ചെറുത്തുനില്പിന്റെ യുക്രെയ്ന് ഇതിഹാസം


ജെക്കോബി
സാമ്രാജ്യത്വമോഹം തലയ്ക്കുപിടിച്ച റഷ്യന്‍ സ്വേച്ഛാധിപതി വഌഡിമിര്‍ പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുക്രെയ്നിലെ സ്വാതന്ത്ര്യദാഹികളായ ജനത ചെറുത്തുനില്പിന്റെ ജീവന്മരണപോരാട്ടം തുടരുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ക്ലസ്റ്റര്‍ റോക്കറ്റുകളും പ്രധാന നഗരങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ കനത്ത നാശത്തിന്റെ അഗ്നിഗോളങ്ങള്‍ പടര്ത്തിക്കൊണ്ടിരിക്കേ, രാജ്യത്തിന്റെ മൂന്ന് അതിരുകളില്‍ നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും പടക്കോപ്പുകളുടെ വലിയ ട്രക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഇന്ധനടാങ്കറുകളുമൊക്കെയായി ഇരച്ചെത്തിയ കരസേനാവ്യൂഹങ്ങളുടെ മുന്നേറ്റം തടയാന്‍ യുക്രെയ്ന് സൈന്യത്തോടൊപ്പം ആയുധമേന്തി സാധാരണ പൗരന്മാരും അണിചേര്‍ന്ന് ഇത്രയും വ്യാപകമായ പ്രതിരോധനിര തീര്‍ക്കുമെന്ന് ക്രെംലിനിലെ യുദ്ധതന്ത്രജ്ഞര്‍ കരുതിയിട്ടുണ്ടാവില്ല.
യൂറോപ്യന്‍ യൂണിയനില്‍ നിന്നോ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന വിശാലമായ നാറ്റോ പ്രതിരോധസഖ്യത്തില് നിന്നോ ഏതെങ്കിലും തരത്തില്‍ സൈനിക ഇടപെടലുണ്ടായാല്‍ ”ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വണ്ണം” തിരിച്ചടി ഉറപ്പാണെന്ന മറയില്ലാത്ത ആണവായുധഭീഷണിയും പുടിന്റെ ഭാഗത്തുനിന്നുണ്ടായി. പാശ്ചാത്യ ജനാധിപത്യ ശക്തികളോടൊപ്പം ചേര്‍ന്ന് റഷ്യന്‍ ഫെഡറേഷന്റെ നിലനില്പിനും സുരക്ഷയ്ക്കും നേരേ വെല്ലുവിളി ഉയര്‍ത്തുന്ന ‘മയക്കുമരുന്നിന് അടിമകളും അഭിനവ നാത്സികളുമായ’ കീവിലെ പാവഭരണകൂടത്തെ അട്ടിമറിക്കാനുള്ള ”പ്രത്യേക സൈനിക നടപടി” മാത്രമാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്ന് പുടിന്, കിഴക്കന്‍ യുക്രെയ്നിലെ രണ്ടു വിമത പ്രവിശ്യകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ”സമാധാനസേനാവിന്യാസത്തിന്” ഉത്തരവിട്ടുകൊണ്ട് വിശദീകരിക്കുകയുണ്ടായി.
അഴിമതിക്കെതിരെ രോഷപ്രകടനം നടത്തുന്ന ചരിത്രഅധ്യാപകന്റെ സ്വകാര്യചിന്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി, തികച്ചും യാദൃച്ഛികമായി അയാള്‍ രാജ്യത്തെ പ്രസിഡന്റാകുന്ന കഥ ഏറെ ജനപ്രിയ ടെലിവിഷന്‍ കോമഡി പരമ്പരയിലൂടെ അവതരിപ്പിച്ച, റഷ്യന്‍ഭാഷ സംസാരിക്കുന്ന കിഴക്കന്‍ യുക്രെയ്ന് മേഖലയില്‍ ജനിച്ചുവളര്‍ന്ന യഹൂദനായ വൊളൊഡിമിര്‍ സെലെന്‍സ്കി എന്ന ഹാസ്യതാരം ”ജനങ്ങളുടെ സേവകന്” എന്ന തന്റെ വമ്പന്‍ ഹിറ്റ് ഷോയുടെ പേരില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മൂന്നു വര്‍ഷം മുന്‍പ് യുക്രെയ്ന് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് 73 ശതമാനം ജനകീയ വോട്ടിന്റെ മഹാഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടുകയായിരുന്നു. കീവില്‍ ആദ്യം ”ശിരച്ഛേദം” ചെയ്യേണ്ട ‘നിയോനാത്സി’ ഭരണത്തലവനായി പുടിന് ചൂണ്ടിക്കാണിച്ചത് നാല്പത്തിനാലുകാരനായ ആ ജനസേവകപാര്ട്ടി നേതാവിനെയാണ്.
കീവിലേക്ക് റഷ്യന്‍ ടാങ്കുകള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍, പുടിന്റെ ഒന്നാം നമ്പര്‍ ശത്രുവായ സെലെന്‍സ്കിയുടെയും കൂട്ടരുടെയും സുരക്ഷിതത്വം ഉറപ്പാക്കി രാഷ്ട്രീയ അഭയം നല്‍കുന്നതിന് പ്രത്യേക വിമാനം അയയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഒരുങ്ങിയപ്പോള്‍, ”എനിക്ക് സൗജന്യയാത്രയല്ല വേണ്ടത്, ആയുധങ്ങളാണ്” എന്നായിരുന്നു സെലെന്‍സ്കിയുടെ പ്രതികരണം. കീവില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കു മുമ്പിലും, രാജവീഥിയിലും തന്റെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കാബിനറ്റ് അംഗങ്ങളോടൊപ്പം നിന്നുകൊണ്ട് മൊബൈല്‍ഫോണിലൂടെ ഒന്നര മിനിറ്റുള്ള വീഡിയോ സന്ദേശത്തിലൂടെ പ്രസിഡന്റ് സെലെന്‍സ്കി തന്റെ ജനങ്ങളോടു പറഞ്ഞു: ”ഞാന്‍ ഇവിടെത്തന്നെയുണ്ട്. നമ്മള് ആയുധങ്ങള്‍ താഴെവയ്ക്കില്ല. ഇതാണ് നമ്മുടെ മണ്ണ്, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികള്‍. ഇതെല്ലാം സംരക്ഷിക്കും.”
ഒലിവ് ഗ്രീന്‍ നിറമുള്ള സൈനിക ജാക്കറ്റ് അണിഞ്ഞ് യുക്രെയ്ന് സൈനികരോടൊപ്പം നില്ക്കുന്ന വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. ജനങ്ങളെ അവരുടെ വിധിക്കു വിട്ടുകൊണ്ട്, സ്വകാര്യ ജെറ്റില്‍ കുടുംബത്തോടൊപ്പം സമ്പാദ്യമെല്ലാമെടുത്ത് രാജ്യം വിടുന്ന രാഷ്ട്രത്തലവനല്ല താന്‍ എന്നു വ്യക്തമാക്കി, റഷ്യന്‍ കരസേനയുടെ 40 മൈല്‍ ദൈര്‍ഘ്യമുള്ള സൈനികവാഹന വ്യൂഹം കീവ് നഗരത്തിലേക്കു നീങ്ങുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ കാണുമ്പോഴും സെലെന്‍സ്കി ഉറക്കമില്ലാതെ ചെറുത്തുനില്പിനു നേതൃത്വം നല്കി അണികള്‍ക്കൊപ്പം നിന്നു. യുക്രെയ്ന് നാറ്റോയിലോ യൂറോപ്യന്‍ യൂണിയനിലോ അംഗമല്ല എന്നതിനാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരേ ഒറ്റയ്ക്കു പോരാടേണ്ടിവരും എന്നു ബോധ്യമായിട്ടും, കീഴങ്ങുകയില്ല, ശത്രുക്കളെ തുരത്തുംവരെ പോരാടുകതന്നെചെയ്യും എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. യൂറോപ്യന്‍ യൂണിയന് നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങില്‍ വികാരനിര്‍ഭരനായി ആദ്യദിനത്തില്‍ സെലെന്‍സ്കി പറഞ്ഞുനിര്‍ത്തി: ”ജീവനോടെ എന്നെ നിങ്ങള്‍ക്ക് ഇനി കാണാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ല…”
സാധാരണപൗരന്മാരെ ആക്രമിക്കുകയില്ല എന്നു പറഞ്ഞ പുടിന്റെ അധിനിവേശ സേന ജനവാസകേന്ദ്രങ്ങള്‍ക്കുനേരെ ക്രൂസ് മിസൈലുകളും ക്ലസ്റ്റര്‍ റോക്കറ്റുകളും മാത്രമല്ല, ഏറ്റവും ഭയാനകമായ വാക്വം ബോംബും ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവില്‍ ദൈര്‍ഘ്യമേറിയ സ്ഫോടനതരംഗം സൃഷ്ടിക്കുന്ന തെര്‍മോബാറിക് ബോംബുകള്‍ വിക്ഷേപിക്കാനുള്ള മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകള്‍ വിന്യസിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് ജനീവയിലെ രാജ്യാന്തര ക്രിമിനല്‍ കോടതി പരിശോധിക്കുന്നുണ്ട്. പുടിനെതിരെ യുദ്ധക്കുറ്റങ്ങള്‍ക്ക് നടപടിയുണ്ടാകേണ്ടതാണ്.
ജോര്‍ജിയയ്ക്കു നേരെ 2008-ല്‍ പ്രയോഗിച്ച അതേ തന്ത്രമാണ് 2014-ല്‍ യുക്രെയ്നിലെ ക്രൈമിയ പിടിച്ചെടുക്കാനും ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്ന വിമതര്‍ക്ക് കീവ് ഗവണ്മെന്റിനെതിരെ പോരാടുന്നതിന് സൈനികസഹായം എത്തിക്കാനും പുടിന് പയറ്റിയത്. ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ കിഴക്കന്‍ യൂറോപ്പിലെ പഴയ സോവിയറ്റ് യൂണിയന് മേഖലയിലെ രാജ്യങ്ങളില്‍ കണ്ണുവച്ചുകൊണ്ടുള്ള കടന്നുകയറ്റങ്ങളും ഭീഷണിപ്പെടുത്തലും ”സാര്‍ വഌഡ്” എന്ന റഷ്യന്‍ സമ്രാട്ട് തുടര്‍ന്നുവന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്റെയും ശക്തിക്ഷയവും അനൈക്യവും വിലയിരുത്തിക്കൊണ്ടാണ്. യുക്രെയ്ന് അതിര്‍ത്തിയില്‍ ഉടനീളം മാസങ്ങളായി സൈന്യത്തെ ഒരുക്കിനിര്‍ത്തിയ പുടിന് നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറി നാറ്റോയെ ഏതെങ്കിലും തരത്തില്‍ സൈനിക ഏറ്റുമുട്ടലിലേക്കു വലിച്ചിഴയ്ക്കാനാണ് ശ്രമിച്ചത്. ആണവായുധ വിഭാഗത്തിന് ജാഗ്രതാനിര്‍ദേശം നല്കിയതിനോടൊപ്പം ലോകരാഷ്ട്രങ്ങളെ അങ്കലാപ്പിലാക്കാന്‍, തങ്ങളുടെ നിയന്ത്രണത്തിലുള്ള 550 ടണ്‍ ഭാരമുള്ള രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയിലേക്കു പതിച്ചാല്‍ എന്തുചെയ്യുമെന്നും ഭീഷണി മുഴക്കി.
വെടിനിര്‍ത്തലും സേനാപിന്മാറ്റവും ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്യാന്‍ റഷ്യയ്ക്കായി. അതേസമയം, യുക്രെയ്ന് അധിനിവേശത്തിനെതിരെ യുഎന്‍ പൊതുസഭയില്‍ കൊണ്ടുവന്ന പ്രമേയം അഞ്ചിനെതിരേ 141 വോട്ടുകള്‍ക്ക് പാസായി. ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. രക്ഷാസമിതിയില്‍ റഷ്യയെ എതിര്‍ക്കാതിരുന്ന ഇസ്രയേല്‍, പൊതുസഭയില്‍ യുക്രെയ്ന് അനുകൂലമായ നിലപാടു സ്വീകരിച്ചു.
സെലെന്‍സ്കിയെ പോലെ സ്വന്തം ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് ഒളിച്ചോടാതെ, കീവിലെ ഉത്ഥാനത്തിന്റെ കത്തീഡ്രലിനു താഴെയുള്ള നിലവറയില്‍ അഭയംതേടിയവര്‍ക്ക് ആശ്വാസം പകരുകയും മാതൃരാജ്യത്തിന്റെയും ജനങ്ങളുടെയും രക്ഷയ്ക്കായി പോരാടുന്നവരെ പ്രചോദിപ്പിക്കുകയും ചെയ്ത ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് സിയാറ്റോസ്ലാവ് ഷെവുക് രാജ്യാന്തര ശ്രദ്ധ നേടി. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ മെത്രാന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന അദ്ദേഹം പരിശുദ്ധ പിതാവുമായി യുക്രെയ്നിലെ സ്ഥിതിഗതികള്‍ പങ്കുവച്ചു. യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് തനിക്ക് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തിന് ഉറപ്പുനല്‍കി.
2019-ല്‍ സ്വയംഭരണാവകാശം പ്രഖ്യാപിച്ച് മോസ്കോയിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്നിലെ ഓര്‍ത്തഡോക്സ് സഭാ വിഭാഗത്തിന്റെ തലവനായ എപ്പിഫാനി മെത്രാപ്പോലീത്തയോടൊപ്പം, മോസ്കോയിലെ കിറില്‍ പാത്രിയാര്‍ക്കീസിനോടു കൂറുള്ള കീവിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ തലവന്‍ ഒനുഫ്രൈ മെത്രാപ്പോലീത്തയും റഷ്യന്‍ അധിനിവേശത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയുണ്ടായി. ഓര്‍ത്തഡോക്സ് വിശ്വാസസംരക്ഷകന്‍ എന്ന പേരില്‍ കിറില്‍ പാത്രിയര്‍ക്കീസിന്റെ വാത്സല്യത്തിനു പാത്രമായ പുടിന് യുക്രെയ്നിലെ ഓര്‍ത്തഡോക്സ് സഭയുടെ ഒരു വിഭാഗം മോസ്കോ പാത്രിയര്‍ക്കീസിനെ തള്ളിപ്പറഞ്ഞ് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബെര്‍ത്തലോമിയോയുടെ പക്ഷത്തുചേര്ന്നതില് ഏറെ രോഷാകുലനായിരുന്നു. ഇറാഖിലും സിറിയയിലും ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിലൂടെ ക്രൈസ്തവവിശ്വാസ സംരക്ഷകനായി വാഴ്ത്തപ്പെട്ടുവന്ന
പുടിനെ പിണക്കാതെ നോക്കാന്‍ ഇസ്രയേല്‍ താല്പര്യം കാണിച്ചത് ദക്ഷിണ ലെബനനിലേക്ക് ഇറാനില്‍ നിന്നു ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തുന്നത് തടയാന്‍ സിറിയയില്‍ തീവ്രവാദികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുന്നതിന് പുടിന് അനുമതി നല്‍കുന്നതിന്റെ പേരിലാണ്.
യുക്രെയ്നിലെ സൈനികവിന്യാസത്തിന് മുന്നോടിയായി പുടിന് സ്വന്തം കുടുംബത്തെ സൈബീരിയയിലെ അല്‍തായ് പര്‍വതനിരകളിലെ ആണവവ്യാപനം ഏശാത്ത അത്യാഡംബര ഹൈടെക് ബങ്കറിലേക്കു മാറ്റിയതായാണ് സൂചന. യൂറോപ്പിനു നേരേ യുദ്ധം പ്രഖ്യാപിച്ച പുടിന് യുക്രെയ്ന് അധിനിവേശത്തിന് സര്‍വ പിന്തുണയും പ്രഖ്യാപിച്ച ചൈനയിലെ ഷി ജിന്‍പിങ്, പാശ്ചാത്യശക്തികള്‍ റഷ്യയ്ക്കെതിരേ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉപരോധം മറികടക്കാന്‍ പുടിനെ കുറച്ചൊക്കെ സഹായിച്ചേക്കും. യുക്രെയ്നിലെ പുടിന്റെ വിജയം കണ്ടിട്ടുവേണം ഷി ജിന്‍പിങിന് തായ്വാന് കടലിടുക്കിനപ്പുറത്തെ തായ്പേയ് ‘ഏകചൈനയില്’ പുനരേകീകരിക്കുന്നത് എങ്ങനെയെന്നു തീരുമാനിക്കാന്‍!
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന് അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന്(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു
പ്രാർത്ഥനയും അനുസരണയും: തപസ്സുകാലം രണ്ടാം ഞായർ
തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര
ഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാറിന്റേത് കടുത്ത ജനദ്രോഹം: കെആര്‍എല്‍സിസി
എറണാകുളം: ദിനംപ്രതി പെട്രോള്‍ വിലവര്‍ധനവിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത ജനദ്രോഹമാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയില്‍ രാജ്യം