സ്വയംനിര്‍ണയാവകാശം വീണ്ടെടുക്കുക- ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: സ്വയംനിര്‍ണയത്തിന്റെ അവകാശവും ഒപ്പം നടക്കാനുള്ള അവകാശവും വീണ്ടെടുത്തുകൊണ്ടുവേണം കേരളത്തിലെ റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഭാവി ഭാസുരമാക്കുവാനെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഓര്‍മപ്പെടുത്തി. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്കാ ദിന സംഗമത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ സമൂഹം റിവേഴ്സ് ഗിയറില്‍ പോകുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താന്‍, ഉറക്കം മതി ചങ്ങാതീ, ഉത്ഥാനം ചെയ്തിടാമിനി എന്ന ഉണര്‍ത്തുപാട്ടിന്റെ ആവശ്യമുണ്ട് എന്ന ഓര്‍മപ്പെടുത്തലിന്റെ അവസരമാണ് ഈ ദിനാചരണം.
സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അഭിമാനകരമായ ഒട്ടേറെ നല്ല കാര്യങ്ങളുടെയും തുടക്കം കുറിച്ചത് നമ്മളാണ്. അവയുടെ തുടര്‍ച്ചയിലും വളര്‍ച്ചയിലും അഭിമാനിക്കേണ്ടവരാണ് നാം. എന്നാല്‍ വിഭവശേഷിയുടെ കരുത്തും കൗശലവും കൊണ്ട് മറ്റു ചിലര്‍ ആ തുടര്‍ച്ചകളെ മറ്റു ചില വേഷങ്ങളണിയിച്ച് നവോത്ഥാനത്തിന്റെ പുതിയ തുടക്കങ്ങളായി അവതരിപ്പിക്കുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത്.
ചരിത്രത്തിന്റെ ഈ അപനിര്‍മിതിയില്‍ നവോത്ഥാന സംരംഭങ്ങളുടെ നടുനായകത്വം മറ്റു പലരിലും ആരോപിക്കപ്പെടുന്നുവെന്നത് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ നാം ശ്രമിക്കുമ്പോഴും, പലവുരു ആവര്‍ത്തിക്കപ്പെട്ട വികലാഖ്യാനങ്ങളുടെ പാഠങ്ങള്‍ പുതിയ ചരിത്രകാരന്മാര് പിന്നെയും പ്രചരിപ്പിക്കുന്നതായി കാണാം.
മലയാളക്കരിയില്‍ വനിതാശക്തീകരണ മുന്നേറ്റത്തിന്റെ തുടക്കക്കാരില്‍ ഏറ്റവും ശ്രദ്ധേയരാണ് കൂനമ്മാവില്‍ ആരംഭിച്ച കര്‍മലീത്താ മൂന്നാംസഭയുടെ സന്ന്യാസിനീ സമൂഹം. ഒസിഡി സമൂഹത്തിന്റെ ഉത്ഭവവും സിടിസി എന്ന തെരേസ്യന്‍ കര്‍മലീത്താ സമൂഹത്തിന്റെ പൈതൃകവും സംബന്ധിച്ച ചരിത്രവസ്തുതകള്‍ തമസ്കരിക്കാനും പ്രഥമ സന്ന്യാസിനീസഭയുടെ സംസ്ഥാപനത്തിന്റെ ഉത്തരവാദി മറ്റാരോ ആണെന്ന് വരുത്തിതീര്‍ക്കാനും ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ സാര്‍വത്രിക പൊതുവിദ്യാഭ്യാസ പ്രസ്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന ചരിത്രപ്രധാനമായ സര്‍ക്കുലറിന്റെ കര്‍തൃത്വം വരാപ്പുഴ വികാരിയാത്തിന്റെ മേലധ്യക്ഷനായിരുന്ന ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിക്കുതന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ നമുക്ക് ഏറെ ഗുസ്തിപിടിക്കേണ്ടിവന്നു. എന്നിട്ടും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വികലചരിത്രാഖ്യാനങ്ങള് ഉപേക്ഷിക്കാന്‍ ഇപ്പോഴും പലര്‍ക്കും ആകുന്നില്ല.
കേരള നവോത്ഥാനത്തിന്റെ തുടക്കം ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ സുവ്യക്തമായി കാണാം. എന്നാല്‍ ഈ ചരിത്രത്തെ അംഗീകരിക്കാന്‍ ചിലര്‍ക്കു താല്പര്യമില്ല. പെണ്മക്കള്ക്ക് പിതൃസ്വത്തില് തുല്യ അവകാശമുണ്ടെന്നു സ്ഥാപിക്കുന്നതിനുള്ള മേരി റോയിയുടെ കേസുണ്ടാകുന്നത് 1983-ല്‍ ആണ്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനയില്‍ പെണ്മക്കള്ക്ക് പിതൃസ്വത്തില് നിന്ന് തുല്യവഹിതം നല്‍കേണ്ടതാണെന്ന് കല്പിച്ചിരുന്നുവെന്ന് സ്ത്രീശാക്തീകരണത്തിന്റെ വക്താക്കള്‍ ഓര്‍ക്കേണ്ടതുണ്ട്. ചരിത്രപൈതൃകങ്ങളുടെ വീണ്ടെടുപ്പ് ആത്മബോധവും സ്വത്വബോധവും ഉണര്‍ത്തി നിര്‍ത്തുന്നതിന് അത്യാവശ്യമാണ്. പൈതൃകസ്മരണകള്‍ ഉണര്ത്തിനിര്ത്തിവേണം അതിന്റെ അടിസ്ഥാനത്തില്‍ ഭാവി കെട്ടിപ്പടുക്കാന്‍.
നീ ആരാണെന്ന് നിനക്ക് അറിയില്ലെങ്കില്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം നീ ആരാണെന്ന് എന്നു പറഞ്ഞ് കുറെ കുതിരവട്ടം പപ്പുമാര്‍ നമ്മുടെ ചുറ്റുപാടുകളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. നാം ആരാണെന്നു പറഞ്ഞുതരാന്‍ ഇത്തരം പപ്പുമാരുടെ ദര്‍ശനം നമുക്ക് ആവശ്യമില്ല. സ്വന്തം ചരിത്രവും പൈതൃകവും വീണ്ടെടുത്താലേ നാം ആരാണെന്ന് നമുക്ക് തിരിച്ചറിവുണ്ടാകൂ. ആത്മബോധത്തിന്റെയും സ്വയംനിര്ണയത്തിന്റെയും അവകാശം വീണ്ടെടുക്കാന്‍ റോമന്‍ കത്തോലിക്കാ ദിനാചരണം പ്രചോദനമാകുമെന്ന് ബിഷപ് കരിയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വമ്പന്മാരുടെ കോടികള്‍ ആര്‍ബിഐ എഴുതിത്തള്ളി
മുംബൈ: വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. വിവരാവകാശ നിയമപ്രകാരമുള്ള (ആര്‍ടിഐ) ചോദ്യത്തിന്
ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്
പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര
ദുരിതം ഒഴിയാതെ ചെല്ലാനം
കൊച്ചി: കടലാക്രമണത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ദുരിതമൊഴിയാതെ ചെല്ലാനത്തെ വീടുകള്‍. കടല്‍ അല്പം ശാന്തമാണെങ്കിലും വെള്ളം കയറിയ വീടുകളില്‍ താമസിക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങള്‍. ആയിരത്തോളം വീടുകളിലുള്ളവരാണ് ബന്ധുക്കളുടെയും