മാനവസ്നേഹത്തിന്റെ ഉടമ്പടി പുതുക്കാന്‍

മാനവസ്നേഹത്തിന്റെ ഉടമ്പടി പുതുക്കാന്‍

സാഹോദര്യം ഫ്രാന്‍സിസ് പാപ്പായുടെ ഏഴു വര്‍ഷത്തെ ശ്ലൈഹികവാഴ്ചയുടെ മൂലമന്ത്രവും ഫലശ്രുതിയുമാണ്. മഹാചാര്യപദവിയിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സാരസംഗ്രഹവും സംക്ഷേപവുമായാകും ‘സോദരര്‍ സര്‍വരും’ (ഫ്രതേല്ലി തൂത്തി) എന്ന മൂന്നാമത്തെ ചാക്രികലേഖനം ലോകം വായിച്ചെടുക്കുക. സാഹോദര്യത്തിനും സാമൂഹികമൈത്രിക്കും വേണ്ടി പൊന്തിഫിക്കല്‍ രേഖകളില്‍ പരമോന്നത ശ്രേണിയിലുള്ള ഒരു ചാക്രികലേഖനംതന്നെ തന്റെ സാമൂഹിക പ്രബോധനമായി ഫ്രാന്‍സിസ് പാപ്പാ എഴുതുന്നത് ‘അടഞ്ഞ ലോകത്തിനുമേല്‍ ഇരുണ്ട മേഘങ്ങള്‍’ കരിനിഴല്‍ വീഴ്ത്തുന്ന കൊടുംവിപത്തിനു നടുവില്‍, ഏവരും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതരായ കൊവിഡ് മഹാമാരിക്കാലത്താണ് എന്നത് ഈ സാര്‍വജനീന സന്ദേശത്തിന് തീക്ഷ്ണതയേറ്റുന്നു.

ലോകം മുഴുവനിലേക്കും തുറക്കുന്ന ഒരു ഹൃദയത്തെക്കുറിച്ചു പറയാന്‍, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ച ഈശോസഭാംഗമായ ഈ അര്‍ജന്റീനക്കാരന്‍ സാഹോദര്യം, ദാരിദ്ര്യം, കാരുണ്യം എന്നീ സുവിശേഷമൂല്യങ്ങളുടെ പൊരുളും ദൃഷ്ടാന്തങ്ങളും ഹെബ്രായ – ക്രൈസ്തവ പാരമ്പര്യങ്ങളില്‍ നിന്നും തിരുവെഴുത്തുകളില്‍ നിന്നും കണ്ടെടുക്കുന്നതിന്റെ ചൊവ്വും ഭംഗിയും സാരള്യവും, അഞ്ചു വര്‍ഷം മുന്‍പ് ഇറങ്ങിയ ‘ലൗദാത്തോ സീ’ (അങ്ങേയ്ക്ക് സ്തുതി) എന്ന ചാക്രികലേഖനത്തിലെന്നപോലെ ഈ പുതിയ പ്രബോധനത്തിലും തെളിഞ്ഞുകാണാം. രണ്ടിന്റെയും ശീര്‍ഷകം വിശുദ്ധ ഫ്രാന്‍സിസിന്റെ വചസുകളാണ് എന്നതുതന്നെ വലിയൊരു അടയാളമുദ്രയാണ്. വിശുദ്ധ ഫ്രാന്‍സിസ് തന്റെ സഹോദരര്‍ക്കു നല്‍കിയ ആറാം അനുശാസനമാണ് ഫ്രതേല്ലി തൂത്തി. വിശുദ്ധ ഫ്രാന്‍സിസിന്റെ ഉദ്ബോധനങ്ങളുടെ 800ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, അസീസിയില്‍ വിശുദ്ധന്റെ കബറിടത്തില്‍ തിരുനാളിന്റെ വേസ്പെര ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് ഫ്രതേല്ലി തൂത്തി പ്രബോധനത്തില്‍ കൈയൊപ്പുചാര്‍ത്തിയത്. അസീസിയിലെ വിശുദ്ധന്റെ ക്രിപ്റ്റില്‍ ആദ്യമായാണ് ഒരു പാപ്പയുടെ ബലിയര്‍പ്പണം; ആധുനിക ചരിത്രത്തില്‍ ഒരു ചാക്രികലേഖനം റോമിനു വെളിയില്‍ വച്ച് ഇങ്ങനെ വിളംബരം ചെയ്യുന്നതും ആദ്യമായാണ്.
എവാഞ്ചേലി ഗൗദിയും (സുവിശേഷത്തിന്റെ ആനന്ദം) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ഓര്‍മിപ്പിക്കുന്നതുപോലെ, ആശയങ്ങളെക്കാള്‍ വലുതാണ് യാഥാര്‍ഥ്യം എന്ന ബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള പാവപ്പെട്ടവരുടെ ഉന്നമനവും ദീര്‍ഘകാലത്തേക്കുള്ള പൊതുനന്മയും ലക്ഷ്യം വയ്ക്കുന്ന ശ്രേഷ്ഠതരമായൊരു രാഷ്ട്രീയത്തെക്കുറിച്ചും, സ്വാര്‍ഥതയുടെയും ലാഭക്കൊതിയുടെയും നിസ്സംഗതയുടെയും ചൂഷണത്തിന്റെയും ആഗോളീകരണത്തെയും വിഭജനത്തിന്റെയും ധ്രുവീകരണത്തിന്റെയും ദുരന്തഫലങ്ങളെയും ചെറുക്കാനായി പുതിയൊരു സാമൂഹികക്രമം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ പുനഃക്രമീകരണത്തെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നത്. ഭൂമിയെ പൊതുഭവനമായി കണ്ടുകൊണ്ട് പരിസ്ഥിതിയെ പരിപാലിക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കുന്ന ലൗദാത്തോ സീ രേഖയെക്കാള്‍ വലുപ്പമേറിയതാണ് ഭരണസംവിധാനങ്ങളിലും സാമൂഹികവ്യവസ്ഥിതികളിലുമുണ്ടായിട്ടുള്ള അതിഗുരുതരമായ തകര്‍ച്ചകളുടെ (ഇമമേേെൃീുവശര ്യെേെലാ ളമശഹൗൃല)െ പശ്ചാത്തലത്തില്‍ വ്യക്തിജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും ദേശീയ, അന്തര്‍ദേശീയ തലത്തിലും വരുത്തേണ്ട മാറ്റങ്ങളുടെ സ്ഥൂലവും സമഗ്രവും സാധിഷ്ഠവുമായ മാര്‍ഗരേഖയാകുന്ന ഫ്രതേല്ലി തൂത്തി എന്ന സാമൂഹിക പ്രബോധനം.

എട്ട് അധ്യായങ്ങളിലായി ഇംഗ്ലീഷ് പരിഭാഷയില്‍ 43,000 വാക്കുകള്‍ വരുന്ന ഈ രേഖ ഉത്പത്തിപുസ്തകത്തെക്കാള്‍ വലുതാണ് (32,046 വാക്കുകളേ ഉത്പത്തിപുസ്തകം ഇംഗ്ലീഷ് പരിഭാഷയിലുള്ളൂ; യോഹന്നാന്‍ എഴുതിയ സുവിശേഷത്തെക്കാള്‍ (15,635 വാക്കുകള്‍) ഏതാണ്ട് മൂന്നുമടങ്ങുണ്ടത്). ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയത്തിന് ഏറ്റവും പ്രിയങ്കരമായ വിഷയങ്ങളും മുഖ്യ ആശങ്കകളും വലിയ പ്രത്യാശകളും ഒരൊറ്റ പ്രബ
ന്ധത്തില്‍ സമാഹരിക്കാമെങ്കില്‍ അത് ഈ എന്‍സിക്ലിക്കലിലാണ്. ‘തുറവി’ എന്ന വാക്ക് 76 തവണയാണ് ഇതില്‍ ആവര്‍ത്തിക്കപ്പെടുന്നത്; ‘സംവാദം’ 49 തവണയും. ഓരോ വ്യക്തിയും പൂര്‍ണനാകുന്നത് മറ്റു വ്യക്തികളുമായുള്ള ബന്ധത്തിലും കൂട്ടായ്മയിലുമാണ്, ഞാന്‍ ഞാനാകുന്നത് നമ്മള്‍ നമ്മളാകുന്നതിലൂടെയാണ് എന്ന തിരിച്ചറിവില്‍ നിന്നു തുടങ്ങി, ഒരേ പിതാവിന്റെ സന്തതികളെന്ന നിലയില്‍ സാര്‍വലൗകിക സാഹോദര്യത്തില്‍ അന്തസോടെ ജീവിക്കാനുള്ള, ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ സാധ്യമല്ലാത്ത അലംഘനീയമായ മാനവാന്തസില്‍ നിന്ന് ഉത്ഭവിക്കുന്ന മനുഷ്യാവകാശങ്ങളെ പരിരക്ഷിക്കുന്ന, അപരന്റെ വ്യത്യസ്തത അംഗീകരിക്കുന്ന കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും തുറവിയുടെയും അനുരഞ്ജനത്തിന്റെയും സംസ്‌കാരത്തിലേക്കുള്ള വളര്‍ച്ചയാണ് ഫ്രാന്‍സിസ് പാപ്പായുടെ സാമൂഹിക ദര്‍ശന സാകാരം.

സാമൂഹിക സ്നേഹമെന്ന വികാരം സാര്‍വത്രികവും സ്വാഭാവികവും അനിവാര്യവുമാണ്. സ്നേഹത്തിന്റെ പ്രകൃതംതന്നെ മറ്റുള്ളവരെ സ്വീകരിക്കാനുള്ള കഴിവാണ്. പരസ്പരബന്ധത്തിന്റെ വലിയൊരു കൂടിച്ചേരലില്‍ വ്യത്യസ്തതയുടെയും വൈവിധ്യത്തിന്റെയും ബഹുകോണ പരിലേഖമെല്ലാം സംയോജിക്കുന്നു. എല്ലാ മനുഷ്യരിലും, വിശേഷിച്ച് അവശരും ദരിദ്രരും വ്രണിതരുമായവരില്‍, അന്തര്‍ലീനമായ മഹത്വം അംഗീകരിക്കുന്നതാണ് യഥാര്‍ഥ മാനവസാഹോദര്യം. കുടുംബാംഗങ്ങളോടുള്ള സ്വാഭാവിക സ്നേഹം അപരിചിതരോടും കാണിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതും, വീണുകിടക്കുന്നവരെ പിടിച്ചെഴുന്നേല്‍പ്പിക്കാനും ഒപ്പം ചേര്‍ക്കാനുമുള്ള അവസരം പാഴാക്കാതിരിക്കുന്നതുമാണ് നല്ല സമറിയക്കാരന്റെ ഉപമയെക്കുറിച്ചുള്ള ധ്യാനം. അന്തസോടെ ജീവിക്കാന്‍ ആവശ്യമായവ ഒരു വ്യക്തിക്കില്ലാതെപോകുന്നത് മറ്റൊരാള്‍ അതു പിടിച്ചുവച്ചിരിക്കുന്നതുകൊണ്ടാണ്. സ്വകാര്യസ്വത്തും ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ പൊതുലക്ഷ്യവും സംബന്ധിച്ച കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണം. അധികാരത്തിലിരിക്കുന്നവര്‍ക്കു മാത്രം ഗുണം ചെയ്യുന്ന വിധത്തില്‍ വിപണിയെ ഉയര്‍ത്തിപ്പിടിക്കുന്ന നവലിബറലിസമെന്ന ഉദാരവത്കരണവും, ദേശീയതയുടെയും ജനപിന്തുണയുടെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവിന്റെയും അകറ്റിനിര്‍ത്തലിന്റെയും വിഭജനരാഷ്ട്രീയ സിദ്ധാന്തവും എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനും തുറവിയോടെ ലോകത്തെ സമീപിക്കാനുമുള്ള നമ്മുടെ കഴിവിനെ ഹനിക്കുന്ന പ്രവണതകളാണ്.
സാംസ്‌കാരിക സംഘര്‍ഷത്തിന്റെയും ഭയപ്പാടിന്റെയും പ്രശ്നമായി അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും കാണുന്നതിനു പകരം ഫലവത്തായ കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും സാധ്യതയായും അപരിചിതരോട് കാരുണ്യവും കരുതലും കാണിക്കാനുള്ള അവസരമായും അവരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കുടിയേറ്റത്തിന്റെയും മനുഷ്യക്കടത്തിന്റെയും ചൂഷണത്തിന്റെയും പ്രശ്നത്തിനു പരിഹാരം കാണേണ്ടത് രാജ്യാന്തരതലത്തിലാണ്. ചില അസാധാരണ സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപാധിയായി യുദ്ധത്തെയും വധശിക്ഷയെയും കാണുന്നത് അധാര്‍മികമാണ്. അക്രമത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇരകളായവര്‍ക്കിടയില്‍ സമാധാനവും സാഹോദര്യവും പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന് ഒന്നടങ്കം കഴിഞ്ഞകാല ക്രൂരപാപങ്ങള്‍ മറക്കാനാവില്ല എന്നുവരും. സത്യം, നീതി, കാരുണ്യം എന്നിവയില്‍ അധിഷ്ഠിതമായി വ്യക്തിഗതമായാണ് അനുരഞ്ജനവും പൊറുതിയും സാധ്യമാകുക.
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം മാനവകുടുംബത്തിന്റെ സാഹോദര്യം വളര്‍ത്തിയെടുക്കുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. വിശുദ്ധ ഫ്രാന്‍സിസ് അസീസി 1221ല്‍ വിശുദ്ധനാട്ടിലേക്കുള്ള തീര്‍ഥാടനത്തിനിടെ, അഞ്ചാം ക്രൂസേഡിന്റെ ഘോരയുദ്ധത്തിനു നടുവില്‍ പലസ്തീന്‍, സിറിയ, ഈജിപ്ത് എന്നിവയുടെ സുല്‍ത്താന്‍ മലിക് അല്‍ കമീലിനെ കാണാന്‍ ഇലുമിനാത്തുസ് എന്ന സഹചാരിയോടൊപ്പം പുറപ്പെട്ട കഥ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ആഖ്യാനങ്ങളിലെ അതിശയകരമായൊരു അധ്യായമാണ്. ഫ്രാന്‍സിസ് പാപ്പാ അറേബ്യന്‍ ഗള്‍ഫിലെ യുഎഇയില്‍ ഇസ്ലാമിക ലോകവുമായി മാനവസാഹോദര്യത്തിന്റെ ഉടമ്പടി ഒപ്പുവച്ചതിന്റെ ചരിത്രപ്രാധാന്യം ഈ ചാക്രികലേഖനത്തിന്റെ രചനയ്ക്കു പ്രേരകമായ ഒരു ഘടകമാണ്.
‘ഫ്രത്തേല്ലി എ സൊറെല്ലേ’ (സഹോദരീസഹോദരന്മാരേ) എന്ന് വത്തിക്കാന്‍ ചത്വരത്തിലെത്തുന്നവരെ അഭിസംബോധന ചെയ്യാറുള്ള ഫ്രാന്‍സിസ് പാപ്പാ ഈ ചാക്രികലേഖനത്തിന്റെ ശീര്‍ഷകത്തില്‍ ‘സഹോദരിമാരെ’ ഒഴിവാക്കിയതെന്ത് എന്ന് യൂറോപ്യന്‍ മാധ്യമങ്ങളില്‍ വിവാദമുയര്‍ന്നിരുന്നു. വത്തിക്കാനിലെ സിനഡ് ഹാളില്‍ നാലു പുരുഷന്മാരോടൊപ്പം ഫ്രതേല്ലി തൂത്തി ലോകമാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പാകെ അവതരിപ്പിക്കാന്‍ നിയുക്തയായ ഇംഗ്ലണ്ടിലെ ഡെര്‍ഹം യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ ദര്‍ശനത്തിന്റെ പ്രഫസര്‍ അന്നാ റോളന്‍ഡ്സിന് ലിംഗ അസമത്വത്തില്‍ അധിഷ്ഠിതമായ ലോകക്രമത്തെക്കുറിച്ചും സഭയ്ക്കും ആ പ്രശ്നം കൈകാര്യം ചെയ്യേണ്ടിവരുന്നതിനെക്കുറിച്ചും വിശദീകരിക്കേണ്ടിവന്നു. മാനവസാഹോദര്യത്തിന്റെ വിശാല അര്‍ഥതലങ്ങളില്‍ പലതും പുതുതായി പുനര്‍നിര്‍വചിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തം കൂടിയായത്.


Tags assigned to this article:
frateliitutti

Related Articles

മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ

അക്ഷരങ്ങളുടെ ആനന്ദം

സ്വന്തം ചിന്തകള്‍ മറ്റൊരാള്‍ക്ക് സംവേദനമാകാന്‍ തക്കവിധം പകര്‍ത്തിവെക്കാന്‍ കഴിയുക എന്നത് ദൈവദത്തമായ കല തന്നെയാണ്. എഴുത്തിന്റെ ആനന്ദവും ശക്തിയും മാധുര്യവും ധാരാളം അനുഭവിച്ചിട്ടുള്ള അനുഗൃഹീത പുരോഹിതനാണ് ബിഷപ്

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച BJP നേതാവ് CK പത്മനാഭൻ എതിരെ Klca Klca സംസ്ഥാനസമിതിപ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് C

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*