ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍
ശത്രുവില്‍ യേശുവിനെ കാണണം.
ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും പ്രഘോഷിക്കുന്നതാണ് നാം കഴിഞ്ഞയാഴ്ച കണ്ടത്. ഈശോ തന്റെ വിപ്ലവാശയങ്ങളുടെ പ്രഘോഷണം തുടരുന്നത് ഈ ആഴ്ചയിലെ സുവിശേഷത്തില്‍ നാം കാണുന്നു. അന്നത്തെ കാലഘട്ടത്തിലാണെങ്കിലും, ഇന്നാണെങ്കിലും കേള്‍ക്കുവാന്‍ ഒരു സുഖമില്ലാത്ത സന്ദേശമാണ് ഈശോ പറയുന്നത്. ഇന്നത്തെ സുവിശേഷത്തിലെ ഏതാനും വാക്യങ്ങള്‍ എടുത്തുനോക്കിയാല്‍ നമുക്ക് വ്യക്തമാകും. ”നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍ നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍ നിങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. ഒരു ചെകിട്ടത്തടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക.” അടിസ്ഥാനപരമായി നിനക്ക് ഉപദ്രവം ചെയ്യുന്നവനെ സ്നേഹിക്കണം. കേള്ക്കുന്നവന് ഇത് പറയുന്ന ആള്‍ക്ക് വട്ടാണെന്നേ തോന്നുകയുള്ളൂ. പ്രത്യേകിച്ച് പഴയ നിയമ പഠനങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും ഇങ്ങനെ ചെയ്യുന്നവന് വലിയ പ്രതിഫലം ലഭിക്കുകയും അവര്‍ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യുമെന്നാണ് ഈശോ പറയുന്നത്.
കഴിഞ്ഞയാഴ്ചയാണ് നാം വാലന്റൈയ്ന്സ് ഡേ ആഘോഷിച്ചത്. ഇപ്പോള്‍ അത് ഒരാഴ്ചത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. സ്നേഹവും പ്രണയവുമെല്ലാം ആഘോഷിക്കുവാന്‍ വോണ്ടി ഒരാഴ്ച. എങ്ങനെയാണ് ഒരാളോട് സ്നേഹം തോന്നുന്നത്. അയാളില്‍ നാം ഇഷ്ടപ്പെടുന്ന എന്തെങ്കിലുമോ നമ്മെ ആകര്‍ഷിക്കുന്ന എന്തെങ്കിലുമോ നാം തീര്‍ച്ചയായും കണ്ടെത്തും. അതാണ് പിന്നീട് സ്നേഹമായി മാറുന്നത്. ശത്രുവിനോട് സ്നേഹം കാണിക്കുവാന്‍ ഞാന്‍ അയാളില്‍ എന്ത് കണ്ട് ഇഷ്ടപ്പെടുവാനാണെന്ന് നാം ഒരു പക്ഷേ ചിന്തിച്ചേക്കാം. പ്രത്യേകിച്ച് നമ്മളോട് വിരോധമുള്ള ബന്ധത്തില്‍ കാര്യമായി എന്തെങ്കിലും സംഭവിച്ചിട്ടുള്ള ചിലപ്പോള്‍ നമുക്കിട്ട് എട്ടിന്റെയല്ല പതിനാറിന്റെ പണി തന്നിട്ടു കടന്നുപോയിട്ടുള്ള ശത്രുവാണെങ്കിലോ. ചിലപ്പോള്‍ ചിലരൊക്കെ പറയുന്നതു കേള്‍ക്കാം, എന്റെ അച്ചോ അവര്‍ എന്നോട് ചെയ്തത് എന്തൊക്കെയാണെന്ന് മനസിലാക്കിയാല്‍ ഞാന്‍ ഈ കാണിക്കുന്ന ഒന്നുമല്ല എന്ന് അച്ചന് പറയുമെന്ന.് അങ്ങനെയുള്ള ഒരു ശത്രുവിനെ സ്നേഹിക്കണമെങ്കില് ഒരൊറ്റ വഴിയേ ഉള്ളൂ. അവരില്‍ നമുക്കിഷ്ടമുള്ള നമ്മെ നിരന്തരം സ്നേഹിക്കുന്ന യേശുവിനെ കാണുന്നു അപ്പോള്‍ നമുക്കതിനു സാധിക്കും.
സാമുവല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ഒന്നാമത്തെ വായന ശ്രദ്ധിക്കുക. ദാവീദിനെ ശത്രുവായിക്കണ്ട് അദ്ദേഹത്തെ പിന്തുടരുന്ന സാവൂളിനെ ദൈവം ദാവീദിന്റെ തന്നെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുക്കുകയാണ്. ദാവീദിനു സാവൂളിനെ കൊല്ലുവാന്‍ ആയിരം കാരണങ്ങള്‍ വേണമെങ്കില്‍ നിരത്തിവയ്ക്കാം സാവൂളിന്റെ മകളും ദാവീദിന്റെ ഭാര്യയുമായ മിഖാലിനെ സാവൂള്‍ മറ്റൊരാള്‍ക്കു നല്കി, ദാവീദിനെ കൊല്ലാന്‍ കുന്തമെറിഞ്ഞു, ദാവീദിനെ വധിക്കുവാന്‍ പല വിധ തന്ത്രങ്ങള്‍ പയറ്റി, അതൊന്നും നടക്കുന്നില്ലെന്നു കണ്ടപ്പോള്‍ കൊല്ലാന്‍ നേരിട്ടിറങ്ങിയിരിക്കുകയാണ്. അതിനാല്‍ തന്നെ ദാവീദും കൂടെയുള്ളവരും പ്രാണനുവേണ്ടി ഓട്ടത്തിലാണ്. അപ്പോഴാണ് ശത്രുവായ സാവൂളിനെ വധിക്കുവാന്‍ അവസരം കിട്ടുന്നത്. ദാവീദ് കൊല്ലാതെ വിടുന്നു. അതിന് കാരണമായി ദാവീദ് ചൂണ്ടിക്കാണിക്കുന്നത് സാവൂളിലുള്ള കര്‍ത്താവിന്റെ അഭിഷേകമാണ്. എന്നു പറഞ്ഞാല്‍ സാവൂളില്‍ ദാവീദ് കര്‍ത്താവിനെ കണ്ടു.
നമുക്ക് എത്രമാത്രം ഉപദ്രവം ചെയ്തിട്ടുള്ള വ്യക്തിയാണെങ്കിലും അയാളില്‍ നമുക്കിഷ്ടമുള്ള യേശുവിനെ കണ്ടാല്‍ നമുക്കയാളെ സ്നേഹിക്കുവാനാകും. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ മുറിയില്‍ കയറിച്ചെന്നപ്പോള്‍ ഇപ്രകാരം എഴുതിവച്ചിരിക്കുന്നതു കണ്ടു. ‘His adversaries made him strong’അവന്റെ ശത്രുക്കള്‍ അവനെ ശക്തനാക്കി നിന്നെ വളര്‍ത്തിയത് നിന്റെ ശത്രുവാണ്. എന്തൊക്കെ ദുരിതങ്ങള്‍ അയാള്‍ തന്നുവെന്നു പറഞ്ഞാലും അത് നല്കിയ അനുഭവസമ്പത്ത് നിന്നെ കൂടുതല്‍ കരുത്തുറ്റവനാക്കുകയും കര്‍ത്താവിനോട് അടുപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. 119-ാം സങ്കീര്‍ത്തനത്തില്‍ പറയുന്നതുപോലെ ‘ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ’ (സങ്കീ 119: 71) അതുകൊണ്ട് എന്നെ എന്റെ ജീവിതത്തില്‍ ശക്തനാകുന്ന ശത്രുവിന് ദൈവത്തെ കണ്ടുകൊണ്ട് സ്നേഹിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേയെന്നു നമുക്ക് പ്രാര്‍ഥിക്കാം.
ഒന്നാം വായന
സാമുവല്‍ പ്രവാചകന്റെ ഒന്നാം പുസ്തകത്തില്‍നിന്ന് (26 : 2, 7-9, 12-13, 22-23)
(ഇന്ന് കര്‍ത്താവ് അങ്ങയെ എന്റെ കൈയില്‍ ഏല്പിച്ചു; എന്നാല്‍
അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല)
അക്കാലത്ത്, കരുത്തരായ മൂവായിരം ഇസ്രായേല്യരോ ടൊത്ത് ദാവീദിനെ തിരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേ ക്കുപോയി. ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യ ത്തിന്റെ അടുത്തെത്തി. സാവൂള്‍ തന്റെ കുന്തം തലയ് ക്കല്‍ കുത്തിനിര്‍ത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായി രുന്നു. അബ്നേറും പടയാളികളും ചുറ്റും കിടന്നിരുന്നു. അബിഷായി ദാവീദിനോടു പറഞ്ഞു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കൈയിലേല്പിച്ചിരിക്കുന്നു. ഞാന വനെ കുന്തം കൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നു കൂടി കുത്തേണ്ടിവരില്ല. ദാവീദ് അബിഷാ യിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായി രിക്കാന്‍ ആര്‍ക്കു കഴിയും?
സാവൂളിന്റെ തലയ്ക്കല്‍ നിന്നു കുന്തവും കൂജയും എടുത്ത് അവര്‍ പോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. കര്‍ത്താവ് അവരെ ഗാഢ നിദ്രയില്‍ ആഴ്ത്തിയിരുന്നു. ദാവീദ് അപ്പുറത്തു കടന്നു സാവൂളില്‍ നിന്നു വളരെ ദൂരെ ഒരു മല മുകളില്‍ കയറിനിന്നു.
ദാവീദു പറഞ്ഞു: രാജാവേ, ഇതാ, കുന്തം. ദാസന്മാരില് ഒരുവന് വന്ന് ഇതു കൊണ്ടുപൊയ്ക്കൊള്ളട്ടെ. ഓരോ രുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവ് പ്രതിഫലം നല്കുന്നു. ഇന്നു കര് ത്താവ് അങ്ങയെ എന്റെ കൈയിലേല്പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്ത്തു കയില്ല. .കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
((103 : 1-2, 3-4, 8+10, 12-13)
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ് ത്തുക. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
കര്‍ത്താവ് ……
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവി ടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീ ടമണിയിക്കുന്നു.
കര്‍ത്താവ് ……
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാ ശീലനും സ്നേഹനിധിയും ആണ്. നമ്മുടെ പാപങ്ങള്‍ ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരം ചെയ്യുന്നില്ല.
കര്‍ത്താവ് ……
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തി. പിതാവിനു മക്കളോടെന്നപോലെ കര്‍ത്താ വിനു തന്റെ ഭക്തരോട് അലിവുതോന്നുന്നു.
കര്‍ത്താവ് …….
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(15 : 45-49)
(നമ്മള് ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും)
സഹോദരരേ, ആദ്യമനുഷ്യനായ ആദം ജീവനുള്ളവനാ യിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീ യന്‍. ആദ്യമനുഷ്യന് ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാ മത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍ നിന്നുള്ളവന്‍. ഭൂമിയില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെ തന്നെ സ്വര്‍ഗീയരും. നമ്മള് ഭൗമികന്റെ സാദൃശ്യം ധരി ച്ചതു പോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Jn. 13 : 34) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പര സ്പരം സ്നേഹിക്കുവിന്‍ – അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (6 : 27-38)
(നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍)
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെ യ്തു: എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുവിന്; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടിക്കുവന് മറ്റേ ചെകിടു കൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടു ക്കുവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്നു തട യരുത്. നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടു ക്കുക. നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ടു പോകു ന്നവനോടു തിരിയെ ചോദിക്കരുത്. മറ്റുള്ളവര്‍ നിങ്ങ ളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹി ക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരു മാറുവിന്‍. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേ ഹിക്കുന്നതില്‍ എന്തുമേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്മ ചെയ്യു ന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതില്‍ എന്തു മേന്മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരാ യിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടി യില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഓണ്‍ലൈന്‍ യുവജന പരിശീലന ശില്പശാല
എറണാകുളം: സലേഷ്യന്‍ സന്ന്യാസ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെയും കെസിബിസി യൂത്ത് കമ്മീഷന്റെയും ബോസ്കോ യൂത്ത് സര്‍വീസസ് കൊച്ചിയുടെയും (ഐവൈഡിസി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 30 ദിന ഓണ്‍ലൈന്‍ യുവജന
ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്
നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍ വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന്
അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം
കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) മുന്നറിയിപ്പ്