പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: പാരസ്പര്യത്തിന്റെ ദൈവം

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: പാരസ്പര്യത്തിന്റെ ദൈവം

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ
വിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15)

മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ് ത്രിത്വം. എങ്കിലും ഹൃദയംകൊണ്ട് അടുക്കുന്തോറും അനിർവചനീയമായ ആശ്വാസം ലഭിക്കുന്ന യാഥാർത്ഥ്യം. ഏകാന്തതയുടെ കോട്ടക്കൊത്തളത്തിൽ വസിക്കാത്ത ഒരു ദൈവം. തന്നിൽത്തന്നെ ഏകാന്തതയില്ലാത്തവൻ. സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും വിട്ടുകൊടുക്കലിന്റെയും സ്വയം ശൂന്യവൽക്കരണത്തിന്റെയും അനന്തമായ ചലനത്താൽ അവൻ ഒരു സമുദ്രം പോലെ സ്പന്ദിക്കുന്നു.

സ്നേഹ ചലിതമാണ് ദൈവം. അങ്ങനെ തന്നെയാണ് നമ്മളും. നമ്മിലും സ്നേഹം ചലനാത്മകമാണ്. നമ്മൾ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്ന് പറയുമ്പോൾ അതിനർത്ഥം ത്രിത്വത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടു എന്ന് തന്നെയാണ്. കാരണം, കൂട്ടായ്മയാണ് നമ്മുടെ യഥാർത്ഥ പ്രകൃതം. ദൈവം ഒറ്റയല്ലാത്തതുപോലെ മനുഷ്യനും ഏകനാകാൻ സാധിക്കില്ല. അതുകൊണ്ടാണ് സൃഷ്ടിയുടെ സമയത്ത് ദൈവം പറയുന്നത്; “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല” (ഉല്‍പ 2 : 18). ഏകാന്തതയാണ് മനുഷ്യന്റെ ആദ്യത്തെ ദോഷം. അതൊരു കുറവാണ്. മനുഷ്യന്റെ ഏകാന്തതയെ ഒരു കുറവായി കാണുന്ന ദൈവത്തിന് സ്വർഗ്ഗത്തിലും തനിച്ചായിരിക്കാൻ സാധിക്കില്ല. ഏകാന്തതയ്‌ക്കെതിരായ അനിവാര്യമായ സ്വർഗ്ഗീയ വിജയമാണ് ത്രിത്വം. മനുഷ്യനും അങ്ങനെയായിരിക്കണം എന്നതാണ് ഉല്പത്തിപ്പുസ്തകവും പഠിപ്പിക്കുന്നത്. സഭയുടെ അസ്തിത്വവും അതുതന്നെയാണ്. അവൾ ഒറ്റയല്ല. എക്ലേസിയയാണ്. കൂട്ടായ്മയാണ്. നമ്മുടെ ജീവിതവും അങ്ങനെ തന്നെയാണ്. ഒറ്റയ്ക്കൊരു സ്വർഗ്ഗം ആർക്കുമില്ല, ദൈവത്തിനുപോലും.

ത്രിത്വത്തെ എങ്ങനെ വ്യക്തമാക്കാൻ സാധിക്കും? സ്നേഹത്തെ കുറിച്ച് നമ്മൾ എങ്ങനെ സംസാരിക്കുന്നു, അങ്ങനെ മാത്രമേ ത്രിത്വത്തെക്കുറിച്ചും സംസാരിക്കാൻ പറ്റൂ. അതിൽ കവിതയും ലാവണ്യവും തുറവിയുമുണ്ടാകും.

ഒരു കാവ്യം പോലെയാണ് ത്രിത്വം സുഭാഷിതങ്ങളുടെ പുസ്തകത്തിൽ തെളിയുന്നത് (8:22-31). പ്രപഞ്ച വർണ്ണനകളിലൂടെ ദൈവം അവിടെ ഒരു വിഷയമാകുന്നു. ആ വിഷയത്തിൽ ജ്ഞാനം ഒരു വ്യക്തിയാകുന്നു. സൃഷ്ടിയെ ധ്യാനിക്കുന്നവന് ദൈവത്തിന്റെ ജ്ഞാനത്തെ അവഗണിക്കാൻ സാധിക്കില്ല. ജ്ഞാനം വചനമാണ്, വചനം ക്രിസ്തുവാണ്. “അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു” (യോഹ1 : 2). ഏകനായ ഒരു ദൈവത്തിന്റെ കരവിരുതല്ല സൃഷ്ടി എന്നാണ് സുഭാഷിതമതം. ഒപ്പം യോഹന്നാൻ പാടുന്നു, സമസ്‌തവും ക്രിസ്തുവിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല (cf. യോഹ 1 : 3). തനിച്ചല്ലാത്ത ഈ ദൈവം തത്ത്വചിന്തകരുടെ ബോറടിപ്പിക്കുന്ന ദൈവമല്ല, മറിച്ച് മനുഷ്യ ജീവനെ നിത്യതയോളം ഉയർത്തുകയും അതിന് സൗന്ദര്യം നൽകുകയും ചെയ്യുന്ന സന്തോഷവാനായ ദൈവമാണ്. അതുകൊണ്ടുതന്നെ കവിഹൃദയം ഇല്ലാത്തവർക്ക് ഈ ദൈവത്തെ അറിയാനും സാധിക്കില്ല. കാരണം, സ്നേഹം എന്നും കാവ്യാത്മകമാണ്.

പ്രത്യാശയും അഭിനിവേശവും – ഇവയാണ് പൗലോസപ്പോസ്തലന്റെ ദൈവചിന്തകളുടെ ആന്തരികചോദനകൾ. എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ വ്യാഖ്യാനിക്കാൻ ശീലിച്ച നമ്മോട്, നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന സ്നേഹത്തെക്കുറിച്ച് അവൻ യുക്തിവിചാരം നടത്തുന്നു (റോമ 5:5). പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്ന സ്നേഹമാണ് അവനെ സംബന്ധിച്ച് ത്രിത്വൈകദൈവം. അളവുകളിലും മാപിനികളിലും ആ സ്നേഹത്തെ നിർണ്ണയിക്കാൻ സാധിക്കില്ല. കൊടുക്കലും വാങ്ങലും തമ്മിലുള്ള സന്തുലിതാവസ്ഥയുമായി ആ സ്നേഹത്തെ താരതമ്യപ്പെടുത്തിയാൽ കൊടുക്കൽ മാത്രമാണത്. ഈ ചിന്തയെ യോഹന്നാൻ നിർവചിക്കുന്നത് ഇങ്ങനെയാണ്: “തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (3 : 16). ഈ സ്നേഹമാണ് ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രത്യാശ. ആ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.

ദൈവിക രഹസ്യത്തെക്കുറിച്ച് യേശു എല്ലാം പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട് എന്ന് വിചാരിക്കരുത്. വിശുദ്ധ ഗ്രന്ഥവും സുവിശേഷവും എല്ലാത്തിന്റെയും ഉത്തരമല്ല. എല്ലാം അവിടെ നിർവചിക്കപ്പെടുന്നുമില്ല. വെളിപാടുകൾ ഇനിയും ഉണ്ടാകും. ഗവേഷണങ്ങൾ ഇനിയും നമ്മൾ നടത്തണം. അതുകൊണ്ടാണ് അവൻ പറയുന്നത്; “ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്‌. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും” (vv.12-13). എല്ലാം പറഞ്ഞു തീർക്കുന്നതിന് പകരം, അവൻ ദീർഘമായ അന്വേഷണത്തിന് ശിഷ്യരെ ക്ഷണിക്കുന്നു. എന്നിട്ട് ഒരു വഴികാട്ടിയെ വാഗ്ദാനം ചെയ്യുന്നു. അത് സത്യാത്മാവാണ്. നോക്കുക, സൂത്രവാക്യങ്ങളിൽ കുരുക്കപ്പെടാത്ത ഒരു ദൈവം. അതാണ് സുവിശേഷത്തിലെ ദൈവം. അതാണ് ത്രിത്വം. ഒരു നിർവചനത്തിലും ആ ദൈവം ഉൾപ്പെടുന്നില്ല. പക്ഷെ തുറവിയുള്ള ഒരു ഹൃദയമുണ്ടോ, എങ്കിൽ ഒരു സ്നേഹാനുഭവമാകും ആ ദൈവം. അത് തീർച്ച.

ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍നിന്ന് (8 : 22-31)

(ഭൂമിയുടെ ആവിര്‍ഭാവത്തിനുമുമ്പ് ജ്ഞാനം സ്ഥാപിക്കപ്പെട്ടു)

ദൈവത്തിന്റെ ജ്ഞാനം ഇപ്രകാരം അരുളിച്ചെയ്യുന്നു: കര്‍ത്താവ് തന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭ ത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേ തായി എന്നെ സൃഷ്ടിച്ചു. യുഗങ്ങള്‍ക്കു മുന്‍പ്, ഭൂമി യുടെ ആവിര്‍ഭാവത്തിനു മുന്‍പ്, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു. സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും മുന്‍പുതന്നെ എനിക്കു ജന്‍മം കിട്ടി. പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കും രൂപം കിട്ടു ന്നതിനു മുന്‍പ് ഞാനുണ്ടായി. ഭൂമിയോ അതിലെ വയ ലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്ന തിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു.
അവിടുന്ന് ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്ര ത്തിനുമീതേ ചക്രവാളം നിര്‍മിച്ചപ്പോഴും ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും ജലം തന്റെ കല്‍പന ലംഘിക്കാ തിരിക്കാന്‍ വേണ്ടി സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും വിദഗ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ അവിടുത്തെ അരി കിലുണ്ടായിരുന്നു. അനുദിനം ആഹ്ലാദിച്ചുകൊണ്ടും അവിടുത്തെ മുന്‍പില്‍ സദാ സന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു. മനുഷ്യന്‍ അധിവസിക്കുന്ന അവി ടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും മനു ഷ്യപുത്രരില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (8 : 4-5, 6, 7-8)

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!

അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു.
കര്‍ത്താവേ, ഞങ്ങളുടെ …..
അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധി പത്യം നല്‍കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.
കര്‍ത്താവേ, ഞങ്ങളുടെ …..
ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത് സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതി നെയും തന്നെ.
കര്‍ത്താവേ, ഞങ്ങളുടെ …..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (5: 1-5)

(ക്രിസ്തുവഴി ദൈവത്തിന്റെ സ്‌നേഹം പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു)

സഹോദരരേ, വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം. നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കു ന്നു. ദൈവമഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശ യില്‍ നമുക്ക് അഭിമാനിക്കാം. മാത്രമല്ല, നമ്മുടെ കഷ് ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യ വും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാ ത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദ യങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (cfr. Rev. 1 : 8) എന്നും ഉണ്ടായിരുന്നവനും ഇപ്പോള്‍ ഉള്ളവനും ഇനിയും എന്നും ഉണ്ടായിരിക്കു ന്നവനുമായ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി – അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (16 : 12-15)

(പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. സത്യാത്മാവ് എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാപിക്കും)

അക്കാലത്ത് യേശു തന്റെ ശിഷ്യന്‍മാരോട് അരുളി ച്ചെയ്തു: ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊ ള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയി ലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്ക യില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ള വയില്‍ നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവി നുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങ ളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
sunday homily malayalamsunday readings malayalam

Related Articles

വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍ ഭാര്യ: അപ്പോ ഏട്ടന് ടേബിള്‍മാനേഴ്‌സ് ഒക്കെ അറിയാമല്ലേ ? ഭര്‍ത്താവ്: അതെന്താ നീ അങ്ങനെ ചോദിച്ചത് ? ഭാര്യ: അല്ല ചേട്ടന്‍ ഇവിടെ വേയ്സ്റ്റ്

നാം ആരുടെ മക്കള്‍?

ശരത് വെണ്‍പാല മുന്‍മൊഴി ”ആ മരമീമരം രാമനാകുമ്പോള്‍ വാത്മീകത്തില്‍ രാമായണരാഗം ഹേറാം ഹേറാം വെടിയുണ്ടയാകുമ്പോള്‍ നാഥുറാം ഗോഡ്‌സെ വെളുക്കെച്ചിരിക്കുന്നു’ ഈ കവിതയുടെ ആദ്യവരികളെഴുതിയപ്പോള്‍ ഒരു സുഹൃത്തു കമന്റു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*