ഫ്രീ ബര്‍മാ റേഞ്ചേഴ്‌സ്

ഫ്രീ ബര്‍മാ റേഞ്ചേഴ്‌സ്

ഐഎസ് ഭീകരര്‍ ഇറാഖില്‍ മരണം വിതച്ചുകൊണ്ടിരുന്ന കാലം. മൊസൂളില്‍ സംയുക്തസൈന്യവും ഭീകരരുമായി രൂക്ഷമായ പോരാട്ടം നടന്ന ഒരു ദിവസത്തിനൊടുവില്‍ യു.എസ് ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സിലെ പഴയ അംഗമായിരുന്ന ഡേവ് യൂബാങ്ക്, കൂടിക്കിടന്നിരുന്ന മൃതദേഹങ്ങള്‍ ഫോട്ടോയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ മൃതദേഹങ്ങള്‍ക്കിടയില്‍ ഒരു ചെറിയ അനക്കം ഡേവ് ശ്രദ്ധിച്ചു.

മരിച്ചുകിടക്കുന്ന അമ്മയുടെ ബുര്‍ഖയുടെ മറവില്‍ കിടക്കുകയായിരുന്നു ഒരു കൊച്ചുപെണ്‍കുട്ടി. ഭീകരര്‍ ഏകദേശം  നൂറു മീറ്ററിനുള്ളില്‍ ഉണ്ടായിരുന്നു. ഡേവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറാഖി ദേശീയസൈന്യത്തെ സഹായിക്കുന്ന അമേരിക്കന്‍ സൈന്യം തീവ്രവാദികളുടെ കാഴ്ചയെ മറക്കുവാനായി പുകമറ സൃഷ്ട്ടിച്ചു. ദൈവവചനം മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചതിനു ശേഷം അമ്മയുടെ മൃതദേഹത്തില്‍ പറ്റിച്ചേര്‍ന്നു കിടന്നിരുന്ന കുഞ്ഞിനെയും വാരിയെടുത്ത് ഡേവ് സുരക്ഷിതസ്ഥലത്തേക്ക് കുതിച്ചു. ഇറാഖിലെ ആശുപത്രിയില്‍ തക്കസമയത്ത് എത്തിച്ച കുഞ്ഞ് സുഖംപ്രാപിച്ചു.

ഫ്രീ ബര്‍മാ റേഞ്ചേഴ്‌സ് എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയില്‍ അംഗമായ ഡേവ് യൂബാങ്കിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും, ഫ്രീ ബര്‍മാ റേഞ്ചേഴ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും ഈ അത്ഭുതകരമായ രക്ഷപ്പെടുത്തലിനെക്കുറിച്ച് പുറംലോകം അറിഞ്ഞു. ഡേവിന്റെ രക്ഷപ്പെടുത്തലിന്റെ വീഡിയോയും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഡേവിന്റെ കഥ യഥാര്‍ത്ഥ ജീവിതം പറയുന്ന സിനിമാ-ഡോക്യുമെന്ററിയായി പുറത്തുവന്നു. വന്‍ സ്വീകാര്യതയാണ് ഡോക്യുമെന്ററിക്കു ലഭിച്ചിരിക്കുന്നത്.
10 വര്‍ഷം ഡേവ് യൂബാങ്ക് യുഎസ് പട്ടാളത്തില്‍ സേവനം ചെയ്തു. 1997ല്‍ തായ്ലാന്‍ഡുകാരനായ ഒരു മിഷണറിയുമായി സംസാരിക്കാനിടവന്നു. മ്യാന്‍മറിലെ (പഴയ ബര്‍മ) പട്ടാളഭരണകൂടം സാധാരണക്കാരെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഡേവിന്റെ മിലിട്ടറി സേവനപാരമ്പര്യമുള്ള ഒരാളെ തങ്ങള്‍ക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡേവും ഭാര്യ കരേനും തായ്ലാന്‍ഡിലേക്കു പുറപ്പെട്ടു. ഒരു ക്രൈസ്തവസന്നദ്ധ സംഘടനയായ ഫ്രീ ബര്‍മാ റേഞ്ചേഴ്സിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്കുകയായിരുന്നു ഡേവിന്റെയും കരേനയുടെയും ചുമതല. പോരാട്ടങ്ങള്‍ നടക്കുന്നയിടങ്ങളില്‍ മെഡിക്കല്‍ സേവനമടക്കമുള്ളവ ചെയ്യുകയായിരുന്നു ഫ്രീ ബര്‍മാ റേഞ്ചേഴ്സിന്റെ ദൗത്യം. പിന്നീട് ഇവരുടെ മക്കളായ സഹേലെ (19), സൂസന്ന (17), പീറ്റര്‍ (14) എന്നിവരും ഫ്രീ ബര്‍മാ റേഞ്ചേഴ്സില്‍ അംഗങ്ങളായി. സാവധാനത്തില്‍ ഫ്രീ ബര്‍മാ റേഞ്ചേഴ്സിന് 70 യൂണിറ്റുകളായി.

ഫ്രീ ബര്‍മാ റേഞ്ചേഴ്സിനെ കുറിച്ചുള്ള വാര്‍ത്ത എല്ലായിടത്തും പരന്നു. ഐഎസ് ഭീകരരുടെ അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപകമായ സമയമായിരുന്നു അത്. ഫ്രീ ബര്‍മാ റേഞ്ചേഴ്സിന്റെ സേവനം യുദ്ധമുഖത്ത് ആവശ്യമായി വന്നു. പുരാതന ബിബ്ലിക്കല്‍ നഗരമായ നിനവെയുടെ പുതിയ പേരായ മൊസൂളിലായിരുന്നു ഡേവിന്റെയും കൂട്ടരുടെയും സേവനം. ഐഎസ് പ്രശ്നം അവസാനിക്കുന്നതിനു മുമ്പുതന്നെ സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയില്‍ കുര്‍ദുകളും സിറിയന്‍ ഭീകരരും യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഫ്രീ ബര്‍മാ റേഞ്ചേഴ്സിന് വിശ്രമിക്കാന്‍ സമയമുണ്ടായിരുന്നില്ല. പോരാട്ടത്തിന് താല്കാലിക ശമനമുണ്ടായി അമേരിക്കന്‍ സൈന്യം പിന്‍മാറ്റം നടത്തിയെങ്കിലും ഫ്രീ ബര്‍മാ റേഞ്ചേഴ്സ് ഇപ്പോഴും സേവനപ്രവര്‍ത്തനങ്ങളുമായി അവിടെ തങ്ങുന്നു. മുപ്പതിലധികം റേഞ്ചേഴ്സിന് ഈ സാഹസിക ദൗത്യത്തിനിടയില്‍ ജീവന്‍ നഷ്ടമായി. ഡേവിന്റെ ഉറ്റസുഹൃത്തായ സാവോ സെങ്ങും അവരില്‍ ഉള്‍പ്പെടുന്നു. ഒരിക്കല്‍ യുദ്ധഅഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സൂസന്ന ആക്രമിക്കപ്പെട്ടു. ‘ഞാനവരെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ലെന്ന് അപ്പോഴാണ് എനിക്കു മനസിലായത്. ദൈവം എന്റെ കണ്ണുകള്‍ തുറന്നു. എനിക്ക് പഴയതിനേക്കാള്‍ താല്പര്യത്തോടെ അവരെ ശുശ്രൂഷിക്കണം. യേശു നമ്മുടെ ഹൃദയത്തെ പുനരുദ്ധരിക്കുകയാണ്’ ആ സംഭവത്തെകുറിച്ച് സൂസന്ന പറയുന്നു.
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഈ കഥയാണ് സിനിമാ-ഡോക്യുമെന്ററിയുടെ പ്രമേയം. സ്വാഭാവികമായും രക്തരൂക്ഷിതമായ യുദ്ധസംഘര്‍ഷങ്ങളാല്‍ ചിത്രം സമ്പന്നമാണ്. നമ്മോടു തെറ്റു ചെയ്തവരോട് മറക്കുകയല്ല, പൊറുക്കുകയാണ് വേണ്ടതെന്നാണ് ഡേവിന്റെ അഭിപ്രായം.


സഹായം ആവശ്യമുള്ള ആരേയും അവഗണിക്കരുത്. സുവിശേഷദൗത്യത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയാണ് താനും കുടുംബവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘സ്‌നേഹിതര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല’ (യോഹന്നാന്‍ 15:13) എന്ന ബൈബിള്‍ വചനമാണ് ഐഎസ് പോരാളികളില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ധൈര്യം നല്‍കിയതെന്ന് ഡേവ് യൂബാങ്ക് ഡോക്യുമെന്ററിയില്‍ സാക്ഷ്യപ്പെടുത്തുന്നു.
ബ്രണ്ട് ഗഡ്ജല്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ക്രിസ് സിന്‍ക്ലയര്‍ ഡേവിന്റെ ഭാഗം അഭിനിയിക്കുന്നു.Related Articles

സിനിമയെ വെല്ലും അത്ഭുതബാല്യം

കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരെ അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. 15-ാം വയസില്‍ കാന്‍സര്‍ സെല്ലുകളെ കണ്ടെത്താനുള്ള സെന്‍സര്‍ കണ്ടുപിടിച്ച ജാക്ക് ആന്‍ഡ്രേക്ക, പന്ത്രണ്ടാം വയസില്‍ അന്ധര്‍ക്ക് വഴികാട്ടിയായ ഐഎയ്ഡ്

സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും

സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും എൺപത്തി മൂന്നുകാരനായ ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമി കഴിഞ്ഞ ദിവസം സ്ട്രോയും സിപ്പറും ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി

തിരഞ്ഞെടുപ്പ് ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം. 16 ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ലീഡ് നില തടസങ്ങളില്ലാതെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*