സഭയില്‍ പുതുയുഗത്തിന് തുടക്കം

സഭയില്‍ പുതുയുഗത്തിന് തുടക്കം

 

സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി

സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021 ഒക്ടോബര്‍ പത്താം തീയതി സമാരംഭിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡ്. ”ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” (For a Synodal Church: Communion, Participation, and Mission) എന്ന വിചിന്തനപ്രമേയം ചര്‍ച്ചചെയ്യുന്ന സമ്മേളനം സാര്‍വത്രിക സഭയിലെ പതിനാറാമത്തെ സാധാരണ സിനഡാണ്.

2021 മുതല്‍ 2023 വരെ നീണ്ടുനില്‍ക്കുന്ന സിനഡിന് മൂന്നു തലങ്ങളുണ്ട്. രൂപത, ഭൂഖണ്ഡം, സാര്‍വത്രികം (diocesan, continental, universal) എന്നിങ്ങനെ മൂന്നു തലങ്ങളിലായിട്ടാണ് ഈ സിനഡുസമ്മേളന പ്രയാണം ക്രമപ്പെടുത്തിയിരിക്കുന്നത്. രൂപതാതലത്തില്‍ സിനഡുസമ്മേളനം ആരംഭിക്കുക 2021 ഒക്ടോബര്‍ 17-ന് ആയിരിക്കും. ഇത് 2022 ഏപ്രില്‍ വരെ നീളും.

രണ്ടാം ഘട്ടം, അതായത്, ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡുയോഗം 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ചു വരെ ആയിരിക്കും. ആഗോള സഭാതലത്തിലുള്ള സിനഡുയോഗം, അതായത്, മൂന്നാമത്തെയും അവസാനത്തേതുമായ സമ്മേളനം 2023 ഒക്ടോബറില്‍ വത്തിക്കാനില്‍വെച്ച് നടത്തപ്പെടും.

എന്താണ് സിനഡ്?

സിനഡ് (Synod) എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം ഒരുമിച്ചുള്ളയാത്ര എന്നാണ്. സഭയില്‍ പരമ്പരാഗതമായി സിനഡ് എന്ന വാക്ക് ഉന്നത ശ്രേണിയിലുള്ള ആലോചനസമിതികള്‍ക്കായാണ് ഉപയോഗിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായാണ് 1965-ല്‍ സാര്‍വത്രിക സഭയിലെ സിനഡിന് തുടക്കം കുറിച്ചത്. പിന്നീട് 1990-ല്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോന നിയമം പ്രസിദ്ധീകരിച്ചപ്പോള്‍ പൗരസ്ത്യ സഭകളിലെ മെത്രാന്മാരുടെ ആലോചനസമിതികളെ വിശുദ്ധ സിനഡ് (Holy Synod) എന്ന് നിര്‍വചിച്ചു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആലോചനയുടെ തുടര്‍ച്ച സഭയിലുണ്ടാകാനായാണ് സാര്‍വത്രിക സഭയില്‍ സിനഡ് ആരംഭിച്ചത്. 1967-ലാണ് ആദ്യത്തെ സാര്‍വത്രിക സിനഡ് സഭയില്‍ വിളിച്ചുചേര്‍ത്തത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയാണ് സാര്‍വത്രിക സഭയിലെ സിനഡുകള്‍. ഇതുവരെ 15 സാധാരണ സിനഡുകളും, മൂന്ന് അസാധാരണ സിനഡുകളും, 11 പ്രത്യേക സിനഡുകളും നടന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡാത്മക സഭയ്ക്കായുള്ള സിനഡ് പതിനാറാമത് സാധാരണ സിനഡാണ്.

വിവിധ ദേശീയ മെത്രാന്‍ സമിതികളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സിനഡിനായുള്ള പ്രവര്‍ത്തനരേഖ (Instrumentum Laboris) പ്രസിദ്ധീകരിക്കുന്നു. പ്രവര്‍ത്തനരേഖയെ ആസ്പദമാക്കിയാണ് സിനഡ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. സിനഡ് സമ്മേളനത്തിനുശേഷം പരിശുദ്ധ പിതാവിന് സിനഡ് പിതാക്കന്മാര്‍ നിര്‍ദേശങ്ങള്‍ (Propositions) നല്‍കുന്നു. ഈ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പരിശുദ്ധ പിതാവ് സാര്‍വത്രിക സഭയ്ക്കായി അപ്പസ്‌തോലിക ആഹ്വാനം (Apostolic Exhortation) പുറപ്പെടുവിക്കുന്നതോടുകൂടി സിനഡ് പ്രക്രിയ പൂര്‍ണ്ണമാകുന്നു.

സഭയുടെ സിനഡ്

പതിനാറാമത്തെ സാധാരണ സിനഡോടുകൂടി സഭയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മെത്രാന്മാരുടെ സിനഡ് എന്നാണ് സിനഡ് പൊതുവേ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സിനഡ് സഭയുടെ സിനഡ് എന്നാണ് വിളിക്കപ്പെടുന്നത്. ഇതുവരെ നടന്നുവന്നിരുന്ന സിനഡ് പ്രക്രിയയെ ഫ്രാന്‍സിസ് പാപ്പാ നവീകരിച്ചിരിക്കുകയാണ്. സാധാരണയായി മെത്രാന്മാരുടെ സിനഡിന്റെ വിഷയം പ്രഖ്യാപിച്ചാല്‍ അതിന്റ മാര്‍ഗരേഖ (Lineamenta) പ്രസിദ്ധീകരിക്കുകയും പിന്നീട് മാര്‍ഗരേഖ രൂപതാ തലങ്ങളില്‍ ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് ദേശീയ മെത്രാന്‍സമിതി വഴി വത്തിക്കാനില്‍ സമര്‍പ്പിക്കുകയും ചെയ്യും.

ഇതുവരെ തുടര്‍ന്നുവന്ന സിനഡ് പ്രക്രിയയ്ക്ക് ഫ്രാന്‍സിസ് പാപ്പാ മാറ്റം കുറിക്കുകയാണ്. മെത്രാന്മാരുടെ സിനഡിനെ സഭയുടെ സിനഡായി പരിഷ്‌ക്കരിച്ചിരിക്കുന്നു. സിനഡ് പ്രക്രിയയില്‍ സഭയിലെ എല്ലാവരും പങ്കാളികളാണ്. അതുകൊണ്ടാണ് സിനഡ് രൂപത, ഭൂഖണ്ഡം, സാര്‍വത്രികം എന്നീ മൂന്നു തലങ്ങളിലായി നടത്തപ്പെടുന്നത്. രൂപതാതലങ്ങളിലെ സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 17-ാം തീയതി ഞായറാഴ്ച നടക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ വരെ രൂപതാതല സിനഡ് പ്രക്രിയ നീണ്ടു നില്‍ക്കും. 2023 ഒക്ടോബര്‍ മാസത്തില്‍ റോമില്‍ വച്ച് നടക്കുന്ന രാജ്യാന്തര സമ്മേളനത്തോടെ സിനഡ് പ്രക്രിയ പൂര്‍ത്തിയാകും. ഇടവക തലത്തില്‍ ആരംഭിച്ച് വത്തിക്കാനില്‍ അവസാനിക്കുന്ന ഒന്നാണ് സിനഡ് പ്രക്രിയ.

ഒരുമിച്ച് സഞ്ചരിക്കുന്ന സഭ

ഒരുമിച്ച് സഞ്ചരിക്കുന്ന സഭയായി സാര്‍വത്രിക സഭയെ രൂപപ്പെടുത്തുക എന്നതാണ് സിനഡിന്റെ അടിസ്ഥാന ലക്ഷ്യം. സിനഡിന്റെ അടിസ്ഥാന വിഷയങ്ങള്‍ മുന്നെണ്ണമാണ്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം (Communion, Participation, Mission). പരിശുദ്ധ ത്രിത്വത്തില്‍ പ്രകടമാകുന്ന ഐക്യം നമ്മുടെ ഇടയില്‍ സംജാതമാകുമ്പോള്‍ ഏവര്‍ക്കും ഏവരേയും ഒരു കുടുംബത്തിലെന്ന പോലെ സ്‌നേഹിക്കാന്‍ സാധിക്കുന്നു. ആരെയും ഒഴിവാക്കാതെ എല്ലാവരെയു ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോള്‍ അവിടെ പങ്കാളിത്തമുണ്ടാകുന്നു. എല്ലാ തലങ്ങളിലും പ്രായത്തിലും ഉള്ളവരെ തുറന്ന മനസ്സോടെ ശ്രവിക്കുന്നതും അവരോട് സംഭാഷണങ്ങള്‍ നടത്തുന്നതും പങ്കാളിത്തത്തിന്റെ ഭാഗമാണ്. സഭയുടെ ദൗത്യം പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്നു. സഭ ഒരു കുടുംബമായി ഈ ദൗത്യം നിര്‍വഹിക്കേണ്ടിയിരിക്കുന്നു, പ്രേഷിതദൗത്യം സഭയുടെ സ്വത്വമാണ്. പ്രേഷിതദൗത്യത്തില്‍ നിന്നു വേറിട്ട് സഭയ്ക്ക് നിലനില്‍പ്പില്ല.

പ്രധാന മൂന്നു വിഷയങ്ങള്‍ കൂടാതെ പത്ത് ഉപവിഷയങ്ങളും സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ട്. യാത്രയിലെ സഹയാത്രികര്‍, ഏവരെയും ശ്രവിക്കുന്ന സഭ, തുറവിയോടെ സംസാരിക്കാന്‍ ഏവരെയും പ്രോത്സാഹിപ്പിക്കുന്ന സഭ, ആരാധനക്രമ ആഘോഷം, പൊതുദൗത്യത്തിന്റെ ഉത്തരവാദിത്വം പങ്കിടല്‍, സഭയിലെയും സമൂഹത്തിലെയുംആശയസംവാദങ്ങള്‍, സഭൈക്യ പ്രവര്‍ത്തനങ്ങള്‍, അധികാരത്തിലെ പങ്കാളിത്തം, പരിശുദ്ധാത്മാവിനെ ശ്രവിക്കലും വിവേചനത്തോടെയുള്ള തീരുമാനവും, ഏകയോഗമായ ഒരു സഭയില്‍ നമ്മെത്തന്നെ പങ്കുകാരാക്കുക എന്നിവയാണ് പത്ത് ഉപവിഷയങ്ങള്‍.

രൂപത, ഭൂഖണ്ഡം, സാര്‍വത്രികം എന്നീ തലങ്ങളിലായി നടക്കുന്ന സിനഡിന്റെ സുഗമമായ പ്രക്രിയയ്ക്ക് മാഗരേഖയും (Preparatory Document) കൈപ്പുസ്തകവും (Vademecum) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ തലങ്ങളില്‍ സിനഡിന് നേതൃത്വം നല്‍കുന്നവര്‍ക്ക് സഹായകമായ വിവരങ്ങള്‍ സിനഡിനായുള്ള വെബ്‌സൈറ്റില്‍ (www.synod.va) ലഭ്യമാണ്. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (സി.സി.ബി.ഐ) ഭാരതത്തിലെ 132 രൂപതകളിലെ സിനഡ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും സിനഡില്‍ പങ്കെടുക്കുന്നവരെ സഹായിക്കുവാനുമായി പ്രത്യേക വെബ്‌സൈറ്റ് (www.synodindia.com) തയ്യാറാക്കിയിട്ടുണ്ട്.

സിനഡിന്റെ ലോഗോയും പ്രാര്‍ത്ഥനയും

പതിനാറാമത് സാധാരണ സിനഡിന്റെ ലോഗോ ഏറെ പ്രത്യേകതയുള്ളതാണ്. ലോഗോയില്‍ ദിവ്യകാരുണ്യവും രക്ഷയുടെ അടയാളമായ കുരിശും കുരിശിനു ചുവട്ടില്‍ മുന്നോട്ടുനടക്കുന്ന സഭയിലെ വ്യത്യസ്തരായ പതിനഞ്ച് വ്യക്തികളെയും ചിത്രീകരിച്ചിരിക്കുന്നു. മെത്രാനും പുരോഹിതനും സന്ന്യസ്തയും അള്‍ക്കൂട്ടത്തിലുണ്ടെങ്കിലും അവര്‍ മുന്നിലല്ല, ഏവരുടെയും കൂടെയാണ് യാത്ര ചെയ്യുന്നത്. കുരിശിന്റെ ചിത്രീകരണത്തിലെ അലകള്‍ പരിശുദ്ധാത്മാവിനെയാണ് സൂചിപ്പിക്കുന്നത്.

ആള്‍ക്കൂട്ടത്തില്‍ വീല്‍ചെയറില്‍ യാത്ര ചെയ്യുന്ന വ്യക്തിയെയും കാണാം. ഏവരെയും ഉള്‍ക്കൊള്ളേണ്ട സഭയുടെ പ്രതീകമാണിത്. ആള്‍ക്കൂട്ടത്തിലെ പതിനഞ്ച് വ്യക്തികളെയും പതിനഞ്ച് നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സഭയിലെ വ്യത്യസ്തതകളെയും സാര്‍വത്രികതയെയും ഇതു സൂചിപ്പിക്കുന്നു. ലോഗോയുടെ ചിത്രീകരണം തന്നെ സിനഡിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്.

ആദ്‌സൂമൂസ് സാന്‍ക്തേ സ്പിരിത്തൂസ് (Ad sumus, Sancte Spiritus) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രാര്‍ത്ഥനയാണ് സിനഡിന്റെ ഔദ്യോഗിക പ്രാര്‍ത്ഥന. ”പരിശുദ്ധാത്മാവേ, ഞങ്ങള്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നു” എന്നാണ് ഈ ലത്തീന്‍ പദങ്ങളുടെ അര്‍ത്ഥം. പ്രാര്‍ത്ഥനയുടെ ആദ്യത്തെ വരിയാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഓരോ സമ്മേളനവും ആരംഭിച്ചിരുന്നത് ഈ പ്രാര്‍ത്ഥനയോടെയാണ്.

സാര്‍വത്രിക സഭയുടെ കൗണ്‍സിലുകളിലും സിനഡുകളിലും മറ്റ് സഭാസമ്മേളനങ്ങളിലും ചരിത്രപരമായി ഈ പ്രാര്‍ത്ഥനയാണ് ഉപയോഗിച്ചിരുന്നത്. നമ്മള്‍ എല്ലാവരും ഒരു സമൂഹവും ദൈവികകൃപയുള്ള വ്യക്തികളുമായി തീരാന്‍വേണ്ടി നമ്മില്‍ ഓരോരുത്തരിലും പ്രവര്‍ത്തനനിരതമാകാന്‍ പരിശുദ്ധാത്മാവിനെ വിളിച്ച് അപേക്ഷിക്കുന്ന മനോഹരമായ പ്രാര്‍ത്ഥനയാണിത്.

ഏവരെയും ശ്രവിക്കുന്ന സഭ

കര്‍ത്താവിനാല്‍ വിളിക്കപ്പെട്ട്, ആത്മാവിനാല്‍ നയിക്കപ്പെട്ട്, ഏവരെയും ഉള്‍ക്കോണ്ട്, എല്ലാവരെയും ശ്രവിച്ച്, മുന്നോട്ടു യാത്രചെയ്യുന്ന ഒരു സഭയെയാണ് സിനഡ് വിഭാവനം ചെയ്യുന്നത്. സിനഡ് പ്രക്രിയയില്‍ മാത്രമല്ല, സഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ഏവരെയും ശ്രവിച്ചും ഉള്‍ക്കൊണ്ടും ഒരുമിച്ച് യാത്രചെയ്യാനായി സാധിക്കണം. ഏകയോഗമായ ഒരു സഭയെ ആണ് സിനഡ് വിഭാവനം ചെയ്യുന്നത്.

സിനഡ് പ്രക്രിയയില്‍ എല്ലാവര്‍ക്കും ഇടമുണ്ടാകണം. കുട്ടികളും വയോജനങ്ങളും ഇതിന്റെ ഭാഗമാകണം. സഭയെ നിരന്തരം വിമര്‍ശിക്കുന്നവരെയും സഭാപ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നു ജീവിക്കുന്നവരെയും ശ്രവിക്കുവാന്‍ നമുക്ക് സാധിക്കണം. സഭാസ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ഇതരമതസ്ഥരെയും ശ്രവിക്കുവാനുള്ള തുറവി നമുക്കുണ്ടാകണം. എല്ലാ തലത്തിലുമുള്ള വ്യക്തികള്‍ എന്നതുപോലെതന്നെ എല്ലാ പ്രസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളണം. രൂപതയിലെയും ഇടവകയിലെയും വിവിധ കമ്മീഷനുകള്‍, പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, മൂവ്‌മെന്റുകള്‍ എന്നിവയ്ക്ക് സിനഡ് പ്രക്രിയയില്‍ ഇടമുണ്ടാകണം.

കല്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്ന സഭയില്‍നിന്ന് ഏവരെയും ശ്രവിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സഭയിലേക്കുള്ള പരിണാമം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടേണ്ടതാണ്. സിനഡ് ഒരു യോഗമോ സമ്മേളനമോ അല്ല എന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നുണ്ട്. സിനഡ് പ്രക്രിയ ഒരു ആദ്ധ്യാത്മിക അനുഭവമാകണം. ഏവരിലും മാനസാന്തരവും നവീകരണവും ഉളവാക്കാന്‍ സാധിക്കണം. ഏവരുടെയും അഭിപ്രായം ശേഖരിക്കലല്ല സിനഡിന്റെ മുഖ്യ ലക്ഷ്യം, മറിച്ച് ധ്യാനാരൂപിയില്‍ പരിശുദ്ധാത്മാവിനെ ശ്രവിക്കുക എന്നതാണ്. സാര്‍വത്രിക സഭയില്‍ തുടക്കമായിരിക്കുന്ന പുതുയുഗത്തിന് ഏകയോഗമായ ഒരു സഭയ്ക്കായുള്ള സിനഡിലൂടെ നമ്മുക്കു പങ്കുചേരാം.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്‍

              യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക്

നവീകരിച്ച വരാപ്പുഴ ദേവാലയം ആശീര്‍വദിച്ചു

എറണാകുളം: നവീകരിച്ച ചരിത്ര പ്രസിദ്ധമായ വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയം അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആശിര്‍വദിച്ചു. ഗോതിക് ശില്പചാരുതിയുടെ മനോഹാരിതയും

ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്

ഭാരതസഭ സന്തോഷത്താല്‍ പുളകിതമാകുന്ന ധന്യമുഹൂര്‍ത്തമാണിത് – വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കിയിരിക്കുന്നു. ഭാരത സഭയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*