യേശുമുത്ത്

തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരേട് കഥാതന്തുവാക്കി ആ ചരിത്രസംഭവത്തെ ഭാവനയില്‍ ചാലിച്ച് പുനരാവിഷ്ക്കരിക്കുന്ന നാടകീയാഖ്യാനമാണ് ഗോപീകൃഷ്ണന് കോട്ടൂര്‍ രചിച്ച ‘യേശുമുത്ത്.’ വായനക്കാരനെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് അനായാസം കൊണ്ടുപോകുകയും, ചരിത്രസംഭവങ്ങളെ മികവുറ്റ കഥാപാത്രങ്ങളിലൂടെ ചടുലമായി അവതരിപ്പിക്കുകയും ഉദ്വേഗത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന ഉത്തമമായ ഒരു കൃതിയാണിത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ വിശ്വസ്ത സേവകനായിരുന്ന നീലകണ്ഠന് പിള്ള എന്ന നീലംപുള്ള യേശുക്രിസ്തുവിനെ കണ്ടെത്തുന്നതും അദ്ദേഹത്തിനുവേണ്ടി സ്വന്തം ജീവന് പരിത്യജിക്കുന്നതുമായ ത്യാഗോജ്വലമായ കഥ ഹൃദയഹാരിയായി ഇതില്‍ വരച്ചുകാട്ടിയിരിക്കുന്നു. ദേവസഹായമായി മാറിയ ഈ നീലംപുള്ളയാണ് കത്തോലിക്കാ സഭവിശുദ്ധനായി നാമകരണം ചെയ്യുന്നതിനു മുന്നോടിയായി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായ അല്മായന്.
മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിക്ക് ദേവകിയെന്ന നായര്‍ സ്ത്രീയിലുണ്ടായ മകനാണ് നീലകണ്ഠന് പിള്ള അഥവാ നീലംപുള്ള. അസ്ത്രവിദ്യയില്‍ മികവ് കാട്ടിയ നീലംപുള്ളയെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തന്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കുന്നു, ക്ഷേത്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍. നീലംപുള്ളയുടെ ഭാഷാപ്രാവീണ്യവും നീചഭേദമില്ലാത്ത ജനങ്ങളോടുള്ള സമീപനവും രാമയ്യന്‍ദളവയുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. മുക്കുവര്‍ക്കിടയില്‍ രാജ്യസുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ട ചുമതലയും നീലംപുള്ളയ്ക്കു ലഭിച്ചു. ബാലനായിരുന്നപ്പോള്‍ തന്റെ ഗുരുവായ ശാന്താ തിരുകണ്ട മൂത്തപ്പരുടെ കുടിലില്‍ ചെങ്കല്ലുകൊണ്ടു വരച്ച യേശുദേവന്റെ ചിത്രം – മുള്‍ക്കിരീടം അണിഞ്ഞ യേശുദേവന്റെ ഹൃദയത്തില്‍ നിന്നും രക്തം ഇറ്റിറ്റു വീഴുന്ന ചിത്രം – അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. മഹാരാജാവിന്റെ വിശ്വസ്ത ദാസനായിരുന്നപ്പോഴും ഭ്രാന്തമായ ജാതിസമ്പ്രദായത്തെ നീലംപുള്ള അംഗീകരിച്ചില്ല. വെള്ളപ്പൊക്ക കെടുതികള്‍ക്കു പ്രായശ്ചിത്തമായി നരബലി നടത്തുന്നതും അദ്ദേഹത്തിന് സ്വീകാര്യമാ
യിരുന്നില്ല. ഉച്ചനീചത്വങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസിന്റെ ഉടമയ്ക്ക് മറ്റൊരു രീതിയില്‍ ചിന്തിക്കാനാകുമായിരുന്നില്ല.
മാര്‍ത്താണ്ഡവര്‍മയുടെ സൈന്യത്തിന്റെ കമാന്‍ഡറായ ഡച്ചുകാരനായ ക്യാപ്റ്റന്‍ ഡിലനോയുമായുള്ള സൗഹൃദം പിള്ളയ്ക്കു യേശുനാഥ
നിലേക്കു വഴിയൊരുക്കുന്നു. ഉദയഗിരിക്കോട്ടയിലെ സെന്റ് മൈക്കിള്‍സ് ദേവാലയം പണിനടക്കുന്ന സമയത്ത് അള്‍ത്താരയില്‍ സ്ഥാപി
ക്കാനുള്ള മരക്കുരിശ് യാദൃഛികമായി വന്നുവീണത് നീലംപുള്ളയുടെ തോളിലേക്കാണ്. തന്റെ തോളിലേക്കു ചരിഞ്ഞുകിടക്കുന്ന യേശുവിന്റെ കണ്ണുകളില്‍ നീലംപുള്ളയുടെ നോട്ടം പതിയുന്നു. പുതിയ ഒരു മാറ്റത്തിന്റെ നാന്ദിയായിരുന്നു അത്. ഡിലനോയ് സമ്മാനിച്ച തമിഴ് ബൈബിള്‍ നീലംപുള്ളയുടെ ജീവിതത്തെ മാറ്റിമറിച്ചു.
ക്രിസ്ത്യാനിയാകാന്‍ ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും ആര്‍ക്കും പറിച്ചുമാറ്റാന്‍ കഴിയാത്തത്ര ആഴത്തില്‍ യേശു ഉറച്ചു. ശേഷിച്ച നാളുകള്‍ ക്രിസ്തുവിനുവേണ്ടി അദ്ദേഹം മാറ്റിവച്ചു. അതിനായി തന്റെ സമ്പത്തിന്റെ ശേഷിപ്പുകളും പദവിയും യേശുവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു. ബുട്ടാരി എന്ന പരംജ്യോതിനാര് സ്വാമിയില്‍ നിന്നു ദേവസഹായം (ലാസറസ്) എന്ന പേര് സ്വീകരിച്ച് ജ്ഞാനസ്നാനം നടത്തി. അതൊരു പുനര്ജന്മമായിരുന്നു. ഉന്നതകുലജാതനായ സ്വന്തം ഭര്‍ത്താവ് കുലം താഴ്ന്ന ക്രിസ്ത്യാനിയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അദ്ദേഹത്തിന്റെ ഭാര്യ ഭാര്‍ഗവി ചൂണ്ടിക്കാട്ടുന്നുണ്ട്. വികാരതീക്ഷ്ണമായിരുന്നു ആ കൂടിക്കാഴ്ച.
എങ്കിലും ഭര്‍ത്താവിനെ ദേവതുല്യനായിക്കാണുന്ന ഭാര്‍ഗവി ഭര്‍ത്താവിന്റെ മാര്‍ഗം സ്വീകരിച്ച് ജ്ഞാനപ്പൂവായി മാറുന്നു.
ദേവസഹായത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ദളവ രാമയ്യന് മഹാരാജാവിനെ നിര്‍ബന്ധിക്കുന്നുവെങ്കിലും അദ്ദേഹം അക്കാര്യത്തില്‍ ഒരു തിടുക്കവും കാണിക്കുന്നില്ല.നീതിമാനും ദയാലുവുമായ ഒരുപ്രജാപതിയായി മാര്‍ത്താണ്ഡവര്‍മ്മ ഇതില്‍ ജീവിക്കുന്നു.ധീരയോദ്ധാവായിരുന്ന നീലംപുള്ള യേശുക്രിസ്തുവില്‍ കണ്ടത് എന്തായിരുന്നു?
മഹാകവി അക്കിത്തത്തിന്റെ വരികളില്‍
ചാരമാമെന്നെ
കര്‍മകാണ്ഡങ്ങളില്‍
ധീരനാക്കുന്നതെന്തൊ-
ക്കെയാണെന്നോ?
നിന്റെ രൂപവും വര്‍ണവും നാദവും
നിന്റെ പൂഞ്ചായല്‍
ശുദ്ധസുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത
ധന്യ ചൈതന്യ
നവ്യപ്രഭാതവും
നിന് തളര്‍ച്ചയും
നിന്നശ്രുബിന്ദുവും
നിന്റെ നിര്മലപ്രാര്ഥനാ
ഭാവവും
ഇതു തന്നെയാണ് നീലംപുള്ള യേശുവിലും കണ്ടത്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുവാനും, അവരുടെ കഷ്ടപ്പാടുകള്‍ സ്വയം ഏറ്റെടുക്കാനും അവരുടെ വൃദ്ധിക്ഷയങ്ങളില്‍ പങ്കാളിയാകുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതുതന്നെ. ദൈവശാസ്ത്രം പഠി
ക്കാനോ വചനപ്രഘോഷണങ്ങള്‍ കേള്‍ക്കാനോ ഒന്നും കഴിയാതിരുന്നിട്ടും യേശുവിന്റെ രൂപം മനസിലേറ്റി അവനെപ്പോലെ കഷ്ടപ്പാടുകള്‍ സഹിച്ച് ത്യാഗസുരഭിലമായ ജീവിതം നയിക്കുന്ന നീലംപുള്ള എന്ന ദേവസഹായം വായനക്കാരുടെ മനസില്‍ കത്തിജ്വലിക്കുന്നു. ഈ കഥാപാത്രത്തിലൂടെ നാടകകൃത്ത് പ്രസക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്.
ഒരു യഥാര്‍ഥ ക്രിസ്ത്യാനിയാകാന്‍ ക്രിസ്തുവിനെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ക്രിസ്തുവിനെ കണ്ടെത്തുകയും അവനെപ്പോലെ ജീവിക്കാനും ശ്രമിക്കുമ്പോഴാണ് ഒരുവന് ക്രിസ്ത്യാനിയാകുന്നത്. കഴുത്തില്‍ ജപമാല ധരിച്ചതുകൊണ്ടോ, ശിരോവസ്ത്രം അണിഞ്ഞതുകൊണ്ടോ ആരും ക്രിസ്ത്യാനിയാകുന്നില്ല.
ക്രിസ്തുവിന്റെ പേരില്‍ ഇന്നു നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന പേക്കൂത്തുകള്‍ നോക്കൂ. സാമ്പത്തിക ക്രമക്കേടുകള്‍, അപവാദപ്രചരണങ്ങള്‍ ഇതിലെവിടെയാണ് ക്രിസ്തു? ശതകോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പള്ളികളിലോ, പള്ളിമേടകളിലോ? കൂട്ടുകാരനുവേണ്ടി സ്വന്തം ജീവന് ത്യജിക്കുന്നതിലും വലിയ സ്നേഹം ആര്‍ക്കുമില്ല എന്നും, ശത്രുക്കളേയും സ്നേഹിക്കുവിന്‍ എന്നും പഠി
പ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയും ചെയ്ത യേശുനാഥന്റെ ശിഷ്യര്‍ സ്വന്തം സഭയില്‍ വിഘടിച്ചുനില്ക്കുന്നവരുടെ നേരേ പുറംതിരിഞ്ഞുനില്‍ക്കുന്നത് കാണുന്നില്ലേ? സഹോദരനോട് ഏഴല്ല, ഏഴ് എഴുപതുവട്ടം ക്ഷ
മിക്കണം എന്നു പറഞ്ഞ കാരുണ്യമൂര്‍ത്തിയുടെ ശിഷ്യര്‍ പ്രതികാരവാഞ്ഛയോടെ പാഞ്ഞടുക്കുന്നത് കാണുന്നില്ലേ? ഒരു കഴുതപ്പുറത്തുകയറി ജൈത്രയാത്ര നടത്തിയ എളിമയുടെ പ്രവാചകന്റെ അനുയായികള്‍ സുഖലോലുപതയില്‍ അഭിരമിക്കുന്നതു കാണുന്നില്ലേ? അവര്‍ക്കെല്ലാം ക്രിസ്തു അദൃശ്യനും അപ്രാപ്യനുമാണ്. ദൃഷ്ടാന്തങ്ങള്‍ക്കുവേണ്ടി ദൂരെ എങ്ങോട്ടും നോക്കണ്ടാ. ഇരുന്നൂറ്റിയമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തിനു തെക്ക് ജീവിച്ച നീലംപുള്ള എന്ന ദേവസഹായത്തിന്റെ സമര്‍പ്പണ ജീവിതം നോക്കുക. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
ഇനിയുള്ള എന്റെ ജീവിതം നിന്റെ ശ്രേഷ്ഠവും മഹത്വപൂര്‍ണവുമായ പാതയിലേക്കുള്ള ചുവടുകളാവണം. നിന്റെ വിശുദ്ധി തെളിയിക്കാനുള്ള ഒരു മാര്ഗമായിത്തീരട്ടേ ഞാന്‍. എന്റെ അന്ത്യശ്വാസം വരെയും നിന്റെ ചൈതന്യം എന്റെ ഉള്ളില്‍ തെളിനീരായി ഊറണം. യേശുവേ നിന്റെ പുണ്യനാമം… അതുമാത്രം മതി എനിക്ക്! (പേജ് 177)
എല്ലാ എതിര്‍പ്പുകളും വിദ്വേഷങ്ങളും വെടിഞ്ഞ്, ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ഒരു സമൂഹമാ
യി മാറണമെങ്കില്‍ ആദ്യം ക്രിസ്തുവിനെ മനസില്‍ ആവാഹിക്കണം. അവന് ചെയ്തതുപോലെ പ്രവര്‍ത്തിക്കണം. എല്ലാ ക്രി
സ്ത്യാനികള്ക്കും യേശുമുത്ത് നല്കുന്ന ആഹ്വാനമാണിത്.
തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ ചരിത്രത്തിലെ ഒരേട് സത്യസന്ധതയോടും സര്ഗവൈഭവത്തോടും പുന
രാവിഷ്ക്കരിക്കുന്ന ഗോപികൃഷ്ണന്റെ യേശുമുത്ത് എന്ന നാടകീയാഖ്യാനം വായനക്കാരുടെ മനസില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഒരു സര്‍ഗസൃഷ്ടിക്ക് അതിലും വലിയ മേന്മ വേണോ?
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ പരാമർശത്തിനെതിരെ ക്രൈസ്തവ സഭയിൽ വ്യാപക പ്രതിഷേധം
കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി. ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത്
ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍
സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി, തുല്യനീതിക്കു വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമാണ്. ഒരുപക്ഷേ മനുഷ്യാവകാശത്തിനു വേണ്ടി ഇത്രയും ദീര്‍ഘനാള്‍
ഓഖി കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാര്‍ഥ്യത്തിന് നിരക്കാത്തതും – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ഓഖി ഫണ്ടില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കെആര്‍എല്‍സിസി-കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്