നീതി നിഷേധിക്കപ്പെട്ടവരുടെ വേദന

നീതി നിഷേധിക്കപ്പെട്ടവരുടെ വേദന

മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരവും സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് നടത്തുന്ന ശക്തമായ ഇടപെടലും അവതരിപ്പിക്കുമ്പോഴാണ് സിനിമ അഭ്രപാളികള്‍ക്കപ്പുറം മനുഷ്യരോട് സംവദിക്കുവാന്‍ തുടങ്ങുക. ടി. ജെ ഗണവേല്‍ സംവിധാനം ചെയ്ത ജയ് ഭിം എന്ന ചിത്രം അത്തരത്തിലൊരു സംവാദമാണ്. ഹൈക്കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്ത ജസ്റ്റീസ് ചന്ദ്രുവിന്റെ ‘ലിസണ്‍ റ്റു മൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയെടുത്ത ചിത്രം. 1990കളില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ജയ് ഭിം. ആമസോണ്‍ പ്രൈംടൈമില്‍ ഒടിടിയായി റിലീസ് ചെയ്ത ചിത്രമാണിത്.

നീതി നിഷേധിക്കപ്പെട്ടവരുടെയും ആകാശം നഷ്ടപ്പെട്ടവരുടെയും വേദന ഒന്നു തന്നെയാണെന്ന് വിളിച്ചു പറയുകയാണ് ഈ ചിത്രം. അടിയാന്മാരുടെ അതിജീവനത്തിന്റെ കഥ പച്ചയായി വിവരിക്കുന്നതിലാണ് ഈ ചിത്രം മനുഷ്യമനസുകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത്. ശബ്ദമില്ലാത്ത ഒരുകൂട്ടം ജനതയുടെ ശബ്ദമായി മാറുകയാണ് ഈ ചിത്രം. അധികാരം, ജാതി, വംശീയത എന്നിവയ്‌ക്കെതിരെ ഒരു ആദിവാസി യുവതി നടത്തുന്ന നിയമ പോരാട്ടത്തിന്റെ കഥയാണിത്. ആമസോണ്‍ പ്രൈംടൈമില്‍ ഒടിടിയായി റിലീസ് ചെയ്ത ചിത്രമാണിത്.

ഭര്‍ത്താവ് രാജാക്കണ്ണിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ക്രൂര പീഡനത്തിനു വിധേയമാക്കുമ്പോള്‍ ഭാര്യ സെന്‍ഗനി നടത്തുന്ന നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. ഇരുള വിഭാഗത്തില്‍പ്പെട്ട സെന്‍ഗനി തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നതിനുവേണ്ടി നടത്തുന്ന ശക്തമായ ഇടപെടലുകള്‍ ഇന്നത്തെ ലോകത്ത് നമ്മുടെയൊക്കെ ജീവിതത്തിലേക്ക് തുറിച്ചുനോക്കുന്നതു തന്നെയാണ്. മനുഷ്യരായി ജനിച്ചവര്‍ മനുഷ്യരായി ജീവിക്കുവാന്‍ നടത്തുന്ന തീവ്രമായ നിയമ പോരാട്ടം തന്നെയാണ് ഈ ചിത്രം. വിവേചനത്തിന്റെ അചിന്തനീയമായ ഭാവങ്ങളാണ് ഈ ചിത്രത്തിലൂടെ നമ്മള്‍ കാണുക. അഭിഭാഷകനായിരുന്ന കാലത്ത് ചന്ദ്രുവാണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ സെന്‍ഗനിയ്ക്കു വേണ്ടി കേസ് നടത്തുന്നത്. അടിയന്തരാവസ്ഥകാലത്ത് സ്വന്തം മകനുവേണ്ടി ദീര്‍ഘനാള്‍ നിയമ പോരാട്ടം നടത്തിയ കേരളത്തിലെ ഈച്ചരവാര്യര്‍ എന്ന അച്ഛനെയും ഈ കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. മകന്‍ രാജനെ കണ്ടെത്താന്‍ ഈച്ചരവാര്യര്‍ ഹൈക്കോടതയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി നീതിന്യായ വ്യവസ്ഥയില്‍ തന്നെ വഴിത്തിരിവായിരുന്നുവല്ലോ.

എനിക്കു ചുറ്റുമുള്ള ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്നു നാം ചിന്തിക്കേണ്ടിരിക്കുന്നു. നിഷേധിക്കപ്പെട്ട നീതി അനീതിയേക്കാള്‍ ഭീകരമാണെന്ന ജസ്റ്റീസ് ചന്ദ്രുവിന്റെ വാക്കുകള്‍ നമ്മളെ വല്ലാതെ വിറങ്ങലിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെ എടുത്തുനോക്കിയാല്‍ ഓരോരുത്തരും ഒന്നിനൊന്നായി മികവുറ്റതാണെന്ന് നമുക്ക് കാണുവാന്‍ സാധിക്കും. ചന്ദ്രുവിനെ അവസരിപ്പിച്ച സൂര്യ മാനറിസങ്ങളില്‍ നിന്നും ഒരു സൂപ്പര്‍ഹീറോ എന്നതില്‍നിന്നൊക്കെ വ്യത്യസ്തമായി സാധാരണക്കാരനായി മാറുന്നു എന്നുള്ളതു തന്നെ വളരെ അത്ഭുതാവഹമാണ്. കയ്യടക്കത്തോടെ ചെയ്ത ഒരു കഥാപാത്രം. ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാന്‍ കഴിയുന്ന കഥാപാത്രത്തെ മലയാളിയായ ലിജോമോള്‍ അനശ്വരമാക്കുന്നുണ്ട്. നഷ്ടബോധത്തിന്റെ നിസ്സഹായതയുടെയും വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ ഭാവതലങ്ങളെ വളരെ വ്യക്തമായി അവതരിപ്പിക്കുവാന്‍ ലിജോമോള്‍ക്കു സാധിക്കുന്നുണ്ട്.. തന്റെ ഭര്‍ത്താവിനുവേണ്ടി നിയമപോരാട്ടം നടത്തുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥന്‍ പണം കൊണ്ട് വിലപേശുവാനായി കടന്നുവരുമ്പോള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തോറ്റാലും കുഴപ്പമില്ലായെന്നു പറഞ്ഞുകൊണ്ട് തന്റെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് നടന്നുവരുന്ന രംഗം മനുഷ്യമനസില്‍ മായാതെ നിലനില്‍ക്കുന്നതു തന്നെയാണ്. രാജാ കണ്ണനായി അഭിനയിച്ച മണികണ്ഠന്‍ തന്റെ സൂക്ഷ്മഭാവങ്ങള്‍ കൊണ്ട് മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ പ്രകാശ് രാജ്, രജിഷ വിജയന്‍ മറ്റു മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തങ്ങള്‍ക്കു ലഭിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കുന്നുണ്ടെന്നുള്ളതാണ് ഈ ചിത്രത്തിന്റെ വിജയം.

ഛായാഗ്രാഹണം നിര്‍വഹിച്ച ആര്‍. കതിരുവേല്‍ വളരെ മനോഹരമായ ദൃശ്യഭംഗി ഈ ചിത്രത്തിനു നല്‍കുന്നു. കഥാസന്ദര്‍ഭങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന രംഗസജ്ജീകരണങ്ങളും വേഷവിധാനങ്ങളും സിനിമയെ കൂടുതല്‍ അനുഭവഭേദ്യമാക്കുന്നുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന വളരെ ശക്തമായി കൈകാര്യം ചെയ്യുന്നുണ്ട് എന്നതാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഓരോ വ്യക്തിക്കുവേണ്ടിയും സ്വാതന്ത്ര്യമനുഭവിക്കാത്ത ഓരോ മനുഷ്യനുവേണ്ടിയും ഈ സിനിമ സംസാരിക്കുന്നുണ്ട്. സിനിമയിലെ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ നമുക്കൊരുപക്ഷേ അസ്വസ്ഥതയും ഭയവും ഉണ്ടാക്കുന്നുണ്ടെങ്കിലും ഒരു മനുഷ്യവര്‍ഗം അനുഭവിച്ച വേദനകളുടെ പച്ചയായ ആവിഷ്‌ക്കാരമാണ് സംവിധായകന്‍ എടുത്തുകാണിക്കുന്നത്. വ്യക്തമായ ഒരു രാഷ്ട്രീയ ധാര സിനിമ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഒരു കാലഘട്ടത്തില്‍ ജനങ്ങളനുഭവിച്ച ജാതി വിവേചനത്തെ വളരെ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്. ജയ് ഭിം എന്ന ചിത്രം.

അധികാര വ്യവസ്ഥിതി ഭരണഘടനാ തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലത്ത,് മനുഷ്യാവകാശധ്വംസനം നടക്കുന്ന ഈ കാലത്ത് ജയ് ഭിം നടത്തുന്ന പ്രതിധ്വനികള്‍ ഏറെയാണ്. കാണേണ്ട ഒരു ചിത്രം – കണ്ട് തിരിച്ചറിവുണ്ടാകേണ്ട ഒരു ചിത്രമാണിത്. ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്കറുടെ അനുയായികള്‍ ഉയര്‍ത്തിയിരുന്ന ഒരു മുദ്രാവാക്യമാണ് ജയ് ഭിം (ഭിം നീണാല്‍ വാഴട്ടെ). അരികുവത്കരിക്കപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഭാഗത്തു നിന്നു പോരാടിയ അംബേദികറുടെ സ്മരണ ഉണര്‍ത്തുവാനും ചിത്രം സഹായിക്കുന്നുണ്ട്.

ജയ് ഭിം എന്നു പറഞ്ഞാല്‍ പ്രകാശമാണ്. ഇരുളടഞ്ഞുപോയ നമ്മുടെ സംവിധാനങ്ങളിലേക്ക,് ജാതി വ്യവസ്ഥയിലേക്ക,് വര്‍ഗീയതയിലേക്ക് ഒരു വെളിച്ചമായി മാറേണ്ട ചിത്രം. ജയ് ഭിം എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമല്ലായെന്ന് തിരിച്ചറിയുമ്പോഴാണ് ഈ ചിത്രം നമ്മളോട് സംസാരിക്കുവാന്‍ തുടങ്ങുന്നത്. ഇരുളടഞ്ഞ വര്‍ഗീയ സമവാക്യങ്ങളിലേക്കുള്ളൊരു നേര്‍ക്കാഴ്ചയായി മാറട്ടെ ഈ ചിത്രം. രാജ്യാന്തര തലത്തില്‍ ജയ് ഭിം ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് പുതിയ വാര്‍ത്ത.


Related Articles

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ – ചായം പുരട്ടാത്ത ഓര്‍മ്മകള്‍

കേരളകാളിദാസന്‍ എന്ന വിശേഷണമുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ് ‘കാളിദാസ ശാകുന്തളം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. കേരളവര്‍മ്മത്തമ്പുരാന്റെ ‘ഭാഷാശാകുന്തളം’ മലയാളത്തിലുള്ള ആദ്യ പൂര്‍ണനാടകമായി പരിഗണിക്കുന്നു. സംസ്‌കൃത ഭാഷയാണ് മലയാളത്തിന്

കൊവിഡ് പ്രതിരോധമരുന്ന്: ഓസ്‌ട്രേലിയയില്‍ മുന്നേറ്റം

കാന്‍ബറ: ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണഘട്ടത്തിലെത്തിയതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കോമണ്‍വെ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന്

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അച്ചന്‍ അനുസ്മരണ ദിവ്യബലി ജപ്പാനിലെ അപ്പസ്‌തോലിക്ക നുണ്‍ഷ്യോയും ചേര്‍ത്തല കോക്കമംഗലം സ്വദേശിയുമായ ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*