തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

ഇന്നു നമ്മള്‍ ലത്തീന്‍ കത്തോലിക്ക ദിനം ആചരിക്കുകയാണ്. കെആര്‍എല്‍സിസിയുടെ ആവിര്‍ഭാവത്തിനുശേഷം തുടങ്ങിവച്ച ദിനാചരണം വളരെ ശ്ലാഘനീയമായ ഒരു നടപടിയാണ്. ഈ അവസരം സഭാവിശ്വാസത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അംഗങ്ങളുടെ രക്തസാക്ഷിത്വ അനുസ്മരണ ദിനം കൂടിയായി ആചരിച്ചാല്‍ നന്നായിരിക്കും. അത് സമൂഹത്തിലെ അംഗങ്ങള്‍ക്കും ഇതര ക്രൈസ്തവ സഹോദരങ്ങള്‍ക്കും പൊതുസമൂഹത്തിനും അറിവു പകരുന്നതായിരിക്കും.

ഈ അവസരത്തില്‍ വിശ്വാസ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച ധീര അല്മായ വനിത ഫ്ളോറിയെക്കുറിച്ച് അനുസ്മരിക്കുന്നത് ഉചിതമായി തോന്നുന്നു. തിരുവനന്തപുരം അതിരൂപതയിലെ ചെറിയതുറ ഇടവകയിലെ അംഗവും അഞ്ചു മക്കളുടെ മാതാവും ഗര്‍ഭിണിയുമായിരുന്ന ഫ്ളോറി പെരേരയെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പൊലീസ് വെടിവച്ചുകൊന്നത് 1959 ജൂലൈ മൂന്നാം തീയതിയാണ്. മറ്റു പലരും രക്തസാക്ഷികളായി.

പക്ഷേ, നമ്മുടെ സംവിധാനങ്ങള്‍ ഇതൊന്നും അറിഞ്ഞുമില്ല, ആ രക്തസാക്ഷി ദിനങ്ങള്‍ ആചരിച്ചുമില്ല. വിശ്വാസ സംരക്ഷണത്തിനായി സഭ നല്‍കിയ ആഹ്വാനത്തിലാണ് മഹത്തരമായ ഈ സംഭവമുണ്ടായത്. വിശ്വാസ സംരക്ഷണത്തിന് ജീവന്‍ അര്‍പ്പിക്കുന്നവരെയാണ് സഭ വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഫ്ളോറി ആരെന്നു ചോദിച്ചാല്‍ നമ്മുടെ എത്ര കുഞ്ഞുങ്ങള്‍ക്ക് അറിയാന്‍ സാധിക്കും? അവരുടെ ധീരബലിദാനം, രക്തസാക്ഷികളുടെ ചിത്രങ്ങള്‍ പോലും നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ ഇടം പിടിക്കുക അപൂര്‍വ്വമാണ്.ഇത്തരം മഹനീയമായ വിശ്വാസ സംരക്ഷണ രക്തസാക്ഷിത്വം നമ്മള്‍ ഓര്‍ത്തില്ലെങ്കില്‍, ആചരിച്ചില്ലെങ്കില്‍ പിന്നെ ആരാണ്, എന്നാണ് ഓര്‍ക്കുക? ഈ ദിനത്തിലെങ്കിലും സംഘടനാ നേതാക്കള്‍ ഫ്ളോറിയെയും മറ്റു രക്തസാക്ഷികളെയും ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

തീരദേശജനത വളരെ ദുരിതത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റിനു ശേഷം കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്നിട്ടും സുരക്ഷിതത്വം ഉറപ്പായിട്ടില്ല. ശംഖുമുഖവും ചെല്ലാനവും നാള്‍ക്കുനാള്‍ കടലെടുത്ത് ശോഷിച്ചുപോകുകയും തീരദേശത്തേക്ക് വലിയതോതില്‍ കടലേറ്റമുണ്ടാകുകയും ചെയ്യുന്നു. ന്യൂനമര്‍ദ്ദമോകാറ്റോ മഴയോ ഉണ്ടാകുമ്പോള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കാറുണ്ട്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഇതുപോലെ നിരവധി മുന്നറിയിപ്പുകളാണ് അവര്‍ക്കു ലഭിച്ചത്. ഇതനുസരിച്ച് തൊഴിലിനു പോകാതിരിക്കുമ്പോള്‍ അവരുടെ കുടുംബം പട്ടിണിയാകുകയാണ്. കെആര്‍എല്‍സിസിയുടെ സംഘടനയായ കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അടക്കമുള്ള നിരവധി മത്സ്യത്തൊഴിലാളി സംഘടനകളും ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലപ്പോഴായി പെടുത്തിയിട്ടുണ്ട്്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയ്യാറാകണം.

കാര്‍ഷികമേഖലയിലും നിരവധിയായ പ്രശ്നങ്ങളുണ്ട്. വന്യമൃഗശല്യം മൂലം കര്‍ഷകരുടെ വിളകളെല്ലാം നശിച്ചുപോകുകയാണ്. കര്‍ഷകരുടെ ജീവന്‍ പോലും പലപ്പോഴും അപകടത്തിലാകുന്നുണ്ട്. ഇക്കാര്യത്തിലും ഉചിതമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ കാലാവധി അവസാനിച്ചിട്ട് വര്‍ഷങ്ങളായി. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ പല ജില്ലകളും പൂര്‍ണമായും നശിച്ചുപോകും. പ്രവചിക്കാനാകാത്ത ജീവനഷ്ടവും സംഭവിക്കും. അതുകൊണ്ട് മുല്ലപ്പെരിയാറില്‍ കേരളത്തിന്റേതായ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും നിഷേധിക്കുന്നത് ക്രൂരതയാണ്. വിശ്വാസത്തിന്റെ പേരില്‍ ആരോടും വിവേചനം കാണിക്കാന്‍ പാടില്ല. ദളിതരിലെ ഒരു വിഭാഗത്തിന് അവകാശങ്ങള്‍ അനുവദിക്കുമ്പോള്‍ മറുവിഭാഗത്തെ അവഗണിക്കുന്ന നടപടി ശരിയല്ല. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് നിയമനിര്‍മാണ സഭകളിലുണ്ടായിരുന്ന പ്രാതിനിധ്യം നിര്‍ത്തലാക്കിയത് വിവേചനം തന്നെയാണ്.

ലത്തീന്‍ സമൂഹം പങ്കാളിത്തശൈലിയാണ് കാലങ്ങളായി തുടര്‍ന്നുപോരുന്നത്. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള സമഗ്രപദ്ധതികളാണ് കെആര്‍എല്‍സിസിയും ആവിഷ്‌കരിച്ചുവരുന്നത്. 2023-ല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ വിളിച്ചുചേര്‍ത്തിരിക്കുന്ന മെത്രാന്മാരുടെ സിനഡ് ഈ പരസ്പര സ്നേഹത്തെയും ഐക്യത്തെയും ഊട്ടിയുറപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. നമ്മുടെ രൂപതകളിലും ഇടവകകളിലും സിനഡ് അനുബന്ധ പരിപാടികള്‍ നടന്നുവരികയാണ്. എല്ലാവരും സര്‍വ്വാത്മനാ ഈ സംരംഭങ്ങളില്‍ പങ്കാളികളാകണം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
latin catholic day

Related Articles

കെസിബിസി പ്രൊലൈഫ് സമിതി: സാബു ജോസ് പ്രസിഡന്റ്, അഡ്വ. ജോസി സേവ്യര്‍ ജനറല്‍ സെക്രട്ടറി

എറണാകുളം: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും മഹത്വത്തിനും പൂര്‍ണതയ്ക്കുമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റായി സാബു ജോസ്

യുവജനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു. രൂപതാതല യുവജന ദിനാഘോഷം നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുളള

നവീകരിച്ച വരാപ്പുഴ ദേവാലയം ആശീര്‍വദിച്ചു

എറണാകുളം: നവീകരിച്ച ചരിത്ര പ്രസിദ്ധമായ വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയം അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആശിര്‍വദിച്ചു. ഗോതിക് ശില്പചാരുതിയുടെ മനോഹാരിതയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*