കാവിനിറത്തിലെ ഹിജാബ്

കാവിനിറത്തിലെ ഹിജാബ്

ശരത് വെണ്‍പാല

മുന്‍വഴി

ഇന്ത്യാരാജ്യത്തിലെ മതേതരവാദികള്‍ പകച്ചുനില്ക്കുകയാണ്; രണ്ടു സ്വത്വരാഷ്ട്രീയ പോര്‍വിളികളുടെ നടുവില്‍. കര്‍ണാടകയിലെ ഉഡുപ്പി നാട്ടിലെ ഒരു സ്‌കൂളിലെ പ്രശ്നം അന്താരാഷ്ട്രപ്രശ്നമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പാക്കിസ്ഥാനിലെ മന്ത്രി ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയിലെ മന്ത്രി വെല്ലുവിളിക്കുന്നു. ഇസ്ലാംമതത്തിലെ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് സ്‌കൂളില്‍ കയറണം. അങ്ങനെയെങ്കില്‍ ഹിന്ദുകുട്ടികള്‍ കാവിഷാള്‍ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കും. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും ഹിന്ദുത്വവാദികളുടെയും ഇടയില്‍ ഇന്ത്യയെന്ന മതേതരരാജ്യത്തിലെ മിതവാദികളായ പൗരന്മാരുടെ മക്കള്‍ കാവിനിറത്തിലെ ഹിജാബ് കിട്ടുമോ എന്നന്വേഷിക്കുന്ന ദുര്യോഗമാണ് നാം കാണുന്നത്.

ഹലാല്‍, ഹിജാബ്, ഹിജ്റ

ഹലാല്‍ വിവാദം കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ ഹലാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം തേടിപോകേണ്ടിവന്നു. ഇസ്ലാം ആചാരപ്രകാരം അറക്കപ്പെട്ട ജന്തു, തയ്യാറാക്കപ്പെട്ട ഭക്ഷണം എന്നൊക്കെയാണ് വാക്കിന്റെ അര്‍ത്ഥം. ഇത് ഒരു സാംസ്‌കാരിക അധിനിവേശമാണെന്നും ഭക്ഷണത്തില്‍ പോലും മതം വേവിക്കുന്ന തീവ്രവാദത്തിന്റെ രുചിക്കൂട്ടാണെന്നും പറഞ്ഞ് ചിലര്‍ ബഹളംവയ്ക്കുന്നു. ഇത് ഇസ്ലാമിക സമ്പ്രദായമാണെന്നും ആരേയും ആ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും പറഞ്ഞ് ഹലാല്‍ ഭക്ഷണത്തെ ചെറുത്തുനില്ക്കുന്നവര്‍ വാദിച്ചു. അപ്പോ പിന്നെ ഭക്ഷണസാധനങ്ങളല്ലാത്ത ഉത്പന്നങ്ങള്‍ (എന്തിന് ഫ്ളാറ്റുകള്‍ പോലും) ഹലാല്‍ ബോര്‍ഡ് വച്ച് വില്ക്കുന്നതെന്തിന് എന്നു ചോദിച്ച മിതവാദികളെ കൂടോത്രം ചെയ്തു തീര്‍ത്തുകളയുമെന്ന് ഭീഷണി.

ഹിജാബ്, ഇസ്ലാംമതത്തിന്റെ അനിവാര്യഘടകമാണെന്നും അതില്ലാതെ പഠിച്ചാല്‍ കുട്ടികള്‍ മുസ്ലീമല്ലാതാകുമെന്നും ശഠിക്കുന്ന രാഷ്ട്രീയനേതാക്കള്‍ സ്‌കൂളുകളുടെ മുന്നില്‍ തുറന്നുവിട്ട ഭൂതം കര്‍ണാടകയിലെ മറ്റു സ്‌കൂളുകളിലേക്കും പടര്‍ന്നപ്പോള്‍ ഹിജാബിനൊപ്പം ബുര്‍ക്കയും ധരിച്ച് സമരക്കാര്‍ രംഗത്തെത്തി. ഹിജാബ് ഇസ്ലാംമതത്തിന്റെ അനിവാര്യ ചിഹ്നമല്ലെന്നു പറഞ്ഞ് സമാധാനം കാംക്ഷിക്കുന്ന മുസ്ലീങ്ങളും മതേതരവാദികളും രംഗത്തെത്തി. 1964-ല്‍ തുടങ്ങിയ എംഇഎസ് കോളജുകളില്‍ പോലും പര്‍ദ്ദ നിര്‍ബന്ധമല്ലെന്നു പറഞ്ഞത് ചെയര്‍മാന്‍ ഡോ. അബ്ദുള്‍ ഗഫൂറാണ്.

സിക്കുകാര്‍ക്ക് തലപ്പാവ് എന്ന പോലെ മതത്തിന്റെ ‘എസന്‍ഷ്യല്‍’ ആയി ഇതിനെ പരിഗണിക്കാനാവുമെന്നും ആവില്ലായെന്നും പറഞ്ഞ് ഖുര്‍ആനും ഹദീസുകളും ഉദ്ധരിച്ച് രണ്ടുപക്ഷവും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതു വിറ്റ് മാധ്യമങ്ങള്‍ സായുജ്യമടയുന്നു.

ഹിജ്റയെന്നാല്‍ ചന്ദ്രനെ ആസ്പദമാക്കിയുള്ള കലണ്ടറാണ്. മുസ്ലീം രാജ്യങ്ങളുടെ സാംസ്‌കാരിക, മത മേഖലകളില്‍ ഉപയോഗിക്കപ്പെടുന്ന കലണ്ടര്‍. മുസ്ലീം മതരാഷ്ട്രവാദത്തിന്റെ ആദ്യനാളുകളില്‍ തന്നെ എഡിയും ബിസിയും (ക്രിസ്തുവിന് മുന്‍പ്, ക്രിസ്തുവിനു ശേഷം) എന്നതു മാറ്റി സിഇ (കോമണ്‍ ഇറ), ബിസിഇ (ബിഫോര്‍ കോമണ്‍ ഇറ) എന്ന് എഴുതണമെന്ന് ചിലര്‍ പണ്ഡിതലോകത്തോട് ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ഹിജ്റ കലണ്ടര്‍ ഉപയോഗിക്കുന്ന മുസ്ലീം രാഷ്ട്രവാദികള്‍ ഇനിയത് രൂപാന്തരീകരണം ചെയ്യും. മുസ്ലീം വിദ്യാര്‍ഥികള്‍ തങ്ങളുടെ ജനന തീയതിയും പരീക്ഷാ തീയതിയും എന്തിന് ഓരോ ദിനവും ഹിജ്റ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി വേണം എന്നതാകും അടുത്ത വിവാദം.

‘പഹലേ ഹിജാബ്, ഫിര്‍ കിതാബ്’ – ആദ്യം ഹിജാബ് പിന്നെ പുസ്തകം – എന്നു വിളിച്ചുപറഞ്ഞ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്വത്വരാഷ്ട്രീയം അപകടകരമായി വികാസം പ്രാപിക്കുകയാണ്. പ്രാകൃതമായ ഗോത്രനിയമങ്ങളിലേക്കും ആചാരങ്ങളിലേക്കും പുറകോട്ടുനടക്കുന്ന, നടക്കാന്‍ മറ്റുള്ളവരോടും നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്ന ഫത്വകള്‍ നടപ്പിലാക്കപ്പെടുന്നു. അനുസരിക്കാത്തവര്‍ ശത്രുക്കളാകുന്നു. അപരവിദ്വേഷത്തിന്റെ അമ്ളരുചിയുള്ള വാക്കുകള്‍ പൊതുചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നു. അത് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നു. ”അടിമയായിരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി” കുട്ടികളെയും സ്ത്രീകളെയും തെരുവിലിറക്കി സമരത്തിനു പൊതുസ്വീകാര്യത വരുത്തി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെയും തീവ്രവാദത്തിന്റെ സ്പോണ്‍സര്‍മാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. ഭക്ഷണം (ഹലാല്‍), വസ്ത്രം (ഹിജാബ്) എന്നിവയുടെ വിവാദം മുസ്ലീം കാലഗണനാക്രമത്തിലേക്കുള്ള (ഹിജ്റ) മുന്നൊരുക്കം മാത്രമെന്ന് അറിഞ്ഞോ അറിയാതെയോ ഈ വൈരരാഷ്ട്രീയമെന്ന പൊറാട്ട് നാടകത്തിലെ കഥാപാത്രങ്ങളാകുകയാണ് ഇന്ത്യന്‍ മുസ്ലീങ്ങളിലെ ഒരു വിഭാഗം. ഈ നാടകത്തിന്റെ സൂത്രധാരര്‍ വായിക്കുന്ന, ഇരവാദത്തിന്റെയും, രണ്ടാം കിട പൗരവാദത്തിന്റെയും ആസുരനാദം കേട്ട് അവര്‍ ഖലീഫ ഭരിക്കുന്ന ഹൂറികളുടെ സ്വര്‍ഗം സ്വപ്‌നം കാണുന്നു.

ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ കാലത്ത് ഇത്തരം അസംബന്ധനാടകങ്ങള്‍ അരങ്ങേറുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മതേതരവാദികള്‍ക്കും, ഇതിനൊക്കെ ചരടുവലിക്കുന്നവര്‍ക്കും മനസ്സിലാകുന്നു, ഇത് രാഷ്ട്രീയമാണ്, മതമല്ല. അധികാരമാണ്, ആത്മീയതയല്ല. മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നയിക്കുന്നവരും പങ്കെടുക്കുന്നവരും വോട്ടുബാങ്കു രാഷ്ട്രീയം, മതരാഷ്ടവാദം എന്നീ വെടിയുപ്പുഗന്ധമുള്ള വാക്കുകളെ സുഗന്ധം പൂശാന്‍ ശ്രമിക്കുന്നു. ഇവിടെ ഉയരുന്ന ചില യുക്തിരാഹിത്യങ്ങളിലേക്ക് അവര്‍ ബോധപൂര്‍വം നിശബ്ദരാകുന്നു.

യൂണിഫോം എന്നാല്‍ ഒരു പൊതുവസ്ത്രമാണ്. മതമോ ജാതിയോ പണമോ നിറമോ ദേശമോ നോക്കാതെ ഒരു സ്ഥാപനത്തിന്, ഒരു സേവനമേഖലയ്ക്ക്, ഒരു സേനയ്ക്ക്, ഒരു കമ്പനിക്ക് ഒക്കെ ഒരുപോലെയുള്ള വേഷസംവിധാനങ്ങളുണ്ട്. സ്‌കൂള്‍ ഒരു സ്ഥാപനമെന്ന നിലയില്‍, അവിടെ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരുപോലെയുള്ള വസ്ത്രധാരണം വേണമെന്നു പറയുമ്പോള്‍ ”ബഹുസ്വരത, വ്യക്തിസ്വാതന്ത്ര്യം, ഫാസിസം” എന്നൊക്കെ ആക്രോശിച്ച് സമരം നടത്തുന്നവര്‍, ഹിജാബ് മുസ്ലീം മതത്തിന്റെ ഏറ്റവും അനിവാര്യഘടകമാണെന്ന് ഉറപ്പിച്ചുപറയണം. ഇനി അങ്ങനെ ഉറപ്പിക്കുമ്പോള്‍ സ്‌കൂളുകളില്‍ മാത്രമല്ല, ജോലിസ്ഥലങ്ങളില്‍, പ്രത്യേകിച്ച് യൂണിഫോമുകള്‍ ആവശ്യമുള്ള സേനകളില്‍, സ്ഥാപനങ്ങളില്‍, ജോലിയിടങ്ങളില്‍ ഒക്കെയും ഇതു ബാധകമല്ലേ? ബഹുസ്വരതയെക്കുറിച്ചും വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും സമരം ചെയ്യുന്നവരെല്ലാം ഒരേ തരത്തിലുള്ള പര്‍ദ്ദയും ഹിജാബുമാണ് ധരിച്ചിരുന്നത് എന്നതു തന്നെയാണ് ഈ സമരത്തിന്റെ യുക്തിരാഹിത്യം. ആളെ തിരിച്ചറിയാത്തവിധം ബുര്‍ക്ക ധരിച്ചുകൊണ്ട് ഈ അസംബന്ധ നാടകത്തിലെ കോറസ്സുകളായി ആര്‍ക്കോവേണ്ടി കൂത്തുനടത്തുന്ന പ്രതിഷേധ പാവകളാണോ ആ സ്ത്രീകള്‍? പലസ്തീനില്‍ വെടിപൊട്ടിയാല്‍ ഇന്ത്യയില്‍ പ്രതിധ്വനിക്കുമെന്ന് ഊറ്റം കൊള്ളുന്ന, സര്‍വമുസ്ലീം സാഹോദര്യത്തിന്റെ പോരാളികള്‍, ഇന്ത്യയിലെ മുസ്ലീം-ദളിത് പീഡനത്തെക്കുറിച്ച് പറഞ്ഞ്, കേള്‍ക്കുന്നവരില്‍ വിപ്ലവവീര്യം പടര്‍ത്തുന്നവര്‍ മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തെപറ്റി പറയാത്തതെന്തേ? അവിടുത്തെ ബഹുസ്വരതയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മയ്യത്തിനെപ്പറ്റി മിണ്ടാത്തതെന്ത്? അവിടെ ആവര്‍ത്തിക്കുന്ന വസ്ത്രധാരണത്തിന്റെ ഏകശിലാനിയമങ്ങളെപ്പറ്റി വാതുറക്കാത്തതെന്തേ? ഇന്ത്യയില്‍ ഈ സ്വാന്ത്ര്യമൊക്കെ വേണം. പക്ഷേ മുസ്ലീം രാജ്യങ്ങളില്‍ ശരീയത്തിന്റെ കാരുണ്യത്തില്‍ മതി സ്വാതന്ത്ര്യം എന്ന യുക്തിഹീനതയാണ് ഈ കപടതയുടെ കാതല്‍.

കേരളമെന്ന ചെറുസംസ്ഥാനത്തില്‍ ബാലുശേരിയിലെ ഒരു സ്‌കൂളില്‍ ലിംഗസമത്വമുള്ള പൊതുവസ്ത്രം അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്തവരുടെ കൂട്ടത്തില്‍ മതേതരന്മാരുടെ കക്ഷി എന്നറിയപ്പെടുന്നവരും ഉണ്ടായിരുന്നു. അത് ഇവിടെ നടപ്പാക്കിയ ഭരണകക്ഷിയിലെ മൂത്തപാര്‍ട്ടി കര്‍ണാടകയിലെ ഹിജാബ് സമരത്തിനു പിന്തുണ അറിയിക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് ഒരു യൂണിഫോം മതിയെന്ന നിലപാടെടുത്തത് ആശാവഹമെങ്കിലും മുസ്ലീം മതരാഷ്ട്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് ആ പാര്‍ട്ടി വിധേയമാണെന്നു പറയാതെ വയ്യ.

സസ്യാഹാരം, കാവിവസ്ത്രം, ശകവര്‍ഷം

കാവിഷാളിട്ട് വരുമെന്ന് ഭീഷണിയുമായി സ്‌കൂളിലെ കുട്ടികള്‍ക്ക് അതു വിതരണം ചെയ്യുന്ന ഹിന്ദുത്വവാദികള്‍ ഇതൊരു സുവര്‍ണാവസരമായി കരുതി സംഗതി ഏറ്റുപിടിച്ചു. ഭരണത്തിന്റെ പിന്തുണ കൂടി അവര്‍ക്കു ലഭിച്ചു. ഇത് ഹിജാബിനോടുള്ള പ്രതികരണം മാത്രമായിരുന്നുവെന്ന് അവര്‍ വാദിക്കുമ്പോള്‍ സസ്യഭോജനം, കാവി തലക്കെട്ട്, ഷാളുകള്‍, തിലകം… ഇനി ശകവര്‍ഷ തീയതിയാകും ഭരണത്തിന്റെ കാലഗണന എന്നിങ്ങനെ മുസ്ലീം രാഷ്ട്രവാദത്തിന്റെ മൂലകങ്ങള്‍ തന്നെയാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെയും അടിസ്ഥാന നിര്‍മിതിക്കുള്ളത്. അവരത് ഇന്ത്യയുടെ അതിരുകള്‍ക്കുള്ളില്‍ നടപ്പിലാക്കുമ്പോള്‍ ഇസ്ലാം അത് അന്താരാഷ്ട്രഅജണ്ടയാക്കി മാറ്റി എന്നു മാത്രം.

പിന്‍വഴി
യൂണിഫോമില്‍ നിന്ന് യൂണിഫോം കോഡിലേക്ക്

ഹലാല്‍, ഹിജാബ്, ഹിജ്റ ഈ സിദ്ധാന്തത്തിനു സമാന്തരമായി സസ്യാഹാരം-കാവി-ശകവര്‍ഷം എന്ന ചാണക്യസൂത്രം ഉപയോഗിച്ച് ഇന്ത്യയുടെ അധികാരം കയ്യാളാന്‍ കാട്ടുന്ന തീക്കളി ഇന്ത്യയുടെ ദേശീയതയെ, മതേതരത്വത്തെ, ബഹുസ്വരതയെ നശിപ്പിക്കും. യൂണിഫോം വിവാദത്തില്‍ നിന്ന് യൂണിഫോം സിവില്‍ കോഡ് എന്ന ഏകശിലാ സംസ്‌കാരത്തിലേക്ക് മാറാന്‍ കാരണമാകും. ഇന്ത്യ ഹിന്ദുക്കളുടേതെന്ന്, മുസ്ലീം രാഷ്ട്രങ്ങളിലെ ശരിയത്ത് നിയമങ്ങളുടെ ക്രൗര്യം ആക്രോശിക്കുന്ന കാവിധാരികളുടെ കാഷായകൊടിയിലേക്ക് ചോരയുടെ നിറമിറ്റിക്കുമെന്ന് മുന്നറിയിപ്പു നല്കുകയെന്നതാണ് പൗരധര്‍മവും പത്രധര്‍മവും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വനിതാ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച്‌ 8 വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10. 30 മുതൽ “സ്ത്രീ ശക്‌തീകരണം- നൂതന കാഴ്ചപ്പാടുകൾ”

വിശ്വാസ പരിശീലനം ആത്മാവിന്റെ വളര്‍ച്ചയ്ക്ക്: ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: ആത്മാവിന്റെ വളര്‍ച്ചക്കുപകരിക്കുന്ന വിശ്വാസത്തില്‍ ആഴപ്പെട്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ വേണം പുതിയ വര്‍ഷത്തെ മതബോധന പരിശീലന പരിപാടികള്‍ ആരംഭിക്കേണ്ടതെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍

അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*