വചനവും സൗഖ്യവും ജീവനും: ദിവ്യകാരുണ്യത്തിരുനാൾ

by admin | June 18, 2022 1:48 am

ദിവ്യകാരുണ്യത്തിരുനാൾ
വിചിന്തനം:- വചനവും സൗഖ്യവും ജീവനും (ലൂക്കാ 9: 11 – 17)

ദൈവരാജ്യം പ്രഘോഷിക്കാൻ പോയ ശിഷ്യന്മാർ മടങ്ങി വന്നിരിക്കുന്നു. അവരോടൊപ്പം ചിലവഴിക്കാൻ യേശു ബേത്‌സയ്‌ദായിലേക്ക് യാത്ര തിരിക്കുന്നു. പക്ഷെ, ഏകദേശം അയ്യായിരം പുരുഷന്മാർ അവനെ പിന്തുടരുകയാണ്. സ്ത്രീകളും കുട്ടികളും കണക്കിൽപ്പെടുന്നില്ല. എന്തേ അവർ എണ്ണപ്പെട്ടില്ല? അറിയില്ല. ആ എണ്ണപ്പെടാത്തവരുടെ കൂട്ടത്തിലായിരിക്കാം ചിലപ്പോൾ നമ്മളും. അപ്പോഴും നോക്കുക, ഗുരു ആരെയും ഒഴിവാക്കുന്നില്ല. “അവന്‍ അവരെ സ്വീകരിച്ച്‌ ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്‌തു” (v.11). ഈ വാക്യത്തിൽ യേശുവിന്റെ ദൗത്യം മുഴുവനും സംഗ്രഹിച്ചിട്ടുണ്ട്: വചനവും സൗഖ്യവുമാണവൻ. ആ ജനക്കൂട്ടത്തിൽ നമ്മളോരോരുത്തരും ഉണ്ട്. ഒത്തിരി ആവശ്യങ്ങളുടെ കലവറയായ മനുഷ്യകുലം മുഴുവനുമുണ്ട്. അതെ, ആഗ്രഹങ്ങൾ പേറി നടക്കുന്നവരാണ് നമ്മൾ. രോഗശാന്തിയുടെ മാത്രമല്ല, കരുതലിന്റെയും അപ്പത്തിന്റെയും സമ്പൂർണ്ണതയുടെയും ആഗ്രഹങ്ങൾ.

ഈ സുവിശേഷത്തിന്റെ വരികളിൽ നമ്മുടെ ജീവിതവും മറഞ്ഞു കിടക്കുന്നുണ്ട്: യേശുവിനെ അനുഗമിച്ചവരിൽ ഒരാളാണ് നമ്മളും. നമുക്കും വേണം അവന്റെ ശ്രദ്ധയും പരിചരണവും. നമ്മുടെ ജീവിതത്തിലും വേണം സൗഖ്യം നൽകുന്ന ഒരു സാന്നിധ്യം. നമുക്കുമുണ്ട് പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങൾ, അത് എന്താണെന്ന് നമുക്കറിയില്ല. പക്ഷെ, സൃഷ്ടവസ്തുക്കളിൽ ഒന്നിനും അത് തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് നമുക്കറിയാം.

പകൽ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ചില പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. അങ്ങനെയാണ് അപ്പോസ്തലന്മാർ ഇടപെടുന്നത്: “നാം വിജനപ്രദേശത്തായതുകൊണ്ട്‌ ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്‌ക്കുക” (v.12). പക്ഷെ, യേശു അവരെ പറഞ്ഞയച്ചില്ല. തന്നരികിൽ വന്ന ആരെയെങ്കിലും അവൻ പറഞ്ഞയച്ചിട്ടുണ്ടോ? ഒരിക്കലുമില്ല.

അപ്പോസ്തലന്മാരുടെ ഒഴിവാക്കലിന്റെ പ്രത്യയശാസ്ത്രത്തിനു മുന്നിൽ ചേർത്തുനിർത്തലിന്റെ യുക്തി അവൻ ഉപദേശിക്കുന്നു; “നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” (v.13). ആഖ്യാനത്തിന്റെ ദിശ മാറുകയാണ് ഇവിടെ. “കൊടുക്കുവിൻ” (Δότε). ഒരു ഉത്തരവ് ആണിത്. ഒപ്പം പ്രത്യാശയും കൂടിയാണ്. “എനിക്ക് വിശക്കുമ്പോൾ, കർത്താവേ, ഭക്ഷണം നൽകാൻ ഒരാളെ എന്റെ വഴിക്ക് അയയ്ക്കണമേ” എന്ന് പ്രാർത്ഥിക്കാനുള്ള പ്രത്യാശ. അപ്പോഴും “കൊടുക്കുവിൻ” എന്ന കൽപ്പനയെ നമ്മൾ മറക്കരുത്. സംതൃപ്തി ചിലപ്പോൾ നമ്മെ അന്ധരാക്കാം. വയറു നിറഞ്ഞിരിക്കുമ്പോൾ സഹജന്റെ പശിയെ നമ്മൾ കാണുകയില്ല. പങ്കിടാനുള്ള മനസ്സ് വേണം. അത് ചിലപ്പോൾ അഞ്ചപ്പവും രണ്ടു മീനും ആയിരിക്കാം, ഒരു ഗ്ലാസ് വെള്ളം ആകാം, മുറിവുകളിൽ പകരാനുള്ള എണ്ണയും വീഞ്ഞുമാകാം, കുറച്ച് സമയവും അൽപ്പം കരുണയുമാകാം. ഓർക്കുക, സ്വീകരിക്കുമ്പോഴല്ല, കൊടുക്കുമ്പോൾ മാത്രമാണ് നമ്മൾ സമ്പന്നരാകുന്നത്.

യേശു ആരെയും ഒഴിവാക്കുന്നില്ല. കാരണം, കൂട്ടായ്മയാണ് അവന്റെ സത്തയും ജീവിതവും. അതുകൊണ്ടാണ് ഓരോ കുർബാനയിലും നമ്മെ അന്വേഷിക്കുകയും വിളിക്കുകയും ചെയ്യുന്ന ദൈവത്തെ നമ്മൾ കണ്ടുമുട്ടുന്നത്. (“ദിവ്യകുഞ്ഞാടിന്റെ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടവർ അനുഗൃഹീതർ”). നമ്മിലേക്ക് നടന്നടുക്കുന്ന ദൈവം. സ്വയം നൽകി അവൻ നമ്മിൽ ജീവിക്കുന്നു. തന്നേക്കാൾ കുറഞ്ഞതൊന്നും നൽകാൻ കഴിയാത്ത ദൈവം. ആ ദൈവമാണ് യേശു.

മനുഷ്യന്റെ വിശപ്പിന് മുന്നിൽ ദൈവവചനം മാത്രം പോരാ. അപ്പവും വേണം. പക്ഷെ, ദൈവത്തിന് നൽകേണ്ടിവന്നത് സ്വന്തം മാംസവും രക്തവും കൂടിയാണ്. അവൻ നമുക്ക് തന്റെ രക്തം നൽകുന്നു, അങ്ങനെ അവന്റെ ജീവൻ നമ്മുടെ സിരകളിൽ ഒഴുകുന്നു. അവൻ തന്റെ ശരീരം നൽകുന്നു, അങ്ങനെ നമ്മുടെ വിശ്വാസം ആശയങ്ങളിലല്ല, യേശു എന്ന വ്യക്തിയിൽ അധിഷ്ഠിതമാകുന്നു. അത് ചരിത്രമാണ്, സംഭവമാണ്, അഭിനിവേശമാണ്, മുറിവാണ്, വെളിച്ചമാണ്, കുരിശിന്റെ കഠിനമായ ഭാരവും കൂടിയാണ്.

യേശു തന്റെ ശരീരവും രക്തവും പകുത്തു നൽകുന്നതിലൂടെ സഹജരുടെ ശരീരരക്തത്തെ വിശുദ്ധമായി കരുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവിടെ ജാതി-മതത്തിലധിഷ്ഠിതമായ ഒഴിവാക്കലിന്റെ ചിന്തകൾ കടന്നുവരരുത്. അർപ്പിക്കപ്പെട്ട ശരീരത്തിലൂടെയും ചൊരിയപ്പെട്ട രക്തത്തിലൂടെയും അവൻ പുനർനിർണയിക്കുന്നത് അസ്തിത്വത്തിന്റെ പുതിയനിയമമാണ്: ആത്മാർപ്പണത്തിന്റെ നിയമം. സ്വയം ഒരു ദാനമാകാതെ, ഒരു ബലിയാകാതെ ആർക്കും സ്നേഹത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാനോ നൽകാനോ സാധിക്കില്ല. യേശു ചെയ്തതുപോലെ സഹജനു വേണ്ടി ജീവൻ അർപ്പിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതവും ഒരു കുർബാനയാകൂ.

ഒന്നാം വായന
ഉല്‍പ്പത്തി പുസ്തകത്തില്‍നിന്ന് (14 : 18-20)

(മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു)

സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവ ത്തിന്റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാ ശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാ കട്ടെ! ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യു ന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെ യും ദശാംശം അവനുകൊടുത്തു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (110 : 1, 2, 3, 4)

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കു വോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.
മെല്‍ക്കിസെദെക്കിന്റെ …..
കര്‍ത്താവു സീയോനില്‍നിന്നു നിന്റെ അധികാര ത്തിന്റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.
മെല്‍ക്കിസെദെക്കിന്റെ …..
വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയി ക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെ ത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്റെ ഉദര ത്തില്‍നിന്നു മഞ്ഞെന്നപോലെ യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.
മെല്‍ക്കിസെദെക്കിന്റെ …..
കര്‍ത്താവു ശപഥം ചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകു ന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
മെല്‍ക്കിസെദെക്കിന്റെ …..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (11: 23-26)

(നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം
കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.)

സഹോദരരേ, കര്‍ത്താവില്‍നിന്ന് എനിക്കു ലഭി ച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്ക പ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പി ച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെ യ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീര മാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യു വിന്‍. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യു വിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്ര ത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Jn. 6 : 51) സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്; ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (9 : 11b-17)

(എല്ലാവരും ഭക്ഷിച്ചു തൃപ്തരായി)

അക്കാലത്ത്, യേശു ജനങ്ങളെ സ്വീകരിച്ച് ദൈവ രാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗ ശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്തു. പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടു പേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിന്‍ പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞ യയ്ക്കുക. അവന്‍ പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങ ളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്‌സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക് ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങി ക്കൊണ്ടുവരണം. അവിടെ ഏകദേശം അയ്യായിരം പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. അവന്‍ ശിഷ്യന്‍മാ രോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജന ങ്ങളെ ഇരുത്തുവിന്‍. അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി. അപ്പോള്‍ അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തി ലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്‍മാരെ ഏല്‍പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/sunday-homily-body-and-blood-christ-corpus-christi-readings/