സുനഹദോസും സഭയുടെ സുനഹദോസാത്മകതയും 

സുനഹദോസും സഭയുടെ സുനഹദോസാത്മകതയും 

ആത്മവിമര്‍ശനാത്മകമായ രണ്ടു ചോദ്യങ്ങളിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ഈ മാസം പത്താം തീയതി (10/10/2021) സഭയുടെ സുനഹദോസാത്മകതയെ (Synodality)  കുറിച്ചു സുനഹദോസിനു മുന്നൊരുക്കമായുള്ള പരിശുദ്ധ കുര്‍ബാനയിലെ വചനപ്രഘോഷണം അവസാനിപ്പിക്കുന്നത്; ‘ഈ സുനഹദോസിന്റെ പാത തുറക്കുമ്പോള്‍ നമ്മള്‍ മാര്‍പാപ്പ, മെത്രാന്മാര്‍, പുരോഹിതന്മാര്‍, സന്യസ്തര്‍, അല്മായര്‍ എന്ന ക്രൈസ്തവസമൂഹം ദൈവത്തിന്റെ ശൈലി ഉള്‍ക്കൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുകയും മാനവികത പങ്കുവയ്ക്കുകയും ചെയ്യുന്നവരാണോ? സാഹസികമായ ഒരു യാത്രയ്ക്ക് തയ്യാറാണോ നമ്മള്‍, അതോ അജ്ഞാതമായതിനോട് ഭയമുള്ളവരാണോ, അല്ലെങ്കില്‍ ‘ഇതുകൊണ്ട് ഒരു കാര്യവുമില്ല’, ‘ഇത് എപ്പോഴും ഇങ്ങനെയാണ്’ എന്ന ഒഴികഴിവുകളില്‍ അഭയം തേടുന്നവരാണോ?’ ഒരു ആത്മീയ യാത്രയ്ക്കുള്ള ആഹ്വാനമാണിത്. അതെ, പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും തിരിച്ചറിയാനുമുള്ള യാത്ര.

വീണ്ടും ഒരു സുനഹദോസിന്റെ ചൂടിലേക്ക് കത്തോലിക്ക സഭ നടക്കുവാന്‍ തുടങ്ങുന്നു. സഭയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറാന്‍ സാധ്യതയുള്ള ഒരു സുനഹദോസാണിത്. കാരണം, ഇതിന്റെ വിഷയം തന്നെ വിപ്ലവാത്മകമാണ്; കത്തോലിക്കാ സഭയുടെ സുനഹദോസാത്മകതയെ കുറിച്ചുള്ള സുനഹദോസ് (Synod on the Synodality of the Catholic Church). ഈ സൂനഹദോസിനെ കുറിച്ച് ഒത്തിരി അനുമാനങ്ങളും വ്യാഖ്യാനങ്ങളും അര്‍ത്ഥതലങ്ങളുമെല്ലാം ഇപ്പോള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്താണ് സുനഹദോസ്? എന്താണ് സുനഹദോസാത്മകത? പലരും ചോദിക്കുന്ന ചോദ്യങ്ങളാണിത്.

എന്താണ് സുനഹദോസ്?

സുനഹദോസ് അത്ര പെട്ടെന്ന് പിടിതരാത്ത ഒരു പദമാണിത്. കത്തോലിക്കാസഭയുടെ അതിരുകള്‍ക്കുള്ളില്‍ കിടന്നു കറങ്ങുന്ന ഒരു പദം. ഇതൊരു മലയാളവല്‍ക്കരിച്ച ഗ്രീക്ക് പദമാണ്. കൂടെ അഥവാ ഒന്നിച്ച് എന്നര്‍ത്ഥം വരുന്ന  σύν  (syn) എന്ന ഉപസര്‍ഗ്ഗവും വഴി, പാത എന്നീ അര്‍ത്ഥങ്ങളുള്ള  (hodos) എന്ന നാമവും കൂടിച്ചേര്‍ന്ന ഒരു സങ്കലിത പദമാണ്‌ synὁδός (Syn-hodos) അഥവാ സുനഹദോസ്. പദനിഷ്പത്തി പ്രകാരം ഒന്നിച്ചുള്ള യാത്ര, അല്ലെങ്കില്‍ ഒന്നിച്ച് ഒരേ വഴിയില്‍ എന്നാണ് അര്‍ത്ഥം. പക്ഷേ പിന്നീട് ഇതിന് വൈദികാദ്ധ്യക്ഷന്മാരുടെ ആലോചനാസഭയെന്നും പട്ടക്കാരും മേല്‍പ്പട്ടക്കാരും അടങ്ങിയ പരമാധികാര സഭയെന്നും അര്‍ത്ഥമാനങ്ങള്‍ ലഭിക്കുകയും അങ്ങനെയാകുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ശരിയാണ്, പ്രായോഗികമായി പറഞ്ഞാല്‍ സുനഹദോസ് ഒരു ഉപദേശക സമിതിയാണ്. ആനുകാലികമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു മാര്‍പാപ്പയ്ക്ക് അഭിപ്രായങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഒരു സമിതിയാണിത്. അപ്പോഴും ഓര്‍ക്കണം മാര്‍പാപ്പയ്ക്ക് മുകളിലല്ല ഈ സമിതി എന്ന കാര്യം.

എന്താണ് സുനഹദോസാത്മകത?

ഒരു ആശയമെന്ന നിലയില്‍ സുനഹദോസാത്മകത (Synodaltiy) അര്‍ത്ഥമാക്കുന്നത് കൂട്ടായ്മയെയാണ്. സഭയിലെ എല്ലാ അംഗങ്ങളും ക്രിസ്തുവിന്റെ മൗതീകശരീരമായി ഒത്തുചേരുന്ന രീതിയാണിത്. ഇവിടെ ഒരു അപകടസാധ്യതയുണ്ട്, ഒത്തുചേരലിനെ ഒരു ജനാധിപത്യ സമ്പ്രദായമായി ചിലര്‍ കരുതും. പക്ഷേ, സുനഹദോസാത്മകത എന്ന തത്വത്തെ നിര്‍വചിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മയിലും ദൈവജനത്തിന്റെ പ്രേക്ഷിത യാത്രയിലുമുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമായിട്ടാണ്.

എന്താണ് ഫ്രാന്‍സിസ് പാപ്പാ സുനഹദോസാത്മകത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്?

സുനഹദോസ് എന്ന പദത്തിന്റെ വാചികമായ അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത്. മുന്നിലേക്ക് ഇനി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാം എന്നാണ് പാപ്പ ആഹ്വാനം ചെയ്യുന്നത്. എന്തിനാണ് ഈ യാത്ര? പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും തിരിച്ചറിയാനും. ആരുടെയും സ്വരത്തെ അവഗണിക്കാതെ, എല്ലാ സ്വരങ്ങളെയും ചേര്‍ത്തുനിര്‍ത്തി അതില്‍ നിന്നും നല്ല സ്വരങ്ങളെ തിരിച്ചറിഞ്ഞു സഭയെന്ന ദൈവജനത്തെ മനോഹരമായ സാക്ഷ്യങ്ങളുടെ സിംഫണിയായി മാറ്റാമെന്നാണ് പാപ്പ സ്വപ്നം കാണുന്നത്. ഇവിടെയാണ് Sensus Fidei അഥവാ വിശ്വാസികളുടെ അവബോധം എന്ന സങ്കല്പം കടന്നുവരുന്നത്. സഭയില്‍ ശ്രവിക്കപ്പെടേണ്ട സ്വരങ്ങള്‍ പുരോഹിത ഗണങ്ങളുടേത് മാത്രമാകരുത്, മറിച്ച് അല്മായരുടേതും മുഴങ്ങി കേള്‍ക്കണം എന്ന അര്‍ത്ഥം സുനഹദോസാത്മകത എന്ന പദത്തിന് പാപ്പ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പാപ്പ പറയുന്നത്; ‘നമ്മുടെ ഹൃദയസ്വരങ്ങളെ ഉയര്‍ത്താതെ ചില നിശ്ചയദാര്‍ഢ്യങ്ങളില്‍ നമ്മെത്തന്നെ പൂട്ടിയിടരുത്. സുനിശ്ചിതമായ പലതുമാണ് നമ്മെ അടച്ചിടുന്നത്. നമുക്ക് പരസ്പരം ശ്രവിക്കാം’.

വിശ്വാസികളായ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?

പലരെ സംബന്ധിച്ചും ഇത് ഒരു വിരോധാഭാസമായ ചോദ്യമായി അനുഭവപ്പെടാം. പലരും ഞായറാഴ്ച കത്തോലിക്കരാണ്. പൂര്‍ണമായും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ള ഒരുകൂട്ടം ഇവിടെയുണ്ട് എന്ന കാര്യം തമസ്‌കരിക്കുന്നില്ല. അതുപോലെതന്നെ മതാധ്യാപകരുണ്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുണ്ട്, വ്യത്യസ്ത ഭക്തസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പണബോധമുള്ളവരുണ്ട്, ഇടയ്ക്കിടെ ആരാധനക്രമങ്ങളില്‍ പങ്കെടുക്കുന്നവരുണ്ട്, സംശയാലുക്കളുണ്ട്, ആത്മീയവാദികളുണ്ട്, ധാര്‍മികവാദികളുണ്ട്, ഒപ്പം ചെറിയൊരു കൂട്ടം വര്‍ഗീയവാദികളുമുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ എന്ന് പറയുമ്പോള്‍ എല്ലാം തികഞ്ഞവര്‍ എന്നര്‍ത്ഥം ഇവിടെ വരുന്നില്ല. അപ്പോഴും ഒരു കാര്യം ഓര്‍ക്കണം, ദൈവജനമാണ് സഭ. അവിടെ പരസ്പരം ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രതിബദ്ധത എല്ലാവര്‍ക്കുമുണ്ട്. സംസാരിക്കാനുള്ള അവകാശമെന്നതുപോലെ കേള്‍ക്കാനുള്ള കടമയുമുണ്ട്.

വ്യക്തമായ ഒരു ചക്രവാളവും ലക്ഷ്യവുമുള്ള ഈ സുനഹദോസ് യാത്രയില്‍ സ്വയം അറിയിക്കുന്നതിനും മനസ്സിലാക്കുന്നതിനും സ്ഥാനം നേടുന്നതിനും എല്ലാവര്‍ക്കും അവസരങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാം എന്ന് പറയുന്നതില്‍ കാര്യമില്ല. നിര്‍ദേശങ്ങള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ ഇനി സമയവുമില്ല. ഉള്ളില്‍ നിന്നും വരുന്നത് പരിശുദ്ധാത്മാവിന്റെ ശബ്ദമാണെന്നുറപ്പുണ്ടെങ്കില്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം, അല്മായ സന്യസ്ത പൗരോഹിത്യ വ്യത്യാസമില്ലാതെ ഒന്നിച്ചുള്ള ഒരു യാത്രയാണ് ഈ സൂനഹദോസിലൂടെ സഭ ഉദ്ദേശിക്കുന്നത്. അതുകൊണ്ട്, വിശ്വാസികള്‍ നിലപാടുകളില്ലാത്ത കാഴ്ചക്കാരാണ് എന്ന് സ്വയം കരുതരുത്. അതുപോലെതന്നെ കാഴ്ചപ്പാടുകള്‍ എന്ന പേരില്‍ വിഘടനവിദ്വേഷത്തിന്റെ കളകള്‍ സഭയ്ക്കുള്ളില്‍ വിതക്കുകയും ചെയ്യരുത്.

ഉപസംഹാരം

‘കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’ ഈ മൂന്ന് മൂല്യങ്ങളാണ് സുനഹദോസാത്മകതയുടെ തൂണുകളായി പാപ്പ നിശ്ചയിച്ചിരിക്കുന്നത്. പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും പങ്കുവയ്ക്കാനുമുള്ള വിളിയാണത്. ഒന്നിച്ചൊരു യാത്രയാണ് ഈ സുനഹദോസ്. ഈ യാത്രയില്‍ നമ്മള്‍ പരസ്പരം സംസാരിക്കും, വഴിയില്‍ നമ്മള്‍ സ്വയം ചോദിക്കും, അവസാനം നമ്മള്‍ പറയും ഞങ്ങളില്‍ മാറ്റം സംഭവിച്ചു എന്ന്. അതുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത് ആത്മീയവിവേചന യാത്രയാണ് ഈ സുനഹദോസ് എന്ന്. ഇതൊരു സഭ കണ്‍വെന്‍ഷനോ രാഷ്ട്രീയ സമ്മേളനമോ പഠന കോണ്‍ഫറന്‍സോ അല്ല. ഇത് ദൈവകൃപയുടെ അനുഭവമാണ്. പരിശുദ്ധാത്മാവ് പകര്‍ന്നു നല്‍കുന്ന രോഗശാന്തിയാണത്. അതിനാല്‍ നമുക്ക് നമ്മെത്തന്നെ ശൂന്യമാക്കാം, ലൗകികമായതില്‍ നിന്നും നമ്മെത്തന്നെ മോചിപ്പിക്കാം, നമ്മുടെ ഹൃദയ വാതിലുകളെ പുതിയ ചക്രവാളത്തിലേക്ക് തുറന്നിടാം.


Tags assigned to this article:
malayalam synodsynodsynod on synodality explained

Related Articles

കളക്ടറുടെ ചർച്ചയിൽ പ്രതിഷേധം തീരസംരക്ഷണ സമിതി പ്രവർത്തകരെ ഇറക്കിവിട്ടു.

എറണാകുളം: ശക്തമായ കടൽ ക്ഷോഭത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് അടിയന്തിര സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽനിന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രതിനിധികളെ ജില്ലാ

രാഷ്ട്രീയ അജന്‍ഡയുടെ കെണിയില്‍ വിശ്വാസികള്‍

സരയൂനദീതീരത്ത് മൂന്നു ലക്ഷം ദീപങ്ങളുടെ ഉത്സവക്കാഴ്ചയെക്കാള്‍ കണ്ണഞ്ചിക്കുന്ന ദീപാവലി രാഷ്ട്രീയ വെടിക്കെട്ടാണ് ഉത്തര്‍പ്രദേശിലെ BJP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരികൊളുത്തിവച്ചത്. ഭൂരിപക്ഷ ഹൈന്ദവ മതവികാരത്തിന്റെയും വര്‍ഗീയവിദ്വേഷത്തിന്റെയും പെരുമ്പറ

പഠനശിബിരം വെബിനാര്‍ നടത്തി.

കൊച്ചി :കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 12 ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനത്തോടനുബന്ധിച്ച്‌  പഠനശിബിരം വെബിനാര്‍ നടത്തി. വെള്ളിയാഴ്ച വൈകിട്ട് 7.15

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*