ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ: പെസഹാക്കാലം അഞ്ചാം ഞായർ

പെസഹാക്കാലം അഞ്ചാം ഞായർ
വിചിന്തനം :- “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ 13:31-35)

“ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35).

ഹൃദയത്തിൽ തമസ്സും നിറച്ചു നടന്നവൻ ഭക്ഷണ ശാലയിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് യേശു ഈ കൽപന തന്റെ ശിഷ്യന്മാർക്ക് നൽകുന്നത്. അന്ധകാരത്തിനോട് ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നവർക്ക് സ്നേഹവും അതിന്റെ ഭാഷയും മനസ്സിലാകണമെന്നില്ല. അതുകൊണ്ടായിരിക്കണം യൂദാസ് പുറത്ത് പോയതിനുശേഷം യേശു പുതിയ കല്പന ശിഷ്യന്മാർക്ക് നൽകുന്നത്: “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ”.

കൽപ്പന ഇഷ്ടപ്പെട്ടു. പക്ഷേ ഏതു സ്നേഹം കൊണ്ടാണ് സ്നേഹിക്കേണ്ടത്? സ്നേഹം എന്ന പദം ആണല്ലോ നമ്മുടെയിടയിൽ ഏറ്റവും കൂടുതൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. റബ്ബിമാർ പറയുന്ന ഒരു കാര്യമുണ്ട്, സ്നേഹം എന്ന പദം തെറ്റായി ഉച്ചരിക്കുകയാണെങ്കിൽ നാവു പൊള്ളുമെന്ന്. എന്നിട്ടും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഏക പദവും യാഥാർത്ഥ്യവും സ്നേഹം മാത്രമാണ്. അതു നൽകിയ പൊള്ളലുകൾ പല ജീവിതങ്ങളെയും ചാമ്പലാക്കിയിട്ടുണ്ട്.

നമ്മൾ സ്നേഹത്തെ മനസ്സിലാക്കിയത് ഒരു വികാരമായിട്ടോ, നൽകലായിട്ടോ, സഹാനുഭാവത്തിന്റെ പ്രകടനമായിട്ടോ, പങ്കുവയ്ക്കലിന്റെ നിമിഷമായുമൊക്കെയാണ്. പക്ഷെ ഓർക്കുക, സ്നേഹം എന്നാൽ ഇതിനെല്ലാം മുകളിലാണ്. ഇതിനെയൊക്കെ കടത്തിവെട്ടുന്നതുമാണ്. അപ്പോള്‍ പലരും ചോദിക്കും; എന്താണ് സ്നേഹം? നിർവചനങ്ങളിൽ നീ അതിനെ ഒതുക്കരുത്. അത് അവിടെ ഒതുങ്ങില്ല. സ്നേഹം വിശുദ്ധമായ ഒരു യാഥാർത്ഥ്യമാണ്. അതിന് രൂപകങ്ങളേ ചേരും. രൂപകങ്ങൾ ഉപയോഗിക്കൂ. അങ്ങനെയാകുമ്പോൾ സ്നേഹം എന്നത് സഹജൻ എന്ന പനിനീർ പൂവിന്റെ ഇതളുകളെ ദൈവീകമായ ആദരവോടെ, വിറയലോടെ വിടർത്തുന്ന പ്രവർത്തിയാണെന്ന് നിനക്ക് മനസ്സിലാകും.

സ്നേഹം പ്രവർത്തിയാണ്. വാചാലതയല്ല. അത് സഹജനെ ഒരു വസ്തുവായോ ലക്ഷ്യമായോ കാണുന്ന മനോഭാവമല്ല. മറിച്ച് ഒരു സംഭവമായി ദർശിക്കുന്ന ഉൾക്കാഴ്ചയാണ്. അപ്പോൾ നീ അറിയും. നിന്റെ ജീവിതത്തിന്റെ സ്വാദ് സഹജനാണെന്നും. നിന്റെ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്നിടുന്നത് അവൻ/ അവൾ ആണെന്നും. നിന്നെ നീ ആക്കുവാൻ സാധിക്കുന്ന ഏക യാഥാർത്ഥ്യം സ്നേഹം മാത്രമാണ്. നിന്റെ ശക്തിക്കും കഴിവുകൾക്കും മധുരം നൽകുമത്. സ്നേഹിക്കണമെങ്കിൽ ദൈവത്തിന്റെ കണ്ണുകൊണ്ട് നീ സഹജരെ നോക്കണം. അപ്പോൾ നിനക്ക് ഓരോ കുഞ്ഞു ഹൃദയങ്ങളുടെയും സൗന്ദര്യവും മഹത്വവും ദർശിക്കാനും ആസ്വദിക്കാനും സാധിക്കും. സ്നേഹത്തിന് മാത്രമേ ജീവിതത്തിന് ആവേശവും ആശ്ചര്യവും നൽകാന്‍ സാധിക്കൂ.

സഹജനെന്ന നീരുറവയിലേക്കുള്ള നടന്നടുക്കലാണ് സ്നേഹം. അവിടെ നീ സ്നേഹിക്കുന്നവർ നിന്നെക്കാൾ വലിയവരായി മാറും. അവർ നിന്റെ ഗുരുക്കന്മാരെ പോലെയുമാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്നേഹിക്കുകയെന്നാൽ സഹജനെന്ന മഹാസമുദ്രത്തിലെ നീർത്തുള്ളിയാകുകയെന്നതാണ്. സഹജൻ സമുദ്രവും ഞാൻ നീർതുള്ളിയും എന്ന ആഴമായ ബഹുമാനത്തിന്റെ ആന്തരിക അനുഭവമാണത്. അതിനു വിപരീതമായി, സഹജൻ നീർതുള്ളിയും ഞാൻ സമുദ്രവുമാണെന്ന ചിന്ത വന്നാൽ സ്നേഹം ഉണ്ടാകില്ല അവിടെ. ഉണ്ടാകുക കീഴടക്കൽ മാത്രമായിരിക്കും. ഓർക്കുക, സ്നേഹത്തിന് ബഹുമുഖങ്ങളില്ല. അതിനുള്ളത് ഒരേയൊരു മുഖമാണ്. എളിമയുടെ മുഖം. നിന്റെ മുന്നിൽ നിൽക്കുന്ന ഓരോ കുഞ്ഞും സ്നേഹത്തിന്റെ ഒരു മഹാസമുദ്രം ആണെന്നും നീ ഒരു നീർത്തുള്ളി ആണെന്നും കരുതുന്ന ആദരവിന്റെയും തുറവിയുടെയും മനോഭാവമാണത്. ഓരോ കുഞ്ഞുങ്ങളുടെയും എളിയവരുടെയും ദരിദ്രരുടെയും മുൻപിൽ അവരെക്കാൾ ചെറിയവരായി മാറാനുള്ള വിളിയാണത്. അവരുടെ കണ്ണുകളിൽ നിന്നും വെളിച്ചവും ശക്തിയും ചരിത്രവും ഭിക്ഷയായി യാചിക്കാനുള്ള വിളി.

യേശു പറയുന്നു, “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്ക് നൽകുന്നു”. നോക്കുക, ഒരു നിരോധനാജ്ഞയല്ല. മറിച്ച് മനുഷ്യജീവനെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു നിയമമാണ്. ഈ ലോകത്തിന്റെ വിധിയും നമ്മുടെ തലയിലെഴുത്തും അടങ്ങിയിരിക്കുന്നത് ഈയൊരു കൽപ്പനയിൽ മാത്രമാണ്. എപ്പോഴും നീ ഓർക്കണം, നല്ലൊരു ജീവിതം എല്ലാവരുടെയും അവകാശമാണ്. ഏതെങ്കിലും ഒരു ജാതിക്കോ മതത്തിനോ വർഗ്ഗത്തിനോ വർണത്തിനോ മാത്രം അവകാശപ്പെട്ടതല്ല സ്വസ്ഥമായ ജീവിതം. അതിനായി നമുക്ക് എല്ലാവർക്കും വേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്; സ്നേഹം.

പുതിയ കൽപ്പന എന്ന് യേശു പറയുന്നു. എവിടെയാണ് ഈ കൽപ്പനയിൽ പുതുമ അടങ്ങിയിരിക്കുന്നത്? എല്ലാത്തിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നും, തന്നെ പോലെതന്നെ അയൽക്കാരനെയും സ്നേഹിക്കണമെന്നും പഴയ നിയമത്തിലും പറയുന്നുണ്ടല്ലോ? (നിയമ 6:4, ലേവ്യ 19:18). യേശുവിന്റെ കൽപ്പനയുടെ പുതുമയെന്നാൽ “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ” എന്ന അവൻ്റെ വാക്കുകളാണ്. എത്രത്തോളം യേശു സ്നേഹിക്കുന്നുവെന്നു പറയുന്നില്ല. അവന്റെ സ്നേഹത്തിന്റെ അളവ് നിന്നെ സംബന്ധിച്ച് അസാധ്യം തന്നെയായിരിക്കാം. പക്ഷെ ഒരു കാര്യം നീ മനസ്സിലാക്കണം. അവന്റെ ചാരുതയാർന്ന സൗമ്യതയിലും, എല്ലാ പാരമ്പര്യ ചിന്തകളേയും തകിടംമറിക്കുന്ന മനോഭാവത്തിലും ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലും ജൈവീകമായി നിറഞ്ഞുനിൽക്കുന്നത് സ്നേഹം മാത്രമാണ്. അവനെ ഒരു വിപ്ലവകാരി എന്നു മുദ്രകുത്താൻ ഏറ്റവും എളുപ്പമാണ്, പക്ഷെ അവന്റെ വിപ്ലവത്തിനു പിന്നിലുള്ള ചേതോവികാരം മാനുഷികതയെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ദൈവീക സ്നേഹം മാത്രമാണ്. അതുകൊണ്ടാണ് കുരിശും ശൂന്യമായ കല്ലറയും അവന്റെ സ്നേഹത്തെക്കുറിച്ചുള്ള കഥകള്‍ മാത്രം പറയുന്നത്. ഓർക്കുക, അവൻ്റെ ശിഷ്യരാകുക എന്നാൽ പരസ്പരം സ്നേഹിക്കുന്നവരാകുക എന്നതല്ല. അതിലുപരി അവനെപ്പോലെ സ്നേഹിക്കുന്നവരാകുക എന്നതാണ്.

 

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (14 : 21-27)

(അവര്‍ സഭയെ വിളിച്ചുകൂട്ടി, തങ്ങള്‍ മുഖാന്തരം ദൈവം ചെയ്തതെല്ലാം വിശദീകരിച്ചു)

അക്കാലത്ത്, പൗലോസും ബര്‍ണബാസും ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യാ യിലേക്കും തിരിച്ചുചെന്നു. വിശ്വാസത്തില്‍ നിലനില്‍ ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യ ത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യ രുടെ മനസ്‌സിനെ അവര്‍ ശക്തിപ്പെടുത്തി. അവര്‍ സഭകള്‍ തോറും ശ്രേഷ്ഠന്‍മാരെ നിയമിച്ച് പ്രാര്‍ഥന യോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു. പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. പെര്‍ഗായില്‍ വചനം പ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. അവിടെ നിന്ന് അന്ത്യോ ക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യ ത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. അവര്‍ അവിടെ എത്തിയപ്പോള്‍ സഭയെ വിളിച്ചു കൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവി ടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശ ദീകരിച്ചു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(145 : 8-9, 10-11, 12-13ab)

എന്റെ രാജാവായ ദൈവമേ, ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വഴ്ത്തും

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാ ശീലനും സ്‌നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാ വര്‍ക്കും നല്ലവനാണ്; തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍ അവിടുന്നു കരുണ ചൊരിയുന്നു.
എന്റെ രാജാവായ ദൈവമേ …..
കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവി ടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യ ത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
എന്റെ രാജാവായ ദൈവമേ …..
അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടു ത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തല മുറകളോളം നിലനില്‍ക്കുന്നു.
എന്റെ രാജാവായ ദൈവമേ …..

രണ്ടാം വായന
വെളിപാടിന്റെ പുസ്തകത്തില്‍നിന്ന് (21 : 1-5a )

(അവരുടെ കണ്ണീരെല്ലാം ദൈവം തുടച്ചുനീക്കും)

യോഹന്നാനായ ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാ ശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറു സലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണ വാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധി യില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാ സനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവി ടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടു കൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവ രുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയ തെല്ലാം കടന്നു പോയി. സിംഹാസനത്തിലിരിക്കു ന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Jn. 13 : 34 + 35a) കര്‍ത്താവ് അരുള്‍ ചെയ്യുന്നു; ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ അല്ലേ ലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (13 : 31-33a, 34-35)

(ഒരു പുതിയ കല്‍പന ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു; നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍)

അവസാനത്തെ അത്താഴസമയത്ത് യൂദാസ് പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവ നില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. ഞാന്‍ പുതി യൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേ ഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കു വിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

വള്ളം മറിഞ്ഞ്  അപകടത്തിൽപ്പെട്ട മാതൃഭൂമി റിപ്പോർട്ടർ സജിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മുണ്ടാർ കല്ലറആറിൽ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി 150-ാം ചരമവാര്‍ഷിക അനുസ്മരണം: പോസ്റ്റല്‍ കവര്‍ പ്രകാശനം ഇന്ന് (നവംബര്‍ 10, ശനി)

കൊച്ചി: പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ മലയാളക്കരയില്‍ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസത്തിന് ആധുനിക രീതിയില്‍ വ്യവസ്ഥാപിത സംവിധാനത്തിനു തുടക്കം കുറിച്ച വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*