തീരസംരക്ഷണത്തിന് സുസ്ഥിര പ്രതിവിധി: തുടര്‍നിരീക്ഷണത്തിന് ജാഗ്രതാ സമിതി

ആലപ്പുഴ: തീരശോഷണത്തിനും കടല്‍കയറ്റത്തിനും മറ്റു പ്രകൃതിക്ഷോഭങ്ങള്‍ക്കും തീരത്തെ അശാസ്ത്രീയ വികസന പദ്ധതികള്‍ക്കും ഇരകളാകുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ചേര്‍ന്ന് സുസ്ഥിരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തണമെന്ന കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ ഒറ്റമശ്ശേരി അടക്കം സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളില്‍ തീരസംരക്ഷണത്തിന് ആവശ്യമായ പദ്ധതിവിഹിതം സംസ്ഥാന ബജറ്റില്‍ വകയിരുത്തണമെന്ന് ആലപ്പുഴ കലവൂര്‍ കൃപാസനം സംസ്ഥാന സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് തീരസംരക്ഷണ ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
പരമ്പരാഗതമായി കടലോരത്തു പാര്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രൂപതയിലെ കൃപാസനം കോസ്റ്റല്‍ മിഷന് ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍, തീരജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശാശ്വത നടപടികളുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷന് ബെഞ്ച് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ അനുഛേദം 21 പ്രകാരം ജീവനും സ്വത്തിനും
സംരക്ഷണം നല്‍കാനുള്ള കൂട്ടുത്തരവാദിത്വം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഓരോ തവണയും കടലേറ്റവും പ്രകൃതിക്ഷോഭവുമുണ്ടാകുമ്പോള് സംരക്ഷണം തേടി തീരദേശവാസികള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവരുന്ന അവസ്ഥ ഇനിയുണ്ടാകരുതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2019ലെ തീരമേഖല മാനേജ്മെന്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനത്തിനായുള്ള ദേശീയ സെന്റര്‍ (എന്‍സിഇഎസ്എസ്) സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടിനെ ആധാരമാക്കി വേണം സംസ്ഥാനത്തെ തീരനിയന്ത്രണ മേഖല മാനേജ്മെന്റ് പ്ലാന്‍ രൂപപ്പെടുത്താന്‍. സംയോജിത മത്സ്യവികസന പദ്ധതി (ഐഎഫ്ഡിപി) ആവിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സിആര്‍സെഡ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന തീരമേഖലാ മാനേജ്മെന്റ് പ്ലാനുമായി ചേര്‍ന്നുപോകുന്നുണ്ടോ എന്ന് പരിശോധിക്കണം. തീരസംരക്ഷണവുമായി ബന്ധപ്പെട്ട എന്‍സിഇഎസ്എസിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിട്ടുവേണം സംസ്ഥാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സിആര്സെഡ്എംപിയുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളോ ശുപാര്‍ശകളോ സമര്‍പ്പിക്കേണ്ടത്. തീരസംരക്ഷണത്തിന് ശാശ്വത പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു.
ആലപ്പുഴ കലവൂര്‍ കൃപാസനം കോസ്റ്റല്‍ മിഷന് ഡയറക്ടര്‍ക്കുവേണ്ടി അഡ്വ. എന്‍.എം. മധു മുഖാന്തിരം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് (കെഎസ്എംടിഎഫ്) പ്രസിഡന്റ് ജാക്സണ് പൊള്ളയില് കക്ഷിചേര്‍ന്നിരുന്നു.
സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ കടലേറ്റവും തീരശോഷണവും നേരിടുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം അടക്കമുള്ള ഹോട്ട്സ്പോട്ടുകളില്‍ കടലാക്രണപ്രതിരോധത്തിനും തീരസംരക്ഷണത്തിനും ‘ഹൈബ്രിഡ്’ സാങ്കേതികവിദ്യയെ ആധാരമാക്കി ബഹുമുഖ പദ്ധതികളാണു നടപ്പാക്കുന്നതെന്നും ഇതിനായി കിഫ്ബി 344.20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാന അറ്റോര്‍ണി ജനറല്‍ എതിര്‍സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ചെല്ലാനത്തു മാത്രമല്ല, ആലപ്പുഴ ജില്ലയിലെ ഒറ്റമശ്ശേരി, തിരുവനന്തപുരം ജില്ലയിലെ കൊല്ലങ്കോട,് ശംഖുമുഖം, കൊല്ലം ജില്ലയിലെ ആലപ്പാട്, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, കോഴിക്കോട് ജില്ലയിലെ കാപ്പാട്, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് തുടങ്ങി ഓരോ ഹോട്ട്സ്പോട്ടിലും തീരസംരക്ഷണത്തിന് എത്ര തുക സംസ്ഥാന ഗവണ്മെന്റ് അനുവദിച്ചിട്ടുണ്ടെന്നു വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
തീരമേഖലയില്‍ ദശകങ്ങളായി ജനങ്ങള്‍ അനുഭവിച്ചുവരുന്ന പ്രശ്നങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് പ്രശ്നപരിഹാരത്തിന് ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. തീരദേശം കടലെടുത്തുപോകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കപ്പല്ച്ചാലിനുവേണ്ടിയുള്ള ഡ്രെജിങ് ആണ്. ഡ്രെജ് ചെയ്തെടുക്കുന്ന മണ്ണ് ആഴക്കടലില്‍ കൊണ്ടുപോയിതള്ളുകയാണ് ചെയ്യുന്നത്. കപ്പല്‍ച്ചാലില്‍ വീണ്ടും കരയില്‍ നിന്നു മണ്ണുവന്ന് നിറയുന്നു. കരയിലെ മണ്ണൊലിപ്പിനുള്ള പ്രധാന കാരണം ഇതാണ്. കടല്‍ക്ഷോഭം രൂക്ഷമാകുന്ന അവസരങ്ങളില്‍ താത്കാലിക അടിസ്ഥാനത്തില്‍ പ്രതിവിധി നടപ്പാക്കുന്ന രീതിയാണ് വര്‍ഷങ്ങളായി തുടരുന്നത്. അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയവും വിശദവുമായ പഠനങ്ങള്‍ നടത്താന്‍ വൈദഗ്ധ്യമുള്ള കേന്ദ്രസംസ്ഥാന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പങ്കായം പറയുന്ന വീരകഥകള്‍
ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
വിശുദ്ധ പാതയിൽ ജെറോം പിതാവ്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
നൂറ്റാണ്ടുകളുടെ പൈതൃകം തേടുന്ന ചിരപുരാതനമായ കൊല്ലം രൂപത-അറബിക്കടലും അഷ്ടമുടിക്കായലും തഴുകിയുണര്‍ത്തുന്ന ഭാരതസഭാചരിത്രത്തിന്റെ പിള്ളത്തൊട്ടില്‍. ക്രിസ്തുവിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹയാലും ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനാലും
മാലാഖയുടെ ത്രാസ്
ഗ്രേറ്റ്ഫാദര്‍ എന്ന ഒറ്റചിത്രം കൊണ്ട് കൊതിപ്പിച്ചു തുടങ്ങിയ ആളാണ് അദേനി. മമ്മൂട്ടിയുടെ മാസ് അപ്പിയറന്‍സും കലക്കന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ന്ന് ആളത്ര നിസ്സാരനല്ല എന്ന് ഒരിക്കല്‍ തെളിയിച്ചതാണ്.