സിനഡ് സഹയാനത്തിലെ സിപിഎം

സിനഡ് സഹയാനത്തിലെ സിപിഎം

 

മുന്‍മൊഴി
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള പതിനാറാമത് സാധാരണ സിനഡിനുള്ള ആഹ്വാനം റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയാണ് ഇതിന്റെ കാലാവധി. Synod on Synodality എന്നു ചുരുക്കത്തില്‍ വിളിക്കാവുന്ന സിനഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഭയെ നവീകരിക്കുന്നതാണ്. പ്രക്രിയ തന്നെ പരിണതിയാകുന്നു എന്നു വിശേഷിപ്പിക്കാവുന്ന പുതുമയുള്ള പ്രമേയവുമാണ് ഈ സിനഡ് നമ്മെ കാത്തിരിക്കുന്നത്. മെത്രാന്‍മാരുടെ കൂടിവരവിനുശേഷം ഒരു രേഖ പുറപ്പെടുവിച്ച് അവസാനിപ്പിക്കാനല്ല, സഭയുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ദര്‍ശനത്തിലും വിപ്ലവാത്മകമായ മാറ്റം വരുത്തണമെന്ന പാപ്പായുടെ സ്വപ്‌നത്തില്‍ നിന്നാണ് ഇതിനു തുടക്കം. ഒരു മുഖംമിനുക്കല്‍ മാത്രമല്ല ഉദ്ദേശ്യമെന്നു സാരം.

പദപ്രശ്നം – സഹയാനം
സിനഡെന്ന ഗ്രീക്ക് പദത്തിന്റെ പൊരുള്‍ ഒരുമയോടെ നടക്കല്‍ (walking together) എന്നാണ്. പക്ഷേ വിവര്‍ത്തനസാധ്യതയില്‍ പൂര്‍ണ്ണമായി അര്‍ത്ഥം ധ്വനിപ്പിക്കുന്നില്ലയെന്ന പദപ്രശ്നം മലയാള ഭാഷയിലും നിലനില്‍ക്കുന്നു. വാക്കിന്റെ അര്‍ത്ഥം ഒരുമയോടുള്ള നടക്കല്‍ എന്നാണെങ്കിലും അതിന്റെ ക്രിയാത്മകമായ അര്‍ത്ഥം ഒരുമിച്ചുകൂടല്‍ എന്നാണ്. സിനഡിനു ചില മലയാള വിവര്‍ത്തനങ്ങളില്‍ കാണുന്ന സൂനഹദോസ് എന്ന പദം സിന്‍, ഹുദോസ് എന്ന രണ്ടു ഗ്രീക്ക് പദങ്ങളുടെ സംയോജനമാണ്. മെത്രാന്‍മാരുടെ ഈ സാധാരണ സഭായാനം സംബന്ധിച്ച് സിനഡാത്മകത അല്ലെങ്കില്‍ സിനഡാലിറ്റി എന്നു പ്രയോഗിക്കുന്നതിനു പകരം സഹയാനത എന്നു പ്രയോഗിക്കുന്നതുമാവും ഉചിതം. ഇതൊരഭിപ്രായം മാത്രമാണ്. അതുകൊണ്ട് ഇതൊരു ഇരുമ്പുലക്കയല്ല.

CPM പര്യായപദങ്ങള്‍
ഈ മെത്രാന്‍ സഹയാനത്തിന്റെ താക്കോല്‍ പദങ്ങള്‍ communion, participation, mission (CPM) കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നിവയാണ്. ഇതുമൂന്നും ചേര്‍ന്നാല്‍ സഭയായി. അതിനായിട്ടാണ് ഈ സഹയാനം. സഭയും സഹയാനവും പര്യായപദങ്ങളാണെന്നു സ്വര്‍ണനാവുകാരന്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറഞ്ഞിട്ടുമുണ്ട്.

COMMUNION: കൂട്ടായ്മ
Communion is the charism of the Church. കൂട്ടായ്മയാണ് സഭയുടെ സിദ്ധി. ഫ്രഞ്ച് ചിത്രകാരി ഇസബെല്ല വിയെല്ല രൂപകല്പന നടത്തിയ സഹയാനത്തിന്റെ അടയാളചിത്രത്തില്‍ അനന്താകാശത്തോളം പടര്‍ന്നുനില്ക്കുന്ന വൃക്ഷത്തിനു താഴെ 15 മനുഷ്യരൂപങ്ങള്‍ നിഴല്‍ചിത്രങ്ങളായി നിരന്നു യാത്രചെയ്യുന്നു. കരം വിരിച്ചുപിടിച്ചുനില്ക്കുന്ന ക്രൂശുരൂപം പോലത്തെ മരത്തിനു മുകളിലായി നീതിസൂര്യനായ ക്രിസ്തുശരീരത്തിന്റെ അടയാളമായ തിരുവോസ്തിയുടെ രൂപം. മനുഷ്യരൂപങ്ങള്‍ ഏഴു വര്‍ണ്ണത്തില്‍. വ്യത്യസ്തതകളുടെ ഇടയിലും ഒരേ ദിശയിലേക്കു സ
ഞ്ചരിക്കുന്ന ദൈവജനം. കുഞ്ഞുങ്ങള്‍, കൗമാരക്കാര്‍, യൗവനക്കാര്‍, കുടുംബസ്ഥര്‍, വൃദ്ധര്‍, വികലാംഗര്‍, സമര്‍പ്പിതര്‍, വൈദികര്‍, മെത്രാന്‍മാര്‍ എന്നിവരടങ്ങുന്ന ഈ കൂട്ടായ്മ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഭയുടെ ദര്‍ശനമാണു പ്രകാശിപ്പിക്കുന്നത്. ഒരേ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്ന, ഏകവും വിശുദ്ധവും കാതോലിക്കവും അപ്പസ്തോലികവുമായ സഭയുടെ മുഖം ഈ കൂട്ടായ്മയിലാണു വെളിവാക്കപ്പെടുന്നത്. ‘ക്രിസ്തുസ് വിവിത്’ 167ല്‍ ഒരു ആഫ്രിക്കന്‍ പഴമൊഴി പരിശുദ്ധ പാപ്പാ ഉദ്ധരിക്കുന്നുണ്ട്: നിങ്ങള്‍ക്കു അതിവേഗം പോകണമെങ്കില്‍ തനിച്ചു പോവുക; നിങ്ങള്‍ക്ക് ഏറെദൂരം താണ്ടണമെങ്കില്‍ ഒരുമിച്ചു പോവുക.

PARTICIPATION: പങ്കാളിത്തം
ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന സങ്കല്പത്തില്‍ നിന്നും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുല്‍മേടുകളെ സ്വപ്‌നം കാണുന്ന ഒരു സഭ. അധികാരത്തിന്റെയും സമ്പത്തിന്റെയും പങ്കാളിത്തം. ഉത്തരവുകളുടെ ഉല്ക്കാപതനങ്ങളില്‍ നിന്നും മോചിതരായി പരസ്പരം ശ്രവിക്കുന്ന, കുന്നുകള്‍ നിരത്തി കുഴികള്‍ നിക
ത്തി സമതല ഭൂമികള്‍ സൃഷ്ടിക്കുന്ന ഒരു സഭ. ‘ന്യൂനപക്ഷ’ങ്ങളുടെ കണ്ണീരുപ്പു പടര്‍ന്ന വാക്കുകള്‍ക്കു ശദ്ധ കൊടുക്കുന്ന, അവരെ ശ്രവിക്കുന്ന ഒരു സഭ, മേലെ തട്ടും കീഴെ തട്ടും ഇല്ലാത്ത ഒരു സഭ – ഇതൊക്കെയാ
ണ് പങ്കാളിത്തം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. വികേന്ദ്രീകരണത്തിന്റെ സത്ഫലങ്ങള്‍കൊണ്ടു മുടിചൂടിനില്‍ക്കുന്ന ഒരു സഭ.

MISSION:- പ്രേക്ഷിതത്വം
ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തില്‍ പങ്കുകാരാകുന്ന ദൈവജനം (LG 12) ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന ദൗത്യമാണ് സുവിശേഷ ദൗത്യം. സുവിശേഷത്തിന്റെ സംസ്‌കാരത്തെ സംസ്‌കാരങ്ങളിലേക്കു സന്നിവേശിപ്പിക്കാനും സംസ്‌കാരങ്ങളിലെ സുവിശേഷങ്ങളെ കണ്ടെത്തുവാനും ഉള്ള ക്രൈസ്തവ ദൗത്യം കനല്‍പോലെ ഊതിക്കത്തിക്കാനുള്ള ഒരു ശ്രമമാണ് മെത്രാന്‍മാരുടെ ഈ സഹയാനം.

CPM വിപരീതപദങ്ങള്‍
Corporate or Cadre Church: അധികാരശ്രേണീബദ്ധമായ ഒരു ചട്ടക്കൂട്ടിലാണ് സഭ ഇപ്പോള്‍. കോര്‍പറേറ്റുകളുടെ ശൈലിയില്‍ വൈദികകേന്ദ്രീകൃതമായ (clerical) ഒരു സഭയുടെ അകത്തളങ്ങള്‍ അല്മായരുടെ അമര്‍ഷത്തിനു വേദിയാകുന്നു. പ്രതിഷേധ സ്വരങ്ങള്‍ അരമനകളുടെ പുറംവരാന്തകളില്‍ ഒടുങ്ങുന്നതിനാല്‍ ദൈവജനം മൗനത്തിലാണ്. അസംഘടിതരായ ആദിമ ക്രിസ്ത്യാനികളുടെ ചുടുനിണത്തിലാണ് സഭാതരു തഴച്ചുവളര്‍ന്നത് എന്ന സത്യത്തിനു മറവിരോഗം ബാധിച്ചിരിക്കുന്നു.

POLITICS: രാഷ്ട്രീയങ്ങള്‍
അധികാരരാഷ്ട്രീയത്തിന്റെ ആലക്തികതകള്‍ സഭയില്‍ ഇടം പിടിച്ചിരിക്കുന്നു. ശ്രുശൂഷകള്‍ സ്ഥാനമാനങ്ങളാകുന്നു. അധികാര വടംവലികള്‍, പാദസേവകള്‍, സംഘാത സമരങ്ങള്‍, സമ്മര്‍ദ്ദതന്ത്രങ്ങള്‍, തീരുമാനങ്ങളുടെ അടിച്ചേല്പിക്കലുകള്‍, അഭിപ്രായ സാമ്രാജ്യത്തിലെ ഏകാധിപത്യങ്ങള്‍, പ്രീണിപ്പിക്കലുകള്‍, തരംതാഴ്ത്തലുകള്‍, ഭീഷണികള്‍, നയതന്ത്ര കൗശലങ്ങള്‍ അങ്ങനെ അധികാര രാഷ്ട്രീയത്തിലെ പദങ്ങള്‍ സഭാതലത്തിലും ആവര്‍ത്തിക്കപ്പെടുന്നു. മൂല്യങ്ങളുടെയും നയങ്ങളുടെയും സമരസപ്പെടലുകളില്‍ സഭയുടെ പ്രവാചക ശബ്ദങ്ങള്‍ അനുനയിക്കപ്പെടുന്നു. ഇത്തരം അസംബന്ധ നാടകങ്ങള്‍ക്കു തിരശ്ശീല ഇടാനാണ് ഈ മെത്രാന്‍ സഹയാനം.

MONEY: സമ്പത്തും സ്ഥാപനങ്ങളും
സ്ഥാപനവത്കരണം സഭയുടെ നൈസര്‍ഗിക സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. സഭ ഒരു സ്ഥാപനമല്ല. സഭയുടെ സ്ഥാപനങ്ങള്‍ക്കോ ഒരു സുവിശേഷദൗത്യമുണ്ടുതാനും. മുതലാളിത്വത്തിന്റെ കണ്ണല്ല സഭയുടെ കണ്ണ്. ലാഭമെന്നത് സഭയുടെ ലക്ഷ്യവുമല്ല. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ഇതര സ്ഥാപനങ്ങളൊക്കെ നടത്തുന്ന മാനേജര്‍മാരുടെ സംഘമല്ല സഭ. ദൈവമായിരിക്കേ അവനുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തുവിന്റെ കുരിശിലെ ഭോഷത്തമാണു സഭയുടെ പ്രമാണം.

സഹയാനവും ഭാരതസഭയും
സഭ അതിന്റെ സ്വഭാവത്തില്‍ തന്നെ പ്രേഷിതയാണ്. 2000 വര്‍ഷത്തെ ചരിത്രഭാരവും പല നൂറുകളുടെയും പൂണൂലുകളുടെയും കല്പിത പാരമ്പര്യവും ഉണ്ടെങ്കിലും ഭാരതത്തിലെ ക്രൈസ്തവരുടെ എണ്ണം രണ്ടു ശതമാനത്തില്‍ താഴെ മാത്രം. സഭയുടെ ആദ്യത്തെ സഹയാനം നടന്ന ജറുസലെമിലെ സംവാദത്തിന്റെ പ്രമേയവും (യഹൂദപാരമ്പര്യവും വിജാതീയപ്രവേശവും) ഇന്നും ഭാരതസഭയ്ക്കു ബാധകമാണ്. ക്രിസ്തുവില്‍ ആകൃഷ്ടരായി ക്രിസ്ത്യാനി ആകുന്നവന്റെ കീറാമുട്ടി ലത്തീന്‍ വേണോ സുറിയാനി വേണോ എന്നതാണ്. ഇനി സുറിയാനി ആണെങ്കില്‍ മലബാര്‍ വേണോ മലങ്കര വേണോ? ഇതൊക്കെ ക്രിസ്തീയ ജാതിവ്യവസ്ഥയില്‍പെടുന്നതാണോ? ചാതുര്‍വര്‍ണ്യത്തിന്റെ ചതുപ്പുനിലങ്ങളില്‍ നില്ക്കുന്ന ഹിന്ദുമതത്തിന്റെ കണ്ണില്‍ അങ്ങനെ ആയാലല്ലേ ഉള്ളൂ അത്ഭുതം. ക്രമബദ്ധമായ പഠനമില്ലാതെയായിരുന്നിട്ടും ഒരു ജനത നൂറ്റാണ്ടുകളായി അനുവര്‍ത്തിക്കുന്ന പാരമ്പര്യങ്ങളെ വിട്ട് ക്രൈസ്തവ പാരമ്പര്യത്തെ പുല്കാനായി നാം അവരെ സ്നേഹപൂര്‍വ്വം ക്ഷണിക്കുമ്പോള്‍ സഭയിലെ വിഭജനത്തിന്റെ ഇത്തരം പാരമ്പര്യങ്ങളെ കൈവിടാന്‍ നാം തയ്യാറല്ലതാനും. എന്താ അല്ലേ! നമുക്ക് ഇപ്പോഴും ലത്തീനും സുറിയാനിയുമാണ് പാരമ്പര്യങ്ങള്‍. ഭാരതീയം എന്ന വാക്ക് ഏതെങ്കിലും ഒരു സഭയുടെ മുന്നില്‍ ചേര്‍ക്കുന്ന കാലം എന്നുവരും? ചരിത്രത്തില്‍ അത്തരം മുന്നേറ്റങ്ങളെ, നവോത്ഥാനങ്ങളെ മനപൂര്‍വ്വം അവഗണിച്ച് ഇല്ലാതാക്കുകയോ തമസ്‌കരിക്കുകയോ ചെയ്തത് ആരാണ്? പോള്‍ ഡേവിഡ് ദേവാനന്ദന്‍ എന്ന ഭാരതീയ ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞതോര്‍മ്മവരുന്നു: ”F-irtsI am an Indian, then I am a Christian.” ഭാരതസഭയിലെ ‘ആദിവാസികള്‍’ എന്ന അവകാശവാദം ഉന്നയിക്കുന്ന അതിതീവ്രവാദികള്‍ സ്വയം ചോദിക്കണം, പ്രേഷിതത്വം എന്നാല്‍ രക്തസാക്ഷിത്വം എന്ന ആദിമക്രിസ്ത്യാനികളുടെ ജീവിതസാക്ഷ്യത്തിന്റെ ധൈര്യം എവിടെ ചോര്‍ന്നൊലിച്ചുവെന്ന്. ഇത്തരം പ്രകോപനപരമായ ചോദ്യങ്ങള്‍ സഭ ചോദിക്കുവാന്‍ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന അവസരമാണ് മെത്രാന്‍മാരുടെ ഈ സാധാരണ സഹയാനം.

കേരള റോമന്‍ സഭയും സഹയാനവും
ഇനിയൊരു ഗമയ്ക്കുവേണ്ടി പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചും കാലഘടനകളെക്കുറിച്ചും പൊള്ളയായ അവകാശവാദങ്ങളെക്കുറിച്ചുമുള്ള നീണ്ട പ്രബന്ധങ്ങളോടും പ്രബോധനങ്ങളോടും ആമ്മേന്‍ പറഞ്ഞെന്നിരിക്കട്ടെ, കേരളമെന്ന ഇട്ടാവട്ടത്തില്‍ രണ്ടു വ്യക്തിഗത സഭകള്‍ അവരുടെ സഭാ നടത്തിപ്പിന് സിനഡല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അതേ സംസ്ഥാനത്ത് അതേ ഭാഷ ഉപയോഗിക്കുന്ന റോമന്‍ കത്തോലിക്കാ സഭയുടെ സന്താനങ്ങള്‍ക്ക് അങ്ങനെയൊരു സംവിധാനം ഇല്ലായെന്നത് ഒരു അഭിമാനത്തിന്റെ പ്രശ്നമല്ലേ? കര്‍ദിനാള്‍മാരടക്കം സഭാതലവന്‍മാരുടെ നേതൃത്വത്തില്‍ സഭാപ്രവര്‍ത്തനങ്ങള്‍ ദൈവജനത്തിന്റെ ആവശ്യമനുസരിച്ച് കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സിനഡും സിനഡാസ്ഥാനവും കൂരിയാ ബിഷപ്പുമൊക്കെ ഉള്ളപ്പോള്‍ ആഗോള സഭയിലെ ഭൂരിപക്ഷമാണ് തങ്ങളെന്ന് ഊതിപ്പെരുപ്പിച്ച് റോമന്‍ കത്തോലിക്കര്‍ ജീവിക്കുന്നു. ആദികാലത്തിന്റെ അളവറ്റ പെരുമയുടെ ഉടമകളാണെന്ന അഭിമാനത്തോടുകൂടി തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുവാന്‍ സഹായിക്കുന്ന തരത്തില്‍ കെആര്‍എല്‍സിസി എന്ന ഉന്നത നയരൂപീകരണ സമിതിയെ സിനഡലാക്കാനായി നൈയാമികമായി എന്തു മാര്‍ഗമെന്നു ചിന്തിക്കുവാന്‍ ഈ സഹയാന പ്രക്രിയക്കു കഴിയണം. ഏറ്റവും കുറഞ്ഞത് റോമന്‍ കാത്തലിക് എന്ന പേരെങ്കിലും ഗവണ്‍മെന്റിന്റെ ഗസറ്റിലുള്‍പ്പെടുത്തി (സംവരണത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ) ഒരു പേരുമാറ്റം ഈ ജനത്തിന് ആവശ്യമുണ്ട്.

പിന്‍മൊഴി
ഈ സഹയാനത്തിന്റെ ഒരുക്കരേഖകള്‍ രണ്ടു രൂപകങ്ങള്‍ നല്കുന്നുണ്ട്. ഒന്നാമത്തേത് യേശുവിന്റെ മാതൃക. ആള്‍ക്കൂട്ടത്തിനു നടുവില്‍ ദേവതാരുശില്പം പോലെ നിന്നവന്റെ ചുറ്റിലും അപ്പസ്തോലന്‍മാര്‍, സമൂഹത്തിന്റെ അരികിലുളളവര്‍, അഴകില്ലാത്തവര്‍, അഴലുള്ളവര്‍, അല്ലലിലായിരുന്നവര്‍, അപരവിശ്വാസങ്ങളിലായിരുന്നവരൊക്കെ അവനൊടൊപ്പം നടന്നു. രണ്ടാമത്തെ രൂപകമോ, പത്രോസും കൊര്‍ണേലിയൂസും. പാരമ്പര്യത്തിന്റെ പേരില്‍ വിജാതീയരുടെ ഭക്ഷണം മാറ്റിനിര്‍ത്തുന്ന പത്രോസിന്റെ മാനസാന്തരമാണ് വിജാതീയനാ
യ കൊര്‍ണേലിയൂസിന്റെ മാനസാന്തരത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സഭയ്ക്ക് ഒരു മാനസാന്തരം ആവശ്യമുണ്ട്. അകത്തേക്കു തിരിഞ്ഞുനോക്കുവാനും അത്തരം ദര്‍ശനങ്ങളെപ്പറ്റി പരസ്പരം പറയുവാനും കേള്‍ക്കുവാനും ഈ പ്രക്രിയയില്‍ സാധിക്കണം. പാലങ്ങള്‍ പണിയാനും ഹൃദയത്തെ ഊഷ്മളമാക്കാനും അങ്ങനെ പുതിയ സ്വപ്‌നങ്ങള്‍ക്കു പ്രചോദനമാകുവാനുമാണ് മെത്രാന്‍മാരുടെ ഈ സഹയാനം. 2023-ല്‍ ഈ സഹയാനത്തില്‍ മെത്രാന്‍മാര്‍ മാത്രമല്ല, സഭയുടെ നാനാതുറയിലെ പ്രതിനിധികളെല്ലാമീ ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുമെന്ന പ്രതീക്ഷയോടെ ഈ പ്രക്രിയയില്‍ പങ്കാളികളാകാന്‍ നമുക്കും ശ്രമിക്കാം. അപ്പോഴാണല്ലോ സഹയാനതയ്ക്കായുള്ള ഈ സഹയാനം (Synod for Synodality) അര്‍ത്ഥപൂര്‍ണമാകുന്നത്.


Related Articles

സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ

പാപ്പായുടെ നിര്‍ദേശം റോമിലെ പള്ളികള്‍ തുറന്നു

കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലതിൽ റോമിലെ ദേവലയങ്ങളെല്ലാം അടച്ചിടുവാൻ റോമിൻ്റെ കാർഡിനൽ വികാരിയായ ആൻഞ്ചലോ ഡെ ഡോണാട്ടിസ് എല്ലാ ദേവാലയങ്ങളിലേക്കും സർക്കുലർ അയച്ചിരുന്നു. ഫ്രാൻസീസ് പാപ്പ വെള്ളിയാഴ്ച്ച

രണ്ടു നഗരങ്ങളുടെ കഥ – വീണ്ടും വായിക്കുമ്പോള്‍

തടവുകാരന്‍ ചിന്തിക്കുകയാണ്: ഇതു തന്റെ ജീവിതത്തിലെ അന്ത്യരാവാണ്. അയാള്‍ ഭീതിയോടെ അന്ത്യമണിക്കൂറുകള്‍ എണ്ണുകയാണ്. ഒമ്പത്, പത്ത്, പതിനൊന്ന്……… നേരം പുലരുമ്പോള്‍ 52 ശിരസ്സുകള്‍ അറ്റുവീഴും. അതിലൊന്നു തന്റേതായിരിക്കും.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*