ചരിത്രത്തിന്റെ വികലാഖ്യാനത്തിനോ സര്‍ക്കാര്‍ മ്യൂസിയങ്ങള്‍?

മഹാമാരിക്കാലത്തെ നവകേരള നിര്‍മിതി പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി എന്തുമാകട്ടെ, കേരളത്തിന്റെ സാംസ്കാരികപരിണാമചരിത്രവും പൈതൃകവും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലുണ്ടാവില്ല. കേരളത്തിലെമ്പാടും ”പ്രാദേശികവും വംശീയവുമായ സംസ്കാരചരിത്രത്തിന്റെ ഈടുവെയ്പുകളെ വരുംതലമുറയ്ക്ക് അനുഭവവേദ്യമാക്കുന്നതിന്” പൈതൃക മ്യൂസിയങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയില്‍ മാത്രം ഏഴു മ്യൂസിയങ്ങള്‍! നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് നാട്ടിലെ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം ദിനംപ്രതി ”ഇനിയും മുന്നോട്ട്,” ”എന്റെ കേരളം എന്റെ അഭിമാനം” തുടങ്ങിയ പ്രമോഷണല്‍ പരസ്യങ്ങള്‍ എട്ടും പത്തും വീതം വാരിക്കോരി നല്കി കൊവിഡിന്റെ സാമ്പത്തിക ഞെരുക്കങ്ങളെയെല്ലാം അതിജീവിക്കുന്ന സര്‍ക്കാരിന്റെ അതുല്യ നേട്ടങ്ങള്‍ക്കിടയില്‍ പൈതൃക സംരക്ഷണത്തിന്റെ മധുരമനോജ്ഞ ഗാഥ വേറിട്ടുനില്ക്കുന്നു.
ഇന്ത്യയിലെ പ്രഥമ യൂറോപ്യന്‍ കൊളോണിയല്‍ നഗരമായ ഫോര്‍ട്ടുകൊച്ചിയില്‍ (പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിങ്ങനെ മൂന്ന് അധിനിവേശ ശക്തികളുടെയും ചരിത്ര, സാംസ്കാരിക മുദ്ര പേറുന്ന മറ്റൊരു നഗരപ്രദേശം രാജ്യത്തില്ല) പോര്‍ച്ചുഗീസുകാരുടെ ആദ്യത്തെ ഇമ്മാനുവല്‍ കോട്ടയുടെ തകര്‍ക്കപ്പെടാത്ത കൊത്തളങ്ങളില്‍ ഡച്ചുകാര്‍ 1667ല്‍ നിര്‍മിച്ച സ്ട്രോംബര്ഗ് ബാസ്റ്റിയനില്‍ ഇന്ന് അവശേഷിക്കുന്ന സംരക്ഷിത സ്മാരകമായ ബാസ്റ്റ്യന്‍ ബംഗ്ലാവില്‍ സംസ്ഥാന പുരാവസ്തു വകുപ്പും സാംസ്കാരിക വകുപ്പും ചേര്‍ന്ന് രൂപകല്പന ചെയ്ത എറണാകുളം ജില്ലാ പൈതൃക മ്യൂസിയം 2016 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോഴിതാ, കേരളം ചരിത്ര പൈതൃക മ്യൂസിയം എന്ന നോഡല്‍ ഏജന്‍സിയുടെ മേല്ക്കാണത്തില് ഡല്‍ഹിയിലെയും ബാംഗളൂരിലെയും ഏജന്‍സികള്‍ക്കു കോടികള്‍ വീതംവെച്ച് ആ പൈതൃക മ്യൂസിയം നവീകരിച്ച് വീണ്ടുമൊരു ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നു.
ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിച്ചുകിടന്നിരുന്ന ജനവിഭാഗത്തെ ഏകോപ്പിക്കുകയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെയാകെ പുതുക്കിപ്പണിയുകയും ചെയ്ത കൊളോണിയല്‍ ആധുനികതയിലെ ജ്ഞാനരൂപീകരണത്തിന്റെ വഴിത്താരയിലെ ചില നാഴികക്കല്ലുകളെങ്കിലും ഈ പൈതൃക മ്യൂസിയത്തില്‍ അടയാളപ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്. ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ഏഡ്രിയാന്‍ വാന്‍ റീഡിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ രചിക്കപ്പെട്ട് നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ 1678 – 1693 കാലയളവില്‍ 12 വാല്യങ്ങളിലായി അച്ചടിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന സസ്യശാസ്ത്രഗ്രന്ഥം വേറിട്ടൊരു ഇതിഹാസമാണ്. ബാസ്റ്റ്യന്‍ ബംഗ്ലാവിലെ മ്യൂസിയത്തില്‍ ഹോര്‍ത്തൂസിനായി ഒരു ഗാലറി (ഡച്ച് അടുക്കള, മുറി 13) നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ ആ ഗാലറിയില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രതിഷ്ഠിക്കുന്ന എഴുത്തുപലകകളില്‍ ചില സങ്കുചിത ജാതിതാല്പര്യങ്ങള്ക്കായി ചരിത്രത്തെ അപ്പാടെ മാറ്റിമറിച്ച് വ്യാജനിര്മിതികളിലൂടെയും വികല വ്യാഖ്യാനങ്ങളിലൂടെയും ഒരു വിഭാഗത്തിന് പൈതൃകമഹിമയുടെ അട്ടിപ്പേറവകാശം സ്ഥാപിച്ചെടുക്കാന്‍ ആസൂത്രിത നീക്കം നടത്തി പൊതുഖജനാവില്‍ നിന്നു പണം മുടക്കി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അത് പ്രചരിപ്പിക്കാനും ശാശ്വതവത്കരിക്കാനും വേദിയൊരുക്കി എന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്.
പതിനേഴാം നൂറ്റാണ്ടിലെ ഏഷ്യയിലെ ഔഷധസസ്യങ്ങളുടെയും മറ്റു സസ്യജാലങ്ങളുടെയും യഥാതഥ ചിത്രങ്ങളും ആധികാരിക വിവരങ്ങളും അടങ്ങുന്ന ലത്തീന്‍ ഭാഷയിലുള്ള ആ സസ്യശാസ്ത്ര മാസ്റ്റര്‍പീസിന്റെ ”പ്രാരംഭകനും നിയന്താവും സ്ഥിരോത്സാഹിയായ ഉദ്യാനപാലകനും” എന്ന് വാന്‍ റീഡ് തന്നെ വിശേഷിപ്പിക്കുന്ന വിശുദ്ധ യൗസേപ്പിന്റെ മത്തായി (മത്തേയുസ് പാതിരി എന്ന് മലയാളക്കരയില്‍ അറിയപ്പെടുന്ന ഫാ. മാത്യു ഓഫ് സെന്റ് ജോസഫ്) എന്ന ഇറ്റലിക്കാരനായ മെഡിക്കല്‍ ബിരുദധാരിയും പ്രകൃതിശാസ്ത്രചിത്രകാരനുമായ കര്‍മ്മലീത്താ മിഷണറിയുടെ പേര് ഈ മ്യൂസിയം ഗാലറിയിലെ പാനലുകളില്‍ പൂര്‍ണമായും തമസ്കരിച്ചിരിക്കുന്നു. കേരളത്തിലെ കത്തോലിക്കാ സഭയുടെയും സമൂഹത്തിന്റെയും വിജ്ഞാനാഭ്യുദയ ചരിത്രത്തില്‍ അവിസ്മരണീയ പങ്കുവഹിച്ച സന്ന്യാസശ്രേഷ്ഠനാണ് മത്തേയുസ് പാതിരി.
യൂറോപ്പില്‍ നിന്നുള്ള മറ്റെല്ലാ കത്തോലിക്കാ വൈദികരെയും ഡച്ച് മലബാറില്‍ നിന്നു നാടുകടത്തിയ കടുത്ത കത്തോലിക്കാവിരോധികളായ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തന്നെ സംരക്ഷണയില്‍ കൊച്ചിയില്‍ തന്റെ മിഷണറി ശുശ്രൂഷ തുടരാനും എറണാകുളത്ത് ചാത്യാത്തും വരാപ്പുഴ ദ്വീപിലും കര്‍മ്മലീത്താ സമൂഹത്തിന്റെ പേരിലുള്ള കേരളത്തിലെ ആദ്യത്തെ രണ്ടു പള്ളികള്‍ പണിയാനും മത്തേയുസിന് വാന്‍ റീഡ് അനുമതി നല്‍കിയത് ഹോര്‍ത്തുസ് പദ്ധതിക്കുവേണ്ടി അദ്ദേഹം വഹിച്ച പങ്കിനുള്ള പ്രത്യുപകാരമായിട്ടാണ്. മത്തേയുസ് പാതിരി സ്ഥാപിച്ച വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ദേവാലയം ഫ്രാന്‍സിസ് പാപ്പാ മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കയാണ്.
ബാസ്റ്റ്യന്‍ ബംഗ്ലാവിലെ ഹോര്‍ത്തുസ് ഗാലറിയിലെ പാനലുകളില്‍ വാന്‍ റീഡിനെക്കാള് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരിക്കുന്നത് ആ ലാറ്റിന്‍ കൃതി ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യാന്‍ നേതൃത്വം വഹിച്ച ഡോ. കെ.എസ്. മണിലാലിനും ചേര്‍ത്തല കരപ്പുറം കൊടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്യുതന് എന്ന ഈഴവ നാട്ടുവൈദ്യനുമാണെന്നത് അതിശയകരമാണ്. ആ ബൃഹദ് ഗ്രന്ഥത്തിന്റെ നിര്‍മിതിയില്‍ മുഖ്യപങ്കുവഹിച്ച മത്തേയുസ് പാതിരിയെക്കുറിച്ച് ഒരക്ഷരം പറയാതെ മൂന്നു പതിറ്റാണ്ടിനുശേഷം അത് വിവര്‍ത്തനം ചെയ്യാന്‍ മുന്കൈയെടുത്തയാളുടെ മഹിമ വര്‍ണിക്കാന്‍ കൊളോണിയല്‍ പൈതൃക ചരിത്ര മ്യൂസിയത്തിലെ പ്രതിഷ്ഠാപനത്തില്‍ വസ്തുനിഷ്ഠമല്ലാത്ത ആഖ്യാനങ്ങള്‍ പടച്ചുണ്ടാക്കിയത് ഏത് ഉത്തരാധുനിക മ്യൂസിയ സങ്കല്പനത്തിന്റെ പേരിലായാലും അത് മ്ലേഛമായ വര്ഗീയവിവേചനമായേ കാണാന്‍ കഴിയൂ.
മൂന്നു പതിറ്റാണ്ടു മുന്‍പ് എഴുതപ്പെട്ട ലത്തീന്‍ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിക്കാന്‍ താന്‍ സ്വയം ലത്തീന്‍ പഠിച്ചുവെന്നാണ് മണിലാല്‍ അവകാശപ്പെടുന്നത്. ഇങ്ങനെയൊരു വിവര്ത്തകന് ലോകത്തില്‍ വേറെയുണ്ടാവില്ല. ലത്തീനില്‍ പ്രാഥമിക പഠനം പോലും നടത്തിയിട്ടില്ലാത്ത ബോട്ടണി പ്രഫസര്‍ ആ ക്ലാസിക്കല്‍ ലത്തീന്‍ കൃതിയുടെ 12 വാല്യങ്ങളും വിവര്‍ത്തനം ചെയ്തു എന്ന അവകാശവാദത്തിനു പിന്നില്‍ മത്തേയുസ് പാതിരിയെ പോലെ തമസ്കരിക്കപ്പെടുന്നത് ഹോര്ത്തുസിന്റെ ഇംഗ്ലീഷ് പരിഭാഷ എന്ന അതികഠിനമായ യജ്ഞത്തില്‍ നിസ്വാര്‍ത്ഥമായ അര്പ്പണചൈതന്യത്തോടെ വര്‍ഷങ്ങളോളം മുഴുകിയ ലത്തീന്‍ പണ്ഡിതന്മാരായ ഒരുപറ്റം കത്തോലിക്കാ വൈദികശ്രേഷ്ഠരാണ്. കോഴിക്കോട് രൂപതാധ്യക്ഷനായിരുന്ന ഇറ്റലിക്കാരനായ ഈശോസഭാംഗം ബിഷപ് അല്‍ദോ മരിയ പത്രോണി, തദ്ദേശീയ മെത്രാന് മാക്സ്വെല് വാലന്റൈന്‍ നൊറോണ, കളമശേരി സെന്റ് പോള്‍സ് കോളജ് പ്രിന്‍സിപ്പലായിരുന്ന റവ. ഡോ. ആന്റണി മുക്കത്ത്, ഫാ. പോള്‍ ലന്തപ്പറമ്പില്‍ എസ്ജെ, ഫാ. ജോസഫ് കണ്ണമ്പുഴ എസ്ജെ, മോണ്‍. മാര്‍ക്ക് നെറ്റോ എന്നിവര്‍ വഹിച്ച പങ്കിനെക്കുറിച്ച് ഒരക്ഷരം പറയാത്തത് തികഞ്ഞ അക്കാദമിക വഞ്ചനയാണ്.
ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ”കൃത്യമായ ബോട്ടാണിക്കല്‍ ഐഡന്റിഫിക്കേഷന്‍ നടത്തിയത് ഇട്ടി അച്യുതനാണെന്ന് വാന്‍ റീഡ് തന്നെ അംഗീകരിച്ചിട്ടുണ്ട്,” ”ആയുര്‍വേദത്തിനു മുമ്പുള്ള പാരമ്പര്യ വൈദ്യന്മാരുടെ വിജ്ഞാനത്തെയാണ് ഇതില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്,” ”ഈഴവര്‍ താഴ്ന്ന ജാതിയായാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും ഈഴവ വൈദ്യന്മാര് ആയുര്‍വേദ ചികിത്സകരെന്ന നിലയില്‍ നല്ല പദവി ലഭിച്ചിരുന്നു” എന്നിങ്ങനെ ഇട്ടി അച്യുതനെക്കുറിച്ചുള്ള സവിശേഷ പ്രതിപാദനവും യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളാണ്.
ഇന്ത്യയിലെ ഡച്ച് എംബസി സംഭാവന ചെയ്ത അതിമനോഹരമായ ഹോര്‍ത്തൂസ് പാനലുകള്‍ എടുത്തുകളഞ്ഞ് വെറും ഫ്ളെക്സ് പാനലുകള്‍ നിരത്തി ”കഥകള്‍” ചമയ്ക്കുന്നത് കടലോരമായതിനാല്‍ ആര്‍ക്കിയോളജിക്കല്‍, ഹിസ്റ്റോറിക്കല്‍ വസ്തുക്കളോ അത്യപൂര്‍വ രേഖകളോ കൊറോഷന്‍ മൂലം നശിച്ചുപോകും എന്നതിനാലാണ് എന്ന വാദം വിചിത്രമാണ്. ലോകത്തില്‍ എത്ര കടലോരങ്ങളിലാണ് വിശ്വവിഖ്യാത മ്യൂസിയങ്ങള്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നത്. ആധികാരിക പുരാരേഖകളോ ചരിത്രവസ്തുക്കളോ പ്രദര്‍ശിപ്പിക്കാതെ വികലമായ ചരിത്രാഖ്യാനങ്ങളുടെ എഴുത്തുപലകകള്‍ നാട്ടുന്ന ഈ നവീന ആശയം പുനഃപരിശോധിക്കേണ്ടതാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന ഏകപക്ഷീയ അഖ്യാനങ്ങളുടെ പാനലുകള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രദര്‍ശിപ്പിച്ച് ഇനിയും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തരുത്.
Related
Related Articles
ജനവിധി അംഗീകരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം-കെസിബിസി
എറണാകുളം: പതിനേഴാം ലോക്സഭയിലേക്കുള്ള ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വവും
‘സഭയും നാസി-ഫാസിസവും; തേലക്കാട്ടചന്‍ പറയാത്ത ചരിത്രങ്ങള്‍”
ഫാ.മെട്രോ സേവൃര്‍ OSA ”നിങ്ങള്‍ എന്തെന്കിലും അറിയാന്‍ ആഗ്രഹിക്കുന്നെന്കില് അതിന്റെ ആരംഭവും വികാസവും നിരീക്ഷിക്കുക”. തത്വചിന്തകനായ അരിസ്റ്റോട്ടില്‍ പറഞ്ഞതാണ്.ചരിത്രത്തെ അപഗ്രഥിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട മനോഭാവമാണിത്.ചരിത്രസംഭവങ്ങളെ വൃാഖൃാനിക്കുന്പോഴോ,വിധിക്കുന്പോഴോ,അതിന്റെ
സിസ്റ്റര്‍ മേരി കെല്ലര്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലോകത്തെ ആദ്യ വനിത
കാലിഫോര്‍ണിയ: ലോകത്ത് ആദ്യമായി കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ വനിത ഒരു കത്തോലിക്കാ കന്യാസ്ത്രീയാണെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. സ്ത്രീകള്‍ക്ക് കംപ്യൂട്ടര്‍ മേഖല അപ്രാപ്യമായൊരു കാലത്താണ്