ഫ്രത്തെല്ലി തൂത്തി: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പാത

ഫ്രത്തെല്ലി തൂത്തി: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പാത

ആമുഖം
ആകാശവും ഭൂമിയും കീഴടക്കി, മനുഷ്യന്‍ കണ്ടുപിടുത്തങ്ങളുടെ കൊടുമുടിയില്‍ 5ജി കണക്ഷനെ കുറിച്ച് ചിന്തിക്കുന്ന കാലത്തായിരുന്നു പെട്ടെന്ന് ചൈനയിലെ ഒരു കുഞ്ഞു നഗരത്തില്‍ പൊട്ടി പുറപ്പെട്ട വൈറസ്  ലോകം മുഴുവന്‍ നാശം വിതയ്ക്കുന്നത്. സ്വന്തം തൊലിപ്പുറത്ത് തൊടാത്ത പ്രകൃതിക്ഷോഭങ്ങളും, ഭീകരപ്രവര്‍ത്തനങ്ങളും, യുദ്ധങ്ങളും കെടുതികള്‍ വര്‍ഷിക്കുന്നതും മരണം വിതക്കുന്നതും, മറ്റെങ്ങോ എന്നതില്‍ ആകുലരാകാത്ത നമ്മളെ, ഒരൊറ്റ തോണിയില്‍ അപകടത്തിലാണെന്ന ഒരവബോധത്തിലേക്ക് കൊണ്ടുവരാന്‍ കൊവിഡിന് കഴിഞ്ഞു. യുദ്ധഭൂമിയില്‍ ഉയരുന്ന സമാധാനത്തിന്റെ വെള്ളക്കൊടിപോലെ വത്തിക്കാന്റെ നടുവാതിക്കല്‍ ശുഭ്രവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ട ഫ്രാന്‍സിസ് പാപ്പാ ഈ കാലഘട്ടത്തിലെ ഒരു അടയാളചിഹ്നമാണ്. ക്രിസ്തുവിന്റെ വചനം സൗകര്യപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ ആ വചന
ത്തെ നിയമമാക്കി വിപ്ലവാത്മകജീവിതവുമായി ആഢംബരങ്ങള്‍ ഉരിഞ്ഞു മാറ്റിയ അസീസ്സിയിലെ ദരിദ്രന്റെ നാമവും പേറി പാരമ്പര്യങ്ങളുടെ പതിവാഢംബരം വെടിഞ്ഞ് ‘ഫ്രത്തെല്ലി എസൊറെല്ലേ  ബോനസേരാ’  (സഹോദരീ സഹോദരന്മാരെ ശുഭസായാഹ്നം) എന്നഭിസംബോധന ചെയ്ത് ദൈവജനത്തിനു മുന്നില്‍ തല കുനിച്ച് തനിക്കായി പ്രാര്‍ത്ഥന ആവശ്യപ്പെടുന്ന പാപ്പാ. അതൊരു പുതിയ സാഹോദര്യത്തിന്റെ തുടക്കമായിരുന്നു. സകലരേയും, സൃഷ്ടവസ്തുക്കളെവരെ സഹോദരരായി കണ്ട അസ്സീസിയിലെ ഫ്രാന്‍സിസിന്റെ സാര്‍വ്വ ലൗകിക സാഹോദര്യം ‘ലൗ ദാത്തൊ സീ’ എന്ന ചാക്രിക ലേഖനത്തിലൂടെ വളര്‍ന്ന് ഫ്രാന്‍സിസ് പാപ്പായുടെ ‘ഫ്രത്തെല്ലി തൂത്തി’ എന്ന  ഏറ്റം പുതിയ ചാക്രിക ലേഖനത്തിലൂടെ പുതിയൊരു മാനം കൈവരിക്കുകയാണ്.

പുതുമകളുടെ തേരോട്ടം
‘ലൗദാത്തോ സി’യിലെതുപോലെ തന്നെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ വാക്കുകള്‍ കടമെടുത്ത ശീര്‍ഷകമാണ് ഇവിടെയും എങ്കിലും പുതുമകളുടെ ഒരു തേരോട്ടമുണ്ട് ഇതിലാകമാനം. ഒന്നാമതായി, ഒപ്പു വയ്ക്കാന്‍ പാപ്പാ തിരഞ്ഞെടുത്ത സ്ഥലം: അത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടമായിരുന്നു. ഈ ചാക്രിക ലേഖനത്തിനു പിന്നില്‍ പ്രചോദനമായി മാറിയവരുടെ പേരുകള്‍. ആ കൂട്ടത്തില്‍ ലോക സമാധാനത്തിനും സഹവാസത്തിനുമായി മനുഷ്യ സാഹോദര്യത്തിന്റെ പ്രമാണത്തില്‍ തന്നോടൊപ്പം ഒപ്പുവച്ച മുസ്ലിം മത വിശ്വാസികളുടെ വലിയ ഇമാം അഹമ്മദ് അല്‍തയീബിനെ കൂടാതെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, ഡെസ് മൊണ്ട് ടുട്ടു, മഹാത്മാഗാന്ധി തുടങ്ങിയ വിവിധ മതവിശ്വാസികളുമുണ്ട്. ഇനിയുമുണ്ട് ധാരാളം പുതുമകള്‍. വായിച്ചുപോകുന്തോറും പ്രതിപാദ്യവിഷയങ്ങളില്‍ മെല്ലെ മെല്ലെ വിരിയുന്ന പുതുമകളില്‍ രാഷ്ട്രീയം ഉപവിയുടെ ഏറ്റം വലിയ രൂപമാകുന്നതും, ഐക്യരാഷ്ട്രസഭയുടെ നവീകരണവും, വധശിക്ഷാനിരോധനവും വരെ കാണാം.  

ഫ്രാന്‍സിസ് പാപ്പായുടെ സ്വപ്‌നം
യുദ്ധങ്ങളും, വര്‍ണ്ണവിവേചനങ്ങളും, അഭയാര്‍ത്ഥി കുടിയേറ്റങ്ങളും, അറുതി വരാത്ത സംഘര്‍ഷങ്ങളും, ഏറ്റം ഒടുവില്‍ കൊവിഡും തകര്‍ത്താടുന്ന ലോകത്തില്‍ അനുഭവപാഠങ്ങളില്‍ നിന്ന് പഠിച്ച് ഒരു നല്ല ലോകം കെട്ടിപ്പടുക്കാന്‍ പാപ്പാ നല്‍കുന്ന ഒരു സാമൂഹിക സന്ദേശമായി നമുക്ക് ‘ഫ്രത്തെല്ലി തൂത്തി’ (സകലരും സഹോദരര്‍ എന്ന് വിവര്‍ത്തനം ചെയ്യാം) കണക്കാക്കാം. എല്ലാവരും ഒരേ ദൈവ പിതാവിന്റെ മക്കളെന്ന നിലയില്‍ സഹോദരരായി ജീവിക്കുന്ന, നീതിയും സമാധാനവും പുലരുന്ന ഒരു ലോകം സ്വപ്‌നം കാണുന്ന ഫ്രാന്‍സിസ് പാപ്പാ അത്തരം ഒരു ലോകം കെട്ടിപ്പടുക്കാന്‍ അനുദിനം നാമോരുത്തരും നമ്മുടെ ഭരണ സംവിധാനങ്ങളും ചെയ്യേണ്ടവയെ ഈ ചാക്രിക ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുകയാണ്. ആഗോളസാഹോദര്യത്തിനും സൗഹൃദത്തിനുമായുള്ള അഭിനിവേശം ലക്ഷ്യം വയ്ക്കുന്ന ഈ ചാക്രികലേഖനം മനുഷ്യകുടുംബത്തിന്റെ പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പാപ്പാ കെട്ടിപ്പടുക്കുന്നത്. ആഗോളവല്‍ക്കരണവും ഇന്നത്തെ പരസ്പര സമ്പര്‍ക്കവും മൂലം ഒരുമിച്ചല്ലാതെ ഒരാള്‍ക്കും തനിയെ രക്ഷയില്ലെന്നും ‘ഒരു വ്യക്തിയെ കൊല്ലുന്നവന്‍ മുഴുവന്‍ മനുഷ്യകുലത്തെയാണ് കൊല്ലുന്നതെന്നും ഒരാളെ രക്ഷിക്കുന്നവന്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കുന്നതുപോലെയാണെന്നു'(285) മുള്ള ബോധ്യത്തോടെ ആഗോള സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ലോകം കെട്ടിപ്പടുക്കാന്‍ പാപ്പാ പരിശ്രമിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. ഈ സാഹോദര്യം വാക്കുകളില്‍ മാത്രം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ല. സമയം വൈകി എന്ന ബോധ്യത്തോടെ അനുദിനമുള്ള നമ്മുടെ പ്രവര്‍ത്തികളിലൂടെ വേണം അത് സാധ്യമാക്കാന്‍. അതിനാല്‍ മനുഷ്യജീവിതതലങ്ങളെ മുഴുവന്‍ ഫ്രാന്‍സിസ് പാപ്പാ തന്റെ പരാമര്‍ശത്തില്‍ വരുത്തുന്നുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രായോഗിക പരിവര്‍ത്തനം
എട്ടു അധ്യായങ്ങളിലായി മനുഷ്യസാഹോദര്യത്തിനും സൗഹൃദത്തിനും അത്യാവശ്യമെന്ന് കാണുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്ന ലേഖനം ഫ്രാന്‍സിസ് പാപ്പായുടെ സാമൂഹിക അധ്യയനമായി നമുക്ക് സ്വീകരിക്കാം.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സി തന്റെ സഹോദരര്‍ക്ക് നല്‍കിയ താക്കീതുകളുടെ വാക്കുകള്‍ കടമെടുത്ത ശീര്‍ഷകവും, അതിലെ ഉള്ളടക്കവും കത്തോലിക്കസഭാ ചരിത്രത്തില്‍ മാറ്റങ്ങളുടെ കാറ്റുമായി വന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിശദീകരണ കാലഘട്ടത്തില്‍ നിന്ന് പ്രായോഗീകതയിലേക്കുള്ള കടന്നു പോക്കായാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. സഭയെന്ന നൗകയിലല്ലാതെ രക്ഷയില്ല എന്ന തലത്തില്‍ നിന്ന് ചീേെൃമ അലമേലേ യിലൂടെ മറ്റു മതങ്ങളിലെ ഈശ്വരന്റെ ഇടപെടലുകളും മനുഷ്യരെ ഉദ്ദീപിപ്പിക്കുന്ന അതിലെ സത്യവിശുദ്ധധാരയെ അംഗീകരിക്കയും ചെയ്ത് സഭ ഇന്ന് മറ്റു മതങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് ആ
ഗോള മനുഷ്യ സാഹോദര്യത്തിനായി മുന്‍ നിരയില്‍ നില്ക്കുന്നത് നൂറ്റാണ്ടുകളായി ലോകം മുഴുവനിലും എത്തി പഠിച്ച അവളുടെ കാതോലികയിലെ ‘കൃപയുടേയും പാപത്തിന്റെയും’ അനുഭവത്തിലെ സാര്‍വ്വലൗകീക സ്നേഹത്തിന്റെ സാക്ഷാല്‍ക്കരണമാണ്.

കാര്‍മേഘത്തിന്റെ കരിനിഴല്‍ വിശകലനങ്ങള്‍
സാര്‍വ്വലൗകീകസ്നേഹത്തെ ഹനിക്കുന്ന, സ്വാര്‍ത്ഥതയില്‍ അടച്ചിട്ട ലോകത്തിലെ കരിനിഴല്‍ പരത്തുന്ന കാര്‍മേഘങ്ങളെ വിശകലനം ചെയ്യുന്ന ഒന്നാമധ്യായത്തില്‍ കഴിഞ്ഞ കാലത്തിന്റെ അനുഭവങ്ങളില്‍ നിന്നും പഠിക്കാതെ പോയ പാഠങ്ങളെ പാപ്പാ ചൂണ്ടിക്കാണിക്കുകയാണ്. ലോകമഹായുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയ പ്രത്യയശാസ്ത്രങ്ങള്‍ മുതല്‍ ജനാധിപത്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ സംജ്ഞകള്‍ക്ക് വന്ന രൂപവൈകൃതങ്ങളും, സ്വാര്‍ത്ഥത  പൊതുനന്മയെ കീഴടക്കുന്നതും, ലാഭകച്ചവട മീമാംസകളും, വലിച്ചെറിയല്‍ സംസ്‌കാരവും (ടരമൃ േഈഹൗേൃല) കൊണ്ടുവരുന്ന തൊഴിലില്ലായ്മ, വര്‍ണ്ണവിവേചനം, മനുഷ്യാവകാശ ലംഘനം, അടിമവേല, അവയവകടത്ത്, ലൈംഗീകചൂഷണം ദാരിദ്ര്യം തുടങ്ങി സങ്കുചിത ചിന്താഗതികള്‍ രാഷ്ടീയവല്‍ക്കരിച്ച് ഭയവും ഏകാന്തതതയും ഊതിവീര്‍പ്പിച്ച് മതിലുകള്‍ തീര്‍ത്ത് മനുഷ്യന്‍ ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങള്‍ ക്രൈസ്തവജീവിതത്തില്‍ നിന്നും വേര്‍പെട്ട കാര്യങ്ങളല്ല എന്നും മാനുഷിക യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നും ക്രിസ്തു ശിഷ്യന്റെ ഹൃദയത്തില്‍ മാറ്റൊലി കൊള്ളാതെ പോകില്ല (56) എന്നും ഈ ആഗോള പ്രതിസന്ധികള്‍ക്ക് ഒരാഗോള പരിഹാരം തേടാന്‍ രണ്ടാമത്തെ അധ്യായത്തിലെ നല്ല സമറിയാക്കാരന്റെ ഉപമയുടെ വിശദീകരണം അവതരിപ്പിക്കുകയാണ് പാപ്പാ ചെയ്യുന്നത്.

സമരിയക്കാരനിലെ സാര്‍വ്വലൗകിക സാഹോദര്യം
സന്മനസ്സുള്ള എല്ലാവരേയും ഉദ്ദേശിച്ചുള്ളതാണ് തന്റെ ലേഖനം. അതിനാല്‍ ഏത് വിശ്വാസത്തില്‍ പെട്ടവര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് നല്ല സമറിയാക്കാരന്റെ ഉപമയെന്ന് പറഞ്ഞാണ് പാപ്പാ ഇതവതരിപ്പിക്കുന്നത്. മനുഷ്യബന്ധങ്ങളെക്കുറിച്ച് ബൈബിള്‍ മുന്നോട്ടുവയ്ക്കുന്ന ‘നിന്റെ സഹോദരനെവിടെ?’ ( ഉല്‍പ്പ. 4,9) എന്ന  ചോദ്യത്തിന്റെയും കായേന്റെ ഉത്തരത്തിന്റെയും പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പാ നല്ല സമറിയാക്കാരന്റെ ഉപമ വിശദീകരിച്ച് അപരന്റെ വേദനയ്ക്ക് പുറം തിരിഞ്ഞു നില്ക്കുന്ന ഒരു സമൂഹം രോഗബാധിതവും ബലഹീനരുടെ പരിരക്ഷണത്തെക്കുറിച്ച്  നിരക്ഷരരാണെന്നും ഊന്നിപ്പറയുന്നു. നമ്മളെല്ലാവ
രും അയല്‍ക്കാരാവാന്‍ വിളിക്കപ്പെട്ടവരാണെന്നും മുന്‍വിധികളും സ്വാര്‍ത്ഥ താല്പര്യങ്ങളും നീക്കിവച്ച് എല്ലാവരെയും ഉള്‍ക്കൊള്ളാനും വേദനിക്കുന്നവര്‍ക്കാശ്വാസം പകരാനും സ്നേഹത്താല്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പണിയാനും കഴിയുന്നവരാകാനും പാപ്പാ ആഹ്വാനം  ചെയ്യുന്നു. തഴയപ്പെടുന്ന ഓരോരുത്തരിലും ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ ക്രൈസ്തവരെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. വഴിയില്‍ വീണുകിടക്കുന്ന വനില്‍ നിന്ന് അകലം പാലിച്ചു കടന്നുപോകുന്നവര്‍ മതവിശ്വാസികളാണ് എന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചുകൊണ്ട് മതവിശ്വാസവും ആരാധനയും ദൈവം ഇഷ്ടപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നവരാകാന്‍ ഒരു ഗ്യാരണ്ടിയും തരുന്നില്ലെന്നും, ഒരു വിശ്വാസിക്ക് വിശ്വാസം ആവശ്യപ്പെടുന്നവയോട് അവിശ്വസ്തത കാട്ടാന്‍ കഴിയുമെന്നും, എന്നിട്ടും താന്‍ ദൈവത്തിനു സമീപസ്ഥനാണെന്നും, മറ്റുള്ളവരെക്കാള്‍ യോഗ്യനാണെന്നും കരുതി മുന്നോട്ടു പോകാന്‍ കഴിയുമെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

 

മനുഷ്യാവകാശത്തിന്റെ അതിരില്ലാ വരമ്പുകള്‍
സ്നേഹിക്കാനുള്ള കഴിവ് സാര്‍വ്വലൗകിക വ്യാപ്തിയില്‍ വികസിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മൂന്നാമത്തെ അധ്യായം പാപ്പാ എഴുതുന്നത്. തുറന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവയ്ക്കുന്ന അധ്യായം അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിന് രാഷ്ട്രവരമ്പുകളില്ലാ എന്നും അത് എവിടെ ജനിച്ചെന്നോ മറ്റുമുള്ള വിശകലനങ്ങള്‍ക്കതീതമാണതെന്നും വിശദീകരിച്ച് നമ്മുടെ കുഞ്ഞു ചുറ്റുവട്ടത്തില്‍ നിന്ന്, അന്തര്‍ദേശീയതയിലേക്കു കടക്കുന്നു. ഓരോ രാജ്യവും വിദേശീയന്റെയും കൂടിയാണെന്നും ഓരോ പ്രദേശത്തിന്റെയും വിഭവങ്ങള്‍ മറുനാട്ടില്‍ നിന്ന് വരുന്ന അത്യാവശ്യക്കാരന് നിഷേധിക്കരുതെന്നും പ്രതിപാദിച്ചു സ്വകാര്യസമ്പത്തും വിദേശകടവും പാപ്പാ വിഷയമാക്കുന്നു. കുടിയേറ്റവും അതുമായി ബന്ധപ്പെട്ടവയ്ക്കും നാലാമത്തെ ഈ അധ്യായം  മുഴുവന്‍ സമര്‍പ്പിച്ചിട്ടുണ്ട് പരിശുദ്ധപിതാവ്. ‘ലോകം മുഴുവനിലേക്കും തുറന്ന ഒരു ഹൃദയം’എന്ന തലക്കെട്ടില്‍ യുദ്ധങ്ങളിലും, പീഡനങ്ങളിലും, പ്രകൃതിക്ഷോഭങ്ങളിലും നിന്ന് രക്ഷപ്പെട്ടും മനസ്സാക്ഷിക്കുത്തില്ലാത്ത മനുഷ്യക്കടത്തുകാരാല്‍ വഞ്ചിക്കപ്പെട്ടും സ്വന്തം നാട്ടില്‍ നിന്ന് പോകേണ്ടി വരുന്ന അഭയാര്‍ത്ഥികളെ സ്വീകരിച്ച് സംരക്ഷിച്ച് സമൂഹത്തില്‍ ഉള്‍പ്പെടുത്തി ഉദ്ഗ്രഥിക്കേണ്ടതിന്റെയും ഇക്കാര്യങ്ങള്‍ക്ക് വേണ്ട നടപടികളില്‍ വരുത്തേണ്ട നീതിപൂര്‍വ്വകമായ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു. കുടിയേറ്റക്കാരുടെ വ്യത്യസ്തമായ സംസ്‌കാരവും ഭാഷയും ഭയപ്പെടുത്തുന്ന ഒന്നായികാണാതെ അവരുടെ സാന്നിധ്യം ഒരു നന്മയായിക്കാണാനും സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്ന ഒന്നാണെന്ന് മനസ്സിലാക്കാനും പാപ്പാ ക്ഷണിക്കുന്നു. സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള ഫലപ്രദമായ വിനിമയവും സംവാദവും പരസ്പര പൂരകങ്ങളായി മാറും എന്നും പാപ്പാ എഴുതുന്നു. എല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനം ലക്ഷ്യം വച്ച് ദീര്‍ഘകാലാധിഷ്ഠിത പദ്ധതികള്‍ തയ്യാറാക്കി കുടിയേറ്റ അഭയാര്‍ത്ഥി നീക്കങ്ങള്‍ക്കായി ഒരു ആഗോള ഭരണ സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നുണ്ട് (132) ഫ്രാന്‍സിസ് പാപ്പാ.

പുറമ്പോക്കുകളില്ലാത്ത രാഷ്ട്രീയം  
രാഷ്ടീയത്തിലെ കുതികാല്‍വെട്ടും ചാക്കിട്ട് പിടുത്തങ്ങളും അധികാരത്തിനായുള്ള നെട്ടോട്ടങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും പണക്കൊതികളും എല്ലാ നാടിന്റെയും ഭാഗമായിക്കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ നല്ല രാഷ്ട്രീയത്തെ സംബന്ധിക്കുന്ന ഒരധ്യായം ഇന്നത്തെ കാലഘട്ടത്തിന്റെ ഒരാവശ്യം തന്നെയാണ് എന്ന് കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ അഞ്ചാം അധ്യായത്തില്‍ ഇക്കാര്യമാണ് കൈകാര്യം ചെയ്യുന്നത്. നല്ല രാഷ്ട്രീയം എന്നത് ഉപവിയുടെ ഏറ്റം വിലപ്പെട്ട രൂപമായാണ് പാപ്പാ കണക്കാക്കുന്നത് കാരണം അത് പൊതുനന്മയ്ക്ക് വേണ്ടിയുള്ള ഒരുസേവനമാണ്. ജനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അവരെ അഭിമുഖീകരിക്കാനും സംവേദിക്കാനും കഴിയുന്നതാവണം അതെന്നു പാപ്പാ എഴുതുന്നു. മനുഷ്യന്റെ അന്തസ്സ് നിലനിറുത്താന്‍ അത്യാവശ്യമായ തൊഴില്‍ ഉറപ്പാക്കാനും, സംരക്ഷിക്കാനും, മനുഷ്യാവകാശ സംരക്ഷണം, തുടങ്ങിയവയും പ്രതിപാദിക്കുന്ന അധ്യായത്തില്‍ ജനകീയ മുന്നേറ്റങ്ങളും വിഷയമാകുന്നുണ്ട്. ഇവ രാഷ്ടീയത്തെ പാവപ്പെട്ടവരുടെ നേരെ തിരിഞ്ഞ് പാവപ്പെട്ടവരോടൊത്ത് പാവപ്പെട്ടവരുടേതാക്കും എന്നു പാപ്പാ കരുതുന്നു.

അന്തര്‍ദ്ദേശീയ ഭരണസംവിധാനവും ഐക്യരാഷ്ട്രസഭാ നവീകരണവും
2007- 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍  കൊണ്ടുചെന്നെത്തിച്ച അധാര്‍മിക ഊഹക്കച്ചവടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പോന്ന ധര്‍മ്മികത നിറഞ്ഞ ഒരു പുതിയ ധനശാസ്ത്രം ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശക്തിമാന്‍മാര്‍ക്ക് കൂടുതല്‍ അധികാരമേകുന്ന ഇത്തരം രീതികള്‍ വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും ചവിട്ടിമെതിക്കുമെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ നിരീക്ഷണം. ഈ നൂറ്റാണ്ട് രാഷ്ട്രങ്ങളുടെ ശക്തി ക്ഷയം കാണുന്നത് പണ സംബന്ധമായ സംവിധാനങ്ങള്‍ സ്വന്തം നാടിന് അപ്പുറമായതിനാലും അത് രാഷ്ട്രീയത്തിന് മേലെ ബലം പ്രയോഗിക്കുന്നതു കൊണ്ടുമാണ് എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പാപ്പാ ശക്തവും കഴിവാര്‍ന്നതുമായ ഒരു അന്തരാഷ്ട്ര സംവിധാനം ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമാണെന്നും നിലവിലുള്ള ഐക്യരാഷ്ട്രസഭയുടെ നവീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചു പറയാനും ധൈര്യം കാണിച്ചു. സാമ്പത്തിക മുന്‍തൂക്കങ്ങളില്‍ നിന്ന് അതിനെ രാഷ്ടങ്ങളുടെ കുടുംബമായി രൂപാന്തരപ്പെടുത്തി പൊതുനന്മ ലക്ഷ്യം വച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായും മനുഷ്യാവകാശ സംരക്ഷണത്തിനായും പ്രവര്‍ത്തിക്കാന്‍ പോന്ന നവീകരണങ്ങള്‍ പാപ്പാ നിര്‍ദ്ദേശിക്കുന്നു.

സംവാദം അടിത്തറയായ സാഹോദര്യ സൗഹൃദം
സാമൂഹിക സൗഹൃദത്തിന്റെ അടിത്തറ സംവാദത്തിലാണെന്ന് എടുത്ത് പറയുകയാണ് സാര്‍വ്വലൗകിക സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ചാക്രികലേഖനത്തിന്റെ ആറാം അധ്യായം. സമീപനം, സംസാരം, ശ്രവണം, നോട്ടം, പരസ്പരം അറിയലും മനസ്സിലാക്കലും സംവാദത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ്. ജീവിതം കണ്ടുമുട്ടലുകളുടെ കലയാണ്. എല്ലാവര്‍ക്കും എല്ലാവരില്‍ നിന്നും പഠിക്കാം. ആരും ഉപയോഗശൂന്യരല്ല (215) എന്ന തത്വം ഇവിടെ ഉരുത്തിരിയുന്നു.
മാധ്യമങ്ങളുടെ അവിയല്‍ പ്രയോഗങ്ങള്‍ ശരിയായ സംവാദത്തിന് തടസ്സങ്ങളാകുന്നു എന്ന സത്യം തുറന്ന് പറഞ്ഞ് ഒരുമിച്ച് കെട്ടിപ്പടുക്കാന്‍ സത്യസന്ധമായ സാമൂഹ്യ സംവാദം അത്യാവശ്യമാണെന്നും, വ്യത്യാസങ്ങള്‍ ക്രിയാത്മകമാണെന്നും ധര്‍മ്മത്തിന്റെ മുന്നില്‍ സകലരും തുല്യരാണെന്നും അതിനാല്‍ സഹിഷ്ണുതയുടെ പേരില്‍ അധികാരമുള്ളവര്‍ക്ക് അനുകൂലമായി അഭിപ്രായ ഐക്യത്തെ വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നും ചൂണ്ടിക്കാണിക്കുന്നു. വൈവിധ്യത നിറഞ്ഞ ഒരു സമൂഹത്തില്‍ സംവാദമാണ് അഭിപ്രായ ഐക്യത്തിന് ഏറ്റവും നല്ല മാര്‍ഗ്ഗം. എന്നാല്‍ അത് ശരിയായ ചിന്തയും, ബുദ്ധിപൂര്‍വ്വമായ യുക്തികളും, വിവിധ വീക്ഷണങ്ങളും, വിവിധ തലങ്ങളിലെ വിജ്ഞാനങ്ങളും കൊണ്ട് ധന്യമാക്കണം. ഈ ലേഖനത്തിലൂടെ കൂടിക്കാഴ്ചയുടെ സംസ്‌കാരം വളര്‍ത്തിയെടുത്ത് കണ്ടുമുട്ടല്‍ ഒരു സംസ്‌കാരമാക്കാനും നമ്മെ പാപ്പാ ക്ഷണിക്കുന്നു. സാമൂഹ്യ സമാധാനം സാമര്‍ത്ഥ്യവും കഠിനാധ്വാനവും ആവശ്യപ്പെടുന്നു. വ്യത്യാസങ്ങളെ സമന്വയിപ്പിക്കുക ബുദ്ധിമുട്ടാര്‍ന്ന ജോലി തന്നെ അതിനാല്‍ നമ്മുടെ മക്കളെ സംവാദത്തിന്റെ ആയുധധാരികളാക്കി കൂടിക്കാഴ്ച്ചാ സംസ്‌ക്കാരത്തിന്റെ പടയാളികളാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു.

അപരന്റെ വ്യത്യസ്തയില്‍ അവനായിരിക്കുന്നതുപോലെ ആയിരിക്കാനുള്ള അവകാശത്തെ അംഗീകരിക്കയാണ് ഈ കൂടിക്കാഴ്ച്ചാസംസ്‌കാരത്തിന്റെലക്ഷ്യം. അതുവഴി ഒരു സാമൂഹ്യ ഉടമ്പടിയും സാധ്യമാക്കാം. സ്വാതന്ത്യവും സമത്വവും സാഹോദര്യവും ഏവര്‍ക്കം ലഭ്യമായില്ലെങ്കില്‍ അത് ഉന്നതമായ ആശയമായി നില്ക്കും. സത്യസന്ധമായ സാമൂഹിക കണ്ടുമുട്ടലിന് സംവാദം ആവശ്യമാണ്. അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥമായ ഉടമ്പടിയില്‍  ഒരു സാംസ്‌കാരിക ഉടമ്പടിയുമായി തീരുമെന്നു പാപ്പാ വിശ്വസിക്കുന്നു.

മതങ്ങള്‍ സാഹോദര്യത്തിന്റെ സേവകര്‍
മനുഷ്യന്റെ സാഹോദര്യത്തിനേറ്റ മുറിവുണക്കാന്‍ നവീകരിച്ച കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും അവ എങ്ങനെ വേണമെന്നും ഏഴാമധ്യായത്തില്‍ പാപ്പാ വിശദീകരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും മുറിവുണക്കാന്‍ സമാധാന സ്ഥാപകരെ ആവശ്യമുണ്ട്. സമാധാനത്തിനായിയുള്ള കൂടിക്കാഴ്ചകള്‍ ഒരു നീണ്ട പ്രതിബദ്ധതയാണ്. സത്യത്തോടും നീതിയോടും കരുണയോടും സമാധാനം അസന്നിഗ്ധമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടിക്കാഴ്ചകള്‍ മനസ്സിലാക്കിത്തരുന്ന സത്യങ്ങള്‍ പ്രതികാരത്തിലേക്കല്ല അനുരഞ്ജനത്തിലേക്കും ക്ഷമയിലേക്കുമാണ് നയിക്കേണ്ടത്.

മറക്കരുതാത്ത മുറിവുകഥകള്‍
ഉണങ്ങാത്ത മുറിവുകളുടെ പശ്ചാത്തല കഥകള്‍ മറക്കരുതെന്ന് പാപ്പാ നിര്‍ബന്ധം പിടിക്കുന്നു. യഹൂദ പീഡനങ്ങളുടെ ഷോവായും, ഹിരോഷിമായും നാഗസാക്കിയും, അടിമക്കച്ചവടവും, വംശീയ കൂട്ടക്കൊലകളും തെറ്റായ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനെ അവന്റെ അന്തസ്സു മറന്ന് എത്രവരെ എത്തിക്കാന്‍ കഴിയുമെന്നതിന്റെ പ്രതീകമാണ്. ഇന്നും ഇവ പലതരത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും പാപ്പാ കാണുന്നു. ഇന്നത്തെ എല്ലാ സംഘര്‍ഷങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഒരു മൂന്നാം ലോകമഹായുദ്ധം നമ്മള്‍ ഖണ്ഡങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കയാണെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

മറക്കലല്ല പൊറുക്കലാണ് അനുരഞ്ജനം
സംവാദത്തിന്റെ കൂടിക്കാഴ്ചകളിലൂടെ സത്യങ്ങള്‍ തിരിച്ചറിഞ്ഞ് നിലയ്ക്കാത്ത സമാധാനം സ്ഥാപിക്കാന്‍ ആവശ്യമായവ വിശദീകരിക്കുന്ന ഈ ഭാഗം മനസ്സിരുത്തി ധ്യാനിക്കേണ്ടത് തന്നെ. ശരിയായ അനുരഞ്ജനം മറക്കലല്ല പൊറുക്കലാണെന്ന് വിശദീകരിക്കുന്ന പാപ്പാ അനുരഞ്ജനത്തിന്റെ വ്യക്തിഗത ഭാവം അറിഞ്ഞ് സമൂഹങ്ങളെ അതിന് നിര്‍ബന്ധിക്കരുതെങ്കിലും അത് വളര്‍ത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്. യുദ്ധങ്ങള്‍ക്കും മരണശിക്ഷയ്ക്കും എതിരെ ശബ്ദമുയര്‍ത്തുന്ന ഫ്രാന്‍സിസ് പാപ്പാ ആയുധങ്ങള്‍ക്ക് ചിലവഴിയ്ക്കുന്ന പണം പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഒരു ആഗോള ധനസമാഹാരമാക്കാന്‍ ചെയ്ത ആഹ്വാനം നവീകരിക്കയും ചെയ്യുന്നു.

അക്രമം മതങ്ങളുടെ വൈകൃതം
മതങ്ങള്‍ ഈ സാര്‍വത്രികസാഹോദര്യത്തിന് സഹായിക്കുന്ന സേവനമാണ് ചെയ്യേണ്ടത് എന്ന്  അവസാനത്തെ അധ്യായത്തില്‍ പറഞ്ഞു വയ്ക്കുകയാണ്. മനുഷ്യവ്യക്തിയെ ഒരേ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ആദരിക്കുന്ന മതങ്ങള്‍ക്ക് സാഹോദര്യം സ്ഥാപിക്കാനും  നീതിപരിരക്ഷിക്കാനും  സംഭാവന നല്‍കാന്‍ കഴിയും. പരസ്പര സംവാദം വഴി സൗഹൃദവും സമാധാനവും സ്വരചേര്‍ച്ചയും ഉണ്ടാക്കിയെടുക്കാനും, ആത്മീയവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യത്തില്‍ പങ്കുവയ്ക്കാനും കഴിയും. ഒരു നയതന്ത്രമായല്ല ഈ സംവാദം. ഒരേ ദൈവപിതാവിന്റെ മക്കളാണ് നാം എന്നത്
തന്നെയാണ് അതിന്റെ അടിസ്ഥാനം. അതിനാല്‍ സമാധാനം മതങ്ങളുടെ ഹൃദയത്തിലെഴുതിയ ഒന്നാണ്. മതനേതാക്കള്‍ സമാധാന സ്ഥാപനത്തിന് സംവാദികളാകാന്‍ കടമായുള്ളവരുമാണ്. വിശ്വാസികള്‍ മതങ്ങള്‍ പഠിപ്പിക്കുന്ന അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങണം. ദൈവാരാധാന സഹോദര സ്നേഹമാണ് എന്നതിനാല്‍ നമ്മുടെ പ്രമാണങ്ങളുടെ ചില ഭാഗങ്ങള്‍, അവപറഞ്ഞു വച്ച സാഹചര്യങ്ങളില്‍ നിന്ന് പറിച്ചു മാറ്റി അപരനെ ദുഷിക്കാനും, വെറുക്കാനും പരദേശിവിദ്വേഷത്തിനും അന്യരെ നിരോധിക്കാനും വിനിയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. സത്യത്തില്‍ ഒരു മതത്തിന്റെയും അടിസ്ഥാനങ്ങളില്‍ അക്രമമില്ല. അക്രമം മതങ്ങളുടെ വൈകൃതരൂപമാണ് എന്ന് പാപ്പാ എഴുതുന്നു.

വിശ്വാസങ്ങള്‍ക്കതീതമായ ദൈവസ്നേഹം
മതങ്ങള്‍ ഒരുമിച്ച് സമാധാനപരമായ യാത്ര സാധ്യമാണ്. കാരണം ദൈവത്തിന്റെ നമ്മോടുള്ള സ്നേഹം ഏതു മതവിശ്വാസിയാണെന്നു നോക്കിയല്ല എന്നും, നിരീശ്വരവാദിയെ പോലും ഒരുപോലെ സ്നേഹിക്കുന്ന ഒരു ദൈവത്തിന്റെ മുന്നിലാണ് നാം എന്ന സത്യവും വീണ്ടും പാപ്പാ ആവര്‍ത്തിക്കുന്നു. ഇവിടെ, ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ അല്‍ അത്സാറിലെ വലിയ ഇമാം അഹമ്മദ് അല്‍തയീബുമൊത്ത് ഒപ്പുവച്ച ആഗോള സമാധാനത്തിനും സഹവാസത്തിനായുള്ള മനുഷ്യസാഹോദര്യത്തിന്റെ പ്രമാണത്തില്‍നിന്ന് ധാരാളം ഉദ്ധരണികള്‍ എടുക്കുന്നുണ്ട്. മതങ്ങള്‍ തമ്മിലുള്ള സംവാദത്തിന്റെ നാഴികക്കല്ലായി തീര്‍ന്ന ആ പ്രമാണത്തില്‍ നിന്ന് പാപ്പാ മനുഷ്യസാഹോദര്യത്തിന്റെ പേരില്‍ സംവാദം മാര്‍ഗ്ഗമായും, പരസ്പര സഹകരണം സ്വഭാവമായും, പരസ്പരമുള്ള തിരിച്ചറിവ് വ്യവസ്ഥയും മാനദണ്ഡമാക്കാനുമുള്ള ആഹ്വാനം ആവര്‍ത്തിക്കുന്നു. സന്മനസ്സുള്ള എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാവുന്ന സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥനയും, പിന്നെ ക്രിസ്ത്യാനികളെല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥനയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചാക്രിക ലേഖനത്തിന്റെ സമാപനം, ഒരേ ദൈവമക്കള്‍ പൊതുഭവനമായ ഭൂമിതറവാട്ടില്‍ പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്ന സൗഹൃദസാഹോദര്യത്തിന്റെ ഒരടയാളമാണ്.

ഉപസംഹാരം
മതാന്തരസംവാദങ്ങളിലെ മറ്റൊരധ്യായമായി ഈ ചാക്രികലേഖനത്തെ കാണുന്നത് അതിന്റെ ഒരു വിലകുറച്ചുള്ള വില്‍പ്പനയാണ്. യഥാര്‍ത്ഥത്തില്‍ അതിന്റെ ശീര്‍ഷകം പറയുന്നത് പോലെ അത് സര്‍വ്വസഹോദരരെയും ഉള്‍ക്കൊള്ളിക്കുന്നതാണ്. ഈ സാഹോദര്യത്തില്‍ വ്യത്യാസങ്ങളും വിഭാഗീയതകളും കാണാന്‍ ശ്രമിക്കുന്നത് അത് സ്ത്രീയോ പുരുഷനോ എന്നതോ, നിറമോ, മതമോ, ഇടമോ, എന്തുതന്നെ ആയാലും അല്പത്തരമാവാം. വിഭാഗീയതകളുടെ അതിര്‍വരമ്പുകള്‍ ഒക്കെ കടന്ന് ഒരു സാര്‍വ്വത്രിക തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു, ഈ ചാക്രികലേഖനം. അതിലെ സന്ദേശം സകലസൃഷ്ടികളെയും ഉദ്ദേശിച്ചുള്ളതാണ്. പ്രകൃതിയും, പരിസ്ഥിതിയും മനുഷ്യനും ഒന്നുച്ചുവസിക്കുന്ന പൊതുഭവനമായ ഭൂമിയില്‍ എല്ലാവരും ദൈവപിതാവിന്റെ മക്കളെന്ന സാര്‍വ്വലൗകീക സാഹോദര്യം ഉണര്‍ത്തുന്ന സമാധാന സൗഹൃദമാണ് ഈ ചാക്രികലേഖനത്തിന്റെ ലക്ഷ്യം. ഇത് നമ്മുടെ ഓരോരുത്തരുടേയും വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായ  ഉത്തരവാദിത്വമായി മാറുന്നു എന്നത് നാം മറക്കാതിരിക്കുക. റോമിന്റെ മെത്രാന്‍ നല്ല രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു വിരോധാഭാസമായി തോന്നാം. എന്നാല്‍ ചവിട്ടിമെതിക്കപ്പെടുന്ന മനുഷ്യത്വത്തിന്റെ മുന്നില്‍, മനുഷ്യന്റെ തിരഞ്ഞെടുപ്പുകളില്‍ പുറമ്പോക്കുകളാവുന്ന പട്ടിണി പാവങ്ങളുടെ ജീവിതങ്ങളെ സംരക്ഷിക്കാന്‍, സ്നേഹത്തിന്റെ സേവനമായി രാഷ്ട്രീയ ജീവിതം കാണാതെ, ധനസമ്പാദന, ഊഹക്കച്ചവട ലാഭമനസ്ഥിതിയോടെ വോട്ട് ലക്ഷ്യം വയ്ക്കുന്ന പ്രാദേശീകതയും അന്തര്‍ദേശീയതയും നിസംഗതയുടെ ആഗോളവല്‍ക്കരണം മൂലധനമാക്കുമ്പോള്‍ മനുഷ്യാവകാശങ്ങളുടെ ആഗോളവല്‍ക്കരണത്തിന് സംവാദവുംഅനുരഞ്ജനവും സമാധാനപൂര്‍വ്വകമായ സഹോദരസഹവാസവുമാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന ആഹ്വാനം. വളരെ പ്രധാനപ്പെട്ട ഈ സന്ദേശം ‘മരുഭൂമിയിലെ ശബ്ദ’മായി എല്ലാ ചെവികളിലുമെത്തട്ടെ. ന്യായീകരിക്കപ്പെടേണ്ടതൊന്നും യുദ്ധങ്ങളിലില്ലെന്നും ആയുധങ്ങള്‍ക്കായുള്ള പണമൊഴുക്കലുകള്‍ പട്ടിണി നിവാരണത്തിന്  ഉപയോഗപ്രദമാക്കാനും  ലോകത്തില്‍ നീണ്ടു നിലനില്ക്കുന്ന സമാധാനത്തിന് ഒരേ ദൈവപിതാവിന്റെ സൃഷ്ടികളെന്ന നിലയില്‍ സോദരര്‍ സര്‍വ്വരും എന്ന ധാരണ നമ്മില്‍ വേരോടണം. ഇന്ന്  കൊറോണാ കാലത്ത് നമ്മള്‍ അനുഭവിച്ചറിയുന്ന ആര്‍ക്കും തനിച്ച് രക്ഷപെടാനാവില്ല എന്ന ‘ഒരേ വഞ്ചിയനുഭവം’ വീണ്ടും വച്ച് വൈകിക്കാതെ, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പാതയില്‍ നമ്മെ എത്തിക്കുന്ന ഒന്നാ
യി തീര്‍ക്കട്ടെ ഈ ചാക്രികലേഖനത്തിന്റെ ധ്യാനാത്മകമായ പരിചിന്തനം.


Tags assigned to this article:
fratelli tutti

Related Articles

വരാപ്പുഴ: കര്‍മലീത്താ പൈതൃകത്തിന്റെ പുണ്യസങ്കേതം

ഒരു നാടിന്റെ നവോത്ഥാനത്തിനു പിന്നില്‍ പരിവ്രാജകരായ അനേക മഹത്തുക്കളുടെ മുറിവേറ്റ പതിഞ്ഞ കാല്പാടുകള്‍ കാണാം. കൂനന്‍ കുരിശു ശപഥത്തിനുശേഷം മലയാളക്കരയിലെ സഭയില്‍ നിലനിന്ന കലുഷിതാവസ്ഥയില്‍ റോമില്‍ നിന്ന്

അരൂകുറ്റി പാദുവാപുരം പള്ളിയിൽ തിരുനാൾ സമ്മാനമായി വാട്ടർ പ്യൂരിഫയർ

വി അന്തോണീസിൻറെ സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ അരൂകുറ്റി പാദുവാപുരം, സെൻറ് ആൻറണീസ് ദേവാലയത്തിൽ 2019 വർഷത്തെ തിരുനാളിന് കൊടിയേറി. വിശുദ്ധ അന്തോനീസിൻറെ രൂപം വഹിച്ചുകൊണ്ടുള്ള കായൽ പ്രദക്ഷിണം പ്രസിദ്ധമാണ്.

മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*