ജപമാലയിലെ രഹസ്യങ്ങൾ

ജപമാലയിലെ രഹസ്യങ്ങൾ

ഡോ. ജോയ് പുതുശേരി JSCH

എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ വരുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് സന്തോഷകരമായ രഹസ്യങ്ങളിലെ ആദ്യരഹസ്യം മംഗളവാര്‍ത്തയായി രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ സംഭവങ്ങള്‍ ധ്യാനവിഷയമാക്കുന്നതിനാലാണ് സന്തോഷകരമായ രഹസ്യങ്ങളായി വിളിക്കപ്പെടാനുള്ള രണ്ടാമത്തെ കാരണം.

സന്തോഷകരമായ രഹസ്യങ്ങള്‍

സ്വര്‍ഗത്തെ ഭൂമിയുമായി ഒന്നിപ്പിക്കാനായി പരിശുദ്ധ അമ്മയെ തെരഞ്ഞെടുക്കുന്നതോടെ സന്തോഷകരമായ രഹസ്യങ്ങള്‍ തുടങ്ങുന്നു. രക്ഷാകര പദ്ധതിയില്‍ സഹകരിക്കാന്‍ വാക്കുകൊടുക്കുന്ന പരിശുദ്ധ അമ്മ ദൈവം നല്‍കിയ കൃപ തന്റെ ബന്ധുവായ എലിസബത്തുമായി പങ്കുവയ്ക്കുന്നു. കാലിത്തൊഴുത്തിലായിരുന്നു ആദ്യത്തെ ക്രിസ്തുമസ് ആഘോഷം.
ദൈവം നല്‍കിയ മകനെ ദൈവത്തിനു തന്നെ സമര്‍പ്പിക്കുന്നതിലൂടെ സമര്‍പ്പണത്തിന്റെ മറ്റൊരു മുഖം പരിശുദ്ധ അമ്മ നമുക്ക് കാട്ടിതരുന്നു. എന്തുകൊണ്ടാണ് തന്റെ മകന്‍ തന്നെ വിട്ടുപോയതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തോടെ സന്തോഷകരമായ രഹസ്യങ്ങള്‍ അവസാനിക്കുന്നു.

ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങള്‍

ബെത്‌ലഹേം മുതല്‍ കാല്‍വരി വരെ തന്റെ പുത്രന്റെ നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍, ക്രിസ്തുവിന്റെ സഹയാത്രികയായി തീര്‍ന്ന പരിശുദ്ധ അമ്മയുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് നാം നടത്തുന്ന യേശുവിന്റെ പീഢാസഹന-മരണ രഹസ്യങ്ങളുടെ അനുസ്മരണവും ധ്യാനവുമാണ് ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങള്‍. ഗത്സമനിയില്‍ ആരംഭിച്ച് കാല്‍വരിയിലെ കുരിശുമരണത്തില്‍ അവസാനിക്കുന്ന അതിതീവ്രമായ പീഢാനുഭവ യാത്രയുടെ അനുസ്മരണം. മനുഷ്യകുലത്തിന്റെ പാപം നീക്കുവാന്‍ വന്നവന്‍, മനുഷ്യരാല്‍ തന്നെ നിന്ദിക്കപ്പെടുന്നതും മുള്‍കിരീടം അണിയിക്കുന്നതും. പീഡിപ്പിക്കപ്പെടുന്നതും ഇവിടെ ധ്യാനവിഷയമാവുന്നു. മനുഷ്യന്റെ പാപഭാരം ചുമലിലേറ്റി പാപിയെപ്പോലെ മരണത്തെ ശാന്തതയോടെ പുല്‍കുന്ന ക്രിസ്തു അവന്റെ തിരുരക്തത്തില്‍ പാപംമൂലം അധഃപതിച്ച ലോകത്തെ വീണ്ടും ദൈവവുമായി രമ്യപ്പെടുത്തുന്നത് നാം ഇവിടെ ദര്‍ശിക്കുന്നു. കാല്‍വരിയിലേയ്ക്കുള്ള യാത്രയില്‍ കണ്ണുനീരിന്റെ നടുവിലും കാല്‍ച്ചുവടുതെറ്റാതെ, യേശുവിനൊപ്പം യാത്രയാരംഭിക്കുന്ന പരിശുദ്ധ അമ്മ. ശിഷ്യഗണങ്ങളും കൂടെയുള്ളവരും പിന്തിരിഞ്ഞപ്പോഴും കുരിശിന്‍ ചുവട്ടില്‍ യേശുവിന് കൂട്ടിരിക്കുന്നു.

മഹത്വകരമായ ദിവ്യരഹസ്യങ്ങള്‍

പ്രതീക്ഷയുടെയും പ്രത്യാശയുടെയും ക്രിസ്തു രഹസ്യങ്ങളാണ് മഹത്വകരമായ ദിവ്യരഹസ്യങ്ങളില്‍ ധ്യാനിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനവും സ്വര്‍ഗരോപണവും പെന്തകുസ്താ ഓര്‍മയും മനുഷ്യ-ദൈവ ബന്ധത്തിന്റെ നവീകരണത്തെയും പ്രത്യേകമായി പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണവും കിരീടധാരണവും മനുഷ്യകുലത്തിന്റെ ദൈവസാദൃശ്യത്തിന്റെ വീണ്ടെടുപ്പും ശരീരത്തിന്റെ ഉയിര്‍പ്പെന്ന വിശ്വാസ സത്യപ്രഖ്യാപനത്തെയും ധ്യാനവിഷയമാക്കിക്കൊണ്ട് ഈ ക്രിസ്തുരഹസ്യങ്ങള്‍ അവസാനിക്കുന്നു.

പ്രകാശത്തിന്റെ രഹസ്യങ്ങള്‍

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002 ഒക്‌ടോബര്‍ 16ന് പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടി ജപമാലയില്‍ ഉള്‍പ്പെടുത്തി. ലോകത്തിന്റെ പ്രകാശമായി വന്ന ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ധ്യാനിക്കാനുള്ള ക്ഷണമാണ് പ്രകാശത്തിന്റെ രഹസ്യങ്ങള്‍. നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി അവിടുന്ന് സ്‌നാപകന്റെ മുമ്പില്‍ തലകുനിക്കുമ്പോള്‍ സ്വര്‍ഗം തുറന്ന് പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് പിതാവ് തന്റെ പുത്രനെ സാക്ഷ്യപ്പെടുത്തുന്ന അത്ഭുത നിമിഷങ്ങളായി മാറി. ഇത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ തിരുസഭയില്‍ നാം കൈക്കൊണ്ട മാമ്മോദീസ എന്ന കൂദാശയുടെ കടമകളെക്കുറിച്ച് ധ്യാനിക്കാനുള്ള അവസരമാണ്. രണ്ടാമത്തെ രഹസ്യത്തില്‍ ധ്യാനിക്കുന്ന കാനായിലെ വെള്ളം വീഞ്ഞാക്കിപ്പകര്‍ന്ന അത്ഭുതം. കുരിശില്‍ കിടന്നുകൊണ്ട് അവിടുന്ന് നമുക്കു നല്‍കിയ അമ്മയെയും അമ്മയുടെ മാദ്ധ്യസ്ഥശക്തിയെയും മറക്കരുതേ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. മൂന്നാമതായി അവിടുന്ന് ദൈവരാജ്യത്തിന്റെ ആഗമനം പ്രഖ്യാപിക്കുകയും മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അനുദിന ജീവിതത്തിലെ പാപസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് അനുതപിച്ച് കുമ്പസാരമെന്ന കൂദാശവഴി ദൈവരാജ്യത്തിന് അര്‍ഹരായിത്തീരുവാനുള്ള ക്ഷണമാണിവിടെ. പിന്നീട് അവിടുത്തോടൊപ്പം താബോര്‍ മലമുകളിലേക്കുള്ള യാത്രയാണ്. അവിടുത്തെ ദൈവിക മഹത്വത്തെ ശിഷ്യന്മാര്‍ക്കൊപ്പം ദര്‍ശിക്കുമ്പോള്‍ നാം ഓരോരുത്തരും ആ ദൈവാനുഭവത്തില്‍ പങ്കുകാരാവുന്നു. ദൈവം മനുഷ്യകുലത്തിന് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് പരിശുദ്ധ കുര്‍ബാന. പ്രകാശത്തിന്റെ രഹസ്യങ്ങള്‍ അവസാനിപ്പിക്കേണ്ടത് വലിയ കൃതജ്ഞത നിറഞ്ഞ മനസോടെയാകണം. കാരണം അവിടുന്ന് തന്നെത്തന്നെ നമുക്ക് നല്‍കിയതിനേക്കാള്‍ വലിയ അനുഗ്രഹങ്ങളൊന്നും നമുക്കിനി സ്വീകരിക്കുവാനില്ല.

ജപമാലയാണ് ഏറ്റവും നല്ല ആയുധമെന്ന് പറഞ്ഞ വിശുദ്ധ പാദ്രേ പിയോയും ജപമാലയാണ് പ്രാര്‍ഥിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് പഠിപ്പിച്ച വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസും നമുക്ക് പ്രചോദനങ്ങളാണ്. അതുകൊണ്ടാണ് ലിയോ പതിമൂന്നാമന്‍ പാപ്പാ നമ്മളെ പഠിപ്പിക്കുന്നത്: ‘ജപമാലയാണ് ശ്രേഷ്ഠമായ പ്രാര്‍ഥനാരീതി, നിത്യജീവന്‍ നേടാനുള്ള ഫലവത്തായ മാര്‍ഗവും എല്ലാ തിന്മകള്‍ക്കുള്ള പരിഹാരവും എല്ലാ അനുഗ്രഹങ്ങളുടെയും ആധാരവും ജപമാലയാണ്. മനസിലാക്കാന്‍ സാധിക്കാത്ത ജീവിത രഹസ്യങ്ങളുടെ മുമ്പില്‍ നിസാഹായരായി നാം നില്‍ക്കുമ്പോള്‍ ഓര്‍ക്കുക, പരിശുദ്ധ അമ്മ നമുക്ക് കൂട്ടുണ്ട്.’

ജപമാലയിലെ സന്തോഷ-ദുഃഖ-മഹത്വ-പ്രകാശരഹസ്യങ്ങള്‍ നമ്മുടെ ജീവിതത്തിന് കരുത്തുപകരുന്ന ശക്തിസ്രോതസാകണം യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതാനുഭവങ്ങളിലൂടെ ജപമാലചൊല്ലി നാം പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ നോവിലും നൊമ്പരത്തിലും കൃപയുടെ നിറക്കൂട്ടുകള്‍ കാണാന്‍ നമുക്ക് കഴിയും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക



Related Articles

സ്പ്രിങ്ക്ളര്‍ ഇടപാട് കോടതി ഇന്ന് പൊസിറ്റീവാണ്;നെഗറ്റീവും

സ്പ്രിങ്ക്ളര്‍ സേവനം തടയില്ല: വിവര ശേഖരണത്തിന് കടുത്ത ഉപാധികള്‍ കൊച്ചി: വിവാദമായ സ്പ്രിങ്ക്ളര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന

തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കണം: കെഎല്‍സിഎ

ആലപ്പുഴ: വാടപ്പൊഴിയുടെ തീരത്ത് വാടയ്ക്കല്‍ മിസിംഗ് ലിങ്ക് റോഡ് നിര്‍മിച്ച് തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കണമെന്ന് കെഎല്‍സിഎ ആലപ്പുഴ രൂപതാ കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ ആലോചനായോഗം സംസ്ഥാന

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത്

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത് മനുഷ്യന്റെ നിസാരതയെപ്പറ്റി തന്നെ. എന്തൊക്കെ നേടിയിട്ടുണ്ടെന്ന് വീമ്പിളക്കിയാലും പ്രകൃതിയുടെ കടന്നാക്രമണത്തിനുമുന്നില്‍ മനുഷ്യന്‍ എത്ര നിസാരനും ചെറിയവനുമാണ്. അവനെക്കാള്‍ വളരെ ചെറുതായ സൂക്ഷ്മ ദര്‍ശിനികൊണ്ടുമാത്രം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*