വിവാഹ കൂദാശയിലും ഇടങ്കോലിടുമ്പോള്‍


ജെക്കോബി
വ്യക്തിനിയമങ്ങളും വിശ്വാസപ്രമാണങ്ങളും മതാചാരങ്ങളും സിവില്‍ ജൂറിസ്പ്രൂഡന്‍സിന് അതീതമായ ദൈവികനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം ഇടപെടുന്നതിന് തക്കതായ കാരണങ്ങളുണ്ടാകണം. ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ സാമൂഹികക്ഷേമത്തിനും നിയമപരമായ പരിരക്ഷയ്ക്കുമായി നയങ്ങള്‍ പരിഷ്കരിക്കുകയോ പുതിയ നിയമങ്ങള്‍ ആവിഷ്കരിക്കുകയോ ചെയ്യുമ്പോള്‍, അവ നേരിട്ടു ബാധിക്കുന്ന ജനസമൂഹത്തിന്റെ ഉത്തമതാല്പര്യവും പൊതുഹിതവും എന്താണെന്ന് അന്വേഷിക്കാനും അത് അവരെ ബോധ്യപ്പെടുത്താനുമുള്ള ബാധ്യതകൂടി ഭരണകൂടത്തിനുണ്ട്. കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമായി ഒരു ഏകീകൃത വിവാഹ രജിസ്ട്രേഷന് നിയമം ഇപ്പോള്‍ കൊണ്ടുവരേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന് ക്രൈസ്തവ വിവാഹങ്ങളുടെ രജിസ്ട്രേഷനു വേണ്ടി ഒരുക്കിയ കരടുനിയമം നിയമസഭയുടെ പരിഗണനയ്ക്കായി വരികയാണ്. ക്രൈസ്തവ സഭകളില്‍ വിവാഹം പരിശുദ്ധ കൂദാശയാണ്. സിവില്‍ നിയമപ്രകാരം രണ്ടു വ്യക്തികള്‍ തമ്മിലുള്ള കരാര്‍ എന്നതിലുപരി, ദൈവവുമായും രണ്ടു വ്യക്തികള്‍ തമ്മിലുമുള്ള പവിത്രമായ ഒരു ഉടമ്പടിയുടെ പരികര്‍മ്മത്തിന് കൗദാശികമായ സാധുത നല്‍കുന്നതിന് കത്തോലിക്കാ സഭയില്‍ കാനോന്‍ നിയമം അനുശാസിക്കുന്ന സുവ്യക്തവും സുദൃഢവുമായ വ്യവസ്ഥകളുണ്ട്. സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമായ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഈ ബില്ല് ഏതു പുരോഗമനാശയത്തിന്റെ പേരിലായാലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മറ്റൊരു രാഷ്ട്രീയ പ്രഹസനമായേ വിലയിരുത്താന്‍ കഴിയൂ.
പഴയ ബ്രിട്ടീഷ് മലബാറില്‍ നിലവിലുണ്ടായിരുന്ന 1872-ലെ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ മാരേജ് ആക്ട്, പഴയ കൊച്ചി രാജ്യത്ത് കൊല്ലവര്‍ഷം 1095-ല്‍ (ക്രിസ്ത്വബ്ദം 1920) നടപ്പാക്കിയ ദ് കൊച്ചിന് ക്രിസ്റ്റ്യന്‍ സിവില്‍ മാരേജ് ആക്ട് എന്നിവ പിന്‍വലിച്ചുകൊണ്ടാണ് ഈ രണ്ടു നിയമങ്ങളുടെയും പരിധിയില്‍ വരാത്ത പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ കേരളത്തിനു മൊത്തത്തില്‍ ബാധകമാകുന്ന ഏകീകൃത നിയമം കൊണ്ടുവരാന്‍ കമ്മീഷന് ശുപാര്‍ശ ചെയ്യുന്നത്. ഏകീകൃത സിവില്‍ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ അതിലെ വകുപ്പുകള്‍ വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങള്‍ക്കുതന്നെ വിരുദ്ധമായാല്‍ അത് തീര്‍ച്ചയായും പുനഃപരിശോധിക്കേണ്ടിവരും.
വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നതിനും ജോലി സമ്പാദിക്കാനും, നാട്ടില്‍ തന്നെ നിയമപരമായ പല ആവശ്യങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. കേരളത്തിലെ എല്ലാ വിവാഹങ്ങള്‍ക്കും പൊതുവെ ബാധകമാകുന്ന രജിസ്ട്രേഷന് നിയമം 2008-ല്‍ നിലവില്‍ വന്നിട്ടുണ്ട്. 2008-ലെ കേരള രജിസ്ട്രേഷന് ഓഫ് മാരേജസ് (കോമണ്‍) റൂള്‍സ് പ്രകാരം ക്രിസ്ത്യാനികളുടെ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ ഒരു നിയമതടസവും നിലവില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ക്കു മാത്രമായി വിവാഹ രജിസ്ട്രേഷന് സ്റ്റാറ്റിയൂട്ടറി പരിഷ്കാരത്തിന്റെ അടിയന്തരാവശ്യം എന്താണ്?
പ്രതിശ്രുത വധൂവരന്മാര് – ഇതില്‍ ഒരാള്‍ ക്രൈസ്തവ വിശ്വാസിയായിരിക്കണം – വിവാഹിതരാകാന്‍ തീരുമാനിച്ച വിവരം രേഖപ്പെടുത്തിയ നോട്ടീസിനൊപ്പം ഒരു സത്യവാങ്മൂലവും രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച് വിവാഹം നടത്തേണ്ടയിടത്തെ മാരേജ് ഓഫിസര്‍ക്കു നല്‍കണമെന്നു ബില്ലില്‍ പറയുന്നു. ബൈബിളില്‍ വിശ്വസിക്കുകയും യേശു ക്രിസ്തു ദൈവത്തിന്റെ ഏകജാതനായ പുത്രനാണെന്ന് അംഗീകരിക്കുകയും ഏതെങ്കിലും ക്രൈസ്തവ വിഭാഗത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്ത വ്യക്തി എന്നാണ് ക്രിസ്ത്യാനിക്ക് ഈ നിയമത്തില്‍ നല്കുന്ന നിര്‍വചനം. മെത്രാന് മേലധ്യക്ഷനായ സഭാവിഭാഗങ്ങള്‍ക്കു പുറമെ, എപ്പിസ്കോപ്പല്‍ സംവിധാനമില്ലാത്ത യഹോവാ സാക്ഷികള്‍ ഉള്‍പ്പെടെയുള്ള ഇതര വിഭാഗങ്ങള്‍ക്കും നിയമം ബാധകമാകും. ഓരോ ക്രൈസ്തവ വിഭാഗത്തിലും വിവാഹം നടത്തിക്കൊടുക്കാന്‍ നിയോഗിക്കപ്പെടുന്ന പുരോഹിതനെ മാരേജ് ഓഫിസര്‍ എന്നാണ് ഇതില്‍ വിളിക്കുന്നത്. മാരേജ് ഓഫിസര്‍ വിവാഹ നോട്ടീസിന്റെയും സത്യവാങ്മൂലത്തിന്റെയും കോപ്പി വിവാഹ രജിസ്ട്രാര്‍ ആയ സ്ഥലത്തെ തദ്ദേശഭരണ സെക്രട്ടറിക്കും, പ്രതിശ്രുത ദമ്പതിമാരില്‍ ഇതരവ്യക്തിയുടെ സ്ഥലത്തെ വിവാഹ ഓഫിസര്‍ക്കും അയച്ചുകൊടുക്കുകയും മൂന്നിടങ്ങളിലും അവ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. വിവാഹത്തിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ ഏഴു ദിവസം അനുവദിക്കണം. തടസം ഉന്നയിക്കപ്പെട്ടാല്‍ അതിനെക്കുറിച്ച് അന്വേഷിച്ച് തീര്പ്പുകല്പിക്കേണ്ടത് മാരേജ് ഓഫിസറാണ്.
കത്തോലിക്കാ സഭയില്‍ വിവാഹനിശ്ചയത്തിനും അതു സാക്ഷ്യപ്പെടുത്തുന്നതിനും വിവാഹനിശ്ചയത്തിന്റെ വിവരം മൂന്നു വട്ടം പള്ളിയില്‍ വിളിച്ചുചൊല്ലുന്നതിനും മറ്റും ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലം തൊട്ട് നൂറ്റാണ്ടുകളായി തുടരുന്ന വ്യവസ്ഥാപിത ചട്ടങ്ങളുണ്ട്. പ്രതിശ്രുത ദമ്പതികള്‍ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും വിവാഹം നടത്തിക്കൊടുക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ദേവാലയത്തിലെ തിരുക്കര്മങ്ങള്ക്കുമധ്യേ ദമ്പതികള്‍ തന്നെ കാര്‍മികരായി നടത്തുന്ന പവിത്ര കൂദാശയുടെ ഉടമ്പടി വൈദികന് ആശീര്‍വദിക്കുന്ന രീതിയാണ് കത്തോലിക്കാ സഭയില്‍ നിലവിലുള്ളത്. പുതിയ ചട്ടപ്രകാരം വിവാഹം പള്ളിയിലാകണമെന്നില്ല; വധുവോ വരനോ നിശ്ചയിക്കുന്നയിടത്തും നേരത്തും ചെന്നു നടത്തികൊടുക്കേണ്ടിവരും. അവര്‍ ആവശ്യപ്പെടുന്ന പ്രകാരം വിവാഹം നടത്തികൊടുക്കാന്‍ വിസമ്മതിച്ചാല്‍ മാരേജ് ഓഫിസറായ വൈദികനെതിരെ പൊലീസിനു കേസെടുക്കാം, കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്നു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ! അനധികൃതമായി വിവാഹം നടത്തികൊടുത്താലുള്ള ശിക്ഷ മൂന്നു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ്.
വിവാഹമെന്ന കൂദാശയുടെ കാനോനിക വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥനായ വൈദികന് സഭയുടെ വിശ്വാസപാരമ്പര്യങ്ങള്ക്കു വിരുദ്ധമായി ബില്ലിലെ വ്യവസ്ഥ പ്രകാരം കക്ഷികള്‍ പറയുന്നിടത്തു പോയി വിവാഹം നടത്തികൊടുത്തില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാകുമത്രെ! വിശ്വാസജീവിതത്തിലെ പരമപ്രധാന ഘടകമായ കുടുംബം, വൈവാഹിക ജീവിതം എന്നിവയ്ക്ക് ആധാരമായ വിവാഹമെന്ന കൂദാശയെ കേവലം സിവില്‍ കരാറായി തരംതാഴ്ത്തുന്ന ഈ നിയമപരിഷ്കാരം ക്രൈസ്തവ വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. വിശേഷിച്ച് ഒരു പ്രശ്നവുമില്ലാതെ സമാധാനപരമായി തങ്ങളുടെ മതാചാരങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ ഈ മഹാദുരിതകാലത്ത് ഇങ്ങനെ കാലുഷ്യം സൃഷ്ടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ ഏകോപന സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോള്‍ ലീഗിനോട് അടുത്തുനില്ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചുകൊണ്ട് സാമുദായിക ഭിന്നിപ്പിന്റെ രാഷ്ട്രീയ അടവുനയം കളിക്കുന്ന ഇടതുസര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് നിയമനത്തിന് സ്പെഷല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് മതിയെന്നു നിശ്ചയിക്കുന്നത് ഇരട്ടത്താപ്പാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ് വിതരണത്തിന് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കി, അത് ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്ന് കഴിഞ്ഞ മേയില്‍ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചപ്പോള്‍, ക്രൈസ്തവരിലെ മുന്നാക്ക വിഭാഗങ്ങളുടെ നേട്ടത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ഭരണകൂടം ശ്രമിച്ചത്. സംസ്ഥാനത്തെ രണ്ടു പ്രധാന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന സാമുദായിക സ്പര്‍ധ എത്രത്തോളം ആപല്‍ക്കരമാകുമെന്ന് തിരിച്ചറിയാഞ്ഞിട്ടല്ല, ആ വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന നിര്‍ദേശത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. വിദ്വേഷപ്രചാരണത്തിന്റെ ജ്വാലകള്‍ മാസങ്ങളോളം അണയാതെ കാത്ത് ഒടുവില്‍ കഴിഞ്ഞ മാസം അപ്രതീക്ഷിതമായി സുപ്രീം കോടതിയില്‍ അപ്പീലുമായി പോയിരിക്കുന്നു.
മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ നിയമനങ്ങളിലും 10% സംവരണം പ്രഖ്യാപിക്കാന്‍ ശാസ്ത്രീയമായ വിവരശേഖരണമോ വിദഗ്ധ പഠനമോ ഒന്നും നടത്തേണ്ടതില്ല എന്നു നിശ്ചയിച്ചിരുന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നാക്കക്കാരിലെ ഏറ്റവും ദരിദ്രരായവരുടെ നിജസ്ഥിതി പഠിക്കുന്നതിന് കുടുംബശ്രീ ശൃംഖലയെ ഉപയോഗിച്ച് അടിയന്തരമായി ഒരു സാമൂഹിക-സാമ്പത്തിക സാംപിള്‍ സര്‍വേ നടത്തുകയാണ്. സംസ്ഥാനത്തെ 19,000 തദ്ദേശഭരണ വാര്‍ഡുകളില്‍ ഓരോന്നിലും അഞ്ചു കുടുംബങ്ങളെ വീതം കണ്ടെത്തി ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ കൊടിയ ദൈന്യാവസ്ഥ വിലയിരുത്തും. ഇഡബ്ല്യുഎസ് വിഭാഗങ്ങളെ സമുദ്ധരിക്കുന്നതിന് വിപുലമായ പാക്കേജുകള്‍ ആവിഷ്കരിക്കാന്‍ സാംപിള്‍ സര്‍വേ നടത്തുന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക നിജസ്ഥിതി പഠിക്കാന്‍ മൂന്നംഗ കമ്മീഷന് സിറ്റിങ് ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് എന്നോര്‍ക്കണം. ആ കമ്മീഷന് റിപ്പോര്‍ട്ടു വരുമ്പോഴേക്കും തുടര്‍ഭരണ രാഷ്ട്രീയം ഒരുവഴിക്കായിട്ടുണ്ടാകുമല്ലോ!
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ – ചായം പുരട്ടാത്ത ഓര്‍മ്മകള്‍
കേരളകാളിദാസന്‍ എന്ന വിശേഷണമുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ് ‘കാളിദാസ ശാകുന്തളം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. കേരളവര്‍മ്മത്തമ്പുരാന്റെ ‘ഭാഷാശാകുന്തളം’ മലയാളത്തിലുള്ള ആദ്യ പൂര്‍ണനാടകമായി പരിഗണിക്കുന്നു. സംസ്കൃത ഭാഷയാണ് മലയാളത്തിന്
രാജസ്ഥാനിലെ ബിജെപി എംപി ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍
ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു
ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.
കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ്