മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം

മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം

വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന ഫറവോകളെ നമ്മള്‍ അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും, അടിച്ചമര്‍ത്തപ്പെടുന്ന പാവങ്ങളുടെ നിലവിളികള്‍ നമ്മള്‍ കേള്‍ക്കും, അവരില്‍ ചിലരെയെങ്കിലും മോചിപ്പിക്കാന്‍ നമ്മള്‍ കൊതിക്കും. അതുപോലെതന്നെ ചിലരെ നമുക്ക് അനുകരിക്കാന്‍ തോന്നും. അങ്ങനെയുള്ള രണ്ടു സ്ത്രീരത്നങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ആദ്യ താളിലുണ്ട്; രണ്ടു സൂതികര്‍മിണികള്‍. മരണ സംസ്‌കാരത്തിന്റെ മുന്‍പില്‍ ജീവനുവേണ്ടി നിലപാടെടുത്ത രണ്ടു വിശുദ്ധ ജന്മങ്ങള്‍.

ഉല്പത്തി പുസ്തകത്തില്‍ നിന്നു നേരിട്ടുള്ള ഒരു തുടര്‍ച്ചയാണ് പുറപ്പാട് പുസ്തകം. യഹൂദരുടെ വളര്‍ച്ചയെ ഓര്‍ത്ത് ആകുലപ്പെടുന്ന ഫറവോയുടെ ചിത്രത്തോടു കൂടിയാണ് അതു തുടങ്ങുന്നത്. ഇന്നലെകളില്‍ ഉണ്ടായിരുന്ന സാഹോദര്യത്തിന്റെ ഓര്‍മ്മകള്‍ നഷ്ടമായ ഒരു ഫറവോയുടെ ചിത്രം. ഇന്നിതാ, അവന്‍ തന്റെ വര്‍ഗത്തിലും വര്‍ണത്തിലുമല്ലാത്തവരെ ശത്രുവായി കരുതുന്നു. ബഹുസ്വരതയുടെ സൗന്ദര്യം അനുഭവിച്ചിരുന്ന ഒരു ജനതയെ പരസ്പര ശത്രുക്കളാക്കി അവന്‍ മാറ്റുന്നു. ഭയത്തിന്റെ പാനപാത്രത്തില്‍ നിന്നു കുടിച്ചവന്‍ വെറുപ്പിന്റെ കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്നു. നവജാതശിശുക്കളെ പോലും ഭയക്കുന്നു അവന്‍.

അധികാരികള്‍ക്ക് അവരുടെ നിലനില്പിനെകുറിച്ചോര്‍ത്തുള്ള ഭയമുണ്ടാകുമ്പോഴാണ് രാജ്യത്തില്‍ സഹജവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ ഉടലെടുക്കുക. അതിന്റെ ഏറ്റവും ക്രൂരമായ ചിത്രമാണ് പു
റപ്പാട് 1:15-16: ”ഈജിപ്തുരാജാവ് ഷിഫ്‌റാ, പൂവാ എന്നു പേരായ രണ്ടു ഹെബ്രായ സൂതികര്‍മിണികളോടു പറഞ്ഞു: നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കുവിന്‍; പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ.”

പുരാതന ഈജിപ്തിലും ഇസ്രായേലിലും ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു തൊഴിലാണ് സൂതികര്‍മിണികളുടെ തൊഴില്‍. സ്ത്രീകള്‍ക്കു മാത്രമായി നല്‍കിയിരിക്കുന്ന ഏക തൊഴില്‍. വിശുദ്ധമാണ് ഈ തൊഴില്‍. അതുകൊണ്ടുതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഒരു വിശുദ്ധിയുടെ പരിവേഷം സമൂഹം കല്‍പ്പിച്ചിരുന്നു. ഓരോ ഗ്രാമത്തിന്റെയും പൊതുസ്വത്തായിട്ടാണ് സമൂഹം അവരെ കരുതിയിരുന്നത്. അമ്മമാരുടെ പ്രസവവേദനകളില്‍ പങ്കുചേരുന്നവരാണവര്‍. അങ്ങനെ അവരുടെ കരങ്ങളിലൂടെ സമൂഹം പുതുതലമുറയെ സ്വീകരിക്കുന്നു. നോക്കുക, ആ വിശുദ്ധ കരങ്ങളിലാണ് മരണത്തിന്റെ എണ്ണ പുരട്ടാന്‍ ഫറവോ ശ്രമിക്കുന്നത്.

ബൈബിള്‍ സംസ്‌കാരത്തില്‍ പ്രസവത്തിന് പ്രഥമസ്ഥാനമുണ്ട്. ഉല്പത്തി പുസ്തകത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഏറ്റവും സുന്ദരിയാണ് റാഹേല്‍. ഒരു കുഞ്ഞിനു വേണ്ടി അതിയായി ആഗ്രഹിച്ചവളാണവള്‍. എന്നിട്ടും അവളുടെ രണ്ടാമത്തെ കുഞ്ഞായ ബെന്യാമിനെ പ്രസവിക്കുമ്പോഴാണ് അവള്‍ മരിക്കുന്നത്. ആ നിമിഷത്തിലാണ് ഒരു സൂതികര്‍മിണിയുടെ വാക്കുകള്‍ വിശുദ്ധഗ്രന്ഥം ആദ്യമായി രേഖപ്പെടുത്തുന്നത്: ”പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും” (ഉത്പ 35:17). ഏറ്റവും സുന്ദരവും പ്രതീക്ഷ പകരുന്നതുമായ വാക്കുകള്‍. നൊമ്പരങ്ങള്‍ അനുഭവിച്ചിട്ടുള്ളവര്‍ മാത്രം പകരുന്ന മന്ത്രണമാണിത്.

താമാറിന്റെ പ്രസവസമയത്തും നമ്മള്‍ ഒരു സൂതികര്‍മിണിയെ കാണുന്നുണ്ട്. ഇപ്പോഴിതാ, ഈജിപ്തിലെ വിപ്രവാസത്തില്‍ രണ്ടു സൂതികര്‍മിണികള്‍. ഈജിപ്തുകാരാണവര്‍. എന്നിട്ടും അവരുടെ പേരുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു – ഷിഫ്‌റാ, പൂവാ. ഷിഫ്‌റാ എന്ന പദത്തിനര്‍ത്ഥം സുന്ദരിയെന്നും പൂവാ എന്നതിന് തേജസ്, വെളിച്ചം എന്നൊക്കെയാണ്. ഭയവും വിദ്വേഷവും കൂടി മരണം വിതച്ചപ്പോള്‍ മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ചവരാണവര്‍. ”എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല” (പുറ 1:17). സഹജരോടുള്ള വിദ്വേഷവും വെറുപ്പും ചുറ്റിനും അലയടിക്കുമ്പോള്‍ ആദ്യം ശ്രവിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയെ തന്നെയാണ്. ദൈവഭയത്തിന്റെയും ബഹുമാനത്തിന്റെയും സിംഹാസനമാണത്.

ഭൂമിയിലെ ആദ്യ കലയാണ് സൂതികര്‍മിണികളുടെ തൊഴില്‍. ജീവന്‍ നല്‍കാന്‍ സഹായിക്കുകയെന്നത് ദൈവികമായ ഒരു കലയാണ്. ഈ കലയെ അപ്രത്യക്ഷമാക്കുന്ന തിന്മയുടെ ഇടപെടലുകളാണ് ഭ്രൂണഹത്യകളെ അനുകൂലിക്കുന്ന എല്ലാം നിലപാടുകളും പ്രത്യയശാസ്ത്രങ്ങളും നിയമവ്യവസ്ഥകളും. ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം, ജീവന് പ്രഥമ സ്ഥാനം നല്‍കാത്ത നാഗരികതകള്‍ എല്ലാംതന്നെ ക്ഷയിച്ചു പോയിട്ടേയുള്ളൂ. മരണത്തെ നിയമമാക്കുന്ന ഏത് അധികാരിയോടും രാജിയാകാതിരിക്കുക എന്നതുതന്നെയാണ് മനസ്സാക്ഷിയുടെ ശുദ്ധത. ദൈവഭയത്തിനു മുന്‍പില്‍ ഫറവോമാരുടെ നിയമം എപ്പോഴും രണ്ടാമതാണെന്ന് ഓര്‍ക്കണം.

കുഞ്ഞുങ്ങള്‍ ആരും സ്വയം കൊല്ലുന്നില്ല. അവര്‍ അമ്മയുടെ ഉദരത്തിലായാലും നവജാതരായാലും കൊല്ലപ്പെടുകയാണു ചെയ്യുന്നത്. കൊല്ലുകയാണ് അവരെ ആരൊക്കെയോ. പ്രലോഭനങ്ങള്‍ രാജകീയമായ തലത്തില്‍ നിന്നുപോലും ഉണ്ടായിട്ടും ഈജിപ്തുകാരുടെയും യഹൂദരുടെയും ഒരു കുഞ്ഞുപോലും കൊല്ലപ്പെട്ടില്ലെന്ന് ഷിഫ്‌റായും പൂവായും നമ്മോടു പറയുന്നുണ്ട്. മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, എങ്കില്‍ പ്രതികരണശേഷി ഇല്ലാത്തവരുടെമേല്‍ പതിക്കുന്ന മരണത്തിന്റെ നിഴലുകളെ മായ്ച്ചുകളയാനുള്ള ആര്‍ജ്ജവം ഇത്തിരിയെങ്കിലും കാണിക്കണം. മരണ സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളുമായി ഫറവോമാര്‍ വരുമ്പോള്‍ സ്വന്തം ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് ആ സൂതികര്‍മിണികളെപ്പോലെ ജീവന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണം. അതാണ് ക്രൈസ്തവ ധര്‍മ്മം, അതുമാത്രമാണ് യഥാര്‍ത്ഥ ക്രൈസ്തവികതയും.

(റോമിലെ സാന്താമരിയഡെല്ല മെഴ്‌സിഡി ഇടവകയില്‍ ശുശ്രൂഷചെയ്യുകയാണ് കൊച്ചി രൂപതാംഗമായ ലേഖകന്‍)

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

അദ്ധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് കൊടുംക്രൂരത: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്യുന്ന മൂവായിരത്തോളം എയിഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് കൊടും ക്രൂരതയാണെ് തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.

ടീച്ചേഴ്സ് ഗിൽഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി

അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക , ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു

പെൺകുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകിൽ ചിലത്

പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*