തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം

by admin | May 28, 2022 6:54 am

ജെക്കോബി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും മുമ്പേ, ഇടതുമുന്നണി ഭരണത്തുടര്‍ച്ചയിലെ ആദ്യത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ വോട്ടര്‍മാര്‍ അതിന്മേലൊരു വിധിയെഴുത്തു നടത്തിയിരിക്കും. തൃക്കാക്കരയില്‍ ഏതു മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക, സാമൂഹിക വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന വിലയിരുത്തലോടെ, സംസ്ഥാനത്ത് ബദല്‍ രാഷ്ട്രീയത്തിന്റെ നാലാം മുന്നണി എന്നു വിശേഷിപ്പിക്കപ്പെടുന്ന കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം. ജേക്കബ് നയിക്കുന്ന ട്വന്റി20യും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്നുള്ള ജനക്ഷേമ സഖ്യം മത്സരത്തില്‍നിന്നു വിട്ടുനില്ക്കുന്ന പശ്ചാത്തലത്തില്‍, ജയപരാജയങ്ങള്‍ നിര്‍ണയിക്കാവുന്ന അവരുടെ വോട്ടുവിഹിതം മറിയുന്നതെങ്ങോട്ട് എന്ന ഉദ്വേഗം ഉയരുമ്പോഴും മണ്ഡലത്തിന്റെ മൗലികമായ രാഷ്ട്രീയ സ്വഭാവത്തില്‍ കൊവിഡാനന്തരകാലത്ത് അത്ര വലിയ മാറ്റമുണ്ടാകുമെന്ന് കരുതാനാവില്ല.

2021 ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 140 അംഗ നിയമസഭയില്‍ 99 സീറ്റു നേടി ചരിത്രവിജയത്തോടെ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍ഡിഎഫ് ഈ ഉപതെരഞ്ഞെടുപ്പിലൂടെ നൂറു തികയ്ക്കാനുള്ള ബദ്ധപ്പാടിലാണ്. മുഖ്യമന്ത്രി അമേരിക്കയില്‍ ”തുടര്‍പരിശോധനകള്‍ക്കും അതിവിദഗ്ധ ചികിത്സാവിധികള്‍ക്കും” വിധേയനാകുമ്പോഴാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശസ്തമായ ലിസി ആശുപത്രിയിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. ജോ ജോസഫിനെ അപ്രതീക്ഷിതമായി ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിക്കാനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നു നിര്‍ദേശിക്കപ്പെട്ട യുവ നേതാവ് കെ.എസ് അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം മാധ്യമങ്ങളിലും മണ്ഡലത്തിലെങ്ങും ചുമരെഴുത്തുകളിലും പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെയാണ് സിപിഎമ്മിന്റെ ”നവകേരളസൃഷ്ടി” സങ്കല്പത്തിന്റെ ഭാഗമായ ‘പ്രഫഷണല്‍’ സ്ഥാനാര്‍ഥിയുടെ നാടകീയ രംഗപ്രവേശം.

കത്തോലിക്കാ സഭയിലെ പ്രബല സമുദായ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് എന്നു വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരേ ആ സമുദായത്തില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതി സംരക്ഷണത്തിനായി മാധവ ഗാഡ്ഗിലും കസ്തൂരി രംഗനും മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ പിന്താങ്ങിയതിന്റെ പേരില്‍ ഇടുക്കിയിലെ ക്രൈസ്തവ കുടിയേറ്റ മേഖലയില്‍ ഹൈറേഞ്ച് സംരക്ഷണ കൗണ്‍സിലിന്റെയും സഭാനേതൃത്വത്തിന്റെയും അതിശക്തമായ എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഇടുക്കി ലോക്‌സഭാ, തൊടുപുഴ നിയമസഭാ മണ്ഡലങ്ങള്‍ വിട്ട് കോണ്‍ഗ്രസിന്റെ കരുത്തനായ യുവനേതാവ് പി.ടി. തോമസിന് കൊച്ചിയുടെ ഉപനഗരമായ തൃക്കാക്കരയില്‍ ചുവടുറപ്പിക്കേണ്ടിവന്നത്. ഇടവകസമൂഹങ്ങളുടെയും വോട്ടവകാശമുള്ള വിശ്വാസികളുടെയും സ്ഥിതിവിവരകണക്കുകള്‍ പരിശോധിച്ചാല്‍ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരില്‍ 20 ശതമാനത്തിലേറെ വരും വരാപ്പുഴ അതിരൂപതയുടെ പരിധിയില്‍ വരുന്ന ലത്തീന്‍ കത്തോലിക്കാ സമൂഹം. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ എന്തുകൊണ്ടും പ്രഥമ പരിഗണന ലഭിക്കേണ്ടത് ലത്തീന്‍ സമുദായത്തിനാണെങ്കിലും മൗണ്ട് സെന്റ് തോമസ്, സിഎംഐ സഭാ ആസ്ഥാനങ്ങള്‍ കണ്ടിട്ടാകണം ഈ മണ്ഡലത്തിലെ സമ്മതിദായകരുടെ അംഗബലത്തില്‍ മുന്നില്‍ നില്ക്കുന്നത് സീറോ മലബാര്‍ വിഭാഗമാണെന്ന തെറ്റായ ധാരണ ചില രാഷ്ട്രീയ ചാണക്യന്മാര്‍ പ്രചരിപ്പിക്കുന്നത്.

മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയില്‍ അധികാര പങ്കാളിത്തവും സാമൂഹികനീതിയും നേടിയെടുക്കാനുള്ള മുഖ്യ ഉപാധി വോട്ടവകാശംതന്നെയാണ്. ജാതി നോക്കിയല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്. എങ്കിലും പിന്നാക്ക സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന, ജനാധിപത്യമൂല്യങ്ങളും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തോടൊപ്പം ചേരുകയാണ് നിലനില്പിന് അനിവാര്യമായിട്ടുള്ളത്. സര്‍വതലസ്പര്‍ശിയും സാമൂഹികക്ഷേമകരവുമായ വികസനം, ആഗോളീകരണക്കാലത്ത് ലോകമെമ്പാടുമുള്ള ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് കരുത്തുപകരുന്ന കേരള മോഡല്‍ ബദല്‍ നയം എന്നിവയെക്കുറിച്ച് ഊറ്റംകൊള്ളുന്നത് കൊള്ളാം. പക്ഷേ, സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണ്. പൊതുഗതാഗതത്തിനുള്ള പ്രധാന സംവിധാനമായ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ല; ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ട്രഷറികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. അപ്പോഴും, കടക്കെണിയുടെയും പരിസ്ഥിതിദുരന്തത്തിന്റെയും മുന്നറിയിപ്പും കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ അതിശക്തമായ എതിര്‍പ്പുമെല്ലാം അവഗണിച്ചുകൊണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാതെ പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്നാണ് മുഖ്യമന്ത്രി കട്ടായം പറയുന്നത്. വ്യക്തമായ പദ്ധതി രൂപരേഖയോ സുതാര്യമായ നടപടിക്രമങ്ങളോ ഒന്നുമില്ലാതെ സാമൂഹിക ആഘാത പഠനത്തിനെന്ന പേരില്‍ നിയമവിരുദ്ധമായി സ്വകാര്യഭൂമിയില്‍ അതിക്രമിച്ചുകയറി ബലപ്രയോഗത്തിലൂടെ കെ-റെയില്‍ അതിരടയാളക്കുറ്റികള്‍ നാട്ടി സംസ്ഥാനത്ത് ഉടനീളം നൂറുകണക്കിനു മനുഷ്യരെ ദ്രോഹിച്ചതെന്തിനെന്ന് ഹൈക്കോടതി ചോദിക്കുന്നുണ്ട്. ജിയോ ടാഗ് സര്‍വേ നടത്താനായിരുന്നെങ്കില്‍ എന്തിനായിരുന്നു മാസങ്ങള്‍ നീണ്ട പൊലീസ് അതിക്രമങ്ങള്‍?

സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷന്റെ പൂട്ടിപ്പോയ 68 മദ്യവില്പനശാലകള്‍ ഉടന്‍ തുറക്കാനും ആവശ്യാനുസരണം 175 പുതിയ മദ്യക്കടകള്‍ അനുവദിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം നികുതിവരുമാനത്തിനായി മലയാളികളെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള അബ്കാരി നയത്തിന്റെ ഏറ്റവും പുതിയ അടയാളമാണ്. രാജ്യത്ത് അനിയന്ത്രിതമായി കൂട്ടിക്കൊണ്ടിരുന്ന ഇന്ധനവിലയില്‍ ലേശം എക്‌സൈസ് നികുതി ഇളവ് അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുരണനം കൊതിക്കെറുവിന്റേതാണ്. വോട്ടുബാങ്കിനുവേണ്ടിയുള്ള വര്‍ഗീയ പ്രീണന നയം സമൂഹത്തില്‍ എത്ര ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നതിന്റെ ഏറ്റവും ഭീതിദമായ ദൃഷ്ടാന്തമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഒരാളുടെ തോളിലിരുന്ന് ഒരു ആണ്‍കുട്ടി വിളിച്ചുകൊടുത്ത അന്ത്യക്രിയയ്ക്ക് ”അരിയും മലരും കുന്തിരിക്കവും” കരുതിക്കോ എന്ന പ്രകോപനപരമായ കൊലവിളി. വംശീയവിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുന്‍ എംഎല്‍എയ്ക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഒരുക്കിയെങ്കില്‍, അഞ്ചു മാസം മുന്‍പ് രണ്ടു വര്‍ഗീയ കൊലകള്‍ നടന്നിടത്ത് മതസ്പര്‍ധയ്ക്കും വര്‍ഗീയ അക്രമത്തിനും ആഹ്വാനം നല്കുന്ന ബജ്‌റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ശക്തിപ്രകടനങ്ങള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടികള്‍ക്ക് എന്തു ന്യായീകരണമുണ്ട്, തൃക്കാക്കരയിലെ ചില വോട്ടുതാല്പര്യങ്ങളല്ലാതെ?

പി.ടി. തോമസ് എംഎല്‍എ ആദ്യഘട്ടത്തില്‍ ഇടപെട്ടതുകൊണ്ടുമാത്രം തേഞ്ഞുമാഞ്ഞുപോകാതിരുന്ന കുപ്രസിദ്ധമായ ഒരു കേസ് – നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതു സംബന്ധിച്ചത് – ഇപ്പോള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരായ അതിജീവിതയുടെ ഗുരുതരമായ ആരോപണങ്ങളില്‍ വന്നെത്തിനില്ക്കുന്നത് കേവലം യാദൃഛികമാകാനിടയില്ല.

ഏതാണ്ട് 17,340 പഞ്ചായത്ത് വാര്‍ഡുകളുള്ള സംസ്ഥാനത്ത് 42 വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നാലു സീറ്റ് കൂടുതല്‍ നേടാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചതിന്റെ തെളിവായി തന്റെ രണ്ടാം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. തൃക്കാക്കര നിയമസഭാമണ്ഡലം രൂപംകൊണ്ടതിനുശേഷം ഇതുവരെ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ ജയിപ്പിച്ച ചരിത്രമാണുള്ളത്. കൊവിഡ്കാലത്ത് ഇടതുമുന്നണി സംസ്ഥാനത്താകെ പ്രതീക്ഷിച്ചതിലും ഉജ്വലമായ വിജയം കൊയ്തപ്പോഴും കോണ്‍ഗ്രസ് 14,329 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഈ മണ്ഡലത്തില്‍ ഇക്കുറി ഒരു അട്ടിമറി സംഭവിച്ചാല്‍, സില്‍വര്‍ലൈനല്ല അതിലും ഭയങ്കര ‘സ്വപ്‌നപദ്ധതികള്‍ക്കുള്ള’ ഏറ്റവും വലിയ ജനകീയ മാന്‍ഡേറ്റ് ആയി നിയമസഭയിലെ ആ നൂറാം സീറ്റ് മാറാതിരിക്കുമോ!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/jeevanaadam-editorial-thrikakkara/