ധൂർത്തനായ പിതാവ്: തപസ്സുകാലം നാലാം ഞായർ

ധൂർത്തനായ പിതാവ്: തപസ്സുകാലം നാലാം ഞായർ

തപസ്സുകാലം നാലാം ഞായർ
വിചിന്തനം :- ‘ധൂർത്തനായ പിതാവ് (ലൂക്കാ 15: 1-3, 11-38)

“ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു” (v.11). ഒരു മുത്തശ്ശി കഥയുടെ ആരംഭം കുറിക്കുന്ന പ്രതീതി. കഥ ഒത്തിരി പ്രാവശ്യം കേട്ടതാണെങ്കിലും വീണ്ടും കേൾക്കുന്തോറും പുതിയ എന്തെങ്കിലും അതിൽ ഉണ്ടാകും എന്ന പ്രതീക്ഷ ഉള്ളിൽ നാമ്പിടുന്നു. ശരിയാണ്, ഇത് വെറുമൊരു കഥ മാത്രമല്ലല്ലോ. ലോകത്തിലെ ഒരു പുസ്തകത്താളും ധൂർത്തപുത്രന്റെ ഉപമയെ പോലെ ബന്ധങ്ങളുടെ ആഴവും ലാവണ്യവും ചിത്രീകരിക്കുന്ന ഒരു കഥയും മെനഞ്ഞിട്ടില്ല. ഓർക്കുക, ക്രിസ്തു പറഞ്ഞ ഈ ഉപമയുടെ ലക്ഷ്യം നമ്മൾ സ്വരൂപിച്ചു കൂട്ടിയിരിക്കുന്ന ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുക എന്നതാണ്.

എനിക്കിഷ്ടം ധൂർത്തപുത്രനോടാണ്. അവൻ അസംഖ്യമാണ്. നമ്മുടെ ഇടയിൽ അവനെ എണ്ണിത്തീർക്കാനാവില്ല. അവൻ ചരിത്രമാണ്. എന്റെയും നിന്റെയും ചരിത്രം. മുറിവേറ്റ മാനവികതയുടെ ചരിത്രം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞ പോലെ അവൻ felix culpa ആണ്, ആനന്ദദായകമായ ഒരു വീഴ്ച, ഒരു തെറ്റ്. ആ തെറ്റിലൂടെ ദൈവഹൃദയത്തിന്റെ തരളിതഭാവം എനിക്കും നിനക്കും കാണാൻ സാധിച്ചു.

ഒരിക്കൽ ഇളയവൻ വീടുവിട്ടു ഇറങ്ങുകയാണ്. അങ്ങനെ അവൻ ഒരു അന്വേഷിയായി മാറുന്നു. സന്തോഷം അന്വേഷിച്ചുള്ള ഇറങ്ങി പോക്കും സ്വയം കണ്ടെത്തുവാനുള്ള ഒരു പുറപ്പാടും. അവന്റെ ഭവനവും പിതാവും സഹോദരനും ഈ അന്വേഷണത്തിൽ അവന് മതിയായിരുന്നില്ല. “ഇതു പോരാ” എന്ന ചിന്ത അവനെ എപ്പോഴും അലട്ടിയിരുന്നു. ആ ഇറങ്ങിപ്പോക്ക് ഒരു വിപ്ലവമായിരുന്നു. സ്നേഹം അന്വേഷിച്ചുള്ള വിപ്ലവം. സത്യമാണ്. എത്രയോ പ്രാവശ്യമാണ് വിപ്ലവകാരികൾ സ്നേഹത്തിനു വേണ്ടിയുള്ള മുറവിളിയിൽ ഒറ്റപ്പെട്ടു പോയിട്ടുള്ളത്. അവൻ ധനത്തിലും സ്ഥാനമാനങ്ങളിലും സ്നേഹമന്വേഷിച്ചു. പക്ഷേ അവയുടെ ആഴങ്ങളിലേക്ക് അവൻ ഇറങ്ങിച്ചെന്നപ്പോൾ കണ്ടത് ശൂന്യത മാത്രം ആയിരുന്നു. അങ്ങനെ ഒരു ദിവസം അവൻ ഒരു പന്നിക്കൂട്ടിൽ എത്തിപ്പെടുകയാണ്. സ്വതന്ത്രനായ വിപ്ലവകാരി ഇപ്പോൾ അടിമയായിരിക്കുന്നു. പന്നികളുടെ തീറ്റ കൊണ്ട് അവൻ വയറു നിറക്കുന്നു.

ഉപമ പറയുന്നു, ”അപ്പോൾ അവനു സുബോധം ഉണ്ടായി” (v.17). തന്റെ പിതാവിന്റെ ഭവനത്തിലെ സുഭിക്ഷമായ ഭക്ഷണത്തിന്റെ സ്വപ്നം അവനെ വിളിച്ചുണർത്തി. അങ്ങനെ അവൻ ഭവനത്തിലേക്ക് തിരിക്കുന്നു. സ്നേഹത്തെ പ്രതിയല്ല. ഭക്ഷണം ഓർത്തിട്ടാണ്. പശ്ചാത്തപിച്ചതുകൊണ്ടല്ല. മരണത്തെ മുന്നിൽ കണ്ട ഭയം കൊണ്ട് മാത്രമാണ്.
പിതാവ് അവനെ സ്വീകരിക്കുന്നു. ഓർക്കുക. ദൈവത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടിയുള്ള ഏതു കാരണത്തെയും ദൈവം ഒരു കാര്യമായി എടുക്കുന്നില്ല എന്നതാണ് സത്യം. ഒരു തീരുമാനം, ഒരു സ്റ്റെപ്പ് നീ എടുത്താൽ മാത്രം മതി. ദൈവത്തിങ്കലേക്ക് നീ നടക്കുകയാണെങ്കിൽ അവൻ നിന്നിലേക്ക് ഓടിവരും. നീ ഒന്നു തുടങ്ങിയാൽ മാത്രം മതി ദൈവം അവിടെ എത്തിയിരിക്കും. സുവിശേഷം മനോഹരമായി ചിത്രീകരിക്കുന്നു; ”ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്സലിഞ്ഞു ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (v.20).

ആ കെട്ടിപ്പിടിച്ചുള്ള ചുംബനത്തിലൂടെ മകൻ ഒരു വാക്കുപോലും ഉരിയാടുന്നതിനു മുൻപേ പിതാവ് അവനോട് ക്ഷമിക്കുകയാണ്. പശ്ചാത്തപിച്ച ഹൃദയത്തെ നേരത്തെ കാണുന്ന സ്നേഹമാണത്. അതുകൊണ്ടാണ് കരുണയുടെ സമയം മുന്നറിവ് ആണെന്ന് പറയുന്നത്.

സ്നേഹത്തിനായുള്ള അന്വേഷണവും വിപ്ലവകരമായ പ്രവാസവും പന്നികളോടൊത്തുള്ള സഹവാസവും ഒന്നും തന്നെ പിതാവിനെക്കുറിച്ച് മനസ്സിലാക്കാൻ അവനെ സഹായിച്ചില്ല എന്നതിന് തെളിവാണ് തന്നെ ഒരു അടിമയായി സ്വീകരിക്കണം എന്ന ചിന്തയും പദങ്ങളും അവൻ കൂട്ടിവയ്ക്കുന്നത്. സത്യമാണ്. ഇപ്പോഴും നമുക്ക് ദൈവത്തെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ദൈവം നമ്മോട് ക്ഷമിക്കുന്നത് ഒരു കല്പന പുറപ്പെടുവിച്ചു കൊണ്ടല്ല. മറിച്ച് സ്നേഹാർദ്രമായ് ഒരു തഴുകലിലൂടെയാണ്, ആലിംഗനത്തിലൂടെയാണ്, ആഘോഷത്തിലൂടെയാണ്. പിതാവ് പുത്രന്‍റെ ഭൂതകാലത്തിലേക്ക് എത്തി നോക്കുന്നില്ല. അന്ന് എന്തു സംഭവിച്ചു എന്ന് അവൻ ചികഞ്ഞ് അന്വേഷിക്കുന്നില്ല. മറിച്ച് പുതിയൊരു ഭാവി സൃഷ്ടിക്കുകയാണ്. എല്ലാവരും നഷ്ടപ്പെട്ടു എന്നു പറയുമ്പോൾ ദൈവം കണ്ടെത്തി എന്ന് പറയും. എല്ലാവരും അവസാനിച്ചു എന്ന് പറയുമ്പോൾ ദൈവം പുനർജനിച്ചു എന്നു പറയും.

ഈ പിതൃ-പുത്ര കണ്ടുമുട്ടലിൽ കുറ്റപ്പെടുത്തലിനോ കുറ്റബോധത്തിനോ സ്ഥാനമില്ല. അവിടെയുള്ളത് സ്നേഹത്തിന്റെ നൃത്തവാദ്യഘോഷം മാത്രമാണ്.

അവസാനം ആ പിതാവ് മൂത്തപുത്രനോട് കെഞ്ചുവാൻ വേണ്ടി ഇറങ്ങി തിരിക്കുന്നുണ്ട്. അവൻ പുത്രനാണ് പക്ഷേ അവനില്‍ ഉണ്ടായത് അടിമയുടെ ഹൃദയമായിരുന്നു. ആ ഹൃദയത്തിൽ ആത്മാർത്ഥത ഇല്ലാതിരുന്നതിനാൽ പിതാവിനോടൊപ്പം ആയിരുന്നെങ്കിലും സന്തോഷരഹിതൻ ആയിരുന്നു. ഇളയമകൻ ശരീരംകൊണ്ട് പിതാവിൽ നിന്നും അകലെ ആയിരുന്നപ്പോൾ മുതിർന്നവൻ ഹൃദയംകൊണ്ട് കാതങ്ങൾക്കകലെ ആയിരുന്നു എന്നതിന് തെളിവാണ് അവന്റെ പരിഭവവും പരിദേവനങ്ങളും. പിതാവ് ആ മകനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ അതിൽ ആ വയോധികൻ വിജയിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് സുവിശേഷകൻ ഒന്നും വ്യക്തമാകുന്നില്ല. അപ്പോഴും ഒരു കാര്യം വ്യക്തമാണ്; തീർത്തും അനീതിയോടെ സ്നേഹിക്കുന്ന ഒരു പിതാവിന്‍റെ ചിത്രം. ആ പിതാവാണ് എന്റെയും നിന്റെയും ദൈവം.

ഒന്നാം വായന
ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12)

(ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു)

അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. ഇസ്രായേല്‍ ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു. പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന് ഉണ്ടാക്കിയ പുളിപ്പി ല്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു. പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന് പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട് ഉപജീവനം നടത്തി.
കര്‍ത്താവിന്റെ വചനം..

പ്രതിവചനസങ്കീര്‍ത്തനം

(34 : 1-2, 3-4, 5-7)

കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായി രിക്കും. കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
കര്‍ത്താവ് എത്ര ……
എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം. ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തര മരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
കര്‍ത്താവ് എത്ര ……
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. ഈ എളിയവന്‍ നിലവിളിച്ചു, കര്‍ ത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. കര്‍ത്താവിന്റെ ദൂതന്‍ ദൈവ ഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (5 : 17 – 21)

(ദൈവം നമ്മെ ക്രിസ്തുവഴി തന്നോടുതന്നെ രമ്യതപ്പെടുത്തി)

സഹോദരരേ, ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യ തപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെ ല്ലാം. അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട് ക്രിസ്തു വഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ ക്രിസ്തു വിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍ വഴി ദൈവം നിങ്ങ ളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യത പ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.
കര്‍ത്താവിന്റെ വചനം..

സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വച നമേ, അങ്ങേയ്ക്കു മഹത്ത്വം. (Lk. 15 : 18) ഞാന്‍ എഴു ന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേ യ്ക്കു മഹത്ത്വം.

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (15: 1-3,11-32)

(നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു. അവന്‍ പുനര്‍ജ്ജീവിച്ചിരിക്കുന്നു)

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടി രുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടു കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. ഇളയവന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. ഏറെ താമ സിയാതെ, ഇളയമകന്‍ എല്ലാം ശേഖരിച്ചുകൊണ്ടു ദൂര ദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. അവന്‍ എല്ലാം ചെലവ ഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിന ക്ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു. അവന്‍, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയം തേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലി ലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലും കൊണ്ടു വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍ അവനു സുബോ ധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്‍മാര്‍ സുഭിക്ഷമായി ഭക്ഷണം കഴി ക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതി രായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യ നല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്ക ണമേ. അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതി രായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യ നല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കു വിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരി പ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടു വന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം. എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടു കിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.
അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്ത ത്തിന്റെയും ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തു വന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടു കാരോടൊത്ത് ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെ പ്പോലും നീ എനിക്കു തന്നില്ല. എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനി ക്കുള്ളതെല്ലാം നിന്‍േറതാണ്. ഇപ്പോള്‍ നമ്മള്‍ ആനന്ദി ക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനി പ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നു.
കര്‍ത്താവിന്റെ സുവിശേഷം.


Related Articles

ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്

ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ  സമുദായ ദിനത്തിന്റെ  പ്രമേയം. കെ ആർ

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*