക്ഷ നടന്നത്. എന്റെ പാട്ടുകേട്ട് സംഗീതാദ്ധ്യാപകന്‍ അരിശം കൊള്ളുകയും ഇതുപോലൊരു മോശം സ്വരം ഇതിനു മുമ്പ് കേട്ടിട്ടില്ലായെന്ന് പറയുകയും ചെയ്തു. ഞാന്‍ വല്ലാതെ അപ്‌സെറ്റായി. എനിക്ക് താങ്ങാവുന്നതിലും വലിയൊരു അടിയായിരുന്നു അത്. ഞാന്‍ ആകെ തളര്‍ന്നു. എല്ലാം വച്ച് മതിയാക്കിയാലോ എന്നു തോന്നി. ആകെ തളര്‍ന്ന് അവശനായിരിക്കുമ്പോള്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത ഒരു പ്രാര്‍ഥനാനുഭവം എനിക്കുണ്ടായി. എന്റെ ഉള്ളിലെ സംഗീതം സത്യമാണെന്നും എന്നാല്‍ അത് ദൈവത്തിന്റെ ദാനമാണെന്നും ആഴമായ ഒരു ബോധ്യം എനിക്കുണ്ടായി. ഞാന്‍ ഈശോയ്ക്ക് നന്ദി പറഞ്ഞു.

പുതുതലമുറയുടെ കലയും സംഗീതവും വിശ്വാസജീവിതവും…

നെയ്യാറ്റിന്‍കര രൂപതയിലെ ബാലരാമപുരം ഇടവകാംഗമാണ് ഞാന്‍. വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കുടുംബപ്രാര്‍ത്ഥനയും നിത്യേനയുള്ള ദിവ്യബലിയും ചെറുപ്പം മുതലേ ജീവിതത്തിന്റെ ഭാഗമായിരുന്നു. സണ്‍ഡേ സ്‌കൂളിലും ലിറ്റില്‍വേ അസോസിയേഷനിലും ഞാന്‍ സജീവമായിരുന്നു. വളരെ ചെറിയ പ്രായത്തിലേ വിവിധ ദേവാലയങ്ങളില്‍ ഗാനശുശ്രൂഷക്ക് പോയിത്തുടങ്ങി. കുടുംബത്തില്‍നിന്നെന്നപോലെ ധാരാളം വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും മറ്റുള്ളവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും എനിക്ക് ലഭിച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ജീസസ് യൂത്തിന്റെ മ്യൂസിക് മിനിസ്ട്രിയില്‍ അംഗമായിരുന്നു. വിശ്വാസജീവിതത്തില്‍ വളരുന്നതിനും സംഗീതത്തെ ദൈവികശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്നതിനും സാധിക്കുന്നുണ്ട്. വിശ്വാസത്തിന് ചേരാത്തവയെ ഒഴിവാക്കുന്നതിനുള്ള വിവേകം ദൈവം നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു സിനിമയില്‍ പാടാന്‍ ലഭിച്ച അവസരം ആ പാട്ടിന്റെ വരികളും സംഗീതവും നമുക്ക് ചേരുന്നതല്ല എന്നു തോന്നിയതുകൊണ്ട് ഉപേക്ഷിക്കുവാന്‍ സാധിച്ചു.

സംഗീത കോളജ്, കലാരംഗം…

നെയ്യാറ്റിന്‍കര സെന്റ് തേരേസാസ് സ്‌കൂള്‍, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ എന്നീ സഭാ സ്ഥാപനങ്ങളില്‍ പഠിച്ചിട്ട് സ്വാതിതിരുനാള്‍ കോളജിലേക്ക് പോകുമ്പോള്‍ ആശങ്കയുണ്ടായിരുന്നു. എന്നല്‍ ധാരാളം നല്ല അധ്യാപകരയെും സഹപാഠികളെയുമാണ് എനിക്ക് അവിടെ ലഭിച്ചത്. വൈദികരും സിസ്റ്റേഴ്‌സും അവിടെ പഠിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസജീവിതത്തിന് ധീരമായി സാക്ഷ്യംവഹിക്കുന്ന ചില സുഹൃത്തുക്കളും ഒപ്പമുണ്ട്. ശാസ്ത്രീയസംഗീതം ഭാരത സംസ്‌കാരവും ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. എങ്കിലും നമ്മുടെ വിശ്വാസാനുസൃതമായി കാര്യങ്ങള്‍ ചെയ്യുന്നതിന് അവിടെ തടസ്സമൊന്നുമില്ല. ‘സംഗീതവും ബൈബിളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നതിന് അവിടെ എനിക്കവസരം ലഭിച്ചിട്ടുണ്ട്.

കലാകാരന്മാരെക്കുറിച്ച് വിഷമം തോന്നിക്കുന്നതായി എന്തെങ്കിലും…

സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള കുറെ കലാകാരന്മാരുണ്ട്. അവരുടെ പാട്ടും സംഗീതവും വളരെയേറെപ്പേരെ സ്വാധീനിക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്. അവരെ ഫോളെ ചെയ്യുന്നവരെ, പ്രത്യേകിച്ച് ന്യൂ ജനറേഷനെ അത് വഴിതെറ്റിക്കുന്നുണ്ട്. ഇത് വളരെ വേദനാജനകമായ ഒരു കാര്യമാണ്. ഇത്രയും വലിയ കലാകാരന്മാര്‍ ഒന്ന് മാറിച്ചിന്തിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. പ്രാര്‍ത്ഥിക്കുന്നുണ്ട്.

സംഗീതവഴിയില്‍ സന്തോഷമുള്ള കാര്യങ്ങള്‍ എന്തെങ്കിലും…

ധാരാളമുണ്ട്. വളരെ ചെറിയപ്രായത്തില്‍തന്നെ സഭയിലും സ്‌കൂളിലുമൊക്കെ ധാരാളം അവസരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്റെ സ്വരം എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമല്ല എന്ന് എനിക്കറിയാം. എന്നെക്കാള്‍ നന്നായി പാടുന്ന ധാരാളംപേര്‍ ചുറ്റിലുമുണ്ട്. എങ്കിലും ഞാന്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നു, പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നു എന്നൊക്കെ ചിലരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. അതാണ് എനിക്ക് ഏറെ സന്തോഷമുള്ള കാര്യം. എന്റെ സംഗീതത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം.

സഭാശുശ്രൂഷകര്‍ വിമര്‍ശിക്കപ്പെടുന്ന ഈ കാലഘട്ടത്തെക്കുറിച്ച്…

വൈദികരും സിസ്റ്റേഴ്‌സുമുള്ള ഒരു കുടുംബമാണ് ഞങ്ങളുടേത്. അവര്‍ക്കുവേണ്ടി എല്ലാ ദിവസവും കുടുംബപ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ജീസസ് യൂത്തിന്റെ പ്രെയര്‍ ഗ്രൂപ്പുകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമുണ്ട്. വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ് അവരെ സഹായിക്കുന്നത് എന്ന് അവരില്‍ പലരും പറയാറുമുണ്ട്. പ്രതിസന്ധികളുടെ നടുവില്‍ അവരില്‍ ചിലര്‍ തളരുകയും വീഴുകയും ചെയ്‌തേക്കാം. അപ്പോള്‍ അവരെ കൈവിടുകയും ഒറ്റപ്പെടുത്തുകയുമല്ലല്ലോ ചെയ്യേണ്ടത്. നമ്മുടെ പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമായിരിക്കുന്ന സമയമാണ് അത് എന്ന് മനസ്സിലാക്കുകയാണു വേണ്ടത്.

വളര്‍ച്ചയുടെ വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍…

അഹങ്കരിക്കാന്‍ ഒന്നുമില്ല. എന്നാല്‍ ദൈവത്തിന് നന്ദി പറയാന്‍ ഒരുപാടുണ്ട്. 1997 ഫെബ്രുവരി 20-നാണ് ഞാന്‍ ജനിച്ചത്. നെയ്യാറ്റിന്‍കരയിലെ ബാലരാമപുരത്ത് ശ്രീ എഡ്വിന്‍ മോറിസ്, ശ്രീമതി ജാസ്മിന്‍ മേരി എന്നിവരാണ് മാതാപിതാക്കള്‍. സിസ്റ്റര്‍ എമിലിന്‍ എഫ്എംഎം, എവ്‌ലിന്‍, എര്‍ളിന്‍ എന്നിവരാണ് സഹോദരിമാര്‍. എല്ലാവരും പാട്ടുകാരാണ്. ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ പാട്ടുപാടുകയും മൂന്നു വയസ്സു മുതല്‍ കീബോര്‍ഡ് വായിക്കുകയും ചെയ്യുന്നു. അഞ്ചു വയസ്സുള്ളപ്പോള്‍ വെള്ളറട കുരിശുമലയില്‍ ആദ്യത്തെ പബ്‌ളിക് പെര്‍ഫോമന്‍സ്. ഏഴു വയസ്സുള്ളപ്പോള്‍ ചേച്ചിമാരും കസിന്‍സും ചേര്‍ന്ന വോയ്‌സ് ഓഫ് ലിറ്റില്‍ സ്റ്റാര്‍സ് എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങി. സംഗീതപഠനവും ഇക്കാലത്ത് ആരംഭിച്ചു. 15-ാം വയസില്‍ കസിന്‍സായ ജെറി ബെന്‍സിയാര്‍, ബിനോയ് ഡൊമിനിക് എന്നിവരോടൊപ്പം ചേര്‍ന്ന് ‘കുരിശിന്റെ മാറില്‍’ എന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്തു. പിഒസിയുടെ ഓഡിയോ ബൈബിളില്‍ കുറച്ച് സങ്കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ആലപിച്ചു. വോക്‌സ് ക്രിസ്റ്റി എന്ന മ്യൂസിക് ബാന്‍ഡില്‍ അംഗമായി. ഭാരതത്തിന്റെ അകത്തും പുറത്തും വിവിധ ഇടങ്ങളില്‍ മ്യൂസിക് മിനിസ്ട്രി ചെയ്യുന്നു. എല്ലാ  വര്‍ഷവും സര്‍ഗവീണ ക്രിയേഷന്‍സിന്റെ ഭാഗമായി കുരിശുമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ സംഗീതശുശ്രൂഷ ചെയ്യുന്നു. 2018 മുതല്‍ റെക്‌സ് ബാന്‍ഡിന്റെ ഭാഗവുമാണ്.

ഇനിയുള്ള പദ്ധതികള്‍…

മ്യൂസിക് എനിക്ക് ഒരു പാഷന്‍ എന്നതിനോടൊപ്പം  ഒരു കരിയര്‍ കൂടിയാണ് എന്ന് ദൈവം മനസ്സിലാക്കിത്തന്നിട്ടുണ്ട്. ജീസസ് യൂത്തിന്റെ മ്യൂസിക് മിനിസ്ട്രി തുടരണം. അനുഗൃഹീതരായ കുറെയേറെ കലാകാരന്മാരെ പരിചയപ്പെടാനും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്. അവരോടൊപ്പം ചേര്‍ന്ന് കുറച്ച് നല്ല പ്രോജക്ട്സ് പ്ലാന്‍ ചെയ്യുന്നുണ്ട്. എന്തുചെയ്യുമ്പോഴും പ്രാര്‍ത്ഥനയോടെ ചെയ്യാനുള്ള നല്ല കൃപ ദൈവം നല്കിയിട്ടുണ്ട്. കുറച്ചുകൂടി വലിയ കാര്യങ്ങള്‍ എന്നിലൂടെ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. തീര്‍ച്ചയായും നിങ്ങളേവരുടെയും പ്രാര്‍ഥന ഉണ്ടാകണം.

 


Tags assigned to this article:
evugine emmanueljesus youthsingervox christi

Related Articles

ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി വസ്തുതകളും പ്രസക്തിയും

ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിശ്വാസസംരക്ഷകനായി വാഴ്ത്തപ്പെടുന്ന വിശുദ്ധനാണ് മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ചാള്‍സ് ബൊറോമിയോ (1538-1584). സമ്പന്ന പ്രഭുകുടുംബത്തിന്റെ എല്ലാ സുഖങ്ങളും നിരാകരിച്ച് ‘മനുഷ്യരെ പിടിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ട ചാള്‍സ് ബൊറോമിയോ

വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ

സിസ്റ്റര്‍ റൂബിനി സിറ്റിസി പാനമ: ആര്‍ത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്‌കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതിക വൈദഗ്ധ്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാത്സര്യ- ഊഹക്കച്ചവട നിയമങ്ങളും, ശക്തന്മാര്‍ക്കു മാത്രം

കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

  കോട്ടപ്പുറം: വടക്കന്‍ പറവൂര്‍ വിശുദ്ധ ഡോണ്‍ബോസ്‌കോ ദേവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ഭവനം ഇല്ലാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന കാരുണ്യ ഭവനത്തിന് കോട്ടപ്പുറം രൂപത മത ബോധന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*