കുറവുകള്‍ മറന്ന് സ്‌നേഹിക്കാം: പെസഹാക്കാലം അഞ്ചാം ഞായർ

by admin | May 14, 2022 3:39 am

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

പെസഹാക്കാലം അഞ്ചാം ഞായർ
വിചിന്തനം :- “കുറവുകള്‍ മറന്ന് സ്‌നേഹിക്കാം” (യോഹ 13:31-35)

ഉയിര്‍പ്പു തിരുനാള്‍ മുതലിങ്ങോട്ട് ഈ പെസഹാക്കാലത്തിലെ ഞായറുകളിലെല്ലാം തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നാണ് നാം വായിച്ചു കേട്ടുകൊണ്ടിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 13-ാം അധ്യായത്തില്‍ നിന്നാണ് നാം ഇന്ന് വചനവിചിന്തനം നടത്തുക. യോഹന്നാന്റെ സുവിശേഷത്തില്‍ ആദ്യത്തെ 12 അധ്യായങ്ങളില്‍ കൂടുതലായി നാം കാണുന്നത് ഈശോയുടെ അത്ഭുതങ്ങളും അടയാളങ്ങളുമാണ്. അതുകൊണ്ടു തന്നെ ഈ ഭാഗത്തെ അടയാളങ്ങളുടെ പുസ്തകമെന്നാണ് വിളിക്കുന്നത്. 13-ാം അധ്യായം മുതല്‍ 20-ാം അധ്യായം വരെയുള്ള ഭാഗത്തെ മഹത്വത്തിന്റെ ആരംഭത്തിലാണ് അന്ത്യത്താഴ മേശയില്‍ വച്ച് ഈശോ ശിഷ്യന്മാരുടെ പാദം കഴുകുന്നത്. പിന്നെ ഈശോ തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവനെക്കുറിച്ചു സൂചന നല്‍കുന്നു. ഒറ്റുകാരനാകേണ്ടിയിരുന്നവനെക്കുറിച്ച് സൂചന നല്‍കുന്നു. ഒറ്റു കാരനാകേണ്ടിയിരുന്ന യൂദാസ് അവിടെ നിന്നു പോയശേഷമുള്ള ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം.
അതായത് യൂദാസ് പോയതിനുശേഷമാണ് ഈശോ തന്ത്രപ്രധാനമായ പുതിയ കല്‍പന അന്ത്യത്താഴ മേശയില്‍ വിളമ്പുന്നത്. അതിപ്രകാരമാണ് നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്നു അതുമൂലം എല്ലാവരും അറിയും. ഈശോ എങ്ങനെയാണ് തന്റെ ശിഷ്യന്മാരെ സ്‌നേഹിച്ചതെന്ന് അവര്‍ക്കു വളരെ വ്യക്തമായി അറിയാം. ശിഷ്യന്മാര്‍ എല്ലാം തികഞ്ഞവരായിരുന്നില്ല അവര്‍ക്കു അവരുടേതായ വലിയ കുറവുകളുണ്ടായിരുന്നു. എന്നിട്ടും ഈശോ അവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. ആ സ്‌നേഹം അവര്‍ അനുഭവിച്ച് ഈശോയോട് ചേര്‍ന്ന് നിന്നതാണ്. മറ്റുള്ളവര്‍ എന്നെ സ്‌നേഹിക്കുമെന്നും  ഞാന്‍ പറയുന്നതുപോലെ ചെയ്യണമെന്നും വാശിപിടിക്കുന്നവര്‍ മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടുണ്ടോയെന്നും അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ അങ്ങോട്ട് ചെയ്തുകൊടുക്കുവാന്‍ എത്രത്തോളം പരിശ്രമിച്ചിട്ടുണ്ടോയെന്നും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.
ഈശോയുടെ സ്‌നേഹം അനുഭവിച്ചാല്‍ മാത്രമേ നമ്മുടെ മുന്‍പില്‍ വരുന്ന എല്ലാ മനുഷ്യരെയും നമുക്കു സ്‌നേഹിക്കുവാനാകു. എന്നോടു ഇടപെഴകുന്ന എല്ലാവരും തന്നെ ശാരീരികമായി അല്ലെങ്കിലും മാനസികമായി വിവിധ സാഹചര്യങ്ങള്‍ക്കൊണ്ടോ വ്യക്തികള്‍ മൂലമോ മുറിവേല്‍പ്പിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ് ഈശോയെപ്പോലെ എനിക്കുണ്ടാകുന്നുണ്ടോ ആ ഒരു സ്‌നേഹ കരുതല്‍ ഞാന്‍ എല്ലാവര്‍ക്കും ജീവിതത്തിലുടനീളം കൊടുക്കാനായാല്‍ ആദ്യപടിയായി.
വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചു പറഞ്ഞു പഴകിയ ആ സംഭവങ്ങള്‍ ഇന്നും പ്രസക്തമാണ്. ഒരു വിദേശി മദര്‍ തെരേസയുടെ സ്ഥാപനങ്ങളിലെത്തി അവിടെ നടക്കുന്ന സേവനങ്ങള്‍ നേരില്‍ക്കണ്ടു. മദര്‍ തെരേസ കുഷ്ഠരോഗികളെയും മുറിവേറ്റവരേയും സ്‌നേഹത്തോടെ പരിചരിക്കുന്നത് അവര്‍ അത്ഭുതത്തോടെ നോക്കി നിന്നു എന്നിട്ടു പറഞ്ഞു. ലക്ഷക്കണക്കിനു രൂപ തരാം എന്നു പറഞ്ഞാലും എനിക്കിതു ചെയ്യാനാവില്ല. അമ്മ പറഞ്ഞു എനിക്കും പൈസ തന്നാല്‍ ഇതു ചെയ്യാനാവില്ല. പക്ഷേ ഈശോയ്ക്കുവേണ്ടി ഞാന്‍ ഇത് ചെയ്യും ഞാന്‍ അവരില്‍ ഈശോയെ കാണുന്നു.
അതിരാവിലെ ഉണര്‍ന്നു ആരാധനയ്ക്കിരിക്കുമ്പോള്‍ കാണുന്ന ഈശോ തന്നെ തന്റെ മുന്‍പിലെത്തി ഓരോ രോഗികളിലും കാണുവാന്‍ മദറിനാകുമായിരുന്നു. ഈശോയില്‍ നിന്ന് സ്‌നേഹം വാങ്ങി ഹൃദയത്തില്‍ നിറച്ച് ഈശോയ്ക്കു തന്നെ തിരികെ കൊടുക്കുന്നു സുന്ദര ജീവിതചര്യ അനുദിനം ഇപ്രകാരം ഈശോയില്‍ നിന്നു സ്‌നേഹം നിറയ്ക്കുവാന്‍ നമുക്കായാന്‍ നമുക്കും നമ്മുടെ മുന്നിലെത്തുന്ന പലവിധത്തില്‍ മുറിവേറ്റ കുറവുകളുള്ള മനുഷ്യരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുവാനാകും. ഇത്തരത്തില്‍ എല്ലാവരും ക്രിസ്തു സ്‌നേഹിച്ചതുപോലെ സ്‌നേഹിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ആരെയും മറ്റുള്ളവരുടെ മുറിവുകളിലേക്കു നോക്കി മാറ്റി നിര്‍ത്താനാവില്ല. എല്ലാവരെയും ചേര്‍ത്തു പിടിച്ച് സ്‌നേഹിക്കുവാന്‍ തുടങ്ങും. അപ്പോള്‍ ഈശോ പറഞ്ഞത് യാഥാര്‍ത്ഥ്യമാകും. നാം പരസ്പരം സ്‌നേഹിക്കുന്നതുകണ്ട് നാം ഈശോയുടെ ശിഷ്യന്മാരാണെന്ന് എല്ലാവരുമറിയും.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (14 : 21-27)

(അവര്‍ സഭയെ വിളിച്ചുകൂട്ടി, തങ്ങള്‍ മുഖാന്തരം ദൈവം ചെയ്തതെല്ലാം വിശദീകരിച്ചു)

അക്കാലത്ത്, പൗലോസും ബര്‍ണബാസും ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യാ യിലേക്കും തിരിച്ചുചെന്നു. വിശ്വാസത്തില്‍ നിലനില്‍ ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യ ത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യ രുടെ മനസ്‌സിനെ അവര്‍ ശക്തിപ്പെടുത്തി. അവര്‍ സഭകള്‍ തോറും ശ്രേഷ്ഠന്‍മാരെ നിയമിച്ച് പ്രാര്‍ഥന യോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു. പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. പെര്‍ഗായില്‍ വചനം പ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. അവിടെ നിന്ന് അന്ത്യോ ക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യ ത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. അവര്‍ അവിടെ എത്തിയപ്പോള്‍ സഭയെ വിളിച്ചു കൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവി ടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശ ദീകരിച്ചു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(145 : 8-9, 10-11, 12-13ab)

എന്റെ രാജാവായ ദൈവമേ, ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വഴ്ത്തും

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാ ശീലനും സ്‌നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാ വര്‍ക്കും നല്ലവനാണ്; തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍ അവിടുന്നു കരുണ ചൊരിയുന്നു.
എന്റെ രാജാവായ ദൈവമേ …..
കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവി ടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യ ത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
എന്റെ രാജാവായ ദൈവമേ …..
അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടു ത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തല മുറകളോളം നിലനില്‍ക്കുന്നു.
എന്റെ രാജാവായ ദൈവമേ …..

രണ്ടാം വായന
വെളിപാടിന്റെ പുസ്തകത്തില്‍നിന്ന് (21 : 1-5a )

(അവരുടെ കണ്ണീരെല്ലാം ദൈവം തുടച്ചുനീക്കും)

യോഹന്നാനായ ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാ ശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറു സലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണ വാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധി യില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാ സനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവി ടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടു കൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവ രുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയ തെല്ലാം കടന്നു പോയി. സിംഹാസനത്തിലിരിക്കു ന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Jn. 13 : 34 + 35a) കര്‍ത്താവ് അരുള്‍ ചെയ്യുന്നു; ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ അല്ലേ ലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (13 : 31-33a, 34-35)

(ഒരു പുതിയ കല്‍പന ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു; നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍)

അവസാനത്തെ അത്താഴസമയത്ത് യൂദാസ് പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവ നില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. ഞാന്‍ പുതി യൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേ ഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കു വിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group[1]

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]

Endnotes:
  1. Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ
  2. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ

Source URL: https://jeevanaadam.in/fifth-sunday-easter-homily-readings-2/