ആണ്ടുവട്ടം രണ്ടാം ഞായര്‍: 17 January 2021

ആണ്ടുവട്ടം രണ്ടാം ഞായര്‍: 17 January 2021

ആണ്ടുവട്ടം രണ്ടാം ഞായര്‍

R1: 1 Sam 3:3b-10, 19

R2: 1 Cor 6:13b-15a, 17-20

Gospel: Jn 1:35-42

‘വിശ്വാസം കേള്‍വിയില്‍ നിന്നു ആരംഭിക്കുന്നു എന്നു ഫ്രാന്‍സിസ് പാപ്പ തന്റെ ആദ്യ ചാക്രികലേഖനമായ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ കുറിക്കുന്നുണ്ട്. അബ്രഹാമിന്റെ വിളിയെയാണ് പാപ്പ അവിടെ അനുസ്മരിക്കുക. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത, അനുഭവിക്കാത്ത എന്നാല്‍ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദത്തോട് ഭൂതമോ, ഭാവിയോ, വര്‍ത്തമാനമോ ചിന്തിക്കാതെ പ്രത്യുത്തരിക്കാന്‍ കാണിക്കുന്ന ചങ്കുറപ്പാണ് ജനതകളുടെ പിതാവും വിശ്വാസികളുടെ പിതാവുമായി അബ്രഹാമിനെ മാറ്റിയത്. അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവ് തന്റെ അനുധ്യാനങ്ങള്‍ എന്ന പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്ന വരികള്‍ പോലെ ‘പുറപ്പെട്ടവനേ രക്ഷപ്പെട്ടിട്ടുള്ളൂ’ ദൈവത്തിന്റെ ശബ്ദത്തോട് ‘അതേ’ എന്നു പറഞ്ഞ് പുതുവഴി തേടി പുറപ്പെടുന്നവര്‍ക്ക് സമൃദ്ധിയുടെ കാനാന്‍ദേശം ദൂരെ നിന്നു കാണാനുള്ള അവസരമെങ്കിലും ദൈവം ഒരുക്കും.

ആണ്ടുവട്ടത്തിലെ രണ്ടാം ഞായര്‍ വിളിയുടെ ചിന്തയാണ് നമുക്ക് നല്‍കുന്നത്. ഒന്നാമത്തെ വായനയില്‍ ബാലനായ സാമുവേലിനെ ദൈവം വിളിക്കുന്ന രംഗമുണ്ട് വിളിച്ചവന്റെ സ്വരം തിരിച്ചറിയാതെ പോകുന്നതും വലിയ പ്രശ്‌നമാണ്. സ്വരം തിരിച്ചറിഞ്ഞില്ലെങ്കില്‍ നടക്കുന്ന വഴിക്കും വെയ്ക്കുന്ന ചുവടിനും തെറ്റുപറ്റും. ദൈവസ്വരം തിരിച്ചറിഞ്ഞ് ദേവാലത്തിലേക്ക് നടക്കാതെ അത് മനുഷ്യസ്വരമാണെന്നു കരുതിവയ്ക്കുന്ന ചുവടുകള്‍ എത്തിനില്‍ക്കുക ഏലിയുടെ മുറിയുടെ മുന്നിലാണ്. നേര്‍വഴികാട്ടാന്‍ അറിയാവുന്നവന്റെ അടുത്തായതുകൊണ്ട് സാമുവല്‍ ദൈവവിളി തിരിച്ചറിഞ്ഞു. അല്ലാത്തപക്ഷം അവന്റെ വിളി അവിടെ അവസാനിച്ചു പോകുമായിരുന്നു.

യോഹന്നാന്റെ സുവിശേഷത്തിലേക്ക് വരുമ്പോഴും സമാനമായ ഒരു ദൈവവിളി അനുഭവമാണ് നാം കാണുക. മൂന്നു ചോദ്യങ്ങള്‍ ഈ ദൈവവിളി അനുഭവത്തെ നമുക്ക് വ്യക്തമാക്കിതരുന്നുണ്ട്. ആദ്യത്തെ ചോദ്യം യേശുവില്‍ നിന്നാണ്:  നിങ്ങള്‍ എന്തന്വേഷിക്കുന്നു? (യോഹ1:38a). രണ്ടാമത്തേത് ശിഷ്യരുടെ ഭാഗത്തു നിന്നാണ്. അങ്ങ് എവിടെയാണ് വസിക്കുന്നത് (യോഹ 1: 38b) വീണ്ടും മൂന്നാമത്തെ ചോദ്യം യേശുവിന്റെ പക്കല്‍ നിന്നു തന്നെ: വന്നു കാണുക (യോഹ 1:39a) ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ലായെന്നതാണ് ഇവിടുത്തെ പ്രത്യേകത. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാത്തവന്റെ പിന്നാലെ പോയി അന്വേഷിച്ച് കണ്ടെത്തേണ്ട, തേടി നടന്നത് തിരിച്ചറിയേണ്ട ഉത്തരമാണ് ദൈവവിളി.

നിങ്ങള്‍ എന്തന്വേഷിക്കുന്നു?: എല്ലാ മനുഷ്യരും അന്വേഷികളാണ്. ജീവിതം പോലും ഈ ഒരു അന്വേഷണമാണ്, സത്യത്തിനുവേണ്ട, സന്തോഷത്തിനുവേണ്ടി, പുതിയ സാധ്യതകള്‍ക്കുവേണ്ടി, അവസരങ്ങള്‍ക്കുവേണ്ടി ഇങ്ങനെ പോകുന്നു നമ്മുടെ അന്വേഷണങ്ങള്‍ തന്റെ ആത്മകഥയ്ക്ക് മോഹന്‍ദാസ് കരംചന്ദ്ഗാന്ധി നമ്മള്‍ സ്‌നേഹത്തോടെ ബാപ്പുജി എന്നു വിളിക്കുന്ന വലിയ മനുഷ്യന്‍ നല്‍കിയ പേര് വളരെ സുന്ദരമാണ് ‘ എന്റെ സത്യാന്വേഷണ പരീക്ഷണകഥകള്‍’. തുടക്കം മുതല്‍ ഒടുക്കം വരെ ഈ ഒരു അന്വേഷണ യാത്രയിലാണ് മനുഷ്യന്‍. അന്വേഷിച്ചു കണ്ടെത്തേണ്ട ഒറ്റയടിപ്പാതയാണ് ദൈവം എന്നു വായിച്ചതോര്‍ക്കുന്നു. ദൈവത്തെ അന്വേഷിച്ചുകൊണ്ടാണ് ശിഷ്യന്മാര്‍ എത്തുക. അന്വേഷിച്ചതു കണ്ടെത്തുമ്പോഴുള്ള സന്തോഷത്തോടെ അവര്‍ ചോദിക്കുകയാണ് അങ്ങ് എവിടെയാണ് വസിക്കുന്നതെന്ന്. വന്നു കാണാനാണ് പിന്നീടുള്ള ക്ഷണം. ശേഷം വചനം പറയുക ഇപ്രകാരമാണ് അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അന്വേഷിക്കുകയും കണ്ടെത്തുകയും സ്വന്തമാക്കുകയും ചെയ്യുന്ന ഈ പ്രക്രിയയില്‍ ദൈവവിളിയുടെ രഹസ്യവും ശിഷ്യത്വത്തിന്റെ സമര്‍പ്പണവുമുണ്ട്.

ഇമ്മാനുവേല്‍ എന്നാണ് അവന്റെ വിളിപ്പേര് അതിനര്‍ത്ഥം ‘ദൈവം നമ്മോടുകൂടെ’ എന്നാണല്ലോ നടക്കുന്നവരുടെ കൂടെ നടക്കുന്ന, സഞ്ചരിക്കുന്നവരോടൊപ്പം സഞ്ചരിക്കുന്ന ദൈവമാണ് നമ്മുടേത്. അവന്റെ ശിഷ്യരാകാന്‍ വിളിക്കപ്പെടുന്നവരെല്ലാം ‘ക്രിസ്ത്യാനി’ എന്ന വിളിപ്പേരില്‍ അറിയപ്പെടാന്‍ കാരണം ‘ക്രിസ്തുവിനോടുകൂടെയുള്ള അയനം’ ആയതുകൊണ്ടാണ്. യാത്രക്കാരാ നീ ഒറ്റയ്ക്കല്ല ഒപ്പം ക്രിസ്തുവുണ്ട്. അവന്റെ ഒപ്പമാണ് യാത്രയെങ്കില്‍ അത് സുഖകരമായ യാത്രയാകണമെന്നില്ല. ഒരുറപ്പുതരാം പരാജയപ്പെട്ടുപോകില്ലായെന്ന്, ലോകത്തിന്റെ ദൃഷ്ടിയിലല്ല മറിച്ച് ദൈവത്തിന്റെ ദൃഷ്ടിയില്‍.

ദൈവത്തിന്റെ വിളി തിരിച്ചറിഞ്ഞ് വഴിതെറ്റാതെ അന്വേഷിച്ച് തേടിപ്പുറപ്പെടാനും കണ്ടെത്താനും സ്വന്തമാക്കാനും ശിഷ്യനു സാധിക്കണം. അതിനേക്കാള്‍ ഉപരിയായി സ്വന്തമാക്കിയതിനെ പ്രഘോഷിക്കുവാനും മറ്റുള്ളവര്‍ക്ക് പങ്കുവച്ച് കൊടുക്കുവാനും സാധിക്കുന്നിടത്താണ് വിളിയും ശിഷ്യത്വവും പൂര്‍ണമാകുന്നത്. നിങ്ങള്‍ക്ക് അതിനു സാധിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
homilysunday homily malayalam

Related Articles

സിറിയക് ചാഴിക്കാടന്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ്

തൃശൂര്‍ : കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴിക്കാടനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവാണ് ജനറല്‍

മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും

റോമിന്റെ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയാന്റെ ഓര്‍മയ്ക്കായി നിര്‍മിക്കപ്പെട്ട Mausoleum of Hadrian (AD 129-139) ഇന്ന് അറിയപ്പെടുന്നത് കാസ്‌തെല്‍ സാന്താഞ്ചെലോ (Castel Sant’angelo)- എന്നാണ്. ഇന്നും നിലനില്ക്കുന്ന മനോഹരമായ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.

ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം 21 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.കാര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*