ദേവസഹായത്തിൻറെ വിശുദ്ധി വെളിപ്പെടുത്തുന്ന ചരിത്ര രേഖകള്‍

ദേവസഹായത്തിൻറെ വിശുദ്ധി വെളിപ്പെടുത്തുന്ന ചരിത്ര രേഖകള്‍

കാലപ്രവാഹത്തില്‍ ദേവസഹായത്തെപറ്റിയുള്ള സ്മരണകള്‍ ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടി. രക്തസാക്ഷിത്വത്തെപ്പറ്റി അന്ന് ആ നാടുകളില്‍ പ്രവര്‍ത്തിച്ച മിഷണറിമാരില്‍ ചിലര്‍ രേഖപ്പെടുത്തി സൂക്ഷിച്ച, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകങ്ങള്‍, നാടന്‍പാട്ടുകള്‍, വില്‍പാട്ടുകള്‍ തുടങ്ങിയ കലാരൂപങ്ങളിലൂടെ രക്തസാക്ഷിയുടെ വീരചരിതം പ്രചരിപ്പിക്കപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറില്‍ മാത്രമല്ല, കൊച്ചിയിലും മലബാറിലും തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലും, സിലോണ്‍, മ്യാന്‍മാര്‍, മലയ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍പോലും ദേവസഹായത്തിന്റെ വിശ്വാസസാക്ഷ്യത്തിന്റെ ചരിതം ഇത്തരം കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളില്‍ പതിഞ്ഞു. യേശുവിലുള്ള വിശ്വാസത്തില്‍ ദൃഢചിത്തനായി നിലയുറപ്പിച്ചതിനാലാണ് ദേവസഹായത്തിന് ജീവന്‍ ത്യജിക്കേണ്ടിവന്നതെന്ന സത്യം സംഘാതസ്മൃതിയായി തലമുറകള്‍ കൊണ്ടാടി.

വിശുദ്ധിയുടെ നേര്‍സാക്ഷ്യം

ഓസ്ട്രിയന്‍ കര്‍മലീത്താ മിഷണറിയും ബഹുഭാഷാപണ്ഡിതനുമായിരുന്ന പൗളീനോസ് പാതിരി (പൗളീനോസ് ഓഫ് സെന്റ് ബെര്‍ത്തലോമിയോ) 1776-ല്‍ ദക്ഷിണേന്ത്യയില്‍ എത്തിച്ചേരുകയും നീണ്ട 13 വര്‍ഷങ്ങള്‍ ഇവിടെ ചെലവഴിക്കുകയും ചെയ്തു. അദ്ദേഹം രചിച്ച ‘ഇന്ത്യ ഓറിയെന്താലിസ് ക്രിസ്ത്യാന’ (പൗരസ്ത്യഭാരതത്തിലെ ക്രൈസ്തവമതം, 1794), ‘വിയാജിയോ അലെ ഇന്തിയേ ഓറിയന്താലി (പൗരസ്ത്യഭാരതത്തിലേക്കുള്ള യാത്ര, 1798, ഇറ്റാലിയന്‍ന്‍) എന്നീ ഗ്രന്ഥങ്ങളില്‍ ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രതിപാദിക്കുന്നുണ്ട്.

1858-ല്‍ തമിഴ് സെന്റ്‌സയര്‍ എസ്.ജെ രചിച്ച ‘ദേവസഹായം പിള്ള ചരിതം’, ദേവസഹായംപിള്ളയെക്കുറിച്ചുള്ള ആദ്യ ജീവചരിത്രമായി കണക്കാക്കാവുന്നതാണ്. ദേവസഹായം പിള്ളയ്ക്ക് ജ്ഞാനസ്‌നാനം നല്‍കിയ ഈശോസഭാ മിഷണറി ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ബുട്ടാരിയെ (പരംജ്യോതിനാഥന്‍ സ്വാമി) ഉദ്ധരിച്ചുകൊണ്ടാണ് ഈ ജീവചരിത്രം രചിച്ചിട്ടുള്ളത്.

വത്തിക്കാനിലെ രഹസ്യരേഖകള്‍ സൂക്ഷിക്കുന്ന പുരാരേഖാലയത്തില്‍ സൂക്ഷിച്ചിരുന്ന, നാമകരണ നടപടികള്‍ക്ക് അവലംബമായി തീര്‍ന്ന കൊച്ചി രൂപതയിലെ ജസ്യുറ്റ് മെത്രാന്‍ ക്ലെമെന്‍സ് ജോസഫ് കൊലാകോ ലെയ്ത്വാ 1756 നവംബര്‍ 15ന് റോമില്‍ ആദ്‌ലിമിന സന്ദര്‍ശനവേളയില്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പായ്ക്കു സമര്‍പ്പിച്ച സമകാലീന റിപ്പോര്‍ട്ട് ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ആധികാരരേഖയാണ്.

ദേവസഹായത്തിന് 1745-ല്‍ ജ്ഞാനസ്‌നാനം നല്‍കിയ ഫാ. ബുട്ടാരിയെക്കുറിച്ച് 1884-ല്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ജീവചരിത്രം ‘ഢശമേ റലഹ ജമറൃല ഏശീ്മിിശ ആമേേശേെമ ആൗേേമൃശ’ 1908-ല്‍ ഇംഗ്ലീളിലേക്കു വിവര്‍ത്തനം ചെയ്ത പീറ്റര്‍ ദാമന്‍ (Peter Dahmen) രചിച്ച ‘D-eva-sahayam Pillai: Conversion and Martyrdom from Contemporary Accounts’ എന്ന ഗ്രന്ഥം ദേവസഹായത്തിന്റെ മാനസാന്തരത്തെയും രക്തസാക്ഷിത്വത്തെയും പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു.

ഇന്ത്യയിലെ അപ്പസ്‌തോലിക ഡെലഗേറ്റായിരുന്ന ആര്‍ച്ച്ബിഷപ് ലഡിസ്ലാവുസ് മൈക്കള്‍ സെലസ്‌കി 1890-ല്‍ രചിച്ച ഗ്രന്ഥത്തില്‍ ഇന്ത്യയിലെയും സിലോണിലെയും ജനങ്ങള്‍ വണങ്ങുന്ന ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന ജി.ടി. മെക്കന്‍സിയും, കന്യാകുമാരി ജില്ലയില്‍ പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന വേദമാണിക്യത്തിന്റെ ചെറുമകനും ‘Church History of Travancore’ (1903) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ സി.എം ആഗൂറും ദേവസഹായത്തെപ്പറ്റിയുള്ള ദീപ്തസ്മരണകള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു.

ദേവസഹായത്തോടൊപ്പം തടവറയില്‍ പാര്‍ത്ത തൊമ്മന്‍ തിരുമുത്ത് 190 ഈരടികളിലായി അദ്ദേഹത്തിന്റെ ജീവിതകഥ ‘അമ്മനെ’ രചിക്കുകയുണ്ടായി. 1773-ല്‍ റോം സന്ദര്‍ശിച്ച ജോസഫ് കരിയാറ്റിലും തോമസ് പാറമ്മേക്കലും ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് പരിശുദ്ധ പിതാവിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

ഔദ്യോഗിക സര്‍ക്കാര്‍ രേഖയായ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ വാല്യം രണ്ടില്‍ അധ്യായം 8, പേജ് 194ല്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠന്‍ പിള്ള തിരുവിതാംകൂറിലെ സൈനികമേധാവിയായിരുന്ന ഡച്ചുകാരനായ വലിയ കപ്പിത്താന്‍ ഡിലനോയിയുമായുള്ള സംസര്‍ഗത്തിന്റെ ഫലമായി ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനായി 1745-ല്‍ ഫാ. ബുട്ടാരിയില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. മതം മാറിയതിനാല്‍ തടവിലാക്കപ്പെടുകയും 1752-ല്‍ രാജാവിന്റെ ആജ്ഞപ്രകാരം തിരുവനന്തപുരം-തിരുനെല്‍വേലി റോഡില്‍ 51-ാം മൈലില്‍ സ്ഥിതിചെയ്യുന്ന ആരംബോളിയില്‍ (ആരുവായ്‌മൊഴി) വച്ച് വെടിവച്ച് കൊലപ്പെടുത്തി. മൃതശരീരം കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ മൃതദേഹം വീണ്ടെടുത്ത് ദഹിപ്പിച്ച് ഭൗതികാവശിഷ്ടങ്ങള്‍ കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിന്റെ മധ്യഭാഗത്തായി അടക്കം ചെയ്തു. ആ കബറിടം ഇപ്പോഴും നിലനില്‍ക്കുന്നു.

മേല്‍പ്പറഞ്ഞ രേഖകളെല്ലാം അതിശയോക്തി കലര്‍ന്നതോ ഭാവനാപൂര്‍ണമായ സൃഷ്ടികളോ അല്ല; ശരിയായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ ചരിത്രം തന്നെയാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
devashayamfactshistoricalpillai

Related Articles

ജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം

ഷാജി ജോര്‍ജ് (കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അധികാരവികേന്ദ്രീകരണത്തില്‍ അത്ര വലിയ വലുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അധികാരം താഴേത്തട്ടിലേക്കു നല്കുന്നതിന് വേണ്ടത്ര ശ്രദ്ധയും താത്പര്യവും

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം: സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതായി കോടതി വിമര്‍ശിച്ചു. നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം

ആണ്ടുവട്ടം മൂന്നാം ഞായര്‍: 24 January 2021

First Reading: Jonah 3: 1-5, 10 Responsorial Psalm: Psalms 25: 4-5, 6-7, 8-9 (4a) Second Reading: First Corinthians 7: 29-31 Gospel: Mark 1: 14-20 വണ്ടിയുമായി റോഡിലൂടെ പോകുമ്പോള്‍ സ്ഥിരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*