ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021

Reading 1, Job 7:1-4, 6-7
Responsorial Psalm, Psalms 147:1-2, 3-4, 5-6

Reading 2, First Corinthians 9:16-19, 22-23

Gospel, Mark 1:29-39

 ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍ രോഗശാന്തിശുശ്രൂഷ നടക്കുന്ന ധ്യാനകേന്ദ്ര അനുഭവത്തിലേക്കാണ് നമ്മെക്കൂട്ടിക്കൊണ്ടുപോവുക. ആദ്യം ശിമയോന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന യേശുനാഥന്‍ തുടര്‍ന്ന് നഗരത്തിന്റെ കവാടത്തില്‍ എന്നെ കാണാന്‍ വന്ന ഒരുപാടുപേരെ അവരുടെ ആവശ്യങ്ങള്‍ കേട്ടുകൊണ്ട് രോഗത്തില്‍ നിന്ന് സൗഖ്യവും പിശാചുബാധയില്‍ നിന്ന് മോചനവും നല്‍കുന്ന രംഗം സുവിശേഷം വിവരിക്കുകയാണ്. ലൂക്കാ സുവിശേഷം നാലാം അധ്യായം പതിനെട്ടാം വാക്യത്തില്‍ തന്റെ ദൗത്യമാരംഭിക്കുന്ന യേശു തന്റെ ശുശ്രൂഷയുടെ രീതി വ്യക്തമാക്കുന്നത് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് വായിച്ചുകൊണ്ടാണല്ലോ. സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് മുന്‍പായി അവര്‍ക്കു നല്‍കുന്ന പശ്ചാത്തല വിവരണവും ‘എന്‍ട്രന്‍സ് മ്യൂസിക്കും’ പോലെ, വരുന്നവന്റെ ഉദ്ദേശം വ്യക്തമാക്കിത്തരുന്ന വചനങ്ങളാണ് അവിടെ കാണുക: കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട.് ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വല്‍സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു (ലൂക്കാ 4:18) യേശുവിന്റെ ശുശ്രൂഷയുടെ അന്ത:സത്ത ഇവിടെ വളരെ വ്യക്തമാണ്. സൗഖ്യത്തിന്റെ ശുശ്രൂഷയിലൂടെ മനുഷ്യരുടെ അത്യാവശവും അടിസ്ഥാനവുമായ ജീവിത വിഷയങ്ങളില്‍ പങ്കുചേര്‍ന്ന് ഭൗതീകതലത്തില്‍ നിന്ന് ആത്മീയതലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുക. ശരീരത്തിന്റെ ആവശ്യങ്ങളേക്കാള്‍ ആത്മാവിന്റെ ആവശ്യങ്ങളിലേക്കുള്ള തിരിച്ചറിവ് പകര്‍ന്ന് പാപത്തിന്റെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ച് രക്ഷയുടെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നടക്കാന്‍ പഠിപ്പിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. അവന്റെ സുഖപ്പെടുത്തലുകളെല്ലാം സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പാഠങ്ങളായിരുന്നു.

ക്രിസ്തീയ വിളിയുടെ പ്രത്യേകത ഇതാണ്. വെറും സാമൂഹിക പരിവര്‍ത്തനത്തേക്കാള്‍ ഉപരിയായി ദൈവരാജ്യസംസ്ഥാപനത്തിന്റെ സ്‌നേഹശുശ്രൂഷയുടെ പങ്കുവയ്ക്കലാണ് നടക്കേണ്ടത്. ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ മദര്‍ തെരേസയോട് പറഞ്ഞു: എനിക്ക് എത്ര വലിയ തുക പ്രതിഫലം തരാമെന്നു പറഞ്ഞാലും മദര്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കില്ലാ എന്ന്. ഇതുകേട്ട് മദര്‍ തിരികെ അയാളോട് പറഞ്ഞു: താങ്കളെപ്പോലെ തന്നെ എത്ര വലിയ തുക തരാമെന്ന് പറഞ്ഞാലും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ എനിക്കു സാധിക്കില്ല. പക്ഷെ ഞാനിതെല്ലാം ക്രിസ്തുവിനുവേണ്ടിയാണു ചെയ്യുന്നത്. അതുകൊണ്ട് ഒരു പ്രതിഫലവും കൂടാതെ ഇതെല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ക്രൈസ്തവ മാനവീകതയുടെ, ശുശ്രൂഷയുടെ സ്‌നേഹത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ മുഖമായ ഒരു സന്യാസിനിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ വിളിയെക്കുറിച്ച് വ്യക്തമാക്കുന്നതാണ്.

ക്രിസ്തുവിന്റെ സഭ മിഷണറി സഭയാണ് മെഷിനറി (Machinery) സഭയല്ല. അങ്ങനെയെങ്കില്‍ അവളുടെ മക്കളെല്ലാം മിഷണറിമാരാണ് (പ്രേഷിതപ്രവര്‍ത്തകരാണ്) വെറും സാമൂഹിക ഉദ്‌ബോധനത്തിന്റെയോ പരിവര്‍ത്തനത്തിന്റെ തലം മാത്രമല്ല സഭയുടെ പ്രേഷിതവേലയ്ക്കുള്ളത്. അതിനേക്കാള്‍ ഉന്നതിയില്‍ നില്‍ക്കുന്ന ദൗത്യം സഭാമക്കള്‍ക്കുണ്ട്. ഭൂമിയില്‍ ദൈവരാജ്യം പുലരാനും സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ജീവിതം ക്രമപ്പെടുത്താനും അനേകം പേര്‍ക്ക് രക്ഷ നല്‍കാനും വിളിക്കപ്പെട്ടവരാണ് നാമെന്നു മറന്നുപോകരുത്. സുവിശേത്തില്‍ രോഗസൗഖ്യം നല്‍കുന്ന യേശുവിന്റെ ചിത്രത്തിനു മുന്‍പ് നമ്മുടെ ശ്രദ്ധപതിപ്പിക്കേണ്ടത് സൗഖ്യം നല്‍കുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്ന യേശുവിന്റെ ചിത്രത്തിലേക്കാണ്. നമ്മെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥരാക്കേണ്ടത് ഈ പ്രാര്‍ത്ഥനയുടെ ശീലമാണ്. എന്ത് ചെയ്യുമ്പോഴും സങ്കീര്‍ത്തനം 115 ഓര്‍മയിലുണ്ടാവണം: ”ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയേയും പ്രതി അങ്ങയുടെ നാമത്തിന് മഹത്വം നല്‍കപ്പെടട്ടെ” എന്ന്.

വിശുദ്ധ ബനഡിക്ടിന്റെ ആധ്യത്മീക പരമ്പര്യത്തില്‍ പറയുന്നതുപോലെ Ora et Labora പ്രാര്‍ത്ഥിക്കുകയും ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുക. നന്മ ചെയ്യുന്നതിലും മറ്റുള്ളവര്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിലുമാണു പ്രധാനം എങ്കിലും മറന്നു പോകരുത് നിന്റെ നന്മ സ്വീകരിക്കുന്നവന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നുണ്ടെങ്കില്‍ നീ ഒരു ക്രൈസ്തവനാണ്. നിന്റെ വിളി പൂര്‍ണമാകുകയാണ് സൗഖ്യം മാത്രമല്ല രക്ഷകൂടി നല്‍കുന്ന മനുഷ്യരായി നമുക്ക് മാറാം ദൈവം അനുഗ്രഹിക്കട്ടെ.


Tags assigned to this article:
homilysunday homily malayalam

Related Articles

നെഞ്ചിൽ കുരിശടയാളവുമായി ഒരു കമ്മ്യുണിസ്റ്റ്‌…

അമേരിക്കയുടെ വൈസ്പ്രസിഡന്റ്‌ എന്ന നിലയിൽ ജോർജ്ജ്‌ H .W ബുഷ്‌ , 1982-ൽ പതിനെട്ടുകൊല്ലം സോവ്യറ്റ്‌ യൂണിയന്റെ പ്രസിഡന്റ്‌ ആയിരുന്ന ലിയോനിഡ്‌ ബ്രഷ്നേവിന്റെ മൃതസംസ്കാരചടങ്ങിൽ സംബന്ധിച്ചിരുന്നു.പിൽക്കാലത്ത്‌ പല

പാട്ടിന്റെ പാലാഴിയാണ് നഞ്ചിയമ്മ

‘അയ്യപ്പനും കോശിയും’ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ കൂട്ടിന് നഞ്ചിയമ്മയുടെ പാട്ടും ഹിറ്റ് ചാര്‍ട്ടിലേക്ക്. അട്ടപ്പാടിയിലെ നക്കുപ്പതി ഊരില്‍നിന്ന് ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്…’ എന്ന പാട്ടാണ്

എന്‍ഡോസള്‍ഫാന്‍ പറയുന്ന ദുരിത പാഠങ്ങള്‍

സെക്രട്ടേറിയേറ്റിനുമുന്നില്‍ അഞ്ചുദിവസങ്ങളിലായി തുടര്‍ന്ന നിരാഹാര സമരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. സാമൂഹ്യ പ്രവര്‍ത്തക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*