സിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ


റവ. ഡോ. ഗ്രിഗറി ആർബി
2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കുവാന്‍ പരിശുദ്ധാത്മാവിനാല്‍ പര്യാപ്തരാക്കുകയെന്നതാണ്. സഭാപരമായും സാമൂഹികമായും സ്വര്‍ഗീയ തുറമുഖം തേടിയുള്ള യാത്രയില്‍ പരസ്പരം തുറവിയോടും സ്വാതന്ത്ര്യത്തോടും ശ്രവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ തിരിച്ചറിയുവാനുമുള്ള അവസരമാണിത്. നാം ആയിരിക്കുന്ന അവസ്ഥയില്‍ സഭയെ ശക്തിപ്പെടുത്താനും സമൂഹമധ്യത്തില്‍ സ്വാധീനമുള്ളവരാക്കുവാനും പോന്ന രീതിയില്‍ കാലിക പ്രസക്തിയുള്ള ഒരു സഭയാക്കി മാറ്റുവാനുമുള്ള പ്രയത്നമാണ് ഈ സിനഡിലൂടെ നടക്കുന്നത്.
സഭയ്ക്ക് ഒരു പുതിയ വഴി
വിശ്വാസവും വിശ്വസ്തതയും വര്‍ധിപ്പിക്കുവാനും മുറിവുകള്‍ ഉണക്കുവാനും ആഴമായ പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും പരസ്പരം ശ്രവിച്ചുകൊണ്ട് മറ്റുള്ളവരില്‍നിന്നു പഠിക്കുവാന്‍ സിനഡ് ഒരു വഴി തുറക്കുന്നു. സഹോദരരെ കണ്ടും കേട്ടും ഹൃദയങ്ങള്‍ ദൈവത്തിങ്കലേക്കുയര്ത്തിയും ദൈവമക്കള് ഒരുമയില്‍ ശക്തിപ്രാപിക്കാനുള്ള മാര്‍ഗമാണ് സിനഡ്. അധികാരശുശ്രൂഷ ആജ്ഞാപിക്കാനും അടിച്ചമര്ത്താനുമുള്ളതല്ല, മറിച്ച്, ക്രിസ്തുവിന്റെ മൗതികശരീരത്തില്‍ ഒത്തുചേര്ക്കേണ്ട കണ്ണികളാക്കുവാനുള്ളതാണ്. സിനഡിലൂടെ നേതൃത്വശുശ്രൂഷയുടെ പുതിയ വഴി തുറക്കുന്നു. അതു തുറവിയിലൂടെ എല്ലാവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഏകാന്തതയുടെ തടവിലായവര്ക്കിതു പ്രതീക്ഷ നല്കുന്നു. ഇന്നിന്റെ പ്രശ്നസങ്കീര്‍ണതകളില്‍ നിന്ന് ഓടിയൊളിക്കാതെ സാധാരണ വിശ്വാസജീവിതരീതിയിലും സഭാപ്രവര്‍ത്തനങ്ങളിലും കാലഘട്ടത്തിനൊപ്പം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു പുതിയ വഴിയാണ് സിനഡിന്റെ വഴി.
ഒരുമിച്ചു മുന്നേറുവാന്‍ പഠിപ്പിക്കുന്ന ഈ വഴി പരസ്പരം ശ്രവിക്കുവാന് സഹായിക്കുന്നതും നിരന്തരം സംവാദത്തിലായിരിക്കുന്നതുമായ പങ്കാളിത്തത്തിന്റെയും കൂട്ടായ്മയുടെയും പ്രേഷിതത്വത്തിന്റേതുമായ ത്രിത്വത്തിന്റെ വഴിയാണ്.
സഭയില്‍ സിനഡുകള്‍ പണ്ടേ ആരംഭിച്ചതാണെങ്കിലും സഭയെ സിനഡല്‍ ശൈലിയിലൂടെ മുന്നോട്ടുനയിക്കാനുള്ള ശ്രമം ആദ്യമായാണ്. സഭയുടെ അസ്തിത്വം തിരിച്ചറിയുവാനും സുവിശേഷപ്രഘോഷണ ദൗത്യം കാലികമായി പരിശുദ്ധാത്മാവിനാല്‍ വിവേചിച്ചറിയുവാനും ശ്രവണപ്രക്രിയയുടെ വഴി തുറക്കുന്നു. കൂടുതല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ബഹുസ്വരതയുടെ ഈ കാലയളവില്‍ പങ്കാളിത്തം പൂര്ണമാകുവാന് എല്ലാവരും ശ്രവിക്കപ്പെടേണ്ടതുണ്ട്. ഏറ്റവും പാവപ്പെട്ടവരെയും പൂര്‍ണമായും പരിത്യക്തരായവരെയും ശ്രവിക്കുക എന്നത് അവരുടെ അഭിമാനം ഉയര്‍ത്തിപിടിക്കുന്നതിനു കാരണമാകുന്നു. അപ്രകാരം എല്ലാവരുടെയും അന്തഃസത്ത ഉയര്ത്തിക്കാട്ടുവാന് സഹായിക്കുന്നതാണീ സിനഡ്.
വിശ്വാസികളുടെ വിശ്വാസസമ്പത്ത് തിരിച്ചറിഞ്ഞുകൊണ്ട് കുട്ടികള്‍, സ്ത്രീകള്‍, അഭയാര്‍ത്ഥികള്‍, പ്രവാസികള്‍, അംഗപരിമിതര്‍, ദലിതര്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങി എല്ലാവരെയും ശ്രവിക്കുന്ന പ്രക്രിയക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വിശ്വാസത്തിലാഴപ്പെടാത്തവരെ തഴയാതെയും, വിമര്‍ശകരെ ഒറ്റപ്പെടുത്തി ഒഴിവാക്കാതെയും, ദൈവാലയകൂട്ടായ്മയില് നിന്നകന്നവരെ നിന്ദിക്കാതെയും, എല്ലാവരെയും ദൈവസ്നേഹത്തിന്റെ ചൂരിലേക്കു ചേര്ത്തണയ്ക്കുവാന്, മുന്‍വിധികളില്ലാതെ കേള്‍ക്കുവാന്‍ തയ്യാറാകുവാനാണ് സിനഡ് ആഹ്വാനം ചെയ്യുന്നത്.
രൂപതകളിലെ മുന്നൊരുക്കപ്രക്രിയ
കേരള ലത്തീന്‍ സഭയില്‍ ഈ സിനഡല്‍ പ്രക്രിയ രൂപതാതലത്തില്‍ നടത്തുന്നതിനു മുമ്പായി മൂന്നു തലങ്ങളിലായി മുന്നൊരുക്ക സിനഡുകള്‍ നടത്തുന്നു. ഈ പ്രാരംഭ സിനഡുകള്‍ നടക്കുന്നത് ആദ്യമായി കുടുംബതലത്തിലാണ്. ഇതിനെ കുടുംബതല സിനഡ് എന്നു വിളിക്കാം. രണ്ടാമതായി, ബിസിസിതലത്തില് നടക്കുന്ന മുന്നൊരുക്ക സിനഡ്. ഇതാണ് ബിസിസിതല സിനഡ്. മൂന്നാമതായി ഇടവകതല സിനഡ്. ഈ മൂന്നു ഘട്ടവും കഴിഞ്ഞിട്ടാണ് രൂപതാതല സിനഡിലേക്കു പ്രവേശിക്കേണ്ടത്. ഈ മൂന്നു ഘട്ടങ്ങളിലും സിനഡുകളിലൂടെ പരമാവധി എല്ലാ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാകുന്നു. സഭാവിശ്വാസികളെല്ലാം ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നതുകൊണ്ട് എല്ലാവര്ക്കും സിനഡിന്റെ ഭാഗമാകുവാന്‍ സാധിക്കുന്നു.
കുടുംബതല സിനഡ്
കുടുംബങ്ങളില്‍ മാതാപിതാക്കളും മക്കളും ഒരുമിച്ചുനിന്നുകൊണ്ട് സിനഡിന്റെ പ്രധാന പ്രമേയങ്ങളായ പങ്കാളിത്തം, കൂട്ടായ്മ, പ്രേഷിതത്വം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. നിര്‍ബന്ധം കൂടാതെയും മുന്വിധികളൊന്നുമില്ലാതെയും ഹൃദയം തുറന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഈ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നു. എല്ലാവരും പറയുന്നത് ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ട് ഒരാള്‍ പ്രധാന ചിന്തകള്‍ കുറിച്ചുവയ്ക്കുന്നത് അടുത്ത ഘട്ടത്തില്‍ ഏറെ സഹായകമാകും. സഭാജീവിതത്തിലും സാമൂഹികവ്യാപാരങ്ങളിലും പങ്കാളിത്തവും കൂട്ടായ്മയും പ്രേഷിതത്വവും ഏതു നിലയിലാണ് എന്ന് അടുത്തറിയുന്നതിന് ഈ പങ്കുവയ്ക്കല്‍ സഹായകമാകും. വ്യക്തിജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട പ്രേഷിതദൗത്യവും ഇവിടെ പങ്കുവയ്ക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. കൂട്ടായ്മ ആത്യന്തികമായി അനുഭവവേദ്യമാകേണ്ടത് കുടുംബങ്ങളിലാണ്. അതിന് ഏറ്റവും ശ്രേഷ്ഠമായ മാതൃക ത്രിത്വം തന്നെയാണ്.
ബിസിസി സിനഡ്
കുടുംബങ്ങളിലെ പ്രാഥമിക സിനഡ് കഴിഞ്ഞശേഷം ബിസിസിതലത്തിലുള്ള സിനഡ് ആരംഭിക്കുന്നു. ബിസിസിതല സിനഡ് പ്രധാനമായും രണ്ടു യോഗങ്ങളിലൂടെ നടത്താവുന്നതാണ്. ആഗോളസിനഡിന്റെ കൈപ്പുസ്തകത്തില്‍ പറയുന്ന പത്തു വിഷയങ്ങളില്‍ ആദ്യത്തെ അഞ്ചു വിഷയങ്ങള്‍ ആദ്യ സമ്മേളനത്തിലും മറ്റ് അഞ്ചു വിഷയങ്ങള്‍ രണ്ടാമത്തെ യോഗത്തിലും വിചിന്തനവിഷയമാക്കുന്നു. ഒന്നാമത്തെ സമ്മേളനം ദൈവവചനകേന്ദ്രീകൃതമാക്കുവാന് ഒരുക്കമാര്ഗരേഖയില് നല്‍കിയിരിക്കുന്ന രണ്ടു സുവിശേഷസന്ദര്ഭങ്ങളിലൊന്നായ യേശുക്രിസ്തുവും അപ്പോസ്തലന്മാരും ജനക്കൂട്ടവും എന്നത് ഉപയോഗിക്കാം. യേശുവില്ലാതെ വന്നാല്‍ അപ്പോസ്തലസംഘം വെറും ഒരു രാഷ്ട്രീയ പ്രസ്ഥാനംപോലെ നാഥനും ലക്ഷ്യവുമില്ലാത്ത ഒന്നായി അധഃപതിക്കും. ക്രിസ്തുവില്ലാത്ത അപ്പോസ്തലന്മാര് മാത്രമാകുന്ന സഭയായാല്‍ ക്രിസ്തുവിനെ അറിയാനുള്ള മാര്‍ഗം നഷ്ടപ്പെട്ട് വിഗ്രഹാരാധകരായി മാറും. ജനക്കൂട്ടം ഇല്ലാതെ വന്നാല്‍ സഭ അവളില്‍ത്തന്നെ ഒതുങ്ങിക്കൂടുന്ന ഒന്നായിമാറും. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ അഞ്ചു വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പങ്കുവയ്ക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു.
രണ്ടാമത്തെ സമ്മേളനത്തില്‍ പത്രോസും കൊര്‍ണേലിയസും തമ്മിലുള്ള സമ്പര്‍ക്കം ഉള്‍ക്കൊള്ളുന്ന വചനഭാഗം ചിന്താവിഷയമാക്കുന്നു. എപ്രകാരമാണ് രണ്ടുപേരിലും മാറ്റമുണ്ടായതെന്നുള്ള ചിന്ത എല്ലാവരാലും പുറംതള്ളപ്പെട്ടവരെയും പാവപ്പെട്ടവരെയും ശ്രവിക്കുവാന് നിര്‍ബന്ധിക്കുന്നു. അതേതുടര്ന്ന് കൈപ്പുസ്തകത്തിലെ മറ്റ് അഞ്ചു വിഷയങ്ങള്‍ പരിചിന്തനവിഷയമാകുന്നു. ഈ വിഷയങ്ങളോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ വായിക്കുകയും അവയില്‍ നിന്നുരുത്തിയിരുന്ന ചിന്തകളും അനുഭവങ്ങളും ഭയരഹിതമായി പങ്കുവയ്ക്കുകയും തുറന്ന മനസ്സോടെ ശ്രവിക്കുകയും ചെയ്യുന്നു.
ഇപ്രകാരം രണ്ടു സമ്മേളനങ്ങളിലും പങ്കുവയ്ക്കപ്പെടുന്ന അഭിപ്രായങ്ങളും ആശയങ്ങളും ബിസിസി സെക്രട്ടറി കുറിക്കുകയും അവ ഇടവകതലത്തില്‍ നടക്കുന്ന സിനഡിന്റെ പ്രമേയമാക്കി മാറ്റുകയും ചെയ്യുന്നു. ഇടവകതല സിനഡ് കുടുംബതല സിനഡിലും ബിസിസിതല സിനഡിലും ഉരുത്തിരിയുന്ന ആശയങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇടവകതല സിനഡിലൂടെ രൂപപ്പെടുന്ന ചിന്താഗതികളും ആശയങ്ങളും രൂപതാതല സിനഡിലേക്കുള്ള മുന്നൊരുക്കമായി മാറുകയും സിനഡിലേക്കാവശ്യമായ ചര്‍ച്ചാവിഷയങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. മുന്നൊരുക്ക സിനഡുകള്‍ ശരിയായ ഒരുക്കത്തോടും പങ്കാളിത്തത്തോടുംകൂടെ നടത്തിയാല്‍ മാത്രമേ രൂപതാതലസിനഡ് സഭ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലവത്താകുകയുള്ളൂ. രൂപതാതല സിനഡ് സംഘടിപ്പിക്കുവാന്‍ ഒരു സിനഡല്‍ ടീം ശക്തമായി പ്രവര്‍ത്തിക്കണമെന്നും ആ സിനഡല്‍ ടീമിനെ എല്ലാവരുമായി ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന ഒരു ഉത്തരവാദപ്പെട്ടയാളുണ്ടാകണമെന്നും സിനഡല്‍ മാര്‍ഗരേഖയില്‍ വ്യക്തമായി പറയുന്നു.
ബിസിസിതല സിനഡല്‍ ക്രമം
മുന്നൊരുക്ക ബിസിസി സിനഡല്ക്രമത്തിനു നിയതമായ രൂപവും ക്രമവുമില്ല. എന്നിരുന്നാലും ചില പൊതുവായ രീതി ഉണ്ടായിരിക്കുന്നതു നല്ലതാണ്. ഒന്നാമതായി പ്രാര്‍ത്ഥനയോടെ ആരംഭിക്കുക. ഒന്നാമത്തെ സമ്മേളത്തിനു യേശുവും അപ്പോസ്തലന്മാരും ജനക്കൂട്ടവും ഒരുമിച്ചുവരുന്ന ഏതെങ്കിലുമൊരു വചനഭാഗം തിരഞ്ഞെടുക്കാം. അവിടെ ഓരോരുത്തരുടെയും റോള്‍ എന്താണ് എന്നു ചര്‍ച്ച ചെയ്യാം. വചനവിചിന്തനത്തിനുശേഷം സിനഡിനെക്കുറിച്ച് പൊതുവായ ആശയം അവതരിപ്പിക്കുന്നു. സിനഡല്‍ ലോഗോ പരിചയപ്പെടുത്തിക്കൊണ്ട് ഇതു തുടങ്ങാവുന്നതാണ്. കൈപ്പുസ്തകത്തിലെ ആദ്യ അഞ്ചു വിഷയങ്ങളും അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങളുമാണ് പ്രതികരണത്തിനായി തിരഞ്ഞെടുക്കേണ്ടത്. ഓരോ വിഷയവും അവതരിപ്പിച്ചിട്ട് അതുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവയ്ക്കുന്നു. ഇവിടെ ശ്രവിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാകയാല്‍ എല്ലാവരും പറയുന്നതു പ്രോത്സാഹിപ്പിക്കുകയും അതു ശ്രദ്ധാപൂര്‍വം കേള്‍ക്കാന്‍ മനസ്സുതുറക്കുകയും ചെയ്യണം. പറഞ്ഞതിനെ സംബന്ധിച്ച് വ്യക്തത ആവശ്യപ്പെടാം. ഓരോരുത്തരും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച പാടില്ല. വ്യത്യസ്ത വാദഗതികളിലൂടെയും ചേരിതിരിഞ്ഞുള്ള ചര്‍ച്ചകളിലൂടെയും ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗീയത ഒഴിവാക്കുക. പറയുകയും ശ്രവിക്കുകയും ചെയ്യുന്നതിനാണു മുന്നൊരുക്ക സിനഡുകളില്‍ ഏറെ പ്രാധാന്യം നല്‍കേണ്ടത്.
ഓരോ മുന്നൊരുക്ക സിനഡും വിലയിരുത്തപ്പെടണം. വിലയിരുത്തല്‍ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു നാം നടത്തേണ്ടത്. ഒന്നാമതായി, ദൈവജനമെന്ന നിലയില്‍ എങ്ങനെയാണ് വിശ്വാസതീര്‍ത്ഥാടനം നടത്തുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍. രണ്ടാമതായി, മാനവകുടുംബത്തിലെ അംഗമെന്ന നിലയില്‍ സാമൂഹികമായ യാത്ര ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍. അവിടെ പരിസ്ഥിതിയുമായുള്ള ബന്ധവും അകത്തോലിക്കരും അക്രൈസ്തവസഹോദരങ്ങളുമായുള്ള ബന്ധവും പരിഗണനവിഷയമാകുന്നു.
ശ്രദ്ധിക്കേണ്ടവ
മുന്നൊരുക്ക സിനഡ് ബിസിസിയില്‍ നടത്തുന്നതിന് അനുയോജ്യമായ രീതികള്‍ ഓരോ ബിസിസിയുടെയും സാമൂഹിക പശ്ചാത്തലമനുസരിച്ച് തീരുമാനിക്കാം. ഇത് ഒരു പ്രക്രിയ ആയതുകൊണ്ട് തീരുമാനങ്ങളെക്കാളുപരി പറയുന്നതും അവ ശ്രദ്ധിക്കുന്നതും നല്ലൊരു അനുഭവമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുക. സമ്മേളന സമയത്തിന്റെ ദൈര്‍ഘ്യം, സ്വഭാവം മുതലായവ ഭാരവാഹികള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടതാണ്. പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനങ്ങളിലേക്കു പോകേണ്ടയാവശ്യമില്ല. പങ്കുവയ്ക്കുക, ശ്രദ്ധയോടെ കേള്‍ക്കുക.
ഔപചാരിക യോഗങ്ങളാണെങ്കിലും അനൗപചാരികമായ രീതിയില്‍ ബിസിസി യോഗങ്ങള്‍ നടത്താവുന്നതാണ്. ഐസ് ബ്രേക്കേഴ്സ്, ടീ ബ്രേക്കേഴ്സ്, ഗ്രൂപ്പുകളികള്‍, അഗാപ്പേ തുടങ്ങിയ രൂപങ്ങള്‍ യോഗങ്ങള്‍ സജീവമാക്കുവാന്‍ ഉപയോഗിക്കാം. തുറവിയും അംഗങ്ങള്‍ തമ്മില്‍ ആഴമായ ബന്ധവും രൂപപ്പെടുവാന്‍ വേണ്ടി തീര്‍ത്ഥാടനങ്ങള്‍, അടുത്തുള്ള യൂണിറ്റുകള്‍ സന്ദര്‍ശനം, സപ്തതല സുവിശേഷം പങ്കുവയ്ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളും ബിസിസിതല മുന്നൊരുക്ക സിനഡിനായി ഉപയോഗിക്കാം. കുട്ടികളുടെയും യുവതീയുവാക്കളുടെയും കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുവാന്‍ ഉതകുന്ന രീതിയില്‍ പോസ്റ്റര്‍ മത്സരങ്ങള്‍, ഒരു മിനിറ്റ് വീഡിയോ തയ്യാറാക്കല്‍, ലോഗോ മത്സരം, ഗാനരചനാ മത്സരം തുടങ്ങി പല മാര്‍ഗങ്ങളും മുന്നൊരുക്ക സിനഡുമായി ബന്ധപ്പെട്ടു നടത്താം.
വ്യക്തിഗത മറുപടികള്‍ പ്രോത്സാഹിപ്പിക്കാതെ ഗ്രൂപ്പുകളായോ സംഘങ്ങളായോ പ്രതികരിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. ഓരോ ഘട്ടവും വ്യത്യസ്ത രീതിയിലുള്ള ആഘോഷങ്ങളോടെയും ദിവ്യബലിയിലൂടെയും ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാം. ഒരു സിനഡില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ചാവിഷയമാക്കാതെ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഒരു പ്രക്രിയയുടെ ആരംഭമാണ്. പരിശുദ്ധാത്മാവിനായി സ്വയം വിട്ടുകൊടുക്കുക. പരിശുദ്ധാത്മാവ് വെളിപ്പെടുത്തിതരുന്നതു സ്വീകരിക്കുക. മുന്നൊരുക്ക സിനഡില്‍ അനുഭവങ്ങള്‍ പരിവര്‍ത്തനത്തിന്റെ മാര്‍ഗമാക്കണം. മുന്നൊരുക്ക സിനഡിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ ഭൂരിപക്ഷമനുസരിച്ച് തീരുമാനിക്കുന്ന രീതി പൂര്‍ണമായും ഒഴിവാക്കുക. എല്ലാ കാര്യങ്ങളുടെയും നന്മകളും തിന്മകളും പങ്കുവച്ചും അവ ചര്‍ച്ചചെയ്തുകൊണ്ടും പങ്കാളിത്തതീരുമാനങ്ങളിലേക്കു നയിക്കുക.
ബിസിസിതല മുന്നൊരുക്ക സിനഡിനുള്ള പരിശീലനം ബിസിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതാണ്. രണ്ടു യോഗങ്ങളും നടത്താനുള്ള റിസോഴ്സ് മെറ്റീരിയല്‍ ഈ പരിശീലന അവസരത്തില്‍ നല്‍കുന്നതാണ്. ആഗോള സിനഡിന്റെ മുന്നൊരുക്കമായി നടത്തുന്ന ബിസിസിതല സിനഡുകള്‍ ബിസിസി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുവാന്‍ ഉതകുന്ന രീതിയില്‍ ക്രമീകരിക്കുവാനും നടപ്പിലാക്കുവാനും എല്ലാവരും സഹകരിക്കേണ്ടതാണ്. കൊവിഡിന്റെ പിടിയില്‍ കഴിയുന്ന നമ്മുടെ ദൈവമക്കളെ തട്ടിയുണര്‍ത്താനും വിശ്വാസത്തിന്റെ പാതയില്‍ നടത്തിക്കൊണ്ട് നല്ലൊരു വിശ്വാസസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ദൈവം തരുന്ന അവസരമായി ഈ മുന്നൊരുക്ക ബിസിസിതല സിനഡിനെ രൂപപ്പെടുത്തിയെടുക്കാന്‍ എല്ലാവരും സഹകരിക്കുക.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പ്രകൃതിദുരന്തം സര്‍ക്കാര്‍ അടിയന്തര സമാശ്വാസം നല്‍കണം- കെആര്‍എല്‍സിസി
എറണാകുളം: അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്ക്കാന് കെആര്‍എല്‍സിസി അടിയന്തരയോഗം തീരുമാനിച്ചു. സാധ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ
ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു
കൊച്ചി: ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി, കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്നീ ചുമതലകള്‍ ഏറ്റെടുത്തു. കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷം
ജനുവരി 3: പ്രത്യക്ഷീകരണ തിരുനാൾ
R1: Is 60:1-6 ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ്