സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം

സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29)

കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്‌തോലനോളം പ്രാധാന്യമുള്ള മറ്റൊരു അപ്പസ്‌തോലനും ഇല്ലെന്നു പറയാം. അതിനുള്ള കാരണം വിശുദ്ധ തോമസ് അപ്പസ്‌തോലന്‍ ആദ്യ നൂറ്റാണ്ടില്‍ തന്നെ കേരള മണ്ണില്‍ കാലുകുത്തുകയും വിശ്വാസം പ്രഘോഷിക്കുകയും ഇന്ത്യയില്‍ വച്ചു തന്നെ രക്തസാക്ഷിത്വ മകുടം ചൂടുകയും ചെയ്തു എന്നു പറയപ്പെടുന്ന വിശ്വാസമാണ്.
സംശയിക്കുന്ന തോമ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ dobting Thomas എന്നാണ് തോമസ് അപ്പസ്‌തോലനെ കുറച്ചു പറയുമ്പോള്‍ തന്നെ ആദ്യം പൊങ്ങി വരുന്നത്. ഇന്ന് വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ തിരുനാള്‍ ആഘോഷിക്കുമ്പോഴും ഉത്ഥിതനായ ക്രിസ്തുവിനെ സംശയിക്കുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുള്ള തിരുവചന ഭാഗമാണ് പരിചിന്തനത്തിനായി നമുക്ക് നല്‍കപ്പെട്ടിരിക്കുന്നതും.
യേശു ഉത്ഥിതനായി പലര്‍ക്കും പ്രത്യക്ഷപ്പെട്ടതായി ശിഷ്യന്മാര്‍ കേള്‍ക്കുന്നുണ്ട് അവര്‍ക്കും അവസാനം ഈശോ  പ്രത്യക്ഷപ്പെടുകയാണ്. എന്നാല്‍ അവിടെ പന്ത്രണ്ടുപേരില്‍ ഒരുവനായ വിശുദ്ധ തോമസ് ഇല്ലായിരുന്നു. തോമസ് അപ്പസ്‌തോലന്‍ എവിടെ പോയി എന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല. ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്ന് മറ്റു ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ തോമസിന് ദേഷ്യം വന്നു കാണണം. തനില്ലാത്തപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ടു തനിക്ക് കര്‍ത്താവിന്റെ ദര്‍ശനം മിസ് ആയി. ഈ സാഹചര്യത്തിലാണ് യേശുവിനെയും യേശുവിന്റെ ആണിപ്പഴുതുകളെയും വിലവിലെ മുറിവുകളെയും കാണുകയും അതില്‍ കൈ വെക്കുകയും ചെയ്തല്ലാതെ താന്‍ വിശ്വസിക്കുകയില്ലെന്നു തോമസ് പറയുന്നത്.
‘വിശ്വാസം കേള്‍വിയില്‍ നിന്നും. കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്’ (റോമ 10:17) വിശുദ്ധ തോമസ് അപ്പസ്‌തോലന്‍ പിന്നീട് പറയുന്നുണ്ട്. എന്നാല്‍ ഇവിടെ തോമസ് ഈശോയെ കണ്ടു തൊട്ടാലെ വിശ്വസിക്കു എന്ന് വാശിപിടിക്കുകയാണ്.
തോമസ് സംശയിച്ചു എന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സുവിശേഷം സൂക്ഷിച്ചു വായിച്ചാല്‍ മനസിലാകും തങ്ങള്‍ക്കു പ്രത്യക്ഷപ്പെടുന്നതു വരെ ഈശോ ഉയിര്‍ത്തു എന്ന് മറ്റു പത്തു അപ്പസ്‌തോലന്മാര്‍ വിശ്വസിച്ചില്ല. അല്ലെങ്കില്‍ അവര്‍ക്കു മനസിലായില്ല. അവരോടും മഗ്ദലന മറിയവും എമ്മാവുസില്‍ നിന്ന് വന്ന ശിഷ്യന്മാരും വന്നു പറഞ്ഞതാണ് ഈശോ ഉയിര്‍ത്തെന്നു. പക്ഷേ അവരില്‍ അതു വലിയ സന്തോഷം  ഉണ്ടാക്കുന്നതായി നാം കാണുന്നില്ല. ആ സ്ഥിതിക്കു നാം തോമസിനെ മത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ല.
പഴയ നിയമത്തില്‍ ഹോറെബ് മലമുകളില്‍ വച്ചു ദൈവം മോശയ്ക്കു പ്രത്യക്ഷപ്പെടുമ്പോള്‍ മോശയ്ക്കു ദൈവത്തിലോ ദൈവം പറയുന്ന കാര്യങ്ങളിലോ അത്രയ്ക്കങ്ങു വിശ്വാസം വരുന്നില്ല. വിശ്വാസം വന്നിരുന്നുവെങ്കില്‍ വിക്കനായ മോശ അഹറോന്റെ സഹായം ഇല്ലാതെ ഫറവോന്റെ സന്നിധിയിലെത്തുമായിരുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ശിമയോന് ദൈവദൂതന്‍ പ്രത്യേക്ഷപ്പെട്ട് ഇസ്രായേല്യരെ മിദിയാന്‍കാരില്‍ നിന്നു രക്ഷിക്കണമെന്നു പറയുമ്പോള്‍ ശിമയോന് അത് ദൂതനാണെന്നു അത്രയ്ക്കങ്ങു വിശ്വാസം വരുന്നില്ല. അടയാളം ചോദിക്കുന്നു അതു നല്‍കപ്പെടുന്നു. (ന്യായ 6:12-21) പിന്നെയും രണ്ടു തവണ കൂടി സംശയത്തോടെ അടയാളം ചോദിക്കുന്നുണ്ട്. (ന്യായ 6: 37-39) സഖറിയ പുരോഹിതന്‍ പുതിയ നിയമത്തില്‍ ദേവാലയത്തില്‍ വച്ചുണ്ടായ മാലാഖയുടെ ദര്‍ശനത്തെ അവിശ്വസിച്ചതിനാലാണ് സ്‌നാപക യോഹന്നാന്റെ ജനനം വരെ ഊമനായിപോകുന്നത് (ലൂക്ക 1:5-20) ദൈവിക വെളിപാട് നേരിട്ടു കിട്ടിയവരുടെ കാര്യം ഇങ്ങനെയാണ്. പിന്നെയാണോ കുരിശില്‍ പീഡകളോറ്റ് മരണപ്പെട്ട് തന്റെ ഗുരുവായ ഈശോ ഉയിര്‍ത്തുവെന്നു പറഞ്ഞാല്‍ തോമസ് വിശ്വസിക്കുക.
തോമസിന്റെ സംശയത്തെ വിശ്വാസവഴിയിലെ വളര്‍ച്ചയുടെ നാഴികക്കല്ലായി നാം കണ്ടാല്‍ മതി. അതു തന്നെയാവാം ഇതെഴുതി വയ്ക്കുമ്പോള്‍ സുവിശേഷകനും മനസില്‍ കണ്ടുകാണുക. അല്ലെങ്കില്‍ തന്നെ ജീവിതത്തില്‍ പല കാര്യങ്ങളിലും സംശയം പ്രകടിപ്പിക്കാത്തവരായി ആരാണുള്ളത്. പഠന കാര്യങ്ങളില്‍ സംശയം വേണമെന്നും എന്നാലെ വളരുവെന്നും ആരോഗ്യകരമായ സംശയങ്ങള്‍ നല്ലതാണെന്നും നാം കേട്ടിട്ടുണ്ട്. ചിന്തിക്കുന്നവനും അന്വേഷിക്കുന്നവനുമേ സംശയമുള്ളൂ. അല്ലാത്തവനില്ല. വിശ്വാസ വഴിയില്‍ ആരോഗ്യകമായ സംശയങ്ങള്‍ ഉണ്ടാവണം. എന്നാലെ വളരൂ. അതുണ്ടാവുന്നില്ല. നമ്മുടെയൊക്കെ ആത്മീയത പള്ളിയില്‍ വരുന്നതിലും വെറുതെ പ്രാര്‍ഥനകള്‍ ചൊല്ലിപ്പോകുന്നതിലും മാത്രം ഒതുങ്ങുന്നു. ആത്മീയത വളര്‍ച്ചയിലല്ലാതെ മുരിടിച്ചു നില്‍ക്കുന്നു. അതുകൊണ്ടു തന്നെ ആരെങ്കിലും എന്തെങ്കിലും വിശ്വാസത്തെക്കുറിച്ചു ചോദിച്ചാല്‍ അവിടെ തീര്‍ന്നു.  വിശ്വാസ മേഖലയിലെ സംശയങ്ങളില്‍ തപ്പിത്തടയുന്ന ആത്മീയ വളര്‍ച്ചയുടെ ഭാഗമാണ്. ആ സമയങ്ങളില്‍ ദൈവത്തില്‍ ആശ്രയിച്ചാല്‍ അതു നമ്മെ കൂടുതല്‍ ആത്മീയ വളര്‍ച്ചയില്‍ എത്തിക്കും. ഒരു തരത്തില്‍ വിശുദ്ധ തോമസ് അതാണ് ചെയ്തത്. വലിയ ദൈവാനുഭവങ്ങള്‍ക്കുശേഷം ആത്മാവിന്റെ വരണ്ട രാത്രികളിലെ സംശയങ്ങളിലൂടെ കടന്നുപോയ വിശുദ്ധ മദര്‍ തെരേസയും ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയും വിശുദ്ധ യോഹന്നാന്‍ ക്രൂസുമൊക്കെ അതാണ് ചെയ്തത്. ആത്മീയ സംശയങ്ങളിലൂടെ നമ്മളും വളരട്ടെ.

ഒന്നാം വായന
ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (12 : 1-4a)

(നിന്റെ ദേശത്തെയും, ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്,ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക)

അക്കാലത്ത് കര്‍ത്താവ് അബ്രാമിനോട് അരുളി ച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃ ഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹി ക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപി ക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമു ഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കര്‍ ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (117 : 1, 2)

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; ജന പദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.
നിങ്ങള്‍ ലോകമെങ്ങും …..
നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നില നില്‍ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍.
നിങ്ങള്‍ ലോകമെങ്ങും …..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (2 : 19-22)

(നിങ്ങള്‍ അപ്പസ്‌തോലന്‍മാരുടെ അടിസ്ഥാനത്തിന്‍മേല്‍ പണിയപ്പെട്ടിരിക്കുന്നു)

സഹോദരരേ, ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേ ശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവ ഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്‌തോലന്‍ മാരും പ്രവാചകന്‍മാരുമാകുന്ന അടിത്തറ മേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടി ത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തു വില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കു ന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥല മായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടി രിക്കുന്നു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Jn. 20 : 29) തോമ്മാ നീ എന്നെ കണ്ട തുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസി ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ – അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (20 : 24-29)

(എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!)

പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളി ക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതു കള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കു കയില്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍ മാര്‍.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
st thomas feastsunday homily readings

Related Articles

തപസ്സുകാലം രണ്ടാം ഞായര്‍

First Reading Genesis 22:1-2,9a,10-13,15-18 Abraham obeyed God and prepared to offer his son, Isaac, as a sacrifice. Responsorial Psalm Psalm

കൊവിഡ് വാക്‌സിന്‍ സകലര്‍ക്കും സംലഭ്യമാകണം -ഫ്രാന്‍സിസ് പാപ്പ

ജനനം പ്രതീക്ഷയുടെ ഉറവിടം ഈ മഹോത്സവത്തില്‍ സഭ ഏശയ്യാ പ്രവാചകന്റെ വാക്കുകളിലൂടെ പ്രഖ്യാപിക്കുന്ന സന്ദേശം എല്ലാവരിലേക്കുമെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ”നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു

ദേവസഹായ മാധ്യസ്ഥ്യം ജാതിദ്വേഷമകറ്റാന്‍

ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ അല്മായ വിശുദ്ധനായി സാര്‍വത്രിക റോമന്‍ കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്ന ലാസറസ് എന്ന ദേവസഹായത്തിന്റെ പേരിനൊപ്പം കണ്ടുവന്നിരുന്ന ‘പിള്ള’ എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*