ഹൃദയത്തിന്റെ യുക്തിവിചാരം: ആണ്ടുവട്ടത്തിലെ ഏഴാം ഞായർ

ഹൃദയത്തിന്റെ യുക്തിവിചാരം: ആണ്ടുവട്ടത്തിലെ ഏഴാം ഞായർ

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ
വിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38)

പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്. അവൻ പറയുന്നു; “ശത്രുക്കളെ സ്നേഹിക്കുവിൻ”. ഇതാ, സ്നേഹം ഒരു കല്പനയായി മാറുന്നു. ആജ്ഞയാണത്. അതിനാൽ കാത്തിരിക്കാൻ പറ്റില്ല, പെട്ടെന്ന് വേണം. കാരണം, ഈ കല്പന സ്നേഹരാഹിത്യത്തിനോടുള്ള ഒരു പ്രതികരണമല്ല, മറിച്ച് ഒരു മുൻവിചാരമാണ്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ ഒരു എടുത്തുചാട്ടം (leap of faith).

ഇവിടെയാണ് നമ്മുടെ യുക്തി ഹൃദയവുമായി തർക്കത്തിൽ ഏർപ്പെടുക: ശത്രുക്കളെ സ്നേഹിക്കുകയെന്നത് സാധ്യമാണോ? ഇല്ല, അതൊരു വെല്ലുവിളിയാണ്. അപ്പോഴും അവൻ പറയുന്നു; പരസ്പരം സ്നേഹിക്കുക, അല്ലാത്തപക്ഷം നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കും. കാരണം, രാത്രിയെ കൂടുതൽ ഇരുട്ടുകൊണ്ട് തോൽപ്പിക്കാനാവില്ല; ചരിത്രത്തിന്റെ തുലാസിൽ വിദ്വേഷം മറ്റു വിദ്വേഷവുമായി പോരാടിയിട്ടുമില്ല.

ശത്രു എന്ന സങ്കല്പം തന്നെ ഇല്ലാതാക്കാനാണ് യേശു ശ്രമിക്കുന്നത്. ഒരു കായേൻ നമ്മുടെയിലുണ്ട്. എപ്പോൾ വേണമെങ്കിലും അവൻ നിനക്കെതിരെ കൈ ഉയർത്താം. അതിനാൽ, അവനിൽ നിന്നും ഓടി ഒളിക്കാനാണ് എല്ലാവരും നിന്നോട് പറയുന്നത്. പക്ഷേ, യേശു നമ്മെ വിസ്മയിപ്പിക്കുകയാണ്. അവൻ പറയുന്നു; ശത്രുക്കളെ സ്നേഹിക്കുക. ആബേലിനെ പോലെയാകുക. കായേൻ ശത്രുവല്ല, സഹോദരനാണ്. സഹജഭയത്തെ സ്നേഹം കൊണ്ട് പരിചരിക്കുക. കാരണം, ഭയത്തിന് തിന്മയിൽ നിന്നും നമ്മെ മോചിപ്പിക്കാൻ സാധിക്കില്ല.

സ്നേഹം ക്രിയാത്മകമാണ്. ആ ക്രിയാത്മകതയെ മൂർത്തമായ എട്ട് ക്രിയകളിലൂടെയാണ് സുവിശേഷം വരച്ചുകാണിക്കുന്നത്. നാല് ബഹുവചന ക്രിയകളിലൂടെ യേശു എല്ലാവരെയും അഭിസംബോധന ചെയ്യുന്നു. അവൻ പറയുന്നു; സ്നേഹിക്കുക (Ἀγαπᾶτε), നന്മചെയ്യുക (καλῶς ποιεῖτε), അനുഗ്രഹിക്കുക (εὐλογεῖτε), പ്രാർത്ഥിക്കുക (προσεύχεσθε). നാല് ഏകവചന ക്രിയകളിലൂടെ അവൻ ഓരോരുത്തരോടും വ്യക്തിപരമായി പറയുന്നു; ചെകിടു കാണിച്ചുകൊടുക്കുക (σιαγόνα πάρεχε), നിരസിക്കാതിരിക്കുക (μὴ κωλύσῃς), നൽകുക (δίδου), തിരികെ ചോദിക്കാതിരിക്കുക (μὴ ἀπαίτει). അതേ, യഥാർത്ഥ സ്നേഹം നിഷ്ക്രിയമായ ക്രിയാത്മകത കൂടിയാണ്. അതൊരു വിരുദ്ധോക്തിയാണ് (oxymoron). ഹൃദയത്തിന്റെ യുക്തികൊണ്ട് മാത്രമേ അതിനെ മനസ്സിലാക്കാൻ സാധിക്കു. അതുകൊണ്ടാണ് അനുദിന ജീവിതത്തിൽ കടന്നുവരുന്ന മൂർത്തമായ ക്രിയകളിലൂടെ അവൻ അതിനെ വരച്ചു കാണിക്കുന്നത്.

ഗുരു പറയുന്നു; “ഒരു ചെകിട്ടത്ത്‌ അടിക്കുവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക” (v.29). ക്രിയാത്മക സ്നേഹത്തിലെ നിഷ്ക്രിയതയാണിത്. വെറുപ്പിന് മുൻപിൽ പ്രതിരോധ മതിൽ തീർക്കരുത്. നിരായുധനാകുക. ഒരു നോട്ടത്തിലൂടെ പോലും ആരെയും ഭയപ്പെടുത്തരുത്. ശൂന്യകരങ്ങളോടുകൂടി നിർന്നിമേഷനായി നിൽക്കുക. അങ്ങനെ മാത്രമേ വിദ്വേഷത്തിന്റെ അസംബന്ധത്തെ നമുക്ക് തുറന്നു കാണിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം വിദ്വേഷം എപ്പോഴും വിജയിച്ചു കൊണ്ടിരിക്കും. ഇതിനെ യുക്തിരഹിതമായ സഹനശീലമായി കരുതരുത്, ഒരു ബന്ധം പുനസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ആദ്യപടിയായി കാണണം. കാരണം, നമ്മെ തല്ലുന്നവൻ നമ്മുടെ സഹോദരൻ തന്നെയാണ്.

“മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതില്‍ നിന്നു തടയരുത്‌” (v.29). ഉള്ളവനോടല്ല ഇല്ലാത്തവനോട് തന്നെയാണ് ഗുരു ഇത് പറയുന്നത്. എല്ലാം നൽകാനാണ് പറയുന്നത്. സ്നേഹം അങ്ങനെയാണ്, അതിനു ശൂന്യവൽക്കരണത്തിന്റെ ഒരു മുഖമുണ്ട്. അത് നമ്മെ നഗ്നരായി നിർത്തും. ക്രിസ്തുവിനെപ്പോലെ ദരിദ്രനായി മാറ്റും. അങ്ങനെയുള്ളവർക്ക് മാത്രമേ ലോകത്തെ രക്ഷിക്കാൻ സാധിക്കു. കാരണം, രക്ഷ മുകളിൽ നിന്നല്ല, താഴെ നിന്നാണ് വരിക. മണ്ണിൽ സ്ഥാപിച്ച കുരിശിൽ നിന്ന് എന്ന പോലെ. അതുകൊണ്ടാണ് ഗുരു തന്റെ രാജ്യത്തിലേക്ക് വീരന്മാരെ ആരെയും വിളിക്കാത്തത്. അസാധ്യമായ നേട്ടങ്ങളുണ്ടാക്കാൻ അവൻ ആരോടും പറയുന്നില്ല. അവൻ പറയുന്നത് ലളിതമായ കാര്യം മാത്രമാണ്: “മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (v.31). സ്നേഹത്തെ ഇതിനേക്കാൾ ലളിതമായി സങ്കോചിപ്പിക്കാൻ സാധിക്കുകയില്ല. ഏതു നന്മയാണ് നീ ആഗ്രഹിക്കുന്നത്, ആ നന്മയെ നൽകാൻ നിനക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ട്, മാറ്റം ആദ്യം നിന്നിൽ ഉണ്ടാകട്ടെ, അപ്പോൾ ലോകവും മാറും.

 

ഒന്നാം വായന
സാമുവല്‍ പ്രവാചകന്റെ ഒന്നാം പുസ്തകത്തില്‍നിന്ന് (26 : 2, 7-9, 12-13, 22-23)

(ഇന്ന് കര്‍ത്താവ് അങ്ങയെ എന്റെ കൈയില്‍ ഏല്പിച്ചു; എന്നാല്‍
അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല)

അക്കാലത്ത്, കരുത്തരായ മൂവായിരം ഇസ്രായേല്യരോ ടൊത്ത് ദാവീദിനെ തിരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേ ക്കുപോയി. ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യ ത്തിന്റെ അടുത്തെത്തി. സാവൂള്‍ തന്റെ കുന്തം തലയ് ക്കല്‍ കുത്തിനിര്‍ത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായി രുന്നു. അബ്‌നേറും പടയാളികളും ചുറ്റും കിടന്നിരുന്നു. അബിഷായി ദാവീദിനോടു പറഞ്ഞു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കൈയിലേല്‍പിച്ചിരിക്കുന്നു. ഞാന വനെ കുന്തം കൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നു കൂടി കുത്തേണ്ടിവരില്ല. ദാവീദ് അബിഷാ യിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായി രിക്കാന്‍ ആര്‍ക്കു കഴിയും?
സാവൂളിന്റെ തലയ്ക്കല്‍ നിന്നു കുന്തവും കൂജയും എടുത്ത് അവര്‍ പോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. കര്‍ത്താവ് അവരെ ഗാഢ നിദ്രയില്‍ ആഴ്ത്തിയിരുന്നു. ദാവീദ് അപ്പുറത്തു കടന്നു സാവൂളില്‍ നിന്നു വളരെ ദൂരെ ഒരു മല മുകളില്‍ കയറിനിന്നു.
ദാവീദു പറഞ്ഞു: രാജാവേ, ഇതാ, കുന്തം. ദാസന്‍മാരില്‍ ഒരുവന്‍ വന്ന് ഇതു കൊണ്ടുപൊയ്‌ക്കൊള്ളട്ടെ. ഓരോ രുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവ് പ്രതിഫലം നല്‍കുന്നു. ഇന്നു കര്‍ ത്താവ് അങ്ങയെ എന്റെ കൈയിലേല്‍പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തു കയില്ല. .കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം

((103 : 1-2, 3-4, 8+10, 12-13)
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ് ത്തുക. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
കര്‍ത്താവ് ……
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവി ടുന്നു സ്‌നേഹവും കരുണയുംകൊണ്ടു നിന്നെ കിരീ ടമണിയിക്കുന്നു.
കര്‍ത്താവ് ……
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാ ശീലനും സ്‌നേഹനിധിയും ആണ്. നമ്മുടെ പാപങ്ങള്‍ ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരം ചെയ്യുന്നില്ല.
കര്‍ത്താവ് ……
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തി. പിതാവിനു മക്കളോടെന്നപോലെ കര്‍ത്താ വിനു തന്റെ ഭക്തരോട് അലിവുതോന്നുന്നു.
കര്‍ത്താവ് …….

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(15 : 45-49)

(നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും)

സഹോദരരേ, ആദ്യമനുഷ്യനായ ആദം ജീവനുള്ളവനാ യിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീ യന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാ മത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍ നിന്നുള്ളവന്‍. ഭൂമിയില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെ തന്നെ സ്വര്‍ഗീയരും. നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരി ച്ചതു പോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Jn. 13 : 34) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പര സ്പരം സ്‌നേഹിക്കുവിന്‍ – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (6 : 27-38)

(നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെ യ്തു: എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടിക്കുവന് മറ്റേ ചെകിടു കൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടു ക്കുവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്നു തട യരുത്. നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടു ക്കുക. നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ടു പോകു ന്നവനോടു തിരിയെ ചോദിക്കരുത്. മറ്റുള്ളവര്‍ നിങ്ങ ളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹി ക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരു മാറുവിന്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേ ഹിക്കുന്നതില്‍ എന്തുമേന്‍മയാണുള്ളത്? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്‍മ ചെയ്യു ന്നതില്‍ എന്തു മേന്‍മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതില്‍ എന്തു മേന്‍മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്‍മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരാ യിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടി യില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 Related Articles

സംവരണമില്ലാത്ത കാലത്തിനായും കാത്തിരിക്കാം

അതിവേഗം ബഹുദൂരമെന്നത് കേരളത്തിലെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഖ്യാപിത നയമായിരുന്നു. പക്ഷേ അത് ഏറ്റവും ചേരുക ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഒന്നാം മന്ത്രിസഭാ കാലത്ത്

യുവജനങ്ങള്‍ തങ്ങളെ സ്വയം കണ്ടെത്തണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ലോകത്തിലെ പ്രമുഖ തത്വചിന്തകന്മാരും മഹാന്മാരും തങ്ങള്‍ ആരാണെന്ന് സ്വയം മനസിലാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയതുപോലെ യുവജനങ്ങള്‍ സ്വയം കണ്ടെത്തലുകള്‍ നടത്തി സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന്

ഒരാള്‍ക്ക് ആവശ്യമുള്ളത് ആറടി മണ്ണുമാത്രം: പ്രൊഫ. എം. കെ സാനു 

എറണാകുളം: ഒരാള്‍ക്ക് ജീവിതത്തില്‍ ആറടി മണ്ണുമാത്രമേ ആവശ്യമുള്ളുവെന്ന് പ്രശസ്തസാഹിത്യകാരന്‍ എം.കെ സാനു. അതിനപ്പുറം ഉള്ളതെല്ലാം അനാവശ്യമാണ്. ടോള്‍സ്‌റ്റോയിയുടെ 23 റ്റയില്‍സ് എന്ന പുസ്തകം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*