നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37)

“ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις = A certain man). അതെ, ഏതോ ഒരു മനുഷ്യൻ. വിശേഷണങ്ങൾ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ. നല്ലവനെന്നോ ചീത്തവനെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ വിശേഷണങ്ങളില്ലാത്ത ഒരുവൻ. അവൻ ചിലപ്പോൾ നെറിയുള്ളവനായിരിക്കാം, അല്ലെങ്കിൽ ഒരു കള്ളനായിരിക്കാം. അറിയില്ല അവൻ ആരാണെന്ന്. പക്ഷെ അറിയാം വ്യക്തമായിട്ട്, ജറുസലെമിൽനിന്നും ജെറിക്കോയിലേക്ക് സഞ്ചരിക്കുന്നത് ഒരു മനുഷ്യനാണ്. നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധി.

അവനൊരു പേരുണ്ടോ? ഇല്ല. വേണമെങ്കിൽ അവനെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനെന്നോ, വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റപ്പെട്ടവനെന്നോ, പ്രഹരമേറ്റവനെന്നോ, വീണു കിടക്കുന്നവനെന്നോ, അർദ്ധപ്രാണനായവനെന്നൊക്കെ വിളിക്കാം. അങ്ങനെയാകുമ്പോൾ ഒറ്റപ്പെട്ട ഒരു പേരല്ല അവന്റേത്. നിത്യനാമമാണ്. എല്ലാവരുടെയും പേരാണത്. കണ്ണീരിന്റെ വലിയ ഭാരം വഹിക്കുന്ന, ലോകത്തിന്റെ വിശാലതയിലും ഞെരുക്കമനുഭവിക്കുന്ന എല്ലാവരുടെയും പേര്; എന്റെയും നിന്റെയും നാമം.

ഒരു പുരോഹിതനാണ് ആദ്യം ആ വഴിയെ വന്നത്. അയാൾ അവനെ ഒഴിവാക്കി മറുവശത്തുകൂടെ കടന്നുപോകുന്നു. “മറുവശത്തുകൂടെ കടന്നുപോയി” (ἀντιπαρῆλθεν). വീണുകിടക്കുന്നവന്റെ മറുവശം. എന്താണ് അവിടെയുള്ളത്? അവിടെ ഒന്നുമില്ല. മനുഷ്യനൊമ്പരങ്ങൾക്കപ്പുറം ഒന്നുമില്ല. ആ മറുവശം അസംബന്ധവും ഉപയോഗശൂന്യവുമാണ്. വീണുകിടക്കുന്നവനെ അവഗണിച്ചു കടന്നുപോകാൻ പ്രേരിപ്പിക്കുന്ന ആത്മീയതയുടെ പ്രതിനിധിയാണ് ആ പുരോഹിതൻ. അങ്ങനെയുള്ളവർ ഒഴിഞ്ഞുമാറലിന്റെ യുക്തി പ്രഘോഷിക്കും. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്നുപറഞ്ഞ് സ്വയം ശുദ്ധത ഭാവിക്കും.

മനുഷ്യനൊമ്പരങ്ങൾക്ക് പുറത്താണ് നമ്മുടെ ആത്മീയചരിത്രമെന്ന് ആരും വിചാരിക്കരുത്. നാമെല്ലാവരും ഒരേ പാതയിലാണ്; ജറുസലെമിൽനിന്ന് ജറീക്കോയിലേക്കുള്ള പാതയിൽ. ഒരേ ചരിത്രത്തിലാണ്. രക്ഷപ്പെടുമെങ്കിൽ ഒരുമിച്ച് രക്ഷപ്പെടും അല്ലെങ്കിൽ ഒരുമിച്ച് നഷ്ടപ്പെടും. മനുഷ്യത്വത്തെ അവഗണിച്ചു കൊണ്ടുള്ള എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും വെറും പ്രഹസനങ്ങൾ മാത്രമാണ്. വീണുകിടക്കുന്നവന്റെ മറുവശത്ത് മതാത്മകതയെ ദർശിക്കുന്നതിനേക്കാൾ വലിയ അസംബന്ധം വേറെയില്ല. അങ്ങനെയുള്ള “മറുവശം” സ്വർഗ്ഗമല്ല എന്ന കാര്യം കൂടി ഓർക്കണം.

“എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട്‌ മനസ്സലിഞ്ഞു” (v.33). നിത്യതയെ സ്പർശിക്കുന്ന മൂന്നു ക്രിയകൾ: അടുത്തു വരുക, കാണുക, മനസ്സലിയുക (ἦλθεν κατ’ αὐτὸν καὶ ἰδὼν ἐσπλαγχνίσθη). മനുഷ്യത്വം തുളുമ്പുന്ന വാചകമാണിത്. അടുത്തുവന്ന് കാണാതെ, മനസ്സലിയാതെ മനുഷ്യത്വം ഉണ്ടാകില്ല. അനുകമ്പയാണ് മനസ്സലിവ്. വൈകാരികത കുറവുള്ള വികാരമാണത്. മാധുര്യമില്ലാത്ത വികാരം. കാരണം, ഒരുമിച്ചുള്ള സഹനമാണത്.

യാത്രികനാണ് സമരിയക്കാരൻ. അവന് ഒരു ലക്ഷ്യമുണ്ട്. എന്നിട്ടും വീണുകിടക്കുന്നവനെ കാണുമ്പോൾ
അവൻ കഴുതപ്പുറത്ത് നിന്ന് ഇറങ്ങുന്നു. അവന് ഭയമുണ്ട്. വീണുകിടക്കുന്നവന്‍ ഒരു കെണിയാകാം എന്ന ഭയം. പക്ഷേ മനസ്സലിവ് ആ ഭയത്തെ അതിജീവിക്കുന്നു. അനുകമ്പ ഒരു സഹജവാസനയല്ല, ആർജിച്ചെടുക്കേണ്ട ഒരു പുണ്യമാണത്. അതിനെ ഒരു തോന്നലായി കരുതരുത്. സഹജന്റെ നൊമ്പരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആത്മീയ നേട്ടമാണത്.

“നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സ്നേഹിക്കണം എന്ന മറുപടിയും നല്ല സമരിയക്കാരന്റെ ഉപമയും. ആ സ്നേഹത്തെ വിവരിക്കാൻ തുടർച്ചയായി പത്ത് ക്രിയകളാണ് ഉപമയിൽ ഉപയോഗിച്ചിരിക്കുന്നത്: വരുക, കാണുക, മനസ്സലിയുക, അടുത്തുചെല്ലുക, ഒഴിക്കുക, വച്ചുകെട്ടുക, പുറത്തു കയറ്റുക, കൊണ്ടുപോകുക, പരിചരിക്കുക… അങ്ങനെ പത്താമത്തെ ക്രിയയായ “കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചു വരുമ്പോൾ തന്നുകൊള്ളാം” വരെ. ഇതാണ് പുതിയ പത്ത് കല്പനകൾ. നമ്മൾ ഓരോരുത്തരും, വിശ്വാസിയായാലും അല്ലെങ്കിലും, പച്ച മനുഷ്യനാകാനും ഈ ഭൂമിയിൽ “ഒരു അയൽക്കാരൻ” ആയി വസിക്കാനും വേണ്ടിയുള്ള പുതിയ പത്ത് കൽപ്പനകൾ. പച്ച മനുഷ്യനാകുന്നവന് മാത്രമാണ് നിത്യജീവൻ അവകാശമാക്കാൻ സാധിക്കുക. എങ്ങനെ ഒരു പച്ച മനുഷ്യനാകാൻ കഴിയും? ഗുരു ഒരു ക്രിയയിലൂടെ മറുപടി നൽകുന്നു: സ്നേഹിക്കുക, സമരിയക്കാരനെ പോലെ. ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ സ്നേഹിക്കുക.

മനുഷ്യകുലത്തിന്റെ ഭാവിയെ നിർണയിക്കുന്ന ക്രിയയാണ് സ്നേഹിക്കുക എന്ന ക്രിയ (Ἀγαπήσεις). ഭാവികാലത്തിലേക്കാണ് ക്രിയ വിരൽചൂണ്ടുന്നത്. ഭാവി – അതിന് ചക്രവാളങ്ങളില്ല. അതിനാൽ സ്നേഹത്തിനും അതിരുകൾ നിർണ്ണയിക്കരുത്. കാരണം, സ്നേഹം ഒരു കടമയല്ല, ആവശ്യകതയാണ്. കാലം നിലനിൽക്കുന്നിടത്തോളം സ്നേഹവും നിലനിൽക്കും.

നാളേക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് ? ഗുരു പറയുന്നു; നീ സ്നേഹിക്കണം (Ἀγαπήσεις). എന്റെ ഭാവിക്കുവേണ്ടി ഞാൻ എന്ത് ചെയ്യണം?ഗുരു വീണ്ടും പറയുന്നു; നീ സ്നേഹിക്കണം (Ἀγαπήσεις). മനുഷ്യത്വം, നിയതി, ചരിത്രം ഇവയെല്ലാം നിലനിൽക്കണമെങ്കിൽ ഒറ്റ നിയമമേ നിന്റെ മുന്നിലുള്ളൂ; നീ സ്നേഹിക്കണം (Ἀγαπήσεις). ആരെ? ദൈവത്തെയും മനുഷ്യനെയും.

ഒരു ഉപമയാണ് ഈ സുവിശേഷ ഭാഗത്തിന്റെ കേന്ദ്രം. ആ ഉപമയുടെ മധ്യത്തിൽ നിൽക്കുന്നത് ഒരു മനുഷ്യനാണ്. അതിലെ പ്രധാന ക്രിയ “നീ സ്നേഹിക്കണം” (Ἀγαπήσεις) എന്നതാണ്. അവസാനം ഗുരു നമ്മളോടും പറയുന്നു; ” നീയും പോയി അതുപോലെ ചെയ്യുക” (v.37). അപ്പോൾ നിത്യജീവൻ കണ്ടെത്തും.

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (30 : 10-14)

(വചനം നിനക്കു സമീപസ്ഥമാണ്)

അക്കാലത്ത്, മോശ ജനക്കൂട്ടത്തോടു പറഞ്ഞു: ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന എല്ലാ കല്‍പന കളും ചട്ടങ്ങളും അനുസരിക്കുന്നതിനായി നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവി ടുത്തെ നേര്‍ക്കു തിരിയുകയും ചെയ്യുമെങ്കില്‍ മാത്രമേ അതു സംഭവിക്കൂ.
ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന ഈ കല്‍പന നിന്റെ ശക്തിക്കതീതമോ അപ്രാപ്യമാംവിധം വിദൂരസ്ഥമോ അല്ല. നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തി ക്കാനും ആയി നമുക്കുവേണ്ടി ആര് സ്വര്‍ഗത്തിലേക്കു കയറിച്ചെന്ന് അതു കൊണ്ടുവന്നു തരും എന്നു നീ പറ യാന്‍, അതു സ്വര്‍ഗത്തിലല്ല. ഇതുകേട്ടു പ്രവര്‍ത്തി ക്കാന്‍ ആര് കടലിനക്കരെ പോയി അതു നമുക്കു കൊണ്ടു വന്നു തരും എന്നുപറയാന്‍, അതു കടലിനക്കരെയു മല്ല. വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തി കമാക്കാന്‍ നിനക്കു കഴിയും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(69 : 13+16, 29-30, 32-33, 35ab+36)

ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നു മ്പോള്‍ എനിക്ക് ഉത്തരമരുളണമേ കര്‍ത്താവേ, എനിക്കു ത്തരമരുളണമേ! അങ്ങയുടെ അചഞ്ചല സ്‌നേഹം അതി ശ്രേഷ്ഠമാണല്ലോ; കരുണാ സമ്പന്നനായ അവിടുന്ന് എന്നെ കടാക്ഷിക്കണമേ!
ദൈവത്തെ……
ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാന്‍ ദൈവ ത്തിന്റെ നാമത്തെ പാടി സ്തുതിക്കും, കൃതജ്ഞതാ സ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടു ത്തും.
ദൈവത്തെ……
പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷ ഭരിതമാകട്ടെ! കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദി ക്കുകയില്ല.
ദൈവത്തെ……
ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗര ങ്ങള്‍ പുതുക്കിപ്പണിയും; അവിടുത്തെ ദാസര്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും. അവിടുത്തെ ദാസന്‍ മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവി ടുത്തെ നാമത്തെ സ്‌നേഹിക്കുന്നവര്‍ അതില്‍ വസി ക്കുകയും ചെയ്യും.
ദൈവത്തെ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന്(1: 15-20)

(എല്ലാം അവനിലൂടെയും, അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്)

യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതി രൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനു മാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലു മുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെ ട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍ നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവന്‍ പ്രഥമ സ്ഥാനീ യനായി. എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണത യും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കു കയും അവന്‍ കുരിശില്‍ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!

അല്ലേലൂയാ! (Cfr. Jn. 6, 63c, 68c) കര്‍ത്താവേ നിന്റെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (10 : 25-37)

(ആരാണ് എന്റെ അയല്‍ക്കാരന്‍?)

അക്കാലത്ത്, ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് അവ നെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യ ജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ ഹൃദയ ത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണമനസ്‌സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവ ചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസ രിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവി നോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍? യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ച ക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്ര ങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണ നാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നു പോയി. അതുപോലെ ഒരു ലേവായനും അവിടെ വന്ന പ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാ മധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്, അടുത്തു ചെന്ന് എണ്ണയും വീഞ്ഞു മൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടു ചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നു കൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനു ഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
sunday homily and readings malayalam

Related Articles

സാമ്പത്തിക സംവരണത്തിന് എന്തിനിത്ര തിടുക്കം?

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസം, 2019 ജനുവരി എട്ടിന്, നരേന്ദ്ര മോദി ഗവണ്‍മെന്റ് തിടുക്കത്തില്‍ അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: ത്രിയേക ദൈവത്തിനു സ്തുതി

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- ത്രിയേക ദൈവത്തിനു സ്തുതി (യോഹ 16:12-15) ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. ഒരേ ഒരു ദൈവം പക്ഷേ

ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ

എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്‌കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്‌ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*