ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ് പാപ്പാ രണ്ടുവര്‍ഷം നീളുന്ന സിനഡല്‍ യാത്രയ്ക്കു വത്തിക്കാനില്‍ തുടക്കം കുറിച്ചത്. ”അപരന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഹൃദയങ്ങള്‍ സൗണ്ട്പ്രൂഫ് ആക്കരുത്; നിങ്ങളുടെ നിശ്ചയങ്ങളുടെ പ്രതിരോധക്കോട്ടതീര്‍ത്ത് ഉള്‍വലിയരുത്:” ഒരുമിച്ചു യാത്രചെയ്യുന്ന ദൈവജനത്തിന്റെ സിനഡാത്മക കൂട്ടായ്മയില്‍ പങ്കുചേരാന്‍ ആത്മാവിന്റെ കൃപയും പാതയില്‍ ഒപ്പമുള്ളവരെ ശ്രവിക്കാനുള്ള തുറവിയും മതിയെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

റോമന്‍ കത്തോലിക്കാ സഭയുടെ 21-ാമത് എക്യുമെനിക്കല്‍ കൗണ്‍സിലില്‍ – 1962 മുതല്‍ 1965 വരെ നീണ്ടുനിന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – നിന്നാരംഭിച്ച സഭാനവീകരണ മഹായജ്ഞത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ മെത്രാന്മാരുടെ സിനഡിനെ തന്റെ അജപാലന അജന്‍ഡയുടെ മുഖ്യപണിപ്പുരയാക്കിയ ഫ്രാന്‍സിസ് പാപ്പാ തന്റെ എട്ടരവര്‍ഷത്തെ പരമാചാര്യശുശ്രൂഷയിലുടനീളം സിനഡാലിറ്റി എന്ന പങ്കാളിത്ത സമീപനരീതിയില്‍ ഊന്നിക്കൊണ്ട് നടപ്പാക്കാന്‍ ശ്രമിച്ച ദൈവശാസ്ത്രപരവും പ്രബോധനപരവും സഭാഭരണപരവുമായ പരിഷ്‌കാരങ്ങളില്‍, ”മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ ജീവിതശൈലി നിര്‍ണയിക്കുന്ന ദൈവികപദ്ധതി വെളിപ്പെട്ടുകിട്ടാനുള്ള” ഐതിഹാസിക അപ്പസ്‌തോലിക നടപടിയാണ് മാമ്മോദീസ സ്വീകരിച്ച ഭൂമുഖത്തെ മുഴുവന്‍ ദൈവജനത്തെയും ശ്രവിച്ചുകൊണ്ട് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ക്രിസ്തുവിന്റെ പ്രവാചകദൗത്യവുമായി മുന്നേറാനുള്ള സിനഡാത്മക പ്രക്രിയയായി അതിനെ രൂപാന്തരപ്പെടുത്തുന്നത്.

 

ഭൂതകാലത്തിന്റെ അതിമനോഹരമെങ്കിലും ജീവസ്സില്ലാത്ത പുരാവസ്തുക്കളുടെ മ്യൂസിയമായി സഭ മാറാതിരിക്കാന്‍, ദൈവജനത്തിന്റെ മുഴുവന്‍ ഭാഗഭാഗിത്വം ഉറപ്പാക്കിക്കൊണ്ട് ഇന്നത്തെ ലോകത്തിന്റെ അനുഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊണ്ട് സഭയുടെ പ്രവാചകദൗത്യവും പ്രേതിഷസ്വഭാവവും പ്രകാശിതമാക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നമ്മള്‍ ആയിത്തീരേണ്ട സഭയെക്കുറിച്ച് സ്വപ്‌നം കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന, അവരുടെ പ്രത്യാശകള്‍ തഴച്ചുവളരുന്ന, വിശ്വാസമര്‍പ്പിക്കാന്‍ പര്യാപ്തമാക്കുന്ന, മുറിവുകള്‍ സൗഖ്യപ്പെടുത്തുന്ന, ബന്ധങ്ങളെ ആഴപ്പെടുത്തുന്ന, അന്യോന്യം പഠിക്കാന്‍ സഹായിക്കുന്ന, പാലങ്ങള്‍ പണിയുന്ന, മനസ്സുകളെ ഉദ്ബുദ്ധമാക്കുന്ന, ഹൃദയങ്ങളെ ഊഷ്മളമാക്കുന്ന, നമ്മുടെ പൊതുദൗത്യനിര്‍വഹണത്തിന് നമ്മുടെ കരങ്ങള്‍ക്കു കരുത്തുപകരുന്ന ഒന്നാകണം ”സിനഡാത്മക സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യനിയോഗം” എന്ന ശീര്‍ഷകത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ പ്രാദേശിക, ഭൂഖണ്ഡ, ആഗോള തലങ്ങളിലായി സാക്ഷാത്കരിക്കപ്പെടുന്ന ഈ സിനഡ് പ്രക്രിയയെന്ന് മെത്രാന്മാരുടെ സിനഡിനായുള്ള വത്തിക്കാനിലെ ജനറല്‍ സെക്രട്ടേറിയറ്റ് തയാറാക്കിയ ‘വാദെമേക്കും’ എന്ന കൈപ്പുസ്തകത്തില്‍ പറയുന്നുണ്ട്.

ധാര്‍മ്മിക ശ്രേഷ്ഠതയുടെയും ഉന്നതാധികാരശ്രേണിയുടെയും പേരിലുള്ള അധീശത്വ മനോഭാവത്തിന്റെ അടയാളമായ ‘ക്ലെരിക്കലിസം’ എന്ന അധികാരപ്രമത്തതയും ഗര്‍വ്വുമാണ് ആഗോളസഭയില്‍ പലയിടത്തും ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗികചൂഷണ ആരോപണങ്ങളുടെയും അഴിമതികളുടെയും ഉതപ്പിന്റെയും ഇടര്‍ച്ചകളുടെയും പ്രധാനഹേതുവെന്ന് ഫ്രാന്‍സിസ് പാപ്പാ
ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുടെ അടുക്കലേക്കു പോയി അവരുടെ ശബ്ദത്തിനു ചെവികൊടുത്തുകൊണ്ട് ധ്യാനപൂര്‍വം പുതിയൊരു ജീവിതരീതിയും പ്രവര്‍ത്തനശൈലിയും (മോദുസ് വിവേന്തി എത് ഓപ്പെരാന്തി) രൂപപ്പെടുത്തുകയാണ് ഇന്നത്തെ സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന തിരിച്ചറിവാണ് സിനഡാത്മക കൂട്ടായ്മയെ അനിവാര്യമാക്കുന്നത്. എന്നാല്‍ ഇതിനെ ഒരു സഭാ കണ്‍വെന്‍ഷനോ സ്റ്റഡി ഗ്രൂപ്പോ രാഷ്ട്രീയ പൊതുസമ്മേളനമോ പാര്‍ലമെന്റോ ആയല്ല കാണേണ്ടതെന്നും ”സുവിശേഷത്തെ സ്‌നേഹിക്കുന്ന തീര്‍ത്ഥാടകരായി, പരിശുദ്ധാത്മാവിന്റ അദ്ഭുതങ്ങള്‍ക്കായി തുറന്ന ഹൃദയത്തോടെ” കൃപാപൂരിതമായ, സൗഖ്യദായകമായ ഒരു അനുഭവമാക്കുകയാണു വേണ്ടതെന്നും പരിശുദ്ധ പിതാവ് ഉപദേശിക്കുന്നു.

അടുത്ത ഞായറാഴ്ച നമ്മുടെ രൂപതാകേന്ദ്രങ്ങളിലെല്ലാം സഭാമേലധ്യക്ഷന്മാര്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് രൂപതാതലത്തില്‍ ആറുമാസം തുടരുന്ന സിനഡ് പ്രക്രിയ സമാരംഭിക്കും. ഇടവകകളിലെ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ തലത്തില്‍ നിന്നു തുടങ്ങി രൂപതാ തലം വരെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള അല്മായരുടെയും സന്ന്യസ്തരുടെയും വൈദികരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള ശ്രവണ, മനന, ധ്യാനപ്രക്രിയയിലൂടെ സ്വരൂപിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് രൂപതാധ്യക്ഷന്‍ അംഗീകരിച്ച് ദേശീയ മെത്രാന്‍ സമിതിക്ക് സമര്‍പ്പിക്കുകയും, തുടര്‍ന്ന് ഭൂഖണ്ഡതലത്തില്‍ കൂടുതല്‍ വ്യാപകമായ വിചിന്തനങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന രേഖ ആഗോളതലത്തില്‍ 2023 ഒക്ടോബറില്‍ റോമില്‍ ചേരുന്ന മെത്രാന്മാരുടെ സിനഡിലേക്കുള്ള ‘ഇന്‍സ്ത്രുമെന്തും ലബോറിസ്’ എന്ന പ്രവര്‍ത്തനരേഖയ്ക്ക് ആധാരമാവുകയും ചെയ്യും. അതിരൂപതാ, രൂപതാ തലത്തില്‍ ഇതിനായി പരിശീലനകളരിയും പഠനശിബിരവും ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കാനും പ്രത്യേക ടീം അംഗങ്ങളെ നിയോഗിക്കും.

കേരളസഭ ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും വെല്ലുവിളികളും പ്രതിസന്ധികളും ആഴത്തില്‍ ചര്‍ച്ചചെയ്യാനും തുറന്ന മനസ്സോടെ വിശകലനം ചെയ്യാനുമുള്ള അവസരമായി ഈ സിനഡാത്മക പ്രക്രിയയെ മാറ്റേണ്ടതുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആധ്യാത്മിക, സാമൂഹിക അനുഷ്ഠാന പ്രതിനിധാനങ്ങളിലും അടിസ്ഥാന വിശ്വാസപ്രകരണങ്ങളിലും ജീവിതദര്‍ശനത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍ തൊട്ട് നമ്മുടെ ജീവിതരീതി, സാംസ്‌കാരിക, സാമ്പത്തിക, സാമൂ
ഹ്യ, രാഷ്ട്രീയ അവസ്ഥ, പൊതുസമൂഹത്തിനു നമ്മള്‍ നല്‍കുന്ന ക്രൈസ്തവസാക്ഷ്യം തുടങ്ങി സമസ്ത അനുഭവമണ്ഡലങ്ങളെയും സമഗ്രമായി അഭിമുഖീകരിക്കുന്ന ബഹുതല സ്പര്‍ശിയായ ഒരു സംവേദനപ്രക്രിയയായി ഇതു മാറണം. സഭാനേതൃത്വത്തെ വിമര്‍ശിച്ചും ഇടഞ്ഞും അകന്നും കഴിയുന്നവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നാണ് വത്തിക്കാന്‍ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത്. ഇതര ക്രൈസ്തവ വിഭാഗങ്ങളെ കൂടി ശ്രവിക്കാനും ശ്രദ്ധിക്കണം.

സഭയുടെ അധികാരഘടനയെ ചോദ്യം ചെയ്യാനുള്ള പ്രവണത വളര്‍ത്താനും, വിദ്വേഷവും ഇടര്‍ച്ചയും ആരോപണപ്രത്യാരോപണവും കൊണ്ട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുവാനുമേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്നു കരുതുന്നവരുണ്ടാകാമെന്ന് മെത്രാന്‍ സിനഡിന്റെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗിലെ ജസ്യുറ്റ് കര്‍ദിനാള്‍ ഷോണ്‍ ക്ലോദ് ഓളെറിച്ച് ചൂണ്ടിക്കാട്ടുന്നു. പരിശുദ്ധാത്മാവിന് നിങ്ങളെയും ആവശ്യമുണ്ടെന്നാണ് അദ്ദേഹം വിമര്‍ശകരോടു പറയുന്നത്. ദൈവരാജ്യം പ്രഘോഷിക്കാനുള്ള ദൗത്യത്തില്‍ പങ്കുകാരാകാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവര്‍ക്കുമുള്ള അടിയന്തര ക്ഷണമാണിതെന്ന് കഴിഞ്ഞ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തിരുക്കര്‍മ്മത്തിന്റെ ഭാഗമായി ചൈനീസ്, അറബി, പോര്‍ച്ചുഗീസ്, ടാഗലോഗ് ഭാഷകളിലും അര്‍പ്പിച്ച പ്രാര്‍ഥനകളില്‍ ആവര്‍ത്തിക്കുകയുണ്ടായി.

സിനഡ് പിതാക്കന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക പ്രതിനിധികള്‍ റോമില്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന സിനഡ് സമ്മേളനത്തില്‍, പ്രത്യേക ക്ഷണിതാക്കളായ വിദഗ്ധരുടെയും ഓഡിറ്റര്‍മാരുടെയും സഹായത്തോടെ ഗ്രൂപ്പ് ചര്‍ച്ചകളും മറ്റും നടത്തി അന്തിമ രൂപം നല്‍കുന്ന ‘പ്രവര്‍ത്തനരേഖ’യുടെ ഓരോ ഖണ്ഡികയും വോട്ടിനിട്ട് പാസാക്കി പരിശുദ്ധ പിതാവിന് സമര്‍പ്പിക്കുകയും അതിനെ ആധാരമാക്കി പാപ്പാ ഒരു അപ്പസ്‌തോലിക ലേഖനം ഇറക്കുകയുമാണ് പതിവ്. എന്നാല്‍ സിനഡാത്മക പ്രക്രിയയുടെ പൂര്‍ത്തീകരണത്തിന് സിനഡ് പിതാക്കന്മാര്‍ അംഗീകരിച്ച രേഖ വീണ്ടും ആഗോളതലത്തില്‍ പ്രാദേശിക സമൂഹങ്ങളുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചേക്കുമെന്ന് സിനഡ് സെക്രട്ടറി ജനറല്‍ മാള്‍ട്ടക്കാരനായ കര്‍ദിനാള്‍ മാരിയോ ഗ്രെക് സൂചിപ്പിക്കുന്നു. സിനഡാത്മക സഭ എന്നത് ഒരു തുടര്‍പ്രക്രിയ തന്നെയാകും എന്നാണ് ഇതിനര്‍ത്ഥം. ”ആദ്‌സൂമൂസ് സാങ്‌തേ സ്പിരിത്തൂസ്” (പരിശുദ്ധാത്മാവേ, നിന്റെ മുമ്പില്‍ ഞങ്ങള്‍ നില്‍ക്കുന്നു) എന്ന പ്രാര്‍ഥനയോടെ നമുക്ക് ഈ പ്രക്രിയയില്‍ പങ്കുചേരാം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
synod on synodality malayalam

Related Articles

കടം വാങ്ങിയും സഹായിക്കുമെന്ന് പ്രകാശ്‌രാജ്

ചെന്നൈ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരുപറ്റം ആളുകള്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ളവ വിതരണം ചെയ്ത് കൈത്താങ്ങാവുകയാണ് നടന്‍ പ്രകാശ് രാജ്.

തീരസംരക്ഷണത്തിന് സുസ്ഥിര പ്രതിവിധി: തുടര്‍നിരീക്ഷണത്തിന് ജാഗ്രതാ സമിതി

ആലപ്പുഴ: തീരശോഷണത്തിനും കടല്‍കയറ്റത്തിനും മറ്റു പ്രകൃതിക്ഷോഭങ്ങള്‍ക്കും തീരത്തെ അശാസ്ത്രീയ വികസന പദ്ധതികള്‍ക്കും ഇരകളാകുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ചേര്‍ന്ന് സുസ്ഥിരവും

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*