ഇന്ത്യയില്‍ ജനാധിപത്യം മരിക്കുന്നുവോ?

ഇന്ത്യന്‍ ജനാധിപത്യം മരിക്കുകയാണോ എന്ന ചോദ്യം വളരെ പ്രസക്തമായ കാലമാണിത്. മരണം സംഭവിക്കാതെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് നാം പരിശോധിക്കേണ്ടത്. അതിനുവേണ്ട അവസരങ്ങള്‍ ഇപ്പോള്‍ കൈവന്നിട്ടുണ്ട്. അത് ഏറ്റവും പ്രതീക്ഷാ നിര്‍ഭരവുമാണ്. രാജ്യത്താകമാനം ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ പുതിയൊരു ചെറുത്തുനില്പിന്റെ സൂചനയായി കാണണം. ഇന്ത്യയുടെ ജീവാത്മാവെന്നു പറയുന്നത് കാര്‍ഷികരംഗവും കര്‍ഷകരുമാണ്. കര്‍ഷകരും കാര്‍ഷിക തൊഴിലാളികളും അനുബന്ധതൊഴിലുകളിലുമായി 80 ശതമാനത്തോളം പേര് രാജ്യത്ത് കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ മുഴുവന്‍ താല്പര്യങ്ങളെയും ഹനിച്ചുകൊണ്ടാണ് പുതിയ കാര്‍ഷിക നയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രവര്‍ത്തനരീതികള്‍, പാരമ്പര്യമായി അവര്‍ ജീവിച്ചുവരുന്ന സാഹചര്യങ്ങള്‍ എന്നിവയെയെല്ലാം സര്‍ക്കാര്‍ അപ്രസക്തമാക്കിയിരിക്കുകയാണ്. കാര്‍ഷിക രംഗം കുത്തകമുതലാളിമാര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും തീറെഴുതികൊടുക്കുമ്പോള് തനതായി ഉയര്‍ന്നുവരുന്ന ഒരു പ്രക്ഷോഭമായി ഇതിനെ കാണണം.
മഹാത്മാഗാന്ധിയുടെ ജനാധിപത്യം
മറുഭാഗത്ത് ദളിത് പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിര്‍ദയം അടിച്ചമര്‍ത്തപ്പെടുന്നു. അവരുടെ സ്ത്രീകള്‍ മാനഭംഗത്തിനിരയാകുന്നു. അവര്‍ക്ക് ഈ രാജ്യത്ത് സ്വാഭിമാനത്തോടെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. കീഴാള വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരും. ഈ മഹാഭൂരിപക്ഷത്തെയാണ് അടിച്ചമര്‍ത്താന്‍ രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. കീഴാളരുടെ ഉന്നമനത്തിനും ക്ഷേമത്തിനും എന്ന മട്ടില്‍ ചില നാടകങ്ങള്‍ ഇടയ്ക്ക് ഇവര്‍ കളിക്കാറുണ്ട്. അതൊഴിച്ചാല്‍ അവരുടെ പൊതുനന്മയ്ക്കായി ഒന്നും ചെയ്യുന്നില്ല.
സാമ്പത്തിക മേഖല പരിശോധിച്ചാലും അടിച്ചമര്‍ത്തലിന്റെ തോത് മനസിലാക്കാനാകും. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ നിത്യദാരിദ്ര്യത്തിലും പട്ടിണിയിലുമാണ്. 10 ശതമാനത്തോളം വരുന്നവരാണ് വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോരുന്നത്. ശേഷിക്കുന്ന 20 ശതമാനമാണ് രാജ്യത്തിന്റെ സ്വത്തുമുഴുവന്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. അദാനിമാരും അംബാനിമാരുമടങ്ങിയ ഈ വിഭാഗത്തെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനമാണോ? ആണെങ്കില്‍ ജനാധിപത്യം മരിച്ചുകൊണ്ടേയിരിക്കുകയാണ്. ജനാധിപത്യം എന്നു പറയുന്നത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് തുല്യമായ ജീവിതസാഹചര്യങ്ങളും മുന്നേറാനുള്ള അവസരങ്ങളും ഒരുക്കുന്ന അവസ്ഥയെയാണ് വിവക്ഷിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെ വിദേശികളില്‍ നിന്ന് നാം നേടിയെടുത്തുവെന്ന് പറയുന്നത് ഈ അവസ്ഥയെയാണ്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയ മഹാത്മാഗാന്ധി ജനാധിപത്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: നമ്മുടെ ജനധാരയില് ഏറ്റവും താഴത്തെ തട്ടില്‍ നില്ക്കുന്നയാള് മറ്റെല്ലാവര്‍ക്കും തുല്യനാകുമ്പോള് മാത്രമേ സ്വാതന്ത്ര്യം അന്വര്ത്ഥമാകുകയുള്ളൂ. ആ സ്വാതന്ത്ര്യം പൂര്‍ണമാകുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുകയുള്ളൂ’. നമ്മുടെ സ്വാതന്ത്ര്യസമരവും അതിനു ശേഷം രാജ്യത്തുണ്ടായ ഭരണകൂടങ്ങളും ആ ദിശയിലേക്കാണ് ചലിച്ചുകൊണ്ടിരുന്നത്. പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.
അടിയന്തരാവസ്ഥ
അത്തരം ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തെറ്റും കുറ്റവും ചെയ്തവരെ സംരക്ഷിക്കുകയും അധികാരം ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തത്. ജനാധിപത്യ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തി ഏകാധിപത്യസംവിധാനങ്ങളിലേക്കു രാജ്യം നീങ്ങി. അതിനെതിരെ ജനങ്ങള്‍ പ്രതികരിച്ചപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നും സ്മരിക്കാന്‍ കഴിയാത്തവിധം ജനാധിപത്യത്തെ നശിപ്പിച്ച കാലമായിരുന്നു അത്. അടിയന്തരാവസ്ഥയെ തിരുത്തേണ്ടതുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങളും നടന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ക്കിടയില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന പോരാട്ടങ്ങളെ പോലും മുതലെടുത്തുകൊണ്ട് പുതിയൊരു പരിവേഷവുമായി ഒരു പ്രഖ്യാപിത നയവുമായി ഒരു കൂട്ടര് മുന്നോട്ടുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതില്‍നിന്നുളവായ അതിഭീഷണമായ സാഹചര്യമാണ് ഇപ്പോള്‍ നമുക്കു മുന്നില്‍ സംജാതമായിരിക്കുന്നത്. ഇന്ത്യയെ പുനര്‍നിര്‍മിക്കുമെന്നാണ് മോദിയും അമിത്ഷായും പറയുന്നത്. അത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ അതിന്റെ പിന്നിലുള്ള ലക്ഷ്യം എന്തെന്ന് പരിശോധിക്കണം.
രാജ്യപുനര്നിര്മാണം
രാജ്യത്തെ പുനര്‍നിര്‍മിക്കാനുള്ള അധികാരമാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്കിയ ഭൂരിപക്ഷമെന്നും അവര്‍ വാദിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാനാണ് ജനങ്ങള്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം നല്‍കിയതെന്നും പറയുന്നു. ജന്മിത്വത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ സമരം നടത്തിയാണ് നാം സ്വാതന്ത്ര്യം നേടിയത്. ഈ സ്വാതന്ത്ര്യത്തെ മുഴുവന്‍ ഇല്ലാതാക്കി
യാണ് പുതിയ ഭരണാധികാരികള്‍ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്നത്. ഇന്ത്യയുടെ പുനര്നിര്മാണമെന്നു പറയുന്നത് ജന്മിത്വ-മുതലാളിത്തത്തിന്റെ തേര്‍വാഴ്ചയാണ്. ഇത്തരം പുനര്‍നിര്‍മാണത്തിന് ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തുവെന്നാണ് ഇവര്‍ വ്യാഖ്യാനിക്കുന്നത്. ദൈവം അനുഗ്രഹിച്ചതുകൊണ്ട് സവര്‍ണര്‍ സമ്പന്നരാകാനും കീഴ്ജാതിക്കാര്‍ മുജന്മപാപങ്ങളുടെയും തെറ്റുകളുടെയും ഫലമനുഭവിക്കാനും ഇടയാകുന്നുവെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു.
എന്താണ് ഈ പുനര്‍നിര്‍മാണം കൊണ്ടുദ്ദേശിക്കുന്നത്? ചാതുര്‍വര്‍ണ്യത്തിന്റെ പുനസ്ഥാപനമാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിന്റെ തണലിലേ ജന്മിത്വങ്ങള്ക്ക് തഴച്ചുവളരാന്‍ കഴിയൂ. ജാതിസമ്പ്രദായത്തെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. അതിനായി പുരാണങ്ങളെയും ഇതിഹാസങ്ങളെയും കൂട്ടുപിടിക്കുന്നു. സവര്‍ണരുടെയും സമ്പന്നരുടെയും കീഴില്‍ അധികാരവുംസമ്പത്തും ഭൂമിയും കൊണ്ടുവരണം. അവരുടെ കീഴില്‍ പണിയെടുക്കുന്ന കൃഷിക്കാരും തൊഴിലാളികളും അടിമകളാണ്. സമ്പത്തും അധികാരവും അനുഭവിക്കാന്‍ ദൈവദത്തമായി അനുവാദം കിട്ടിയിട്ടുള്ളവരാണ് സവര്‍ണരും സമ്പന്നരും. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും കൃഷിക്കും അവര്‍ക്കു മാത്രമേ അവകാശമുണ്ടാകുകയുള്ളൂ. അതിനാണ് അവര്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നത്.
ഭരണഘടനയെ അട്ടിമറിക്കുന്നു
ഇത്തരം ചെയ്തികള്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അന്തസത്തയെ അങ്ങേയറ്റം ലംഘിക്കുന്നതാണ്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത തുല്യതയെ അട്ടിമറിക്കലാണത്. സവര്‍ണരും സമ്പന്നരും അനുഗ്രഹീതരായി ഇടം പിടിച്ച ഈ ഭരണകൂടത്തില്‍ സാധാരണ ജനങ്ങള്‍ക്ക് സ്ഥാനമില്ല. 80 ശതമാനത്തിലധികം വരുന്ന ജനവിഭാഗങ്ങള്‍ക്ക് അധികാരത്തിലോ സമ്പത്തിലോ പങ്കില്ലെങ്കില്‍ അതെങ്ങനെ ജനാധിപത്യമാകും? അത്തരമൊരു ജനാധിപത്യത്തിന് ജീവനുണ്ടോ? ജീവന് അല്പം ശേഷിച്ചിട്ടുണ്ടെങ്കില്‍ സട കുടഞ്ഞെഴുന്നേല്‍ക്കാന്‍ സമയമായി. ഇന്ത്യന്‍ ജനതയുടെ 33 ശതമാനത്തിനും ഇന്നും അക്ഷരാഭ്യാസമില്ല. 70 ശതമാനത്തിനും ആവശ്യത്തിന് ഭക്ഷണമില്ല. ഈഅവസ്ഥയിലാണ് കോര്‍പറേറ്റുകളെ ദൈവം കനിഞ്ഞനുഗ്രഹിച്ചതായി ഇവര്‍ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് തൊഴില്‍നിയമങ്ങളും കാര്‍ഷിക നിയമങ്ങളും പൊളിച്ചെഴുതി കോര്‍പറേറ്റുകള്‍ക്ക് പാതയൊരുക്കുന്നത്. പൗരത്വനിയമം ഭേദഗതി ചെയ്ത് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഭ്രഷ്ടരാക്കുന്നത്. ഈ രാജ്യത്തിന്റെ സാമൂഹ്യചുറ്റുപാടുകള്‍ എന്താണ്? പിടിച്ചുപറിയും ആള്‍ക്കൂട്ട ആക്രമണങ്ങളും കീഴ്ജാതിക്കാരെ മാനഭംഗപ്പെടുത്തുന്നതുമാണോ നവനിര്‍മാണം?
തത്വശാസ്ത്രങ്ങളുടെ പരാജയം
സ്വാതന്ത്ര്യത്തിനു ശേഷം പല തത്വശാസ്ത്രങ്ങളെയും നാം തേടിപ്പോയിട്ടുണ്ട്. ജനാധിപത്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നശിപ്പിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിനും സോഷ്യലിസ്റ്റുകള്‍ക്കും കുടുംബപാരമ്പര്യം വന്നു. അതു വലിയ അപചയമായിരുന്നു. അപ്പോള്‍ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വലിയ തിരിച്ചടികളുണ്ടായി. മാര്‍ക്സ് വിഭാവനം ചെയ്ത കമ്യൂണിസ്റ്റ്തത്വശാസ്ത്രം ജനങ്ങളെ രക്ഷിക്കുമെന്ന് പലരും കരുതി. എന്നാ
ല്‍ തത്വശാസ്ത്രത്തെ പിന്ചെന്നെത്തിയവര് അതുദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ നശിപ്പിച്ചു. സോവിയറ്റ് യൂണിയനില്‍ സമ്പത്ത് സ്റ്റേറ്റില്‍ കുന്നുകൂട്ടിയപ്പോള്‍ ചൈനയില്‍ കോര്‍പറേറ്റ് സോഷ്യലിസമാണ് നടപ്പാക്കിയത്. രാജ്യത്ത് ഒരു പാര്‍ട്ടിയും ഒരു തൊഴിലാളിയൂണിയനും മാത്രമായി. തൊഴിലാളികള്‍ അടിമത്വത്തിലേക്ക് നീങ്ങി. അതിനെ തൊഴിലാളി സര്‍വാധിപത്യമെന്ന് വിളിച്ചു. നമ്മുടെ സംസ്ഥാനത്ത് കമ്യൂണിസ്റ്റുകാരുടെ പേരില്‍ ഭരണത്തിലിരിക്കുന്നവര്‍ മഹാരാജാക്കന്മാരെ പോലെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രിയെ കാണാന്‍ പോയവര്‍ മഹാരാജാവിനെ കണ്ടാണ് മടങ്ങുന്നത്. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയും കേരളത്തിലെ കമ്യൂണിസ്റ്റുകാരും ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. സമ്പന്നരെ സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ആദ്യമിവര്‍ സമ്പന്നരെ സൃഷ്ടിക്കും. പിന്നെ സമ്പന്നര്‍ ഈ ഭരണക്കാര്‍ക്ക് പിന്തുണ കൊടുക്കും. ചങ്ങാത്തമുതലാളിത്തമെന്നാണ് ഇതിനെ പറയുന്നത്. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായി വിജയനും മറ്റു സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന വിവിധ പാര്‍ട്ടിക്കാരും ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ വീണ്ടെടുക്കണമെങ്കില്‍ പുതുയൊരു പ്രസ്ഥാനം വേണം. കര്‍ഷകര്‍ക്കും കീഴാളര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും പങ്കാളിത്തമുള്ള ഒരു പ്രസ്ഥാനം. ധീരമായൊരു പ്രക്ഷോഭണത്തിന് ആ പ്രസ്ഥാനം തയ്യാറായാല്‍ മാത്രമെ ജനാധിപത്യത്തെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയൂ.
(അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ട്രേഡ് യൂണിയന്‍സ് അലയന്‍സ് സംഘടിപ്പിച്ച ‘ഇന്ത്യയില്‍ ജനാധിപത്യം മരിക്കുന്നുവോ’എന്ന വെബിനാറില്‍ നടത്തിയ പ്രസംഗം)
Related
Related Articles
എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു
നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍, മാലിപ്പുറം. ചെല്ലാനം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു എറണാകുളം: കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം.
ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം
വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കവചങ്ങള്‍ തിരയുകയാണു നാം. ഒമിക്രോണ്‍ (ബി.1.1.529) എന്നു ലോകാരോഗ്യസംഘടന പേരിട്ട ”ആശങ്കയുണര്‍ത്തുന്ന ജനിതകവ്യതിയാനങ്ങളോടെ” കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ
ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്
മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ