Breaking News

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര വലിയ വിജയം കൈവരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ്. സംവിധായകന്‍ റോജിന്‍ തോമസിനോടൊപ്പം നടീനടന്മാരും നിര്‍മാതാവും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഈ മികച്ച ചിത്രം പിറന്നത്. അതില്‍ വലിയ പങ്കുവഹിച്ചയാളാണ് എറണാകുളം പച്ചാളം സ്വദേശിയായ ഛായാഗ്രാഹകന്‍ നീല്‍ ഡികുഞ്ഞ. സത്യന്‍ അന്തിക്കാടിനെയും കമലിനെയും അമല്‍ നീരദിനെയും പോലുള്ള പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നീലിന്റെ 16-ാമത്തെ സിനിമയായിരുന്നു ‘ഹോം.’ ഒരു വ്യാഴവട്ടക്കാലത്തിലധികമായി സിനിമാ രംഗത്തുള്ള നീലിനെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ച ചിത്രം കൂടിയാണ് ‘ഹോം.’

സിനിമയിലെ അനുഭവങ്ങള്‍, കാലത്തിന്റെയും സാങ്കേതികതവിദ്യയുടെയും മാറ്റം തുടങ്ങിയ കാര്യങ്ങളെകുറിച്ച് നീല്‍ ജീവനാദവുമായി സംവദിക്കുന്നു.

എറണാകുളം പച്ചാളം സ്വദേശിയാണെങ്കിലും നീല്‍ മൂന്നാറിലാണ് ജനിച്ചതും വളര്‍ന്നതും. എന്തായിരുന്നു ആ സാഹചര്യം?

എന്റെ പപ്പ ആന്റണി ഡികുഞ്ഞയ്ക്ക് മൂന്നാറില്‍ ടാറ്റാ ടീ ലിമിറ്റഡിലായിരുന്നു ജോലി. അതുകൊണ്ട് ജനിച്ചതും വളര്‍ന്നതും മൂന്നാറിലാണ്. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ടാറ്റാ സ്‌കൂളിലാണു പഠിച്ചത്.

സിനിമ ചെറുപ്പം മുതലേ ഒരു മോഹമായിരുന്നോ? സിനിമാരംഗത്ത് എത്തപ്പെടണമെന്ന ആഗ്രഹം എങ്ങനെ ഉണ്ടായി?

സിനിമകള്‍ ഇഷ്ടമായിരുന്നു, പക്ഷേ അതിനെക്കാളേറെ ഇഷ്ടം ചെറുപ്പം മുതലേ ഫോട്ടോഗ്രഫിയോടു തന്നെയായിരുന്നു. ഫോട്ടോഗ്രഫര്‍മാര്‍ പല ചടങ്ങുകള്‍ക്കും ഫോട്ടോയെടുക്കുന്നതു കാണുമ്പോള്‍ ഒരു ക്യാമറയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതലാണ് അതൊരു പാഷനായി വളര്‍ന്നതെന്നു പറയാം. മാസികകളിലെ ചിത്രങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ ഇതെല്ലാം വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്.

ഒരു വഴിത്തിരിവുണ്ടാകുന്നത് എങ്ങനെയാണ്? പ്രഫഷണലായി ഈ ഫീല്‍ഡ് തിരഞ്ഞെടുക്കാമെന്ന് തോന്നിയത് എങ്ങനെയാണ്?

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പുരോഹിതനാകണമെന്ന ആഗ്രഹം മനസില്‍ വളര്‍ന്നിരുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. സൊസൈറ്റ് ഓഫ് ദി ഡിവൈന്‍ വേഡ് (എസ് വിഡി) സമൂഹത്തിന്റെ ചങ്ങനാശേരിയിലെ സെന്റ് ജോണ്‍സ് മിഷന്‍ സെമിനാരിയില്‍ ചേര്‍ന്നു. അവിടെ ഒരു വര്‍ഷം തികയ്ക്കുന്നതിനു മുമ്പുതന്നെ വീണ്ടും ഫോട്ടോഗ്രഫിയിലേക്കു ശ്രദ്ധ തിരിഞ്ഞു. റെക്ടറച്ചനോട് എനിക്ക് മീഡിയാ റിലേറ്റഡ് ആയി എന്തെങ്കിലും പഠിക്കണമെന്നു പറഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ചങ്ങനാശേരിയിലെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ (ഇപ്പോഴത്തെ മീഡിയാ വില്ലേജ്) ചേര്‍ത്തു. മൂന്നു വര്‍ഷത്തെ ബിഎ മള്‍ട്ടിമീഡിയ കോഴ്സായിരുന്നു അത്. അവിടെ വിസിറ്റിംഗ് പ്രഫസറായിരുന്ന ഛായാഗ്രാഹകന്‍ സാജന്‍ കളത്തിലുമായി നല്ല അടുപ്പത്തിലായി. ഫോട്ടോഗ്രഫിയോടുള്ള എന്റെ താല്‍പര്യം മനസിലാക്കിയ അദ്ദേഹം കോളജില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കൂടെ കൂട്ടി. 2001ല്‍ ‘നിവേദ്യം’ എന്ന സിനിമയില്‍ ഔദ്യോഗികമായി അസിസ്റ്റന്റായി. പിന്നീട് ‘വിരുന്താളി’ എന്ന തമിഴ് സിനിമയിലും ‘ദ ഡിസയര്‍’ എന്ന ഹിന്ദി സിനിമയിലും അസിസ്റ്റന്റായി. അതിനു ശേഷം അമല്‍ നീരദുമായി ബന്ധപ്പെട്ടു. ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന സിനിമയിലാണ് ജോയിന്‍ ചെയ്തത്. സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അത് കരിയറായി തിരഞ്ഞെടുക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലായിരുന്നു, അല്ലെങ്കില്‍ അങ്ങനെ കരുതിയിട്ടില്ല. ഒരു ചിത്രത്തിലെങ്കിലും ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മാത്രം. പക്ഷേ അതിനു വേണ്ടി ആരുടെ അടുത്തും ചാന്‍സ് ചോദിക്കാനും തയ്യാറായിരുന്നില്ല. അവസരങ്ങള്‍ ഒരു അനുഗ്രഹം പോലെ വന്നുചേരുകയായിരുന്നു. അങ്ങനെ അതൊരു കരിയറായി മാറി. അല്ലാതെ ഇതാണ് എന്റെ ലക്ഷ്യം എന്നു കരുതി അതിലേക്കായി ഫോക്കസ് ചെയ്തിട്ടില്ല.

വീട്ടുകാര്‍ സിനിമയിലേക്കുള്ള പ്രവേശനത്തെ എങ്ങനെയാണ് കണ്ടിരുന്നത്?

പപ്പയുടെയും മമ്മയുടെയും വലിയ സപ്പോര്‍ട്ട് ആദ്യം മുതലേ ഉണ്ടായിരുന്നു. ഏതു കരിയറും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ തന്നിരുന്നു. പക്ഷേ തീരുമാനമെന്തായാലും, ഏതു പാത സ്വീകരിച്ചാലും, അതില്‍ വിജയം കണ്ടെത്തണമെന്നും അവര്‍ പറയുമായിരുന്നു. ഇപ്പോഴും അവരുടെ നൂറു ശതമാനം പിന്തുണയുണ്ട്. എന്റെ സിനിമകള്‍ മാത്രമല്ല മറ്റുള്ള സിനിമകളും അവര്‍ കാണും. കൃത്യമായ അഭിപ്രായങ്ങള്‍ പറയും. ഭാര്യയും കുട്ടികളും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്.

‘ഹോമി’നു മുമ്പുള്ള പ്രധാനപ്പെട്ട സംരംഭങ്ങള്‍ ഏതൊക്കെയായിരുന്നു?

2011ല്‍ ആണ് സ്വതന്ത്രമായി ഒരു വര്‍ക്ക് ചെയ്യുന്നത്. ‘ദൂരെ’ എന്നൊരു ടെലിഫിലിമായിരുന്നു അത്. എല്ലാവര്‍ക്കും ആ ടെലിഫിലിം ഇഷ്ടപ്പെട്ടു. തുടര്‍ന്ന് 2013ല്‍ ‘നി കൊ ഞാ ചാ’ എന്ന സിനിമയില്‍ ആദ്യമായി ഛായാഗ്രാഹകനായി. ‘ഹൗസ്ഫുള്‍,’ ‘പൊട്ടാസ് ബോംബ്,’ ‘ഫിലിപ് ആന്‍ഡ് ദി മങ്കി പെന്‍,’ ‘ലോ പോയിന്റ്,’ ‘മണിരത്നം,’ ‘എന്നും എപ്പോഴും,’ ‘ഉട്ടോപ്യയിലെ രാജാവ്,’ ‘ജോ ആന്‍ഡ് ദി ബോയ്,’ ‘മങ്കീസ്,’ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ,’ ‘ദി സൗണ്ട് സ്റ്റോറി,’ ‘സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്,’ ‘ഇടി മഴ കാറ്റ്’ എന്നിവയാണ് തുടര്‍ന്നു ചെയ്ത സിനിമകള്‍. 16-ാമത്തെ സിനിമയാണ് ‘ഹോം.’

പരിചയസമ്പത്തും അറിവും മാത്രം കൊണ്ടു പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മേഖലയാണോ ഇത്? പുതിയ തലമുറയില്‍ ധാരാളം ഛായാഗ്രാഹകന്മാര്‍ വരുന്നുണ്ട്. കടുത്ത മത്സരം ഇവിടെയുണ്ടോ?

ഏതു മേഖലയിലുമെന്നപോലെ അര്‍പ്പണമനോഭാവം, ചെയ്യാനുള്ള ആഗ്രഹം, ഇവിടെയും വളരെ പ്രധാനമാണ്. ഡെഡിക്കേഷന്‍, ഹാര്‍ഡ് വര്‍ക്ക്, ടെക്നോളജിയിലെ അപ്ഡേഷന്‍ എല്ലാം വളരെ ആവശ്യമാണ്. ഏറ്റവും മുഖ്യം ആഗ്രഹം തന്നെയാണ്. ആഗ്രഹമുണ്ടെങ്കില്‍ മറ്റുള്ള കാര്യങ്ങളെല്ലാം സ്വാഭാവികമായി തന്നെ ഉണ്ടാകും. ഇന്ത്യയില്‍ മൊത്തത്തിലും കേരളത്തിലും കടുത്ത മത്സരമുള്ള ഫീല്‍ഡ് തന്നെയാണിത്. ഞാന്‍ മലയാള സിനിമയിലെ ഛായാഗ്രാഹകരുടെ സംഘടനയില്‍ അംഗമാണ്. ഈ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത 260 ഫോട്ടോഗ്രഫര്‍മാരുണ്ട്. മലയാളത്തില്‍ ഒരു വര്‍ഷം ഷൂട്ട് നടക്കുന്നത് പരമാവധി 100 – 115 സിനിമകളാണ്. ആ കണക്കില്‍ മാസത്തില്‍ ശരാശരി 5-6 സിനിമകളുടെ ഷൂട്ടിംഗാണ് ഉണ്ടാകുക. ഈ സിനിമകളുടെ ഛായാഗ്രാഹകന്മാരില്‍ ഒരാളാകുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഒരു പ്രോജക്ട് ഉണ്ടായിവരിക, ഉണ്ടാക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

സിനിമയുടെ ഫോര്‍മാറ്റ് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ പോലെ ഡിജിറ്റല്‍ ക്യാമറകളോ എഡിറ്റിംഗ് സംവിധാനങ്ങളോ കുറച്ചുകാലം മുമ്പു വരെ ഉണ്ടായിരുന്നില്ല. ഒരു ഷോട്ട് എടുത്താല്‍ അത് ലാബില്‍ കൊണ്ടുപോയി ഡവലപ് ചെയ്‌തൊക്കെ നോക്കിയാണ് അടുത്ത ഘട്ടത്തിലേക്കു കടക്കുക. ഇപ്പോള്‍ മികച്ച ക്യാമറകളുണ്ട്. ഇന്ന് ഏത് കളറും മിക്‌സ് ചെയ്യാന്‍ നൂതന വിദ്യകളുണ്ട്. എന്നിട്ടും പല സിനിമകള്‍ക്കും തടസം നേരിട്ടിട്ടുള്ളത് പുതിയ ഛായാഗ്രാഹകരുടെ പിടിപ്പുകേടുമൂലമാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഈ രംഗത്തേക്കു വരുന്ന പുതിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

വളരെ ശരിയായ കാര്യമാണിത്. സിനിമയുടെ സാങ്കേതികവിദ്യകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ദിവസേനയെന്നോണം അതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ക്യാമറകളില്‍ തന്നെ 4കെ, 6കെ, 12കെ ക്യാമറകളെല്ലാം ഇവിടെ ലഭ്യമാണ്. ഓരോ ഷോട്ടിനും പലതരം ലെന്‍സുകള്‍ ഉപയോഗിക്കുന്നു. പോസ്റ്റ്പ്രൊഡക്ഷനിലേക്കു വരുമ്പോള്‍ ഡിഐ ഡിജിറ്റല്‍, ഇന്റര്‍മീഡിയറ്റ്, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ (ലൊക്കേഷനുകളില്‍ പോവാതെ സ്റ്റുഡിയോയില്‍ വെര്‍ച്വലായി നിര്‍മ്മിക്കുന്ന സെറ്റുകളില്‍ ചിത്രീകരിക്കുന്നത്), റിയല്‍ എന്‍ജിന്‍, ഗ്രാഫിക്സ് അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഈ സാങ്കേതികവിദ്യകളെല്ലാം ഇപ്പോള്‍ നമുക്കും ലഭ്യമാണ്. ഒരു സിനിമയെന്നു പറയുമ്പോള്‍ വളരെയധികം ആസൂത്രണം ചെയ്യേണ്ട കാര്യമാണ്. ടെക്നോളജി ഉപയോഗിക്കുമ്പോഴും ഇത്തരം പ്ലാനിംഗ് ആവശ്യമാണ്. ഒരു നിശ്ചിത സിനിമയില്‍ പുതിയ സാങ്കേതികവിദ്യ എന്തിനാണ് ഉപയോഗിക്കുന്നതെന്ന അറിവ് അല്ലെങ്കില്‍ ബോധം നമുക്കുണ്ടാകണം. ആ സാങ്കേതികവിദ്യ ഉപയോഗിച്ചതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ, സിനിമയുടെ പൊതുസ്വഭാവത്തിന് ചേരുന്നതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ചിന്തിക്കണം. മൊത്തം ഷൂട്ടിംഗ് സമയത്തിന്റെ രണ്ടോ മൂന്നോ ദിവസമായിരിക്കും ചിലപ്പോള്‍ ഇതിന്റെ ഉപയോഗമുണ്ടാകുക. അത് സിനിമയ്ക്ക് പ്രയോജനകരമാണെങ്കില്‍ നമ്മളത് നന്നായി പഠിക്കണം. കാരണം പലപ്പോഴും ഇത്തരം സാങ്കേതികവിദ്യകളുടെ ചെലവ് മലയാളം സിനിമയ്ക്ക് വഹിക്കാവുന്നതില്‍ അപ്പുറമായിരിക്കും. സിനിമയുടെ ബജറ്റ് താളംതെറ്റും. ഷൂട്ടിംഗ് തന്നെ മുടങ്ങും. പല ക്യാമറാമാന്‍മാര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്.

‘ഹോം’ ഒടിടി റിലീസാണെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണോ? ഒടിടി-ചാനല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളും തിയറ്ററുകളില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളും ചിത്രീകരിക്കുമ്പോള്‍ ഏതൊക്കെ തരത്തിലുള്ള വ്യത്യാസങ്ങളാണ് വേണ്ടത്? സാങ്കേതികമായി മാറ്റങ്ങള്‍ ആവശ്യമാണോ? ക്യാമറകളിലും എഡിറ്റിംഗിലും വ്യത്യാസം വേണോ? ഒടിടി റിലീസ് ഗുണം ചെയ്തോ?

‘ഹോം’ ഒരു തിയറ്റര്‍ സിനിമയായി തന്നെയാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിനുള്ള ക്യാമറകളും മറ്റുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപിക്കുകയും തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിടുകയും ചെയ്തതോടെ നിര്‍മാതാവ് വിജയ്ബാബു ഒടിടി റിലീസിന് തയ്യാറാകുകയായിരുന്നു. അതനുസരിച്ച് ഷൂട്ടിംഗ് സാങ്കേതിക സംവിധാനങ്ങളും മാറ്റി. പക്ഷേ സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതോടെ അതൊരു വ്യത്യസ്ത ലെവലിലായി. ഓണത്തിന് സിംഗിള്‍ റിലീസായാണ് ‘ഹോം’ വന്നത്. ഒടിടി കാരണമാണ് അതു സംഭവിച്ചത്. ‘ഹോം’ ഒരു കൊച്ചു സിനിമതന്നെയാണ്. തിയറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ഇത്തരം സിനിമകള്‍ക്ക് വൈഡ് റീലിസ് കിട്ടിയെന്നു വരില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് പിന്നീടത് വിജയം കൈവരിക്കുക. പക്ഷേ ഒടിടി റിലീസില്‍ 240 രാജ്യങ്ങളില്‍ ഈ സിനിമ ഇന്റര്‍നെറ്റിലൂടെ സ്ട്രീം ചെയ്തു. നിരവധി പേര്‍ വിദേശത്തു നിന്നും ഇന്ത്യയുടെ പല ഭാഗത്തു നിന്നും വിളിച്ച് അഭിനന്ദിച്ചു. പല ഭാഷകളിലെയും സംവിധായകരും അഭിനേതാക്കളും മറ്റും അവരിലുണ്ടായിരുന്നു. ത്രൂഔട്ട് വേള്‍ഡിലാണ് സിനിമ പോയത്. അതു വലിയൊരു ഗുണമായിരുന്നു. ഒടിടി റിലീസ് ചെയ്യുമ്പോള്‍ അവര്‍ നിര്‍ദേശിക്കുന്ന സാങ്കേതിക വിദ്യകളും ക്യാമറകളും ഉപയോഗിക്കണം. ഒരുപാട് സ്പെസിഫിക്കേഷനുകള്‍ അവര്‍ പറയുന്നുണ്ട്.

‘ഹോമി’നെ അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കില്‍, സിനിമയുടെ മനോഭാവം നിശ്ചയിക്കുന്നതില്‍ ഛായാഗ്രാഹകനുള്ള പങ്ക് എത്രത്തോളമുണ്ട്?

വളരെ പ്രധാനപ്പെട്ട പങ്കാണ് ഛായാഗ്രാഹകന് വഹിക്കാനുള്ളത്. ‘ഹോം’ ഒരു കൊച്ചു സിനിമയാണെന്ന് എല്ലാവരും പറയുമല്ലോ. പക്ഷേ ആ ഫീല്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടണം. ചലഞ്ചിംഗ് ആയിരുന്നു ‘ഹോമി’ന്റെ ഷൂട്ടിംഗ് എന്ന് സിനിമ കാണുമ്പോള്‍ തോന്നില്ല. ഒരേ രംഗത്തു തന്നെ ക്ലൈമറ്റ് മാറി വരുന്നതൊക്കെ കാണിക്കണമായിരുന്നു. മഴ വരുന്നു പോകുന്നു, വെയില്‍ വരുന്നു, വീണ്ടും മഴ…അങ്ങനെ. അതിന്റെ തുടര്‍ച്ച വേണ്ടിയിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് ഞാന്‍ സംവിധാ
യകന്‍ റോജിന്‍ തോമസിനൊപ്പം നന്നായി മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഏതു രംഗത്ത് ഏതു ലെന്‍സ് ഉപയോഗിക്കണം, ക്യാമറ എവിടെ വയ്ക്കണം, കളര്‍ടോണ്‍ എന്താകണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മുന്‍കൂര്‍ തീരുമാനമെടുക്കാന്‍ പറ്റി. സംവിധായകന്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ആവശ്യപ്പെടാതെ തന്നെ മനസിലാക്കാന്‍ പറ്റി. ലൈറ്റിംഗിലൊക്കെ ചില പുതുമകള്‍ വരുത്തിയിരുന്നു.

സിനിമാട്ടോഗ്രഫിക്കു പുറമേയുള്ള ഹോബികള്‍ എന്തൊക്കെയാണ്?

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഹോബി. ധാരാളം സിനിമകള്‍ കാണും. അതില്‍ നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്ന് എപ്പോഴും പരിശോധിക്കും. പിന്നെ ഞാനും റോജന്‍ തോമസും (‘ഹോമി’ന്റെ സംവിധായകന്‍), സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് ഒരു പോസ്റ്റ്പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഇട്ടിട്ടുണ്ട്. 2018ല്‍ ആണ് ഇതു തുടങ്ങിയത്. 40 സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇവിടെ ചെയ്തിട്ടുണ്ട്. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ 30-32 കിലോമീറ്റര്‍ വരെ സൈക്കിളിംഗ് നടത്താറുണ്ട്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
home cinemaneil d cunha

Related Articles

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കെഎല്‍സിഎ കൊച്ചി രൂപത

2018 ആഗസ്റ്റ് 15 മുതല്‍ കേരളത്തിലാകമാനം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. 2018 ആഗസ്റ്റ്

യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ?

ഒരു മനുഷ്യന് മാലാഖയെ തന്റെ ഭവനത്തിലേക്ക് വിളിച്ചുവരുത്തുവാന്‍ സാധിക്കുമോ? ഒരു മനുഷ്യന് മാലാഖയെ മറ്റു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുവാന്‍ കഴിയുമോ? ഈ ദിവസങ്ങളില്‍ ചില ക്രിസ്തീയ കുടുംബങ്ങളില്‍ മാലാഖമാരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*