Breaking News

ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍

ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍

 

അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്‌ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ തനിക്കാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സര്‍വസൈന്യാധിപനും പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് തെളിയിച്ചിരിക്കുന്നു. അജയ്യനാണു താന്‍ എന്ന മതിവിഭ്രമത്തിലാണ്ട അധികാരദുര്‍മ്മോഹിയായ ഒരു മനോരോഗിയുടെ ജല്പനങ്ങളും കുത്സിത ചേഷ്ടകളും ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രത്തെ ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തിച്ചത് ഞെട്ടലോടെയാണ് നാം കാണുന്നത്. രാജ്യത്തിനും രാജ്യത്തിന്റെ ഭരണഘടനയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും ”ആസന്നമായ കൊടുംഭീഷണിയാകയാല്‍” ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഡോമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ മാത്രമല്ല, നാലുവര്‍ഷമായി പച്ചക്കള്ളവും വംശീയവിദ്വേഷവും അഹങ്കാരവും വിചിത്ര ലോകവീക്ഷണവും വക്രധാര്‍മ്മികതയും ജനാധിപത്യവിരുദ്ധതയുമായി ലോകവേദിയില്‍ നിറഞ്ഞാടിയ ഈ കിരാത അവതാരത്തെ പിന്താങ്ങേണ്ട ഗതികേടിലായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല പ്രമുഖരും പരസ്യമായി ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്.

കൊറോണവൈറസ് ദുരന്തങ്ങളുടെ പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്തുനില്‍ക്കുമ്പോഴും പൊതുജനങ്ങളുടെ ജീവനും ജീവിതവും കൂടുതല്‍ അപകടത്തിലാക്കുംവിധം മഹാമാരിയെ നിസാരവത്കരിക്കുകയും ദേശീയതലത്തില്‍ ജീവരക്ഷാ-പ്രതിരോധ നടപടികളില്‍ അക്ഷന്തവ്യമായ വീഴ്ചവരുത്തുകയും ചെയ്ത പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ രണ്ടാമൂഴത്തിന് കച്ചകെട്ടി തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍തന്നെ നവംബര്‍ മൂന്നിലെ ജനവിധി തനിക്കെതിരാണെങ്കില്‍ ജനാധിപത്യമര്യാദകളും കീഴ്വഴക്കവും അനുസരിച്ച് അതിനെ മാനിക്കാനോ ഭരണഘടനയില്‍ പറയുന്ന രീതിയില്‍ 2021 ജനുവരി 20ന് സമാധാനപരമായി അധികാരകൈമാറ്റം നടത്താനോ സാധ്യതയില്ലെന്ന് ചിലര്‍ പ്രവചിച്ചിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്ന് ഉറപ്പുള്ള തപാല്‍വോട്ടുകളുടെ കാര്യത്തില്‍ വോട്ടെടുപ്പിനു മുന്‍പേ ട്രംപ് തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു. മഹാവ്യാധി കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലും യുഎസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ ജോ ബൈഡന്‍ 81,283,098 വോട്ടു (പോള്‍ ചെയ്തതില്‍ 51.3%) നേടിയപ്പോള്‍ – 46.8% വോട്ടു ലഭിച്ച ട്രംപിനെക്കാള്‍ 70.68 ലക്ഷത്തിന്റെ ഭൂരിപക്ഷം – വോട്ടെടുപ്പില്‍ വ്യാപകമായ തിരിമറിയും കൃത്രിമവും ചതിയും വഞ്ചനയും നടന്നുവെന്നും വന്‍ഭൂരിപക്ഷത്തോടെ താനാണ് വിജയിച്ചിരിക്കുന്നതെന്നും ജനായത്തവ്യവസ്ഥിതിയെയും രാജ്യത്തെയും തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്നും വൈറ്റ്ഹൗസില്‍ നിന്ന് പ്രസിഡന്റ് ട്രംപ് തനിക്കു വോട്ടുചെയ്ത 7.4 കോടി ആരാധകരോടും അനുയായികളോടും വിളിച്ചുപറഞ്ഞു.

തിരഞ്ഞെടുപ്പു ഫലം മാറ്റിമറിക്കാനാവുമെന്ന ആത്മവ്യാമോഹത്തില്‍ ട്രംപ് 61 കേസുകള്‍ ഫയല്‍ ചെയ്തു. എന്നാല്‍ താന്‍ ജുഡീഷ്യറിയില്‍ നിറച്ച വലതുപക്ഷ യാഥാസ്ഥിതിക ചിന്താഗതിക്കാരായ ജഡ്ജിമാരെക്കൊണ്ട് ഒരു കാര്യവുമില്ലെന്ന് ട്രംപ് തിരിച്ചറിഞ്ഞു. ജനവിധിയെയും കോടതി വിധികളെയും മാനിക്കാതെ ഔദ്യോഗിക മാധ്യമ പ്രസ്താവനകളിലൂടെയും ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും പ്രസിഡന്റ് ട്രംപ് ഇലക്ഷന്‍ അട്ടിമറിയും കൃത്രിമവും സംബന്ധിച്ച അസത്യപ്രചാരണം തുടര്‍ന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായ ജോര്‍ജിയ സംസ്ഥാനത്തു നിന്ന് ആദ്യമായി ഒരു കറുത്തവര്‍ഗക്കാരന്‍ ഉള്‍പ്പെടെ രണ്ടു ഡെമോക്രാറ്റുകള്‍ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ ഇലക്ടറല്‍ കോളജ് വോട്ടുകളുടെ കാര്യത്തില്‍ ”വേണ്ടതു ചെയ്യുക” എന്ന് ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചു കല്പിക്കുകയാണ് യുഎസ് പ്രസിഡന്റ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും ഇലക്ടറല്‍ കോളജ് വോട്ട് സ്ഥിരീകരിച്ച് വിജയം സാക്ഷ്യപ്പെടുത്തുന്നതിന് അമേരിക്കന്‍ പാര്‍ലമെന്റിന്റെ (യുഎസ് കോണ്‍ഗ്രസ്) ഇരുസഭകളും സമ്മേളിക്കുന്ന ജനുവരി ആറിന് തലസ്ഥാനനഗരമായ വാഷിംഗ്ടണ്‍ ഡിസിയിലെത്താനും (”എത്തിയിരിക്കണം. വന്യരാകണം. ഉഗ്രപോരാട്ടം നടത്തണം”) ‘അമേരിക്കയെ രക്ഷിക്കാനായി റാലി’ നടത്താനും ട്രംപ് തന്റെ അനുയായികള്‍ക്ക് ‘തടയുക, തട്ടിയെടുക്കുക’ എന്ന സമൂഹമാധ്യമശൃംഖല സന്ദേശത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പരമ പവിത്ര ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ യുഎസ് കോണ്‍ഗ്രസ് ചേരുമ്പോള്‍ വൈറ്റ്ഹൗസിനു തെക്കുവശത്തുള്ള എലിപ്സ് പാര്‍ക്കില്‍ തടിച്ചുകൂടിയ തന്റെ അനുയായികളെ ഒരു മണിക്കൂര്‍ അഭിസംബോധന ചെയ്ത പ്രസിഡന്റ് ട്രംപ്, ജോ ബൈഡന്റെ വിജയം അംഗീകരിക്കാനുള്ള ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും അന്തിമ നീക്കം ചെറുക്കുന്നതിന് ”നമുക്ക് കാപ്പിറ്റോളിലേക്കു പോകാം, ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും” എന്ന് ആഹ്വാനം ചെയ്തു. ”സംസ്ഥാനങ്ങളില്‍ നിന്നു കിട്ടിയ ഇലക്ടറല്‍ കോളജ് വോട്ടിന്റെ തെറ്റായ കണക്കുകള്‍ അംഗീകരിക്കാതെ, നമ്മുടെ രാജ്യത്തെയും നമ്മുടെ ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനുള്ള ധൈര്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് ഇല്ലാതെ പോയി” എന്നും ഇതിനിടെ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം നടക്കുന്ന കാപ്പിറ്റോളിലേക്ക് ആയിരകണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി. വെടിയുണ്ടയേല്‍ക്കാത്ത വെസ്റ്റും ഫ്ളാഷ്ലൈറ്റുള്ള ഹെല്‍മറ്റും തോക്കും ദണ്ഡും കുന്തവും ഉള്‍പ്പെടെയുള്ള ആയുധങ്ങളും, പുകപടലവും ചൊറിച്ചിലും തീപ്പൊള്ളലുമുണ്ടാക്കുന്ന ചില രാസപദാര്‍ഥങ്ങളും, ജനപ്രതിനിധികളെ ബന്ദികളാക്കാന്‍ ഉദ്ദേശിച്ചുള്ള ഫ്ളെക്സ്-സിപ് വിലങ്ങുകളും നാസികളുടെ സ്വസ്തിക ചിഹ്നവും, ക്യുഅനോന്‍, പ്രൗഡ് ബോയ്സ് തുടങ്ങിയ തീവ്രവാദി സംഘങ്ങളുടെ പ്ലക്കാര്‍ഡുകളും വംശവെറിയുടെ ചിഹ്നങ്ങള്‍ പതിച്ച ടീഷര്‍ട്ടും (6ങണഋ- നാസി തടങ്കല്‍പാ
ളയത്തില്‍ കൊല്ലപ്പെട്ട ആറു ദശലക്ഷം യഹൂദരുടെ മരണത്തെ അധിക്ഷേപിക്കുന്ന ചുരുക്കെഴുത്ത്), അടിമസമ്പ്രദായത്തിന്റെ തുടര്‍ച്ചയ്ക്കായി യുദ്ധം ചെയ്ത വെള്ളക്കാരന്റെ അധീശത്വത്തിന്റെ കൊടിക്കൂറയുമൊക്കെയുമായാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. കാപ്പിറ്റോള്‍ ഗ്രൗണ്ടില്‍ അവര്‍ കഴുമരങ്ങള്‍ ഒരുക്കിയിരുന്നു. ‘മൈക്ക് പെന്‍സിനെ തൂക്കിലേറ്റുക’ എന്നാക്രോശിച്ചുകൊണ്ടാണ് കലാപകാരികളില്‍ ചിലര്‍ സെനറ്റ് ചേംബറിലേക്ക് തള്ളിക്കയറിയത്. പൈപ്പ് ബോംബുകളും തീബോംബുകളാകാവുന്ന മോളടോവ് മിശ്രിതങ്ങളും ഗ്രൗണ്ടില്‍ എത്തിച്ചിരുന്നു. അതിസങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സമ്മേളനം നടക്കുമ്പോള്‍ ജനപ്രതിനിധികള്‍ക്ക് സുരക്ഷാവലയം തീര്‍ക്കാന്‍ ഫെഡറല്‍ സേനാവിഭാഗങ്ങളില്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണ്. കാപ്പിറ്റോള്‍ പൊലീസിന്റെ ദുര്‍ബല വലയം ഭേദിച്ച് അകത്തുകടന്ന കലാപകാരികള്‍ നടത്തിയ തേര്‍വാഴ്ചയുടെ ഭയാനകദൃശ്യങ്ങള്‍ കണ്ട് ലോകം നടുങ്ങി.

ആഭ്യന്തര ഭീകരാക്രമണം തന്നെയായിരുന്നു അത്. സായുധാക്രമണത്തിലൂടെ ഭരണം പിടിച്ചെടുക്കാനുള്ള അട്ടിമറിശ്രമം. കലാപത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി പ്രസിഡന്റ് ട്രംപിനെ വിചാരണ ചെയ്യുന്നതിന് എല്ലാ വകുപ്പുകളുമുണ്ട്. യുഎസ് ഭരണഘടനയുടെ 25-ാം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് പദവി വഹിക്കാന്‍ ട്രംപ് അയോഗ്യനാണെന്നു പ്രഖ്യാപിച്ച് തത്കാലം പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാന്‍ വൈസ് പ്രസിഡന്റിന് അധികാരമുണ്ട്. ട്രംപിന്റെ മന്ത്രിസഭയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ ആറാം തീയതി അക്രമസംഭവത്തിനു പിന്നാലെ രാജിവച്ചിരുന്നു. സ്ഥാനമൊഴിയാന്‍ ഏതാനും നാളുകള്‍ മാത്രം അവശേഷിക്കെ ട്രംപിനെ പുറത്താക്കിയാല്‍ രാജ്യമെങ്ങും കൂടുതല്‍ സംഘര്‍ഷത്തിനും അക്രമത്തിനും
സാധ്യതയുണ്ടെന്നാണ് ഒരു വിലയിരുത്തല്‍. ട്രംപിനെ അയോഗ്യനായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ നടപടി ആരംഭിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞിട്ടുണ്ട്. ജോ ബൈഡനെതിരെ അഴിമതി ആരോപണത്തിനുള്ള കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായി ഉക്രെയ്നുള്ള അമേരിക്കയുടെ സാമ്പത്തിക സഹായം തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് ട്രംപിനെ 2019 ഡിസംബറില്‍ ജനപ്രതിനിധിസഭ വിചാരണ ചെയ്തതാണ്. 2020 ഫെബ്രുവരിയില്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിനെ കുറ്റവിമുക്തനാക്കി. പെലോസിയുടെ നീക്കം ഫലിച്ചാല്‍ രണ്ടുവട്ടം ഇംപീച്ച്‌മെന്റിനു വിധേയനാകുന്ന യുഎസിലെ ആദ്യ പ്രസിഡന്റാകും ട്രംപ്. സ്വയം രാജിവച്ചൊഴിയുകയാണെങ്കില്‍ ഭരണം അട്ടിമറിക്കാനുള്ള കലാപശ്രമത്തിന്റെ പേരിലുണ്ടാകാന്‍ ഇടയുള്ള നിയമനടപടികളില്‍ നിന്ന് ട്രംപിന് രക്ഷ നേടാനാകും എന്ന സൂചനയുമുണ്ട്. അധികാരമൊഴിയും മുന്‍പ് സ്വയം കുറ്റവിമുക്തനായി ഉത്തരവിറക്കാനും ട്രംപ് ശ്രമിച്ചേക്കുമത്രേ.

സമൂഹമാധ്യമങ്ങളില്‍ 887 ലക്ഷം അനുയായികളുള്ള ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കി. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളും ‘അക്രമത്തിന് പ്രേരണ നല്‍കിയതിന്’ പ്രസിഡന്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ തൊട്ടാല്‍ ‘ജനം സഹിക്കില്ല, കോപം ആളിക്കത്തും’ എന്നൊക്കെ ട്രംപ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. അധികാരമൊഴിഞ്ഞാലും അമേരിക്കയില്‍ ട്രംപ് അനുയായികള്‍ ആഭ്യന്തര കലാപ ഭീഷണി തുടരുമെന്നാണ് ആശങ്ക.

 

കാപ്പിറ്റോള്‍ അക്രമസംഭവത്തെ അപലിച്ചുകൊണ്ട് സെനറ്റ് ചാപ്ലിന്‍ ബാരി ബ്ലാക്ക് പറഞ്ഞു: ”ജീവന്റെയും മരണത്തിന്റെയും ശക്തി നാവിനുണ്ടെന്നും വാക്കുകള്‍ എത്രത്തോളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നമ്മെ ഓര്‍മിപ്പിക്കുന്നതാണ് കാപ്പിറ്റോളിലുണ്ടായ ദുരന്തങ്ങള്‍.” ആഫ്രോ-അമേരിക്കന്‍ വംശജനായ വാഷിംഗ്ടണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വില്‍റ്റണ്‍ ഗ്രിഗറി ഓര്‍മിപ്പിച്ചു: ”പ്രകോപനപരമായ വാചാടോപം നടത്തുന്നവര്‍ അതിന്റെ ഭവിഷ്യത്തിന്റെ ഉത്തരവാദിത്തമേല്‍ക്കേണ്ടതുണ്ട്. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ മാനവാന്തസിനെ മാനിക്കാനും പൊതുനന്മയ്ക്കായി അവരോട് സംവദിക്കാനും നമുക്കാകണം.”

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
americademocratstrump

Related Articles

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

   അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന്

കര്‍ഷകരുടെ സമരത്തിന് കാവലായി നിഹാംഗുകള്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി നിഹാംഗുകള്‍. സായുധ സേനയെന്നറിയപ്പെടുന്ന നിഹാംഗ് സിഖ് സിഖുമത്തിലെ പേരാളികളാണ് ഇക്കൂട്ടര്‍. അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങള്‍ എത്തിയതെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*